Saturday, January 4, 2014

കൃഷിക്കായി ജോലി ഉപേക്ഷിച്ച് യുവദമ്പതിമാര്‍

 

Posted on: 03 Jan 2014

കെ.കെ രമേഷ് കുമാര്‍




കല്പറ്റ: എറണാകുളത്തെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ തിരക്കില്‍പ്പെട്ട മാര്‍ക്കറ്റിങ് ലോകം. എന്തിനും ഏതിനും വിലപേശല്‍ നടത്തിക്കിട്ടുന്ന ജീവിത വരുമാനം. ചെറുകര ആറുവാളില്‍ തോട്ടോളി അയൂബ്, സാബിറ യുവകര്‍ഷക ദമ്പതിമാരുടെ ഓര്‍മകള്‍ എട്ടുവര്‍ഷം മുമ്പുള്ള താളുകളിലേക്ക് മറിഞ്ഞു. താമസ സൗകര്യവും തരക്കേടില്ലാത്ത വരുമാനവും വിലാസവുമെല്ലാം കിട്ടിയിട്ടും ഇതൊക്കെ കൃഷിയെന്ന വലിയ ലോകത്തിനുവേണ്ടി മാറ്റിവെച്ചാണ് ഈ കുടുംബം സ്വന്തം കൃഷിയിടത്തിലേക്ക് മടങ്ങിയത്. സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദധാരികളായ ഈ യുവകര്‍ഷക കുടുംബം ഇന്നൊരു മാതൃകയാണ്. കാര്‍ഷിക ജീവിതം വിട്ട് മെട്രോപ്പൊളിറ്റന്‍ സൗഭാഗ്യങ്ങളിലേക്ക് പറന്നുപോയവര്‍ക്ക് തിരികെയുള്ള യാത്രയ്ക്ക് ഒരു വഴികാട്ടിയും.

150 വര്‍ഷമെങ്കിലും പഴക്കമുള്ള കൃഷി പാരമ്പര്യമുള്ള കുടുംബത്തിലെ പുതിയ തലമുറയിലെ പ്രതിനിധിയായാണ് അയൂബ് എന്ന യുവകര്‍ഷകന്‍. കൃഷി ചെയ്യാന്‍ മണ്ണു വേണ്ടാത്ത ഹൈടെക് കര്‍ഷകനല്ല. അതിരാവിലെ എഴുന്നേറ്റ് അര്‍പ്പണബോധത്തോടെ കൃഷിക്ക് വേണ്ടിമാത്രം പകലുകള്‍ ചെലവഴിക്കുന്ന പുതുതലമുറയിലെ ഒരു വ്യത്യസ്തന്‍. വരും തലമുറയില്‍നിന്ന് കടംകൊണ്ടതാണ് ഈ മണ്ണ് എന്ന് ഓര്‍മപ്പെടുത്തുന്നു, സ്വന്തം കൃഷിപാഠശാലയുള്ള കര്‍ഷകന്‍.

പത്തേക്കര്‍ വിസ്തൃതിയുള്ള പച്ചപ്പ് നിറഞ്ഞ കൃഷിത്തോട്ടത്തിന് നടുവിലാണ് ഇന്ന് ഈ കുടുംബം. സ്വന്തമായി രണ്ട് ഏക്കര്‍ സ്ഥലം മാത്രം. ബാക്കി സ്ഥലം സഹോദരങ്ങളില്‍ നിന്ന് കൃഷി നടത്താന്‍ ഏറ്റെടുത്തത്. പിതാവ് ഇബ്രാഹിം ഹാജി ബാക്കിവെച്ച കൃഷിയുടെ ശീലങ്ങള്‍ തുടരുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിയില്‍ നിന്ന് രാജിവെക്കാന്‍ കാരണമായത്. ഭാര്യ സാബിറയും ഈ തീരുമാനത്തിന് പിന്തുണ നല്‍കി. ഏഴാം ക്ലാസുകാരിയായ മകള്‍ സിത്താരയും, ആനിയെയും ചെറിയ മകള്‍ ഇസബെല്ലയുമെല്ലാം ഇപ്പോള്‍ ഈ കൃഷിയിടങ്ങളുമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു.

കൃഷിയിടമാകെ വലകൊണ്ട് വേര്‍തിരിച്ച് വിവിധയിനം കോഴികള്‍, ഗ്രാമപ്രിയയും ഗ്രാമശ്രീയും ടര്‍ക്കിയുമെല്ലാമുണ്ട്. തൊട്ടുതാഴെയുള്ള വയലുകള്‍ നിറയെ വിവിധയിനം പച്ചക്കറികള്‍, രാസവള വിമുക്തമായ കൃഷിയിടം. കാബേജും, ചോളവും, മത്തനും, പയറും തുടങ്ങി പതിനഞ്ചോളം വിളകളുടെ തോട്ടത്തില്‍ ഓരോന്നിനും പ്രത്യേകമായ ഇടമുണ്ട്. ഏതു സീസണിലും വിളവെടുക്കാന്‍ പാകത്തില്‍ ഇടവേളയില്ലാതെ തുടര്‍കൃഷിയുണ്ട്. പച്ചക്കറിയുടെ ആവശ്യക്കാര്‍ക്കായി വിപണിയും കൃഷിയിടത്തില്‍ ത്തന്നെയുണ്ട്. സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി സ്ഥിരം ആവശ്യക്കാര്‍ ജൈവ ഉത്പന്നങ്ങള്‍ തേടി ഇവിടെയെത്തുന്നു.

ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ചെടുത്ത ലായനിയാണ് ഈ തോട്ടങ്ങളുടെ മുഖ്യവളം. അതിരാവിലെ തന്നെ ഇത് വിളകളുടെ ചുവട്ടിലൊഴിക്കും. പരമാവധി ആറുമാസംവരെ ഈ ചെടികളില്‍ നിന്ന് വിളവെടുക്കാന്‍ കഴിയുമെന്നാണ് അനുഭവപാഠം. രാസകൃഷിയില്‍ മൂന്നുമാസമാണ് പച്ചക്കറികളുടെ വിളവെടുപ്പ് കാലം. സാമ്പത്തികമായും ജൈവ കൃഷി ലാഭമെന്നത് ഇത് അടിവരയിടുന്നു. എന്നാല്‍, നേന്ത്രവാഴകൃഷിയില്‍ അല്പം രാസവളപ്രയോഗമില്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും അയൂബ് പറയുന്നു. നേന്ത്രവാഴയുടെ എട്ടിനങ്ങള്‍ ഈതോട്ടത്തിലുണ്ട്.

കൊളുബ്രിയന്‍ (ഇീഹൗയൃശമി) എന്ന ബ്രസീലിയന്‍ കാട്ടു ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളികള്‍ തോട്ടത്തിലാകെ താങ്ങുമരങ്ങളില്‍ പടര്‍ന്നു കയറിയിട്ടുണ്ട്. നഴ്‌സറിയൊരുക്കി ദീര്‍ഘവീക്ഷണത്തോടെയുള്ള കൃഷി സമ്പ്രദായമാണ് ഇവിടെ നടപ്പാവുന്നത്. വീട്ടുമുറ്റത്തൊരുക്കിയ പോളി ഹൗസിനുള്ളില്‍ മണിതക്കാളിയും മറ്റ് അനേകം ചെടികളുമുണ്ട്. അസോളയുടെ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. ഇതൊരു കാര്‍ഷിക പരീക്ഷണശാലയായി ഒറ്റനോട്ടത്തില്‍ തോന്നും. മിക്കപ്പോഴും പകല്‍ കൃഷിയിടങ്ങളില്‍ ചെലവഴിച്ചിട്ട് വീട്ടിലെത്തിയാല്‍ രാത്രിയായാലും ചെടികളിലെ ഗ്രാഫ്റ്റിങ്ങും മറ്റും നടത്താന്‍ ഈ കുടുംബം സമയം കണ്ടെത്തുന്നു.

ശാസ്ത്രമുന്നേറ്റങ്ങള്‍ക്കൊപ്പം കൃഷികൂടെ കൊണ്ടുവന്നാല്‍ നഷ്ടമില്ല എന്നാണ് അയൂബിന്റെ കുടുംബം തെളിയിക്കുന്നത്. രാസകീട നാശിനികള്‍ക്ക് പകരമായി ജൈവ അണുനാശിനികള്‍ ഫലപ്രദമാണ്. എറ്റമോണ്‍ കെണിയടക്കം ഇതിനായി ഉപയോഗപ്പെടുത്താം. കപ്പക്കൃഷി നടത്തുമ്പോള്‍ പയര്‍കൃഷികൂടി ചെയ്യുന്നത് ചെലവു കുറയ്ക്കാം. മാംസ ഉത്പന്നങ്ങള്‍ക്കു പ്രിയമുള്ള ഇക്കാലത്ത് മുയല്‍ വളര്‍ത്തലും ആദായകരമാണ്. മത്സ്യങ്ങളെ വളര്‍ത്തുന്നതും വരുമാന മാര്‍ഗമാണ്. ജൈവ വിളകള്‍ക്ക് പ്രാധാന്യം വന്നതോടെ അയൂബിന്റെ കൃഷിയിടങ്ങള്‍ തേടി ഇക്കോ ഷോപ്പുകാരും എത്തിത്തുടങ്ങി. ടണ്‍ കണക്കിന് ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പ്രതിമാസം കയറ്റിപ്പോകുന്നത്. കൃഷി പാഠശാലയെന്ന വിലാസം വന്നതോടെ പഠിതാക്കളുടെ എണ്ണവും കൂടി. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന കര്‍ഷകര്‍ വരെ ഇവിടത്തെ വിദ്യാര്‍ഥികളാണ്. കൃഷിയില്‍ നിന്നും കിട്ടുന്ന അറിവുകളെല്ലാം പങ്കുവെക്കുന്നതിനും ഈ യുവകര്‍ഷക കുടുംബം മടി കാണിക്കാറില്ല. മിക്ക ദിവസവും കൃഷിയിടങ്ങളില്‍ അതിഥികളുണ്ടാവും. രാവിലെയാണെങ്കില്‍ കുത്തരിയുടെ കഞ്ഞിയും കാച്ചില്‍ പുഴുങ്ങിയതുമെല്ലാം നല്‍കി സാബിറ സത്കരിക്കും. നാട്ടുകാരുടെ നന്മകള്‍ കൂടിയാണ് ഇവര്‍ മറ്റുള്ളവരുമായി കൃഷിയിലൂടെ പങ്കിടുന്നത്. ഒഴുകിപ്പോകുന്ന മേല്‍മണ്ണിനെക്കുറിച്ചും മാറിയ കാലാവസ്ഥയെക്കുറിച്ചുമൊക്കെ ഇവര്‍ക്ക് ആകുലതകളുണ്ട്. ഇതൊക്കെ മനസ്സിലാക്കിവേണം കൃഷിയിലിറങ്ങാന്‍ എന്ന് പുതിയ തലമുറകളോട് ഒരു ഉപദേശവും നല്‍കാനുണ്ട്.

പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മയായ ബോധി ചെറുകരയുടെ പ്രവര്‍ത്തകനായിരുന്നു അയൂബ്. അറിയപ്പെടുന്ന നാടക രചയിതാവുമാണ്. കൃഷി പുതിയൊരു വിലാസമെത്തിച്ചതോടെ ഇതിനൊന്നും ഇപ്പോള്‍ നേരമില്ല. ഭാര്യ സാബിറ കിട്ടിയ ബാങ്ക് ജോലി പോലും വേണ്ടെന്നു വെച്ചു. 'പണിക്കാര്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ തന്നെ ഒരു ജോലിയാണ്. അതിനിടയില്‍ കൃഷിയിടത്തിലും ഓരോ കാര്യങ്ങള്‍ക്കുവേണ്ടി ഓടി നടക്കണം.'-സാബിറ പറയുന്നു.

കുടുംബ കൃഷിയുടെ അന്താരാഷ്ട്ര വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന 2014 ആചരിക്കുമ്പോള്‍ ഹരിത വിപ്ലവത്തിന്റെ നായകന്‍ ഡോ: എം.എസ്. സ്വാമിനാഥനില്‍ നിന്ന് ഒരു അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം. വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് കൃഷിയിടത്തില്‍ തിരിച്ചെത്തി ഒമ്പത് വര്‍ഷത്തിനിടയില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. ഇതിനു മുമ്പ് ആത്മമിത്രകര്‍ഷകന്‍ അവാര്‍ഡ്, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ അവാര്‍ഡ്, മികച്ച മത്സ്യകര്‍ഷകന്‍ അവാര്‍ഡ് എന്നിവയെല്ലാം നേടിയിട്ടുണ്ട്. തുടക്കത്തില്‍ മറ്റ് ഏതൊരുജോലിയേക്കാളും വെല്ലുവിളിയും പിന്നീട് ആത്മസംതൃപ്തിയും നല്‍കുന്നതാണ് കാര്‍ഷിക രംഗം. മണ്ണിന്റെ മനസ്സറിഞ്ഞാല്‍ ഒന്നും വെറുതെയാവില്ല. കാര്‍ഷിക ജീവിതത്തോട് മുഖം തിരിക്കുന്നവര്‍ക്കെല്ലാം ഈ കുടുംബം നല്‍കുന്ന ജീവിതപാഠം മാതൃകയാണ്. ഒരു ജൈവ ലോകത്തെ വീണ്ടെടുത്തതു പോലെ മനോഹരമാണ് ഇവരുടെ ലോകം. ഒന്നിനോടും പരിഭവമില്ലാത്ത, തനി നാടന്‍ കര്‍ഷകന്റെ നന്മകള്‍ ഇവിടെ വിളയുന്നു.

No comments: