Saturday, January 11, 2014

2014 ന്റെ സാമ്പത്തിക ചക്രവാളം

Published On: Thu, Jan 9th, 2014

2014 ന്റെ സാമ്പത്തിക ചക്രവാളം

 
rupee8_505_101713113511ഡോ-സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി
ആഗോള സാമ്പത്തിക തകര്‍ച്ചയും അതിനോടനുബന്ധിച്ച മാന്ദ്യവും തുടങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് പഴയ തോതിലെത്തിയിട്ടില്ലെങ്കിലും പതുക്കെ ഉയര്‍ന്നെണീക്കുകയാണ്. 2014-ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ 3 ശതമാനം വളരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പഠനം പ്രവചിക്കുന്നത്. 2013-ല്‍ ഇത് 2.1 ശതമാനം മാത്രമായിരുന്നു. ഇപ്പോഴും ലോകത്തിന്റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ 2.5 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തകര്‍ച്ച ഒഴിവാക്കുന്നതിനുവേണ്ടി ബാങ്കുകളുടെ താണതരം കടപ്പത്രങ്ങള്‍ അമേരിക്കയുടെ കേന്ദ്ര ബാങ്ക് വാങ്ങിച്ചു കൂട്ടുന്ന നടപടി(ക്വാണ്ടിറേറ്റീവ് ഈസിങ്ങ്- ക്യൂയി കുറച്ചു കൊണ്ടുവരാനുള്ള സാധ്യതയാണ് 2014-ലെ പ്രധാന ആകാംക്ഷ. ഇപ്പോള്‍ പ്രതിമാസം 85 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങളാണ് അങ്ങിനെ വാങ്ങിച്ചു കൂട്ടുന്നത്. ഈ നടപടിയാണ് 2008 മുതല്‍ അമേരിക്കയിലും തദ്വാര ലോക കമ്പോളങ്ങളിലും പണലഭ്യത വറ്റാതെ പിടിച്ചുനിര്‍ത്തിയത്. ഇത് പിന്‍വലിക്കാന്‍ തുടങ്ങുമ്പോള്‍ പണലഭ്യത കുറയുകയും അമേരിക്കയിലെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നിക്ഷേപകങ്ങളുടെ വരുമാനം (പലിശ) വര്‍ദ്ധിക്കുകയും ചെയ്യും. അപ്പോള്‍ അവിടുത്തെ നിക്ഷേപകര്‍ ലോക കമ്പോളങ്ങളില്‍ നിന്ന് പിന്‍വലിയും. ഇത് ലോക വിപണികളെ പ്രതികൂലമായി ബാധിക്കും.
‘ക്യുയി’ കുറച്ചുകൊണ്ടുവരാറായി എന്ന് അമേരിക്കയുടെ കേന്ദ്ര ബാങ്കിന്റെ സാരഥി, ബെന്‍ ബെര്‍ണാക്കെ, കഴിഞ്ഞ ജൂണില്‍ പ്രസ്താവിച്ചപ്പോള്‍ തന്നെ ഇന്ത്യയുടെ രൂപ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ടത് നാം കണ്ടതാണ്. ‘ക്യുയി’ പിന്‍വലിക്കുന്നതോടെ പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്നത് ഉറപ്പാണ്. അത് ഉല്പാദനം, ഓഹരി വിപണി, ബാങ്കു നിക്ഷേപം തുടങ്ങിയ സമസ്ത മേഖലകളെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കും.
‘ക്യുയി’ എങ്ങിനെ, എപ്പോള്‍ കുറച്ചു കൊണ്ടുവരുന്നു എന്നതും പ്രധാനമാണ് പെട്ടെന്ന് കെട്ടഴിക്കുകയാണെങ്കില്‍ അത് ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെ സാരമായി ബാധിക്കും. പക്ഷേ ഇത് അനിശ്ചിതമായി നീട്ടിവെയ്ക്കുകയാണെങ്കില്‍ ഓഹരി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ കുമിളകള്‍ പെരുകുന്നതിന് കാരണമായേക്കും. എന്തായാലും ‘ക്യുയി’ ക്രമേണ കുറച്ചു കൊണ്ടുവരുന്നതിനാണ് പദ്ധതി എന്നതിന് സൂചന ലഭിച്ചു കഴിഞ്ഞു. പ്രതിമാസം 85 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ വാങ്ങുന്നത് ഈ മാസം മുതല്‍ 75 ബില്യണ്‍ ഡോളര്‍ ആക്കി കുറച്ച് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിട്ടുണ്ട്.
17 രാജ്യങ്ങളടങ്ങുന്ന യൂറോസോണ്‍ ഒരു സാമ്പത്തിക മേഖലയെന്ന നിലയ്ക്ക് ലോകത്തിലേക്ക് ഏറ്റവും വലുതാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ഈ മേഖലയെയും കാര്യമായി ബാധിച്ചു. ജനങ്ങളുടെ അസംതൃപ്തി 17-ല്‍ 8 രാജ്യങ്ങളിലും ഭരണ മാറ്റമുണ്ടാക്കി. ഗ്രീസിലും സ്‌പെയിനിലും 27 ശതമാനമെത്തിയ തൊഴിലില്ലായ്മ നിരക്ക് പുകഞ്ഞു കത്തുകയാണ് യൂറോസോണിലെ സാമ്പത്തിക പ്രതിസന്ധി എങ്ങിനെ പരിഹരിക്കപ്പെടുന്നു എന്നത് 2014ന്റെ ഉത്കണ്ഠയാണ്. എന്തായാലും യൂറോസോണ്‍ മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥ 1.5 ശതമാനം കണ്ട് 2014-ല്‍ വളര്‍ച്ച നേടുമെന്നാണ് കണക്കുക്കൂട്ടല്‍.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേതിനേക്കാളും കുറഞ്ഞതാണെങ്കില്‍ കൂടി ചൈന 7.5 ശതമാനം വളര്‍ച്ചാനിരക്ക് കുറച്ചു കൊല്ലങ്ങള്‍ കൂടി നിലനിര്‍ത്തുമെന്നാണ് അനുമാനം. തെക്കന്‍ അമേരിക്കയിലെ ചില രാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. തെക്കു കിഴക്കന്‍ ഏഷ്യയിലെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും രാഷ്ട്രീയ സംഘട്ടനങ്ങളും കലാപങ്ങളും അവയുടെ സമ്പദ് വ്യവസ്ഥയില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കയാണ്. അവിടെ വളര്‍ച്ച ശരാശരി 3 ശതമാനം മാത്രമായിരിക്കുമെന്നാണ് നിഗമനം.
ഇന്ത്യ
2014 ഇന്ത്യക്ക് ഒരു മാറ്റത്തിന്റെ വര്‍ഷമായിരിക്കുമെന്നാണ് പ്രതീക്ഷ. വളരെയേറെ പ്രതികൂല ഘടകങ്ങളുണ്ടായിരുന്നിട്ടും കൂടി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും വിപണിയും 2013-ല്‍ പിടിച്ചു നിന്നു എന്നുവേണം വിലയിരുത്താന്‍.
ഉല്പാദനത്തിലും നിക്ഷേപത്തിലും സംഭവിച്ച മാന്ദ്യവും കച്ചവടം ചെയ്യുന്നതിന് പൊതുവെയുള്ള വിശ്വാസക്കുറവും കാരണം കാട്ടി ലോകബാങ്ക് ഇന്ത്യയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് സംബന്ധിച്ച നിഗമനം ആദ്യം സൂചിപ്പിച്ചിരുന്ന 6.1 ശതമാനത്തില്‍ നിന്നും 4.7 ശതമാനമായി വെട്ടിക്കുറച്ചു.
വര്‍ദ്ധിച്ച പണപ്പെരുപ്പവും കറന്റ് എക്കൗണ്ട് കമ്മിയും രൂപയുടെ മൂല്യത്തകര്‍ച്ച മൂലമുണ്ടാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍. 2002 മുതല്‍ 2012 വരെയുണ്ടായിരുന്ന 8 ശതമാനത്തിനോടടുത്ത വളര്‍ച്ചാനിരക്കില്‍ നിന്നാണ് പോയവര്‍ഷം വളര്‍ച്ച 5 ശതമാനത്തിനടുത്തേക്ക് കൂപ്പുകുത്തിയത്. എന്നാല്‍ ഈ മേഖലകളിലെല്ലാം പ്രതീക്ഷയുടെ നാമ്പുകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
കടുത്ത നിയന്ത്രണങ്ങളിലൂടെ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ വരുത്തിയ കാര്യമായ കുറവും രണ്ട് പ്രത്യേക ‘സ്വാപ്പ്’ ജാലകങ്ങളിലൂടെ സമാഹരിച്ച 34 ബില്യണ്‍ ഡോളറും കറന്റ് എക്കൗണ്ട് കമ്മി 3 ശതമാനത്തിന് താഴേയ്ക്ക് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. പോയ വര്‍ഷം ഇത് സര്‍വകാല റെക്കോര്‍ഡായ 4.8 ശതമാനമായിരുന്നു. വിദേശ കരുതല്‍ ധനശേഖരം ഇപ്പോള്‍ 395 ബില്യണ്‍ ഡോളര്‍ ആയി വര്‍ദ്ധിച്ചത് വിദേശ വ്യാപാര ക്രയവിക്രയ മേഖലയിലെ ആകാംക്ഷകളെ ദുരീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ ‘ക്യുയി’ ക്രമേണ പിന്‍വലിക്കുമ്പോഴുണ്ടാകുന്ന പണലഭ്യതയിലെ കുറവടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് ആശ്വാസകരമാണ്.
2014-ല്‍ ഇന്ത്യയുടെ സമ്പദ് മേഖലയില്‍ പ്രധാനമായും രണ്ടുമേഖലകളിലാണ് ആശങ്കകള്‍ നിലനില്‍ക്കുന്നത്. ഒന്നാമതായി പണപ്പെരുപ്പം. മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലയായ 7.52 ശതമാനമായി കഴിഞ്ഞ നവമ്പറില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കയാണ്. ഉപഭോക്തൃ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം കഴിഞ്ഞ 9 മാസത്തെ ഉയര്‍ന്ന നിലയില്‍ 11.24 ശതമാനമെത്തിയിരിക്കയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള വികസനം ത്വരിതപ്പെടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തത് ഇങ്ങിനെ ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പം മൂലമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സമ്മതിക്കുന്നു. ഗവണ്‍മെന്റ് ചിലവുകള്‍ കുറച്ച് ധനക്കമ്മി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഒരു തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ പ്രതീക്ഷിക്കാനാവില്ല.
ബാങ്കിംഗ് മേഖലയിലാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന ആശങ്ക. നീണ്ടുനിന്ന മാന്ദ്യവും ഉല്പാദനം, നിക്ഷേപം, നീക്കിയിരിപ്പ് എന്നിവ കുറഞ്ഞതും ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ദ്ധിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. 2013 സെപ്തംബറില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ 4.2 ശതമാനമായിരുന്നത് 2014 സെപ്തംബറില്‍ 4.6 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് അനുമാനം. വളര്‍ച്ചയുടെ പ്രധാന എഞ്ചിനായ ബാങ്കുകള്‍ക്ക് വരുന്ന ആഘാതങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
2014 മെയ് മാസത്തോടു കൂടി വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കൂട്ടുകക്ഷി ഭരണത്തിന്റെ സന്നിഗ്ദതകള്‍ പോയ വര്‍ഷങ്ങളില്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉറച്ചഭരണം ലഭിക്കുകയാണെങ്കില്‍ ദൃഢമായ നയരൂപീകരണത്തിലൂടെ സാമ്പത്തിക വളര്‍ച്ച ഇന്ത്യക്ക് ത്വരിതപ്പെടുത്താനാകും. അവ്യക്തമായ ജനവിധി സമ്പദ്‌വ്യവസ്ഥ വീണ്ടും തെന്നിപ്പോകുന്നതിന് ഇടവരുത്തിയേക്കാം. 2014ലെ തെരഞ്ഞെടുപ്പ് ഉറച്ച ഭരണം പ്രദാനം ചെയ്ത്. ഇന്ത്യയുടെ അന്തര്‍ലീനമായ ശേഷി വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കുക

No comments: