Tuesday, May 24, 2011

അറേബ്യയും കേരളവും

അറേബ്യയും കേരളവും
-from shabab weekly

ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കേരളചരിത്രം വ്യക്തമല്ലെങ്കിലും പ്രവാചക കാലത്തു തന്നെ ഇസ്‌ലാമിന്‌ കേരളത്തില്‍ അനുയായികളുണ്ടാകാനുള്ള സാഹചര്യമുണ്ടായിരുന്നു. അറബികളുമായി ഈടുറ്റ ബന്ധമുള്ള ഒരു സമൂഹത്തിന്റെ സാന്നിധ്യം അതാണ്‌ തെളിയിക്കുന്നത്‌. 847ലെ സിറിയന്‍ ക്രിസ്‌ത്യന്‍ ചേപ്പേടില്‍ കാണുന്ന സാക്ഷിപ്പട്ടികയിലെ കൂഫി ലിപിയും ഇബ്‌റാഹീം മകന്‍ മൈമൂന്‍ മാനിമൂന്‍ മഹ്‌മൂദ്‌, ആലി മകന്‍ സുല്‍ഹ്‌ തുടങ്ങിയ പേരുകളും ഇതിനുദാഹരണമാണ്‌.

പെരുമാളുടെ മക്കായാത്രക്ക്‌ ശേഷമാണ്‌ കേരളത്തില്‍ ഇസ്‌ലാമിനു വേരോട്ടമുണ്ടായതെന്നാണ്‌ പൊതുവിലുള്ള അനുമാനം. എന്നാല്‍, പെരുമാള്‍ പുറപ്പെടുമ്പോള്‍ ഖാദിയെ നിയമിക്കാനും മക്കത്തേക്ക്‌ കപ്പലോടിക്കാനും മാമാങ്കവേല പാലിപ്പാനുമുള്ള അവകാശം കുന്നലക്കോന്‌ നല്‌കിയതായി ദി സമോറിയന്‍സ്‌ ഓഫ്‌ കാലിക്കറ്റ്‌ അടക്കമുള്ള ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. പെരുമാളുടെ മതംമാറ്റത്തിന്‌ മുമ്പു തന്നെ ഇവിടെ `മുഹമ്മദീയ'രുണ്ടായിരുന്നു എന്നാണല്ലോ അതിന്നര്‍ഥം.

അറേബ്യയും കേരളവുമായി പുലര്‍ത്തിയ ചരിത്രാതീത ബന്ധത്തിന്റെ ഫലമായി, മുഹമ്മദ്‌ നബിയുടെ കാലത്തു തന്നെ ഇസ്‌ലാമിന്‌ കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നു എന്ന്‌ കരുതുന്നതാണ്‌ ന്യായം. അറബികള്‍ക്കിവിടെ കോളനികളുണ്ടായിരുന്നതിനാല്‍ പുതിയ മതത്തിന്‌ പാകമുള്ള മണ്ണ്‌ ലഭിക്കുകയും ചെയ്‌തു. ഇന്ത്യന്‍ കച്ചവടസംഘങ്ങള്‍ ദാബയിലും ഉക്കാളിലും ആഴ്‌ചച്ചന്തകളില്‍ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്‌. ദാബയിലെ ചന്തയില്‍ മുഹമ്മദ്‌ നബി(സ) പങ്കെടുത്തിട്ടുള്ളതായി ഇബ്‌നുഹന്‍ബല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബല്‍ഹാരിസ്‌ ഗോത്രക്കാരെക്കുറിച്ച്‌ `ഇന്ത്യക്കാരെപ്പോലെയുള്ളവര്‍' എന്ന്‌ നബി വിശേഷിപ്പിച്ചത്‌ ദാബയില്‍ വെച്ച്‌ ഇന്ത്യക്കാരെ കണ്ടതിനാലാകാം. ഇന്ത്യയിലേക്കൊരു യാത്ര പ്രവാചകന്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായി അബൂഹുറയ്‌റയെ ഉദ്ധരിച്ച്‌ ഇബ്‌നുഹന്‍ബല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അറേബ്യയും കേരളവുമായി പുലര്‍ത്തിയ ചരിത്രാതീത ബന്ധത്തിന്റെ ഫലമായി, മുഹമ്മദ്‌ നബിയുടെ കാലത്തു തന്നെ ഇസ്‌ലാമിന്‌ കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നു എന്ന്‌ കരുതുന്നതാണ്‌ ന്യായം. അറബികള്‍ക്കിവിടെ കോളനികളുണ്ടായിരുന്നതിനാല്‍ പുതിയ മതത്തിന്‌ പാകമുള്ള മണ്ണ്‌ ലഭിക്കുകയും ചെയ്‌തു. ഇന്ത്യന്‍ കച്ചവടസംഘങ്ങള്‍ ദാബയിലും ഉക്കാളിലും ആഴ്‌ചച്ചന്തകളില്‍ പങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്‌. ദാബയിലെ ചന്തയില്‍ മുഹമ്മദ്‌ നബി(സ) പങ്കെടുത്തിട്ടുള്ളതായി ഇബ്‌നുഹന്‍ബല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബല്‍ഹാരിസ്‌ ഗോത്രക്കാരെക്കുറിച്ച്‌ `ഇന്ത്യക്കാരെപ്പോലെയുള്ളവര്‍' എന്ന്‌ നബി വിശേഷിപ്പിച്ചത്‌ ദാബയില്‍ വെച്ച്‌ ഇന്ത്യക്കാരെ കണ്ടതിനാലാകാം. ഇന്ത്യയിലേക്കൊരു യാത്ര പ്രവാചകന്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായി അബൂഹുറയ്‌റയെ ഉദ്ധരിച്ച്‌ ഇബ്‌നുഹന്‍ബല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
`കിഫ്‌ലില്‍ നിന്നുള്ള ഒരാള്‍' (ദുല്‍കിഫ്‌ല്‌) എന്ന്‌ ഒരു പ്രവാചകനെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്‌. അറബിയില്‍ `പ' അക്ഷരം ഇല്ലാത്തതിനാല്‍ `കിഫ്‌ല്‌' എന്നാല്‍ കപില്‍/കപില വസ്‌തു എന്നാകാമെന്നും ആ പ്രവാചകന്‍ ഗൗതമ ബുദ്ധനാകാമെന്നും അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്‌. മുഹമ്മദ്‌ ഹമീദുല്ലാ ഈ അഭിപ്രായക്കാരനാണ്‌. (മുഹമ്മദുര്‍റസൂലുല്ലാഹ്‌ 107)


വിശുദ്ധ ഖുര്‍ആന്‍ 95-ാം അധ്യായത്തിലെ അത്തിമരം, ഒലീവ്‌ മരം, സീനായ്‌ മല, അനുഗൃഹീത പട്ടണം എന്നീ പരാമര്‍ശങ്ങളില്‍ ഒലിവ്‌ മരം ഈസാനബിയുമായും സീനായ്‌ മൂസാനബിയുമായും അനുഗൃഹീത പട്ടണം മുഹമ്മദ്‌ നബിയുമായും അത്തിമരം ശ്രീബുദ്ധനുമായും ബന്ധപ്പെട്ടതാകാമെന്ന്‌ മുഹമ്മദ്‌ ഹമീദുല്ലാ അഭിപ്രായപ്പെടുന്നു. കാടന്‍ അത്തിമരമാണ്‌ ബോധിവൃക്ഷം. ഗോസ്‌പല്‍ ഓഫ്‌ ബുദ്ധയില്‍, തന്റെ സുവിശേഷം പൂര്‍ത്തിയാക്കാന്‍ ഒരു മൈത്രേയ അവതരിക്കുമെന്ന്‌ ബുദ്ധന്‍ പറയുന്നുണ്ട്‌. അതില്‍ സൂചിപ്പിച്ച പരിശുദ്ധനും വിജ്ഞനുമായ ബുദ്ധന്‍ മുഹമ്മദ്‌ നബിയാകാമെന്നും അദ്ദേഹം അനുമാനിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ 95-ാം അധ്യായത്തിലെ അത്തിമരം, ഒലീവ്‌ മരം, സീനായ്‌ മല, അനുഗൃഹീത പട്ടണം എന്നീ പരാമര്‍ശങ്ങളില്‍ ഒലിവ്‌ മരം ഈസാനബിയുമായും സീനായ്‌ മൂസാനബിയുമായും അനുഗൃഹീത പട്ടണം മുഹമ്മദ്‌ നബിയുമായും അത്തിമരം ശ്രീബുദ്ധനുമായും ബന്ധപ്പെട്ടതാകാമെന്ന്‌ മുഹമ്മദ്‌ ഹമീദുല്ലാ അഭിപ്രായപ്പെടുന്നു. കാടന്‍ അത്തിമരമാണ്‌ ബോധിവൃക്ഷം. ഗോസ്‌പല്‍ ഓഫ്‌ ബുദ്ധയില്‍, തന്റെ സുവിശേഷം പൂര്‍ത്തിയാക്കാന്‍ ഒരു മൈത്രേയ അവതരിക്കുമെന്ന്‌ ബുദ്ധന്‍ പറയുന്നുണ്ട്‌. അതില്‍ സൂചിപ്പിച്ച പരിശുദ്ധനും വിജ്ഞനുമായ ബുദ്ധന്‍ മുഹമ്മദ്‌ നബിയാകാമെന്നും അദ്ദേഹം അനുമാനിക്കുന്നു.

കേരളത്തിലെ ഉല്‌പന്നങ്ങള്‍ അറബികള്‍ക്ക്‌ സുപരിചിതമായിരുന്നു. നബിയുടെ തിരുസന്നിധിയില്‍ കഅ്‌ബുബ്‌നു സുഹൈര്‍ ആലപിച്ച കവിത വിശ്വപ്രസിദ്ധമാണ്‌. മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്‌ലുലു എന്നൊരു വരി അതിലുണ്ട്‌. ശില്‌പചാതുരിയോടെ കടഞ്ഞെടുത്ത, ഉറയില്‍ നിന്നൂരിയ ഇന്ത്യന്‍ വാളിനോട്‌ ഉപമിക്കുകയാണിവിടെ. ചൂടുമണല്‍ക്കാറ്റിനെ തടുത്തിരുന്ന സമൂം മലയെ അറബികള്‍ `ഹിന്ദ്‌' എന്നാണ്‌ വിളിച്ചിരുന്നത്‌. മുസൈലിമയുമായുണ്ടായ യുദ്ധത്തില്‍ ഖാലിദുബ്‌നുല്‍ വലീദ്‌, മജാഅ എന്ന യോദ്ധാവുമായി നടത്തിയ സംഭാഷണത്തില്‍ `ശത്രുപാളയത്തില്‍ പടയായി, നമുക്കാശ്വസിക്കാം' എന്നു ഖാലിദ്‌ പറഞ്ഞപ്പോള്‍ `പടയല്ല, ഇന്ത്യന്‍ വാള്‍ കറപിടിക്കാതിരിക്കാന്‍ നിരത്തിവെച്ചിരിക്കുകയാണ്‌' എന്ന്‌ മജാഅ പറയുന്നുണ്ട്‌. ബഹ്‌റൈന്‍, ഒമാന്‍ പ്രദേശങ്ങളില്‍ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ജാട്ടുകളായിരുന്നു. പ്രവാചക പത്‌നി ആഇശയെ ഒരു ഇന്ത്യന്‍ വൈദ്യന്‍ ചികിത്സിച്ചതായും പറയപ്പെടുന്നു. ഖുറൈശി പ്രമുഖന്‍ അബൂസുഫ്‌യാന്റെ പത്‌നിയുടെയും നബിയുടെ ആദ്യപത്‌നി ഖദീജയുടെ മുന്‍ വിവാഹത്തിലുണ്ടായ പുത്രിയുടെയും പേര്‌ `ഹിന്ദ്‌' എന്നാണ്‌. ജാഹിലി കവി ഇംറുഉല്‍ ഖൈസ്‌, ചിതറിക്കിടക്കുന്ന മാന്‍ കാഷ്‌ഠത്തെ ഉണങ്ങിയ കുരുമുളകിനോട്‌ ഉപമിക്കുന്നു.

ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) ധാരാളം രാജാക്കന്മാര്‍ക്ക്‌ കത്തുകളയച്ചിരുന്നു. ആ പട്ടികയില്‍ കേരളത്തിലെ രാജാവും ഉള്‍പ്പെട്ടിരിക്കാം. നബിവചനങ്ങളുടെ സമാഹാരമായ മുസ്‌തദ്‌റകില്‍ (4:35) ഹാകിം, കേരളത്തിലെ രാജാവ്‌ ഇഞ്ചി നിറച്ച ഒരു ഭരണി നബിക്ക്‌ സമ്മാനിച്ചതായി പറയുന്നുണ്ട്‌. തിരുമേനി അത്‌ അനുചരന്മാര്‍ക്ക്‌ വിതരണം ചെയ്‌തു. `ഒരു കഷ്‌ണം എനിക്കും കിട്ടി' എന്ന്‌ അബൂസയ്യിദ്‌ എന്ന സ്വഹാബി പറഞ്ഞതായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പെരുമാള്‍ മതം മാറിയോ?

നൂറ്റാണ്ടുകളായി കേരള ചരിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്ന വിഷയമാണിത്‌. അനുകൂലവും പ്രതികൂലവുമായ വിശകലനങ്ങളോടെ പെരുമാളുടെ ഇസ്‌ലാം സ്വീകരണം ചരിത്രത്തിലുണ്ട്‌. `കേരളോല്‌പത്തി'യുടെ വിവിധ മൊഴിഭേദങ്ങളില്‍ ഒരേ വിധത്തിലാണ്‌ പെരുമാളുടെ മതംമാറ്റക്കഥ വിശദീകരിച്ചിട്ടുള്ളത്‌.

822ലാണ്‌ പെരുമാള്‍ മതം മാറിയതെന്നാണ്‌ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം തുഹ്‌ഫതുല്‍ മുജാഹിദീനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഏഴാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ അല്ല, പന്ത്രണ്ടാം നൂറ്റാണ്ടിലായിരിക്കാം അതെന്നാണ്‌ ചരിത്രകാരന്‍ എം ജി എസ്‌ നാരായണന്‍ അഭിപ്രായപ്പെടുന്നത്‌. 1102നു ശേഷമാണ്‌ പെരുമാള്‍ രാജ്യം പകുത്തുനല്‌കിയതെന്ന്‌ ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെടുന്നു. (ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ 74)

കോഴിക്കോട്ടെ ബ്രിട്ടീഷ്‌ കലക്‌ടര്‍ ഇന്നസ്‌ സൂചിപ്പിച്ചതു പോലെ മുഹമ്മദീയനായി മതംമാറിയ പെരുമാള്‍, വാഴ്‌ച ഒഴിഞ്ഞതോടെ അവസാനിച്ച ഒരു രാജവംശം കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നുവെന്നും അത്‌ മിക്കവാറും ഒമ്പതാം നൂറ്റാണ്ടിലാവാമെന്നുമാണ്‌ മറ്റൊരു അഭിപ്രായം. (താരാചന്ദ്‌: ഇന്‍ഫ്‌ളുവന്‍സ്‌ ഓഫ്‌ ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍, 140). പ്രവാചക തിരുമേനിയുടെ കാലത്തു തന്നെയാണ്‌ പെരുമാള്‍ മതംമാറിയതെന്ന്‌ ശൂരനാട്‌ കുഞ്ഞന്‍പിള്ളയും രേഖപ്പെടുത്തുന്നു. (പ്രാചീന കേരളം 124)

പെരുമാക്കന്മാരുടെ വംശചരിത്രം ഇന്നും അജ്ഞാതമാണ്‌. ഇരുന്നൂറില്‍ പരം ശിലാലിഖിതങ്ങള്‍ പരിശോധിച്ച സുന്ദര്‍രാജും പ്രഫ. കില്‍ഹോണും ചേരമാന്‍ പെരുമാളുടെ കാലം തിരിച്ചറിയാനുതകുന്നതൊന്നും കണ്ടുകിട്ടിയില്ലെന്ന്‌ എപ്പിഗ്രാഫിയാ ഇന്‍ഡിക്കാ നാലാം വാള്യത്തില്‍ രേഖപ്പെടുത്തുന്നു.

കേരളത്തിലെ ഒരു രാജാവ്‌ ഇസ്‌ലാമിനോടുള്ള ആദരവ്‌ കാരണം മക്കത്തേക്ക്‌ പോയി എന്നതില്‍ ചരിത്രകാരന്മാര്‍ക്കെല്ലാം യോജിപ്പാണ്‌. അത്‌ സാമൂതിരിയാണെന്നും കോലത്തിരിയാണെന്നും അഭിപ്രായങ്ങളുണ്ട്‌. പെരുമാളുടെ മക്കായാത്രക്ക്‌ ശേഷമാണ്‌ മാലിക്‌ബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ 44 പേരടങ്ങിയ സംഘം ധര്‍മടത്ത്‌ കപ്പലിറങ്ങിയത്‌. അവരില്‍ ഇരുപത്‌ പേര്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമുള്ളവരായിരുന്നു. ധര്‍മടത്തെ ഭരണാധികാരി അറേബ്യന്‍ അതിഥികളെ സ്വാഗതംചെയ്‌തു. അവര്‍ക്ക്‌ ആരാധനക്കും മതപ്രബോധനത്തിനുമുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കുകയും ചെയ്‌തു. കേരളത്തിലെ രാജാക്കന്മാരുടെയും പൊതുജനങ്ങളുടെയും സ്വീകാര്യത ലഭിക്കാന്‍ മാലിക്‌ബ്‌നു ദീനാറിനും സംഘത്തിനും സാധിച്ചതിനാലാണ്‌ പില്‌ക്കാലത്ത്‌ അതിശക്തമായി കുതിച്ചുകയറാന്‍ ഇസ്‌ലാമിന്‌ ഇന്നാട്ടില്‍ സാധിച്ചതെന്ന്‌ സൈനുദ്ദീന്‍ മഖ്‌ദൂം തുഹ്‌ഫതുല്‍ മുജാഹിദീനില്‍ അഭിപ്രായപ്പെടുന്നുണ്ട്‌.

ഏകദൈവാരാധനയും നല്ല പെരുമാറ്റവും വിനയവും കേരളീയരെ ആകര്‍ഷിച്ചു. അവരുയര്‍ത്തിയ സമത്വവും സാഹോദര്യവും കേരളജനതയെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചു. അസമത്വം കൊടികുത്തിയ മലയാളി സമൂഹത്തിന്‌ ഇസ്‌ലാം പുതിയൊരു ഭാവമായിത്തീര്‍ന്നു. മാലിക്‌ബ്‌നു ദിനാറിനോടൊപ്പം പെരുമാളുടെ മരുമകന്‍ കോഹിനൂര്‍ രാജകുമാരനും ചേര്‍ന്നിരുന്നുവെന്ന്‌ രിഹ്‌ലതുല്‍ മുലൂകില്‍ രേഖപ്പെടുത്തുന്നു. തിരുവിതാംകൂര്‍ റാണിയുടെ മകന്‍ കോഹിനൂര്‍ രാജകുമാരനാണ്‌ പെരുമാളുടെ കൂടെ മക്കയിലേക്ക്‌ പോയതെന്നും അതല്ല, ധര്‍മടത്തെ ശ്രീദേവിയുടെ മകന്‍ മഹാബലിയാണ്‌ പോയതെന്നും അഭിപ്രായമുണ്ട്‌. മഹാബലി പിന്നീട്‌ മുഹമ്മദലിയായ ശേഷം അറക്കല്‍ രാജവംശ സ്ഥാപകനായിത്തീര്‍ന്നുവെന്നും അനുമാനിക്കുന്നു. ചാലിയത്തുകാരായ ഹാജി മുസ്‌താമുദ്‌ക്കാദ്‌, ഹാജി നീലി നിഷാദ്‌, അഹ്‌മദ്‌ ഖാജാ, ഹാജി സ്വാദിബാദ്‌ ഹസന്‍ ഖാജാ എന്നിവരും മാലിക്‌ബനു ദീനാറിന്റെ സംഘത്തോടൊപ്പം ചേര്‍ന്നു. ധര്‍മടത്തു നിന്ന്‌ അവര്‍ കൊടുങ്ങല്ലൂരിലേക്ക്‌ പോയി. അവിടത്തെ ഭരണാധികാരി മുസ്‌ലിംകള്‍ക്ക്‌ പ്രബോധനത്തിനുള്ള സഹായങ്ങള്‍ ചെയ്‌തുകൊടുത്തു.

മാലിക്‌ബ്‌നു ദീനാര്‍, ശാഫ്‌ബ്‌നു മാലിക്‌, ഹബീബ്‌ബ്‌നു മാലിക്‌, ഭാര്യ ഖുമരിയ്യ, ഇവരുടെ മക്കളും അനുഗാമികളും കപ്പലിറങ്ങിയത്‌ കൊടുങ്ങല്ലൂരിലാണെന്ന്‌ തുഹ്‌ഫതുല്‍ മുജാഹിദീന്‍ പറയുന്നു. പെരുമാള്‍ കൊടുത്തയച്ച കത്ത്‌ കൊടുങ്ങല്ലൂരിലെ ഭരണാധികാരിയെ എല്‌പിച്ചു. പെരുമാളുടെ കത്തുമായി വന്നത്‌ മര്‍വാന്‍ എന്ന പാര്‍സി വ്യാപാരിയാണെന്നും അഭിപ്രായമുണ്ട്‌. മാലിക്‌ബ്‌നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ താമസമാക്കി. മറ്റു സ്ഥലങ്ങളില്‍ മതപ്രചാരണം നടത്താനും പള്ളികള്‍ നിര്‍മിക്കാനും മാലിക്‌ബ്‌നു ഹബീബിനെ ചുമലതപ്പെടുത്തി. ഹബീബ്‌നു മാലികും ഭാര്യ ഖുമരിയ്യയും കുറച്ചു മക്കളും തെക്കന്‍ ഭാഗത്തേക്ക്‌ പോയി. കൊല്ലം, കൊടുങ്ങല്ലൂര്‍, ചാലിയം, പന്തലായനി, ധര്‍മടം, ശ്രീകണ്‌ഠാപുരം, ഏഴിമല, കാസര്‍ഗോഡ്‌, മംഗലാപുരം എന്നിവിടിങ്ങളിലെ പള്ളികള്‍ ഇവര്‍ പണിതതാണെന്ന്‌ തുഹ്‌ഫതുല്‍ മുജാഹിദീനിലുണ്ട്‌. രിഹ്‌ലതുല്‍ മുലൂകില്‍ പള്ളികളെയും അവയുടെ ഖാദിമാരെയും രേഖപ്പെടുത്തിയതിങ്ങനെ: ചാലിയം: ജഅ്‌ഫറുബ്‌നു സുലൈമാന്‍, കൊല്ലം: അബ്‌ദുല്ലാഹിബ്‌നു ദീനാര്‍, ചോമ്പാല്‍: ജഅ്‌ഫറുബ്‌നു മാലിക്‌, മാഹി, പെരിങ്ങാടി, തലശ്ശേരി: ഹബീബ്‌നു മാലിക്‌, ധര്‍മടം: ഹസനുബ്‌നു മാലിക്‌, ഏഴിമല, പഴയങ്ങാടി: അബ്‌ദുല്ലാഹിബ്‌നു മാലിക്‌, കാസര്‍ഗോഡ്‌, ഉള്ളാള്‍: ജഅ്‌ഫറുബ്‌നു മാലിക്‌, മംഗലാപുരം: ഹമീദ്‌ബ്‌നു മാലിക്‌, താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി: അലിയ്യുബ്‌നു ജലീല്‍, പൊന്നാനി, പുതുപൊന്നാനി; അബ്‌ദുല്‍മജീദുബ്‌നു മാലിക്‌, ചാവക്കാട്‌: സുബൈര്‍ബ്‌നു ഹാരിസ, കൊച്ചി, പള്ളുരുത്തി, ചിറ്റൂര്‍: അഹ്‌മദ്‌, ആലപ്പുഴ: മിസിയഖ്‌, കൊല്ലം: അസീം, തിരുവനന്തപുരം: ബുറായിസത്ത്‌, പൂവാര്‍ പട്ടണം: സുബൈര്‍, തേങ്ങാപ്പട്ടണം, കൊളച്ചല്‍: ഉബൈദ, കായല്‍പട്ടണം ആസ്വിം.

മംഗലാപുരം തൊട്ട്‌ കായല്‍പട്ടണം വരെയുള്ള പ്രദേശങ്ങളില്‍ മാലിക്‌ബ്‌നു ദീനാറിന്റെയും അനുയായികളുടെയും പ്രബോധന ഫലമായി ഇസ്‌ലാം വ്യാപിച്ചു. അവിടയൊക്കെ അറബികളായിരുന്നു ഖാദിമാര്‍. കച്ചവടത്തിനു വന്ന അറബികള്‍ തീരദേശങ്ങളില്‍ നേരത്തെയുണ്ടായിരുന്നതു കൊണ്ടാണ്‌ മതപ്രചാരകരായി വന്ന അറബികള്‍ക്ക്‌ ഇത്ര വ്യാപകമായ ജനപിന്തുണ ലഭിച്ചതെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. അറബികളും പേര്‍ഷ്യക്കാരുമായ കച്ചവടക്കാര്‍ പടിഞ്ഞാറന്‍ തീരങ്ങളില്‍ നാട്ടുകാരായ സ്‌ത്രീകളെ വിവാഹം ചെയ്‌ത്‌ സ്ഥിരതാമസക്കാരായിരുന്നുവെന്ന്‌ ഡോ. താരാചന്ദ്‌ സമര്‍ഥിക്കുന്നുണ്ട്‌. അറബികളുടെ സാന്നിധ്യം നാട്ടുകാര്‍ക്കും നാടുവാഴികള്‍ക്കും മാടമ്പിമാര്‍ക്കും ഒരേവിധം ആവശ്യമായിരുന്നു. അറബികളുടെ ശിക്ഷണത്തില്‍ നാവികസേന സജ്ജമാക്കുന്നതിന്‌, ഓരോ മുക്കുവ കുടുംബത്തില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മുസ്‌ലിമാകണമെന്ന്‌ സാമൂതിരി നിര്‍ദേശിച്ചിരുന്നതായി കള്‍ച്ചറല്‍ സിമ്പയോസിസ്‌ പോലുള്ള ഗവേഷണഗ്രന്ഥങ്ങളില്‍ എടുത്തുപറയുന്നു. ``പടിഞ്ഞാറന്‍ കൊര്‍ദോവ മുതല്‍ കിഴക്കന്‍ ഏഷ്യയിലെ മലാക്ക വരെയുള്ള മുസ്‌ലിംശക്തികളുടെ ശൃംഖലയിലെ സജീവ കണ്ണിയായിരുന്നു അക്കാലത്ത്‌ സാമൂതിരി.'' (കള്‍ച്ചറല്‍ സിമ്പയോസിസ്‌)

രാജകുടുംബത്തില്‍ നിന്നു പോലും ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തിന്‌ ഈ ബന്ധം കാരണമായി. കുളിക്കടവില്‍ ഒരു അറബിയെ ആദരിച്ചിരുത്തി, കുളിച്ചുകയറുന്ന ഏതു സ്‌ത്രീയെ സ്‌പര്‍ശിച്ചാലും അവളെ അറബിക്ക്‌ ദാനമായി കൊടുക്കാമെന്ന്‌ പരപ്പനങ്ങാടിയിലെ നാട്ടുരാജാവ്‌ വാഗ്‌ദാനം ചെയ്‌തതായി ഒരു കഥയുണ്ട്‌. അറബി സ്‌പര്‍ശിച്ചത്‌ കോവിലകവുമായി ബന്ധമുള്ള ഒരു സ്‌ത്രീയെ ആയിരുന്നു! അവരുടെ ദാമ്പത്യത്തില്‍ നിന്നുള്ളവരാണത്രെ പരപ്പനങ്ങാടിയിലെ നഹ കുടുംബത്തിലെ പൂര്‍വികര്‍. വെട്ടത്ത്‌ രാജാവിന്റെ കുലഗുരുവായിരുന്ന കല്‌പകഞ്ചേരി തമ്പ്രാക്കളുടെ വിജാതീയ വിവാഹത്തിലുണ്ടായ കൃഷ്‌ണനും ഗോവിന്ദനുമാണ്‌ കല്‌പകഞ്ചേരിയിലെ മുസ്‌ലിംമൂപ്പന്മാരുടെ പൂര്‍വികന്മാര്‍ എന്നാണ്‌ മറ്റൊരു കഥ.

കേരളീയര്‍ക്കിടയില്‍ ജാതിവ്യത്യാസവും അയിത്താചരണവും സജീവമായ കാലമായിരുന്നു അത്‌. മതംമാറിയവര്‍ക്ക്‌ അയിത്തമോ ഭ്രഷ്‌ടോ ഇല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം ഉയര്‍ത്തിക്കാണിച്ചു. മേല്‍ജാതിയില്‍ നിന്നും കീഴ്‌ജാതിയില്‍ നിന്നും പരിവര്‍ത്തനമുണ്ടായി. ``കോട്ടക്കലോമന കുഞ്ഞാലിക്ക്‌ തിയ്യരും നായരും ഒന്നുപോലെ'' എന്ന നാടന്‍ പാട്ട്‌, ഇസ്‌ലാമിന്റെ സമത്വാദര്‍ശത്തിന്റെ വിളംബരമായിരുന്നു. മലബാറിലെ ഡപ്യൂട്ടി കലക്‌ടര്‍ സി ഗോപാലന്‍ നായര്‍ മാപ്പിളമാരുടെ ഉല്‌പത്തിയെക്കുറിച്ചെഴുതിയ പുസ്‌തകത്തില്‍, പെരുമാളിന്റെ മതപരിവര്‍ത്തനത്തെക്കുറിച്ചെഴുതിയ വരികള്‍ മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യത്തില്‍ എടുത്തുദ്ധരിക്കുന്നു.

``പെരുമാളിന്റെ യാത്രയെപ്പറ്റിയും മറ്റും സൂക്ഷ്‌മമായ വല്ല വിവരങ്ങളുമുണ്ടോ എന്ന്‌ അന്വേഷിച്ചതില്‍, കോഴിക്കോട്ട്‌ വലിയ ഖാസിയായിരുന്ന രാജമാന്യ രാജശ്രീ സയ്യിദ്‌ ഹുസ്സന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ അലി ശിഹാബുദ്ദീന്‍ ബാഅലവി എന്ന മുല്ലക്കോയത്തങ്ങള്‍ അവര്‍കള്‍ തന്റെ കൈവശമുള്ള അറബി പുസ്‌തകത്തില്‍ നിന്ന്‌ തര്‍ജമ ചെയ്‌തുതന്ന ചരിത്രത്തെ പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധപ്പെടുത്തുന്നത്‌ യുക്തമെന്ന്‌ കരുതുന്നു: ``ശവ്വാല്‍ മാസം 27-ാം തിയ്യതി വ്യാഴാഴ്‌ച പകല്‍ ഏകദേശം 9 മണി സമയത്ത്‌ മുഹമ്മദ്‌ നബിയെ പെരുമാള്‍ കണ്ടുമുട്ടി. കാണാതെ പോയ കുഞ്ഞ്‌ അമ്മയെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തിലും കവിഞ്ഞ അനുമോദനത്തോടെ രാജാവ്‌ നബി തങ്ങളുടെ തൃപ്പാദത്തിങ്കല്‍ വീണു. ഉടനെ നബി തങ്ങള്‍ തൃക്കൈകൊണ്ട്‌ എഴുന്നേല്‌പിച്ച്‌ അണച്ചുകൂട്ടി വളരെ ഇഷ്‌ടത്തിലും ആദരവിലും സന്തോഷവര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ പടച്ചവനെ പുകഴ്‌ത്തിയും കൊണ്ട്‌ ഭവനത്തിലേക്ക്‌ എഴുന്നള്ളി. അവിടെവെച്ച്‌, അറബികള്‍ അന്യോന്യം ഉണ്ടാക്കുന്ന സല്‍ക്കാരത്തെക്കാള്‍ ഉന്നതിയായ നിലയില്‍ രാജാവെ സല്‍ക്കരിച്ചതില്‍ പിന്നെ അഥര്‍വണത്തില്‍ കടക്കുമ്പോള്‍ ജപിക്കേണ്ട വിശ്വാസ മന്ത്രങ്ങള്‍ നബി തങ്ങള്‍ ചൊല്ലിക്കൊടുത്തു. രാജാവും പരിവാരങ്ങളും വ്യക്തമായി ചൊല്ലി ഇസ്‌ലാം അവലംബിച്ചു. ഇതെല്ലാം കണ്ടപ്പോള്‍ ആരെന്ന്‌ അബൂബക്കര്‍(റ) ചോദിച്ചു. ഇന്ത്യയില്‍ നിന്ന്‌ ചുക്കും കുരുമുളകും വരുന്ന മലയാളത്തിലെ രാജാവാണെന്ന്‌ തിരുമേനി മറുപടി നല്‌കി.''

ചേരമാന്‍ പെരുമാള്‍ ഒരു സ്വഹാബിയായിത്തീര്‍ന്നുവെന്ന്‌ മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം തീര്‍ത്തുപറയുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം ത്വബ്‌രിയുടെ ഫിര്‍ദൗസുല്‍ ഹിക്‌മതില്‍ ചേരമാന്‍ പെരുമാള്‍ തിരുമേനിയെ സന്ദര്‍ശിച്ച്‌ പതിനേഴ്‌ ദിവസം കൂടെത്താമസിച്ചുവെന്ന്‌ രേഖപ്പെടുത്തിയതാണ്‌ ഈ നിഗമനത്തിന്‌ കാരണം. (മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം, 109). മക്കയില്‍ നിന്ന്‌ തിരിച്ചുവരുമ്പോള്‍ ഒമാനിലെ സലാലയില്‍ വെച്ച്‌ പെരുമാള്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ ഖബ്‌ര്‍ ഇന്നുമവിടെ സംരക്ഷിച്ചുപോരുന്നുണ്ട്‌.

കേരള ഹിസ്റ്ററി അസോസിയേഷന്‍, കേരളസര്‍ക്കാറിന്റെ സഹായത്തോടെ പുറത്തിറക്കിയ കേരള ചരിത്രഗ്രന്ഥത്തില്‍ ഈ വിഷയത്തെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍: ``അറേബ്യായില്‍ അങ്ങോളമിങ്ങോളവും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും പടര്‍ന്നുപന്തലിച്ച ഇസ്‌ലാം, ആ കാലഘട്ടത്തില്‍ തന്നെ മലബാറിന്റെ തീരങ്ങളിലും എത്തിയിരിക്കണം. പ്രവാചകന്റെ കാലത്തുതന്നെ, ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനം നടന്നതായാണ്‌ കേരളോല്‌പത്തിയില്‍ പറയുന്നത്‌. ചില സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നതു കൊണ്ടുമാത്രം ഈ സംഭവത്തിന്റെ വിശ്വാസയോഗ്യത സംശയിക്കാവതല്ല. അറക്കല്‍ കൊട്ടാരത്തില്‍ നിന്ന്‌ ലഭിച്ച അപൂര്‍വമായ കയ്യെഴുത്തു പ്രതിയിലും ചേരമാന്‍ പെരുമാളിന്റെ മക്കാസന്ദര്‍ശനവും അദ്ദേഹത്തിന്റെ ഇസ്‌ലാംമത പരിവര്‍ത്തനവും വിവരിക്കുന്നുണ്ട്‌.

മക്കയിലേക്ക്‌ പോയ അമ്മാവന്‍ മടങ്ങിവരുന്നതു വരെ ഞാന്‍ ഈ വാള്‍ സുരക്ഷിതമായി സൂക്ഷിക്കും എന്ന്‌, അധികാരം കയ്യേല്‌ക്കുന്ന സന്ദര്‍ഭത്തില്‍ തിരുവിതാംകൂറിലെ രാജാക്കന്മാര്‍ പ്രഖ്യാപിച്ചിരുന്നു. അറേബ്യായില്‍ നിന്നും പെരുമാളിന്റെ വരവും കാത്ത്‌ സിംഹാസനത്തിലിരിക്കുന്ന ഒരു വൈസ്രോയി മാത്രമായി ആണ്‌ സാമൂതിരിയെ കണ്ടിരുന്നത്‌. ചുരുക്കത്തില്‍, ഈ ആചാരങ്ങള്‍ തീര്‍ച്ചയായും മതപരിവര്‍ത്തന കഥയെ ബലപ്പെടുത്തുന്നവയാണ്‌. ഹിന്ദു-ബ്രാഹ്‌മണ ഇതിഹാസ കൃതിയായ കേരളോല്‌പത്തി പോലുള്ള ഗ്രന്ഥങ്ങളിലും കാണുന്നതിനാല്‍ അവസാനത്തെ രാജാവ്‌ ഇസ്‌ലാം മതം സ്വീകരിച്ച്‌ മക്കത്തേക്ക്‌ പോയി എന്ന കഥ തള്ളിക്കളയാവുന്നതല്ല എന്ന അഭിപ്രായം പരിഗണനാര്‍ഹമാണ്‌. തബരിയും ഫിര്‍ദൗസുല്‍ ഹിക്‌മത്‌ എന്ന ഗ്രന്ഥത്തില്‍, പെരുമാള്‍ നബിയെ സന്ദര്‍ശിച്ച്‌ പതിനേഴ്‌ ദിവസം അവിടെ കഴിഞ്ഞുവെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു.'' (കേരള ചരിത്രം 491-511) കേരളത്തിലെ ക്രൈസ്‌തവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടന്‍ പാട്ടിലെ വരികള്‍ ഡോ. പി ജെ ജോസഫ്‌ ഉദ്ധരിക്കുന്നു:

മാമകനാമകനാം മാര്‍ത്തോമ്മാ
പെരുമാള്‍ ചോഴന്‍റാളായുള്ളോ
രാവാനോടും സഹിതം കൂടി
അറബിയായില്‍ കപ്പല്‍ കരേറി
മാല്യം കരവന്നെത്തിയതിത്‌.
(മലയാള സാഹിത്യവും ക്രിസ്‌ത്യാനികളും 61)


പ്രസിദ്ധ ചരിത്രകാരന്‍ അടൂര്‍ കെ കെ രാമചന്ദ്രന്‍ നായര്‍ രേഖപ്പെടുത്തുന്നു: ``ചേരമാന്‍ പെരുമാള്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തു നിന്ന്‌ ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടി കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മടത്തെത്തി. ധര്‍മട പട്ടണത്ത്‌ കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‌പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നും കപ്പല്‍ക്കാരും മറ്റും പോയി. പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി യുദ്ധമുണ്ടായി. വിടകൂടാതെ ശഹര്‍ മുഖല്ലാ ബന്തറില്‍ ചെന്നിറങ്ങി. അപ്പോള്‍ മുഹമ്മദ്‌ നബി ജിദ്ദ എന്ന നാട്ടില്‍ പാര്‍ത്തുവന്നു. അവിടെ ചെന്നു കണ്ടു മാര്‍ഗം വിശ്വസിച്ചു. താജുദ്ദീന്‍ എന്ന പേരു സ്വീകരിച്ചു. പെരുമാളുടെ എഴുത്തും മുദ്രയുമായി പതിനൊന്നു തങ്ങന്മാര്‍ കൊടുങ്ങല്ലൂരില്‍ വന്നു രാജസമ്മതത്താലെ ഒരു പള്ളി പണിതു. മാടായിപ്പള്ളി, ശിഹാബുദ്ദീന്‍ പള്ളി, മുട്ടത്ത്‌ പള്ളി, പന്തലായനി പള്ളി ഇങ്ങനെ പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലേ, എന്റെ മാടായി നഗരേ?'' (കേരള ചരിത്ര ശകലങ്ങള്‍: 50,51. ഉദ്ധരണം: മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം: 121)

സി വി കുഞ്ഞുരാമന്റെ കാര്‍ത്തികോദയത്തില്‍ നിന്നൊരു വരി:

ചേരമാന്‍ പെരുമാളേകന്‍
ചേലയില്‍ ചേര്‍ന്നു സാദരം
മക്കത്ത്‌ ചെന്നു നബി തന്‍
കൈമുത്തിസ്സ്വര്‍ഗമാണ്ടുപോല്‍.


``അദ്ദേഹം ഇസ്‌ലാംമതം വിശ്വസിച്ച്‌ മക്കത്തു പോയി. അക്കാലത്ത്‌ നബി ജീവിച്ചിരിപ്പുണ്ട്‌. പെരുമാള്‍ പോകുമ്പോള്‍ കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തില്‍ വെച്ച്‌ ഒരു കര്‍ക്കിടകമാസം 23-ാം തിയ്യതി കേരളം തുണ്ടുതുണ്ടായി പങ്കിട്ട്‌ മക്കള്‍ക്കും മരുമക്കള്‍ക്കും സേവകര്‍ക്കും കൊടുത്തു. ഏകദേശം 1400 വര്‍ഷങ്ങള്‍ക്കു മുമ്പാണിത്‌. പിന്നെയാണ്‌ പന്തളം, കൊട്ടാരക്കര, കൊല്ലം, കൊച്ചി തുടങ്ങിയ രാജകുടംബങ്ങളുണ്ടാവുന്നത്‌. ഭാരതത്തില്‍ ഇസ്‌ലാംമതം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്‌ പെരുമാള്‍ മക്കത്തു ചെന്നതിനു ശേഷമാണ്‌.'' (ജനയുഗം വാരിക 21:22)

``പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായി'' എന്ന യുക്തിസഹമല്ലാത്ത ഐതിഹ്യം പോലും വിശ്വസിക്കാന്‍ ധൃതിപ്പെടുന്നവര്‍ ചിതറിയ ചരിത്രരേഖകളുടെയെങ്കിലും പിന്‍ബലമുള്ള പെരുമാള്‍ കഥയില്‍ അവിശ്വസിക്കുന്നത്‌ ഏതായാലും കരണീയമല്ല. ഏറെ പഴക്കമുള്ള ചരിത്രരേഖകളില്‍ വരെ നിസ്സംശയം ഉദ്ധരിക്കുന്ന `പെരുമാള്‍ചരിത്രം' കേരള മുസ്‌ലിംകള്‍ക്കിടയിലും വിവാദ വിഷയമാണ്‌. ചരിത്രത്തിലെ കൗതുകങ്ങള്‍ക്കിടയില്‍ കൗതുകമുള്ള ചരിത്രമായി പെരുമാളിന്റെ പെരുമ ബാക്കിയാവുന്നു.

No comments: