Sunday, January 15, 2012

അറുതിയില്ലാത്ത ദാരിദ്ര്യദുരിതം


സൌത്ത് ആഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ് കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയ വിഖ്യാതമായ ഒരു ഫോട്ടോയാണ് ഇത്. സുഡാനിലെ ഒരു ഗ്രാമത്തില്‍ വിശന്നുവലഞ്ഞു വീണ ഒരു പെണ്‍കുഞ്ഞും അതിനെ ഇരയാക്കാനായി അടുക്കുന്ന കഴുകനുമാണ് ചിത്രത്തില്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദാരിദ്യ്രത്തിന്റെ നേര്‍ക്കാഴ്ചയായി മാറിയ ഈ ഫോട്ടോ ലോകജനത ഞെട്ടലോടെയാണ് വീക്ഷിച്ചത്. ദുരിതാശ്വാസത്തിന്റെ ഭാഗമായി ഹെലികോപ്റ്ററില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതി പെറുക്കാനായി ഓടിപ്പോയതായിരുന്നു ഇവളുടെ അമ്മ. നിമിഷങ്ങള്‍ക്കം വിജനമായ ആ സ്ഥലത്ത് അനങ്ങുന്ന കുഞ്ഞിനെ കണ്ട കഴുകന്‍ പറന്നിറങ്ങി. ശവമാണല്ലോ കഴുകന്റെ ആഹാരം. കുഞ്ഞിന്റെ  അവസാനത്തെ മിടിപ്പുകള്‍ മണത്തറിഞ്ഞെത്തിയ കഴുകന്‍ അതിന്റെ മരണം കാത്ത് പതുങ്ങിനിന്നു.  ഈ രംഗം കെവിന്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കു വീണുകിട്ടിയ ഒരു അവസരമായി.  ഫോട്ടോ എടുത്തതിനുശേഷം പരുന്തിനെ ആട്ടിയോടിക്കാനായി ഇരുപതു മിനിട്ടോളം അവിടെ ചെലവഴിച്ചശേഷം കെവിന്‍ സ്ഥലംവിട്ടു. മരണത്തോടു മല്ലടിക്കുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനോ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കാനോ അദ്ദേഹം മെനക്കെട്ടില്ല. തനിക്കു കിട്ടിയ ചിത്രം എത്രയും വേഗം ലോകത്തിനുമുന്നിലെത്തിക്കുക എന്ന ചിന്ത മാത്രമായിരുന്നിരിക്കണം കെവിന്റെ മനസിലപ്പോള്‍.
    1993 മാര്‍ച്ച് 26 ന്യൂയോര്‍ക്ക് ടൈംസില്‍ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ ലോകമെങ്ങും നടുക്കത്തോടെയാണ് അത് വീക്ഷിച്ചത്.  ഈ പടം കെവിന് സൌത്ത് ആഫ്രിക്കന്‍ പുലിസ്റര്‍ പ്രൈസ് നേടിക്കൊടുത്തു. എന്നാല്‍ അവാര്‍ഡു വാങ്ങിക്കഴിഞ്ഞപ്പോള്‍ കെവിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ഫോണ്‍കോളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നത്. 'But Kevin, where is that child? ("പക്ഷേ, കെവിന്‍ ആ കുട്ടി എവിടെ?'') എന്ന ചോദ്യത്തിന് കെവിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഫോട്ടോ എടുത്തശേഷം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനോ  അധികാരികളെ അറിയിക്കാനോ ശ്രമിക്കാഞ്ഞത് വിവാദത്തിന് തിരികൊളുത്തി. പശ്ചാത്താപത്താല്‍ വിഷാദരോഗിയായിത്തീര്‍ന്ന കെവിന്‍ കാര്‍ട്ടര്‍ 1993 ജൂലൈ 22 ന് ആത്മഹത്യ ചെയ്തു. എന്നാല്‍ ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
    19 വര്‍ഷം പിന്നിട്ടുകഴിഞ്ഞിട്ടും കെവിന്‍ പകര്‍ത്തിയ ഈ വിഖ്യാതഫോട്ടോയുടെ പ്രസക്തി ഇന്നും അതുപോലെ നിലനില്‍ക്കുകയാണ്. അതിനര്‍ത്ഥം ലോകദാരിദ്യ്രത്തിന്റെ മുഖത്തിന് ഇന്നും മാറ്റം വന്നിട്ടില്ല എന്നതാണ്. പ്രത്യേകിച്ചും ആഫ്രിക്കയിലെ ദാരിദ്യ്രത്തിന്റെ സ്ഥിതി. ഒന്നുരണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലൊഴികെ ഓരോ മൂന്നു സെക്കന്റിലും  ഒരു കുഞ്ഞുവീതം പട്ടിണികൊണ്ട് മരിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലെ കുട്ടികള്‍ നേരിടുന്ന പട്ടിണിദുരിതങ്ങളെ ഇങ്ങനെ പട്ടികപ്പെടുത്താം.
*   ആഫ്രിക്കയില്‍ ഓരോ വര്‍ഷവും 2 ലക്ഷത്തോളം അടിമക്കുട്ടികള്‍ വില്‍ക്കപ്പെടുന്നു. 2011 ഒക്ടോബര്‍ 5 ന് ബി.ബി.സി. റിപ്പോര്‍ട്ടു ചെയ്ത ഒരു കണക്കുപ്രകാരം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാത്രം 8,000 പെണ്‍കുട്ടികള്‍ അടിമകളാണ്.
*    1,20,000 കുട്ടികള്‍ ആഫ്രിക്കയിലെ സായുധസമരങ്ങളില്‍  പങ്കെടുക്കുന്നു. ഇവരില്‍ പലരും 7 വയസു പ്രായമുള്ളവരാണ്.
*    6 കുട്ടികളില്‍ ഒരാള്‍ വീതം 5 വയസു പൂര്‍ത്തിയാകുംമുമ്പേ മരിച്ചുപോകുന്നു.
*    മൂന്നില്‍ ഒരു കുട്ടിക്കുവീതം ഭാരക്കുറവുണ്ട്.
*    ഓരോ മിനിട്ടിലും ഒരു കുട്ടിയെ വീതം അഞ്ചാംപനി തട്ടിയെടുക്കുന്നു. ഇതിനെതിരെയുള്ള വാക്സിന്റെ വില ഇവര്‍ക്ക് താങ്ങാനാവാത്തതാണ് കാരണം.
*    12 മില്യനും 14 മില്യനുമിടയില്‍ ആഫ്രിക്കന്‍ കുട്ടികള്‍ എച്ച്.ഐ.വി./എയ്ഡ്സ് മൂലം അനാഥരാണ്.
*    14 വയസില്‍ താഴെയുള്ള 2 മില്യനോളം കുട്ടികള്‍ക്ക് എച്ച്.ഐ.വി. പോസിറ്റീവാണ്.
*    സബ്-സഹാറന്‍ ആഫ്രിക്കയിലെ 43% കുട്ടികള്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ പോലും
സുരക്ഷിതരല്ല.
*    64% കുട്ടികള്‍ക്കും ശുചിത്വമുള്ള ജീവിതചുറ്റുപാടില്ല.
*    57% കുട്ടികള്‍ മാത്രമാണ് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നത്. ഇവരില്‍ മൂന്നില്‍ ഒരാള്‍ വീതം സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല.
*    100 ആണ്‍കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ 83 പെണ്‍കുട്ടികളേ വിദ്യാഭ്യാസം നേടാന്‍ പോകുന്നുള്ളൂ.
    ആഫ്രിക്കയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ദുരിതങ്ങള്‍. ലോകത്തിലെ ദരിദ്രരാജ്യങ്ങളില്‍ ഏറെയും ആഫ്രിക്കയിലാണുള്ളത്. സൌത്താഫ്രിക്കയും ഈജിപ്തും ഒഴികെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം ദാരിദ്യ്രം രൂക്ഷമായിത്തന്നെ തുടരുകയാണ്. ഈ അവസ്ഥയുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ ഭൂമിശാസ്ത്രപരവും ചരിത്രപരവും ഭരണപരവുമായ നിരവധി കാരണങ്ങള്‍ കണ്ടെത്താനാവും. ആഫ്രിക്കന്‍ജനതയെ പട്ടിണിയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്.
ഭീമമായ ജീവിതച്ചെലവ്:
ആഹാരം, വസ്ത്രം, പാര്‍പ്പിടം, യാത്രാച്ചെലവ്, ചികില്‍സാച്ചെലവ് തുടങ്ങിയ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ചെലവ് താങ്ങാന്‍ ഇവിടുത്തെ ജനങ്ങള്‍ക്കാകുന്നില്ല. സ്വന്തമായി വീടില്ലാത്തവരാണ് ഏറെപ്പേരും. വരുമാനത്തിന്റെ വലിയൊരു ശതമാനം വീട്ടുവാടകയ്ക്കായി ചെലവാകുന്നു.
കുറഞ്ഞ വേതനം:
മിക്ക കുടുംബങ്ങളും സാമ്പത്തികസ്വയംപര്യാപ്തത ഇല്ലാത്തവരാണ്. 25% തൊഴിലാളികള്‍ക്കും ലഭിക്കുന്നത് മണിക്കൂറില്‍ $ 8.70 മാത്രം. ഇത് പൊതുദാരിദ്യ്രരേഖയ്ക്കു താഴെയാണ് വരുന്നത്. കുറഞ്ഞ ആളോഹരിവരുമാനം നിത്യച്ചെലവു പോലും താങ്ങാനാവാത്തതാണ്.
സ്വയംപര്യാപ്തതയില്ലായ്മ:
കുറഞ്ഞ വേദനം പറ്റുന്ന തൊഴിലാളിസമൂഹം നൂറു ശതമാനവും സ്വയംപര്യാപ്തതയില്ലാത്തവരാണ്. സ്വന്തമായി ഒരു കൂരപോലുമില്ലാത്തവരാണ് ഇവര്‍.
* രോഗങ്ങളുടെ ആക്രമണം:
പോഷകാഹാരത്തിന്റെ കുറവ് രോഗങ്ങളിലേക്കു തള്ളിവിടാന്‍ കാരണമാകുന്നു. പകര്‍ച്ചവ്യാധികളും മാറാവ്യാധികളും ആഫ്രിക്കന്‍ജനതയുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു.
വര്‍ധിച്ച ചികില്‍സാച്ചെലവ്:
തങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യസുരക്ഷയ്ക്കായി മുന്‍കരുതലെടുക്കാന്‍ കഴിവില്ലാത്തവരാണ് ആഫ്രിക്കന്‍ തൊഴിലാളി സമൂഹത്തിലെ ബഹുഭൂരിപക്ഷവും.
ഭൂമിയുടെ മിസ്മാനേജ്മെന്റ്:
ആഫ്രിക്കയിലെ അവികസിതമേഖലയില്‍ സ്വന്തമായി കൃഷിഭൂമിയുള്ളവര്‍ വളരെ ചുരുക്കമാണ്. മൊത്തം ഭൂമിയുടെ 82% വും ചെറിയൊരു ശതമാനം ആളുകള്‍ കയ്യടക്കിവച്ചിരിക്കുകയാണ്. ഇത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നു.
പണത്തിന്റെ മിസ്മാനേജ്മെന്റ്: ആഫ്രിക്കയിലേക്ക് മറ്റു രാഷ്ട്രങ്ങളില്‍നിന്ന് നേരിട്ടെത്തുന്ന സഹായം ഒരു വര്‍ഷം  500 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. ഈ പണത്തിന്റെ വലിയൊരു ശതമാനവും അധികാരികള്‍ ആയുധങ്ങള്‍  വാങ്ങാന്‍ ചെലവിടുന്നു. ഗവണ്‍മെന്റും ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതിയിലൂടെയും ഈ പണം ദുരുപയോഗം ചെയ്യപ്പെടുന്നു.
ഭരണപരമായ കാരണങ്ങള്‍:
അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ക്ഷേമത്തിനായി ഗവണ്‍മെന്റുകള്‍ ഒന്നുംതന്നെ ചെയ്യുന്നില്ല. അന്ധമായ ഈ നയത്തിന്റെ ഫലമായി ബഹുപൂരിഭക്ഷം തൊഴിലാളികളും അടിമകളുമായി തുടരാന്‍ വിധിക്കപ്പെടുകയാണ്.
ലോകപുരോഗതിയെ ചവിട്ടിത്താഴ്ത്തുന്ന ദാരിദ്യ്രം
ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ പലതായിരിക്കാം. പക്ഷേ, ലോകപുരോഗതിയെ ചവിട്ടിത്താഴ്ത്തുന്നതാണ് ഇവിടുത്തെ ദാരിദ്യ്രത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍. 2009-ല്‍ പുറത്തുവിട്ട യു.എന്‍.കണക്കുപ്രകാരം മാനവവികസനം ഏറ്റവും പിന്നിലായ 24 രാജ്യങ്ങളില്‍ 22 എണ്ണവും ആഫ്രിക്കയിലാണ്. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യങ്ങളില്‍ പൂരിഭാഗവും ആഫ്രിക്കയിലാണ്. ചുരുക്കത്തില്‍ യുദ്ധത്തിനെതിരെയും ലോകസമാധാനത്തിനുവേണ്ടിയും നാം നടത്തുന്ന സമരങ്ങളേക്കാള്‍ അത്യാവശ്യം ആഫ്രിക്കന്‍രാജ്യങ്ങളിലെ പട്ടിണിമരണങ്ങള്‍ക്ക് അറുതിവരുത്തുകയാണ്. ഇതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ ലോകരാഷ്ട്രങ്ങള്‍ക്കും എല്ലാ എന്‍.ജി.ഒ.കള്‍ക്കും കടമയുണ്ട്.
ദാരിദ്യ്രം തുടച്ചുനീക്കാനാവില്ല, പക്ഷേ, കുറയ്ക്കാനാവും
    Delcevoയിലെ മാംഗ്ഡോനിയന്‍ മോഡല്‍ ഓഫ് യുണൈറ്റഡ് നേഷന്‍ ക്ളബ് ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ സിഖിക പഗോവ്സ്കി പറയുന്നതു കേള്‍ക്കൂ:
    "നാം ആഢംബരജീവിതം നയിക്കുമ്പോള്‍ നിരവധി സഹോദരീസഹോദരന്മാര്‍ വിശപ്പ് സഹിച്ച്, തെരുവില്‍ ഉപേക്ഷിക്കപ്പെട്ട്, ആരോഗ്യം ക്ഷയിക്കപ്പെട്ട്, വിദ്യാഭ്യാസം നേടാനാകാതെ കഴിയുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ ഇവരുടെ വിശപ്പും ദാരിദ്യ്രദുരിതങ്ങളും അകറ്റുന്നതിന് അടിയന്തിരമായി സഹായിക്കാന്‍ ജനങ്ങളെയും എല്ലാ രാജ്യങ്ങളെയും ഗവണ്‍മെന്റ് & നോണ്‍ ഗവണ്‍മെന്റ് സംഘടനകളെയും ഞാന്‍ ഓര്‍മ്മപ്പെടുത്തും. കാരണം ഈ സഹായം അവരുടെ ജീവിതം രക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു; ഐക്യരാഷ്ട്രസംഘടനകള്‍ക്ക് അവയുടെ മാനവികമൂല്യത്തിലും അവകാശങ്ങളിലും ഊന്നിക്കൊണ്ട് ഈ ദാരിദ്യ്രം ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന്. എന്നാല്‍ യുണൈറ്റഡ് നേഷന്‍ മാത്രം വിചാരിച്ചാല്‍ ഈ ലക്ഷ്യം നേടാനാവില്ല. ഈ യുദ്ധത്തില്‍ വിജയം വരിക്കണമെങ്കില്‍ എല്ലാവരും ഒരുപോലെ പങ്കുചേരണം. കാരണം നാമെല്ലാവരും യു.എന്‍. എന്ന വലിയ  കുടുംബത്തിലെ അംഗങ്ങളാണ്.''
    സിഖികയുടെ വാക്കുകള്‍ക്ക് നമ്മുടെയുള്ളില്‍ എന്തെങ്കിലും ചലനമുണ്ടാക്കാനായാല്‍ അത്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കുഞ്ഞുങ്ങളുടെ ഭാഗ്യം!

No comments: