Friday, December 20, 2013

രാവിലെയും വൈകുന്നേരവും

രാവിലെയും വൈകുന്നേരവും
ചൊല്ലുവാന്‍

السلام عليكم ورحمة الله وبركاته

അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതിനും ദിക്റുകള്‍ നിലനിര്‍ത്തുന്നതിനും ഖുര്‍ആനിലും സുന്നത്തിലും വളരെയധികം ശ്രേഷ്ഠത വന്നിട്ടുണ്ട്. ദിക്റുകള്‍ അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പം വര്‍ധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.



ദിക്റുകള്‍ നിലനിര്‍ത്തുന്ന ഒരാള്‍ക്ക് - വിശേഷിച്ചും അര്‍ത്ഥമാലോചിച്ചു കൊണ്ടത് ചൊല്ലുകയും അതിന്റെ തേട്ടമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് - അല്ലാഹുവിന്റെ കാവല്‍, പിശാചില്‍ നിന്നും രക്ഷ,മനസ്സമാധാനം... തുടങ്ങി ദുനിയാവിലും ആഖിറത്തിലും ലഭിക്കുന്ന നന്മകള്‍ ഒരുപാടാണ്‌.



നബി സല്ലല്ലാഹു അലൈഹിവസല്ലം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമുക്ക് ദിക്റുകള്‍പഠിപ്പിച്ചു തന്നിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ഉറങ്ങാന്‍ നേരത്തും ഉണരുമ്പോഴും നമസ്കാരത്തിലും നമസ്കാരശേഷവും വാഹനത്തില്‍ കയറുമ്പോഴും യാത്ര പുറപ്പെടുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ദുഃഖവും മനപ്രയാസവുമകറ്റാനും... എന്ന് തുടങ്ങി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചൊല്ലേണ്ട ദിക്റുകള്‍സുന്നത്തില്‍ നമുക്ക് കാണാം. ഇങ്ങനെ എപ്പോഴും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും അവന്റെപരിശുദ്ധിയെ വാഴ്ത്തിയും അവന്റെ ഏകത്വം ഉറക്കെ പ്രഖ്യാപിച്ചും അവനെ സ്തുതിച്ചും അവനോട് മാത്രം സഹായം തേടിയും അവനോട് മാത്രം രക്ഷ തേടിയും എല്ലാം അവനില്‍ ഭരമേല്‍പ്പിച്ചുകൊണ്ടുമാവണംഒരു സത്യവിശ്വാസിയുടെ ജീവിതം.



ഈ ദിക്റുകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് രാവിലെയും വൈകുന്നേരവും ചൊല്ലുവാന്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ള ദിക്റുകള്‍. അല്ലാഹു പറയുന്നു:

﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (41) وَسَبِّحُوهُ بُكْرَةً وَأَصِيلًا﴾ [الأحزاب:41-42]

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. രാവിലെയും വൈകുന്നേരവും [1]നിങ്ങള്‍ അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക." ശൈഖ് അബ്ദുറഹ്മാന്‍ നാസ്വര്‍ അസ്സഅ'ദി റഹിമഹുല്ലാഹ് പറഞ്ഞു: "അല്ലാഹു തആല സത്യവിശ്വാസികളോട് അവനെ ധാരാളമായി സ്മരിക്കുവാന്‍ കല്‍പ്പിക്കുന്നു. തഹ് ലീലും തഹ് മീദും തസ്ബീഹും തക്ബീറും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മറ്റെല്ലാ വാക്കുകളും ഇതി(ഈദിക്റി)ലുള്‍പ്പെടുന്നു. കുറഞ്ഞത് ഓരോ മനുഷ്യനും രാവിലെയും വൈകുന്നേരവും നമസ്കാരശേഷവും മറ്റു (സുന്നത്തില്‍ ദിക്റുകള്‍ സ്ഥിരപ്പെട്ടിട്ടുള്ള) സന്ദര്‍ഭങ്ങളിലും കാരണങ്ങളിലും ദിക്റുകള്‍ നിലനിര്‍ത്തണം". സൂറത്തുല്‍ ഖാഫില്‍ അല്ലാഹു പറയുന്നു:

﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ﴾ [ق:39]

"സൂര്യോദയത്തിനുമുമ്പും അസ്തമയത്തിനുമുമ്പും നീ നിന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം പരിശുദ്ധപ്പെടുത്തുകയും ചെയ്യുക."

ഈ ആയത്തുകളുടെ അടിസ്ഥാനത്തില്‍ രാവിലെയും വൈകുന്നേരവും ചൊല്ലുവാന്‍ സുന്നത്തില്‍ സ്ഥിരപ്പെട്ടിട്ടുള്ള ദിക്റുകളും പ്രാര്‍ത്ഥനകളുമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അത്യുജ്ജ്വലമായ ആശയങ്ങള്‍ ഉള്‍ചേര്‍ന്നിട്ടുള്ള ഈ ദിക്റുകള്‍ യഥാര്‍ത്ഥത്തില്‍ മഹത്തരമായിത്തീരുന്നത് മനസ്സറിഞ്ഞുകൊണ്ട് ഇതിലടങ്ങിയിട്ടുള്ള ആശയങ്ങള്‍ മനസ്സിലാക്കി ചൊല്ലുമ്പോഴാണ്. അതിനാല്‍ ഈ ദിക്റുകളുടെ ഒരു ലളിത വിശദീകരണവും കൂടെ ചേര്‍ത്തിട്ടുണ്ട്.

രാവിലെയുള്ള ദിക്റുകള്‍ സുബ് ഹി നമസ്കാരശേഷം സൂര്യോദയത്തിനു മുമ്പായിട്ടാണ് ചൊല്ലേണ്ടത്. വൈകുന്നേരം അസ്ര്‍ നമസ്കാരാനന്തരം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പായിട്ട് ചൊല്ലണം. എന്നാല്‍ മറന്നുപോവുകയോ വല്ല തിരക്കിലും പെട്ട് ചൊല്ലാന്‍ സാധിക്കാതെ വരികയോ ചെയ്‌താല്‍ അതിനു ശേഷവും ചൊല്ലാവുന്നതാണ്. അതേപോലെ ഈ ദിക്റുകള്‍ പ്രത്യേകമൊരു ക്രമത്തില്‍ ചൊല്ലാതിരിക്കുന്നതാണ് സൂക്ഷമതക്ക് നല്ലത്. കാരണം സുന്നത്തില്‍ ഈ ദിക്റുകള്‍ക്ക് ഒരു പ്രത്യേകക്രമം സ്ഥിരപ്പെട്ടിട്ടില്ല (والله أعلم).



::::::::::::::::::::::

വൈകുന്നേര സമയത്ത് ഒരാള്‍ ഇത് [آية الكرسي] ചൊല്ലിയാല്‍ രാവിലെ വരെ അയാള്‍ക്ക് പിശാചില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്.രാവിലെ സമയത്ത് ഒരാള്‍ ഇത് [آية الكرسي] ചൊല്ലിയാല്‍ വൈകുന്നേരം വരെ അയാള്‍ക്ക് പിശാചില്‍ നിന്നും രക്ഷ ലഭിക്കുന്നതാണ്.[നസാഇ, ത്വബ്റാനി - അല്‍ബാനി സ്വഹീഹാക്കിയത്]. സൂറത്തുല്‍ ബഖറയിലെ 255 മത്തെ ആയത്താണ് ആയത്തുല്‍ കുര്‍സിയ്യ് എന്ന പേരിലറിയപ്പെടുന്നത്.


﴿اللَّهُ لا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ﴾ [البقرة:255] [صحيح الترغيب]



:::::::::::::::::::::::::::

അബ്ദുല്ലാഹ് ഇബ്‌നു ഖുബൈബ് റളിയല്ലാഹു അന്‍ഹു പറഞ്ഞു: നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഒരാള്‍രാവിലെയും വൈകുന്നേരവും സൂറത്തുല്‍ ഇഖ് ലാസും ﴿قُلْ هُوَ اللَّهُ أَحَدٌ﴾ സൂറത്തുല്‍ ഫലഖും ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ﴾ സൂറത്തുന്നാസും ﴿قُلْ أَعُوذُ بِرَبِّ النَّاس﴾മൂന്നുപ്രാവശ്യം ചൊല്ലിയാല്‍ അയാള്‍ക്ക് എല്ലാറ്റില്‍ നിന്നും (രക്ഷയായി) അത് മതിയാകുന്നതാണ്.

[رواه الترمذي وأبو داود وصححه الألباني في صحيح الترغيب]



:::::::::::::::::::::::::::

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ് റളിയല്ലാഹു അന്‍ഹു പറഞ്ഞു: നബി സല്ലല്ലാഹു അലൈഹി വസല്ലം രാവിലെയും വൈകുന്നേരവും ഇങ്ങനെ ചൊല്ലാറുണ്ടായിരുന്നു:

«أَصْـبَحْنا وَأَصْـبَحَ المُـلْكُ لله، وَالحَمدُ لله، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـدُ، وهُوَ عَلَى كُلِّ شَيءٍ قَدِير، رَبِّ أسْـأَلُـكَ خَـيْرَ مَا فِي هَـذَا اليَوْمِ وَخَـيْرَ مَا بَعْـدَهُ، وَأَعـُوذُ بِكَ مِنْ شَـرِّ هَـذَا الْيَوْمِ وَشَرِّ مَا بَعْـدَهُ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسُـوءِ الْكِـبَر، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذَابٍ في القَـبْر» [مسلم 2723]



അര്‍ത്ഥം: ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അധികാരം മുഴുവനും അല്ലാഹുവിനാകുന്നു. സര്‍വ്വസ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. സര്‍വ്വാധിപത്യവും സര്‍വ്വസ്തുതിയും അവന്നാകുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്‌. എന്റെ രക്ഷിതാവേ, ഈ പകലിലും/രാത്രിയിലും അതിന് ശേഷവുമുള്ള നന്മകളെ ഞാന്‍ നിന്നോട് ചോദിക്കുന്നു. ഈ പകലിലും/രാത്രിയിലും അതിന് ശേഷവുമുള്ള തിന്മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു. എന്റെ രക്ഷിതാവേ, അലസതയില്‍ നിന്നും വാര്‍ദ്ധക്യത്തിന്റെ പ്രയാസങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. എന്റെ രക്ഷിതാവേ, നരകശിക്ഷയില്‍ നിന്നും ഖബ്ര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

ഈ പ്രാര്‍ത്ഥന വൈകുന്നേരം ചൊല്ലുമ്പോള്‍ «أَصْـبَحْنا وَأَصْـبَحَ المُـلْكُ لله» എന്നതിനു പകരം «أَمْسَـيْنَا وَأَمْسَى المُـلْكُ لله»എന്ന് ചൊല്ലുകയും മുകളില്‍ അണ്ടര്‍ ലൈന്‍ ചെയ്ത ഭാഗം താഴെ കൊടുത്ത രീതിയില്‍ മാറ്റി ചൊല്ലുകയും ചെയ്യണം:

«هَـذِهِ اللَّيْلَةَ وَخَـيْرَ مَا بَعْـدَهَا، وَأَعـُوذُ بِكَ مِنْ شَـرِّ هَـذِهِ اللَّيْلَةَ وَشَرِّ مَا بَعْـدَهَا»



വിശദീകരണം: അല്ലാഹുവിനെ മഹത്വപ്പെടുത്തിയും അവനെ സ്തുതിച്ചും അവന്റെ ഏകത്വം പ്രഖ്യാപിച്ചുമാണ് ഈ പ്രാര്‍ത്ഥന തുടങ്ങുന്നത്. പ്രാര്‍ത്ഥനകള്‍ അല്ലാഹുവിന്റെ നാമവിശേഷണങ്ങളാല്‍ തുടങ്ങുകയെന്നത് അതിന് ഉത്തരം ലഭിക്കുവാന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്.

റബ്ബേ, ഈ പകലിലും/രാത്രിയിലും അതിനു ശേഷവും നിന്റെ നല്ലവരായ അടിമകള്‍ക്കായി നീ കണക്കാക്കിയിട്ടുള്ള ദീനിയായതും ദുന്‍യവിയ്യായതും പ്രത്യക്ഷമായതും പരോക്ഷമായതുമായ മുഴുവന്‍ നന്മകളും ഞാന്‍ നിന്നോട് ചോദിക്കുകയും മുഴുവന്‍ തിന്മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു. സാഹചര്യങ്ങളും കഴിവുമുണ്ടായിരുന്നിട്ടും നന്മകളിലേക്ക് മുന്നിടാന്‍ കഴിയാതെ അലസത വരുന്നതില്‍ നിന്നും വാര്‍ദ്ധക്യത്തിന്റെ എല്ലാവിധ പ്രയാസങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നതോടൊപ്പം പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും ഭയാനകതയേറിയ നരകശിക്ഷയില്‍ നിന്നും ഖബ്ര്‍ ശിക്ഷയില്‍ നിന്നും രക്ഷ തേടുകയുമാണ് ഓരോ മുസ്‌ലിമും ഈ പ്രാര്‍ത്ഥനയിലൂടെ ചെയ്യുന്നത്. അതിനാല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ മാതൃക പിന്‍പറ്റി ഓരോ സത്യവിശ്വാസിയും ദിനേന രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥിച്ചിരിക്കേണ്ട വളരെ പ്രയോജനപ്രദവും മഹത്തരവുമായ ഒരു പ്രാര്‍ത്ഥനയത്രെ ഇത്.

:::::::::::::::::::::::::::

അബൂഹുറൈറ റളിയല്ലാഹു അന്‍ഹു പറഞ്ഞു: നബി സല്ലല്ലാഹു അലൈഹി വസല്ലം തന്റെ സഹാബികളെ ഇങ്ങനെ ചൊല്ലുവാന്‍ പഠിപ്പിച്ചിരുന്നു:

«اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـيْنَا، وَبِكَ نَحْـيَا وَبِكَ نَمُـوتُ وَإِلَـيْكَ النُّـشُور»
[رواه الترمذي وأبو داود وابن ماجة وحسنه الألباني في صحيح الجامع]

അര്‍ത്ഥം: അല്ലാഹുവേ, നിന്റെ (അനുഗ്രഹം കൊണ്ടും സഹായം കൊണ്ടു) മാണ് ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നതും പ്രദോഷത്തില്‍ പ്രവേശിക്കുന്നതും. നിന്നെക്കൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും. നിന്നിലേക്കാണ് (ഖിയമാത്തുനാളിലെ) മടക്കം.

ഈ പ്രാര്‍ത്ഥന വൈകുന്നേരം ചൊല്ലുമ്പോള്‍ ലളിത മാറ്റങ്ങളോടെ താഴെ കൊടുത്ത രീതിയിലാണ് ചൊല്ലേണ്ടത്.

«اللّهُـمَّ بِكَ أَمْسَـيْنَا وَبِكَ أَصْـبَحْنا، وَبِكَ نَحْـيَا وَبِكَ نَمُـوتُ وَإِلَـيْكَ المَصِير»

അര്‍ത്ഥം: അല്ലാഹുവേ, നിന്റെ (അനുഗ്രഹം കൊണ്ടും സഹായം കൊണ്ടു) മാണ് ഞങ്ങള്‍ പ്രദോഷത്തില്‍ പ്രവേശിക്കുന്നതും പ്രഭാതത്തില്‍ പ്രവേശിക്കുന്നതും. നിന്നെക്കൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും. നിന്നിലേക്കാണ് മടക്കം.

വിശദീകരണം: മനുഷ്യന് അല്ലാഹു നല്‍കിയ അതിയായ അനുഗ്രഹങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദിക്ര്‍. ഒരു മനുഷ്യന്‍ ഇരിക്കുന്നതും നില്‍ക്കുന്നതും നടക്കുന്നതും ജോലി ചെയ്യുന്നതും ഉറങ്ങുന്നതും ഉണരുന്നതും എന്നല്ല ജീവിതം മുഴുവന്‍ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും സഹായം കൊണ്ടും മാത്രമാണ്. ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യജീവിതം അവസാനിക്കുന്നതും അല്ലാഹുവിന്റെ തീരുമാനപ്രകാരം തന്നെ. ഈ രൂപത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയോര്‍ത്തും അവനില്‍ അഭയം തേടിയും എല്ലാം അവനില്‍ ഭരമേല്‍പ്പിച്ചുമാവണം ഒരു സത്യവിശ്വാസിയുടെ ജീവിതം.

:::::::::::::::::::::::::::

ശദ്ധാദ് ഇബ്‌നു ഔസ് റളിയല്ലാഹു അന്‍ഹുവില്‍ നിന്ന്: നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: സയ്യിദുല്‍ ഇസ് തിഗ് ഫാര്‍ (سيد الاستغفار) ഇങ്ങനെ പറയലാണ്.

«اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ، خَلَقْتَنـي وَأَنا عَبْـدُكَ، وَأَنا عَلـَى عَهْـدِكَ وَوَعْـدِكَ مَا اسْتَـطَعْـتُ، أَعـُوذُبِكَ مِنْ شَـرِّ مَا صَنَـعْتُ، أَبـُوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـُوءُ بِذَنْـبِي فَاغْفِـرْ لِي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاَّ أَنْتَ» [البخاري 6306]

[നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: രാവിലെ ഒരാള്‍ [അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ടും ഇതിനെ സത്യപ്പെടുത്തിയും ഇതില്‍ വിശ്വസിച്ചും] ദൃഡമായ മനസ്സോടെ ഇത് ചൊല്ലുകയും എന്നിട്ട് വൈകുന്നേരമാവുന്നതിനുമുമ്പ് മരണപ്പെടുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ പെടുന്നതാണ്. വൈകുന്നേരം ചൊല്ലുകയും അന്ന് നേരം പുലരുന്നതിനുമുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍സ്വര്‍ഗ്ഗവാസികളില്‍ പെടുന്നതാണ്.]

അര്‍ത്ഥം: അല്ലാഹുവേ, നീ എന്റെ രക്ഷിതാവാണ്‌. നീയല്ലാതെ ആരാധ്യനില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ അടിമയാണ്. ഞാനെന്റെ കഴിവനുസരിച്ച് നിന്നോടുള്ള കരാറും നിന്റെ വാഗ്ദാനവുമനുസരിച്ച് നിലക്കൊള്ളുന്നു. ഞാന്‍ ചെയ്തതിന്റെ ദോഷത്തില്‍ നിന്നും നിന്നോട് രക്ഷ തേടുന്നു. നീയെനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്റെ പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു [അഥവാ ഞാന്‍ ഏറെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നവനാണെന്നും എനിക്കൊരുപാട് പാപങ്ങള്‍ വന്നുപോയിട്ടുണ്ടെന്നും ഞാന്‍ നിന്നോട് സമ്മതിക്കുന്നു]. അതിനാല്‍ നീയെനിക്ക് പൊറുത്തു തരേണമേ. തീര്‍ച്ചയായും നീയല്ലാതെ പാപങ്ങള്‍ പൊറുത്തു തരുന്നവനായി മറ്റാരുമില്ല.

വിശദീകരണം: വളരെ മഹത്തരമായ ഒരു പ്രാര്‍ത്ഥനയാണിത്‌. സയ്യിദുല്‍ ഇസ്തിഗ് ഫാര്‍ (سيد الاستغفار) എന്നാണ് നബി സല്ലല്ലാഹു അലൈഹി വസല്ലം ഇതിനെ വിശേഷിപ്പിച്ചത്. കാരണം അര്‍ത്ഥത്തിലും ആശയത്തിലും ഇതിനോളം ശ്രേഷ്ഠമായ ഇസ്തിഗ് ഫാറിന്റെ പ്രാര്‍ത്ഥന വേറെയില്ല.

രക്ഷാധികാരിയും ആരാധനക്കര്‍ഹനും അല്ലാഹു മാത്രമാണെന്ന തൗഹീദിന്റെ വചനങ്ങളോടെയാണ് ഈ പ്രാര്‍ത്ഥന തുടങ്ങുന്നത്. ശേഷം (ശൂന്യതയില്‍ നിന്നും) മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവാണെന്നും മനുഷ്യന്‍ അല്ലാഹുവിന്റെ നിസ്സാരനായ അടിമയാണെന്നും അംഗീകരിക്കുന്നു. മനുഷ്യന്‍ എല്ലാ നിലക്കും അല്ലാഹുവിലേക്ക് ആവശ്യക്കാരനാണ്. അല്ലാഹുവിന്റെ ആശ്രയമില്ലാതെ മനുഷ്യന് ഒരു നിമിഷനേരം പോലും ജീവിക്കുക സാധ്യമല്ല. ഈ അടിമത്ത ബോധം എത്രകണ്ട് മനുഷ്യന്റെ മനസ്സില്‍ വര്‍ധിക്കുന്നുവോ അത്രകണ്ട് മനുഷ്യന്‍ ശ്രേഷ്ഠനായിത്തീരുന്നു. സകലപാപങ്ങളും നേരത്തേ തന്നെ പൊറുക്കപ്പെട്ടനബിയായിരുന്നിട്ടും മഹാനായ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലം കാലില്‍ നീര് വരുവോളം രാത്രി നിന്ന് നമസ്കരിച്ചത് ഈ ശ്രേഷ്ഠത കൈവരിക്കാനായിരുന്നു. ഈ ബോധത്തോടൊപ്പം ഓരോ മനുഷ്യനും ഏറെ വീഴ്ചകളും തെറ്റുകളും വന്നുപോകുന്നവനാണെന്നും അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് കനിഞ്ഞരുളിയില്ലെങ്കില്‍ പരലോകത്ത് രക്ഷപ്രാപിക്കാന്‍ ഒരാള്‍ക്കും ഒരിക്കലും കഴിയില്ലെന്നും മനസ്സിലാക്കുക. ഒപ്പം അല്ലാഹുവിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ക്ക് നടുവിലാണ് നാം ജീവിക്കുന്നതെന്ന് സദാ ഓര്‍ത്തും കഴിയുന്നത്ര അല്ലാഹുവിനെ സ്തുതിച്ചും ചെയ്തുപോയ തെറ്റുകളില്‍ നിന്ന് അല്ലാഹുവിലേക്ക് നിരന്തരമായി തൗബ ചെയ്തുമടങ്ങിയുമാവണം ഒരു സത്യവിശ്വാസിയുടെ ജീവിതം. ചുരുക്കത്തില്‍ ഒരു മനുഷ്യന്‍ തന്റെ ശ്വാസം വിടുന്നത്രയും തവണ അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് ഇസ്തിഗ് ഫാര്‍ തേടുകയും ചെയ്‌താല്‍ പോലും അത് വളരെ കുറച്ചുമാത്രമേ ആകുന്നുള്ളൂ.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ റഹിമഹുല്ലാഹ് പറഞ്ഞു: "ഒരാള്‍ എപ്പോള്‍ ഈ രണ്ടുകാര്യങ്ങളും (ഹംദിന്റെയും ഇസ്തിഗ് ഫാറിന്റെയും വിശാലമായ ആശയങ്ങള്‍) ശരിക്കും ഉള്‍ക്കൊള്ളുന്നുവോ അപ്പോള്‍ അയാളില്‍ ഞാന്‍ അല്ലാഹുവിന്റെ നിസ്സാരനായ ഒരു അടിമയാണെന്ന ബോധം ശരിയായ രീതിയില്‍ രൂപപ്പെടുന്നു. ഈമാനിന്റെയും അറിവിന്റെയും ഉന്നതപദവികളിലേക്ക് അയാള്‍ ഉയരുന്നു. സ്വന്തത്തെ അയാള്‍ വളരെ ചെറുതായി കാണുന്നു. അല്ലാഹുവിന് പരിപൂര്‍ണ്ണമായും കീഴൊതുങ്ങുന്നു. ഇതാണ് ഉബൂദിയ്യത്തിന്റെ പൂര്‍ണ്ണത". ഇത്രയും ഉന്നതമായ ആശയങ്ങളാണ് ഈ മഹത്തായ പ്രാര്‍ത്ഥനയിലൂടെ നബി സല്ലല്ലാഹു അലൈഹി വസല്ലം നമ്മെ പഠിപ്പിക്കുന്നത്. ഇതു തന്നെയാണ് ഈ പ്രാര്‍ത്ഥനക്ക് ഇത്രയധികം ശ്രേഷ്ഠതയുണ്ടാവാനും കാരണം.


:::::::::::::::::::::::::::

ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍ റളിയല്ലാഹു അന്‍ഹുവില്‍ നിന്ന്: നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഒരാള്‍ഈ ദിക്ര്‍ രാവിലെ മൂന്നുപ്രാവശ്യം ചൊല്ലിയാല്‍ വൈകുന്നേരം വരെ യാതൊന്നും അയാളെ ഉപദ്രവിക്കുകയില്ല. വൈകുന്നേരം മൂന്നുപ്രാവശ്യം ചൊല്ലിയാല്‍ രാവിലെ വരെ യാതൊന്നും അയാളെ ഉപദ്രവിക്കുകയില്ല.

«بِسـْمِ اللهِ الذِي لاَ يَضُـرُّ مَعَ اسْمِـهِ شَيءٌ فِي الأَرْضِ وَلاَ فِي السَّمَـاءِ وَهُـوَ السَّمـِيعُ العَلـِيم»
[رواه أبو داود والترمذي وصححه الألباني في صحيح الجامع]

അര്‍ത്ഥം: അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ രക്ഷ തേടുന്നു) - അവന്റെ നാമത്തോടൊപ്പം ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊന്നും ഉപദ്രവം വരുത്തുകയില്ല. [മൂന്ന് പ്രാവശ്യം]

വിശദീകരണം: സകല മുസ്വീബത്തുകളില്‍ നിന്നും രക്ഷ ലഭിക്കുവാന്‍ വേണ്ടി ഓരോ മുസ്‌ലിമും രാവിലെയും വൈകുന്നേരവും അനിവാര്യമായും ചൊല്ലിയിരിക്കേണ്ട ഒരു ദിക്റാണിത്. ഇമാം ഖുര്‍ത്വുബി റഹിമഹുല്ലാഹ് പറഞ്ഞു: "ഈ ദിക്ര്‍ കേട്ട അന്നുമുതല്‍ ഞാന്‍ ഇതുകൊണ്ട് അമല്‍ ചെയ്തു. പിന്നീടൊരിക്കലും ഒന്നും തന്നെ എനിക്ക് ഉപദ്രവം വരുത്തിയിട്ടില്ല. ഒരിക്കല്‍ ഇതുപേക്ഷിച്ച സന്ദര്‍ഭത്തിലല്ലാതെ. അഥവാ, ഒരു രാത്രി പട്ടണത്തില്‍ വെച്ച് എന്നെ ഒരു തേള്‍ കുത്തിയപ്പോള്‍ അന്ന് ഈ ദിക്ര്‍ ചൊല്ലുവാന്‍ മറന്നുപോയതായി ഞാനോര്‍ത്തു".

:::::::::::::::::::::::::::

അബൂബക്ര്‍ റളിയല്ലാഹു അന്‍ഹു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, രാവിലെയും വൈകുന്നേരവും ചൊല്ലുവാന്‍ എനിക്കൊരു പ്രാര്‍ത്ഥന പഠിപ്പിച്ചു തരൂ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഇങ്ങനെ പറയുക:

«اللّهُـمَّ عَالِـمَ الغَـيْبِ وَالشَّـهَادَةِ فَاطِـرَ السَّمَاوَاتِ وَالأَرْضِ رَبَّ كُـلِّ شَـيءٍ وَمَلِيـكَهُ، أَشْهَـدُ أَنْ لاَ إِلـهَ إِلاَّ أَنْتَ، أَعُـوذُ بِكَ مِنْ شَـرِّ نَفْسِـي وَمِنْ شَـرِّ الشَّيْـطَانِ وَشِـرْكِهِ، وَأَنْ أَقْتَـرِفَ عَلـَى نَفْسِـي سُوءاً أَوْ أَجُـرَّهُ إِلـَى مُسْـلِم» [الترمذي 3529، وصححه الألباني]

അര്‍ത്ഥം: ദൃശ്യവും അദൃശ്യവും അറിയാവുന്നവനും, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, എല്ലാ വസ്തുക്കളുടെയും രക്ഷിതാവും ഉടമസ്ഥനുമായ അല്ലാഹുവേ, നീയല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ മനസ്സിന്റെ തിന്മയില്‍ നിന്നും പിശാചിന്റെ തിന്മയില്‍ നിന്നും അവന്റെ ശിര്‍ക്കില്‍ [2] നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. സ്വന്തം ശരീരത്തോടോ മറ്റൊരു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.
[മറ്റൊരു റിപ്പോര്‍ട്ടില്‍ രാവിലെയും വൈകുന്നേരവും ഉറങ്ങാന്‍ നേരത്തും താങ്കള്‍ ഇങ്ങനെ ചൊല്ലുക എന്നും വന്നിട്ടുണ്ട്.]

വിശദീകരണം: അല്ലാഹുവിന്റെ ഉന്നതിയെയും മഹത്വത്തെയുമറിയിക്കുന്ന സല്‍വിഷേശങ്ങളാല്‍ തുടങ്ങുന്ന ഈ പ്രാര്‍ത്ഥന വളരെ ശ്രേഷ്ഠമായതാണ്. കാരണം ഒരു സത്യവിശ്വാസി തന്റെ മനസ്സിന്റെ തിന്മയില്‍ നിന്നും പിശാചിന്റെ തിന്മയില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടുകയാണ് ഈ പ്രാര്‍ത്ഥനയിലൂടെ. ഇത് രണ്ടുമാണ് സകലതിന്മകളുടെയും ഉത്ഭവങ്ങള്‍. ശേഷം സ്വന്തം നഫ് സിനോടും മറ്റുള്ളവരോടും തിന്മ ചെയതു പോകുന്നതില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നു. ചുരുക്കത്തില്‍ മുഴുവന്‍ തിന്മകളുടെയും ഉസ്വൂലുകളും ഉറവിടങ്ങളും അവയുടെ അന്ത്യവും അനന്തരഫലവുമെല്ലാം ഈ പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ എല്ലാ തിന്മകളില്‍ നിന്നും രക്ഷ തേടിക്കൊണ്ടുള്ള ഈ പ്രാര്‍ത്ഥന ദിവസവും രാവിലെയും വൈകുന്നേരവും ഉറങ്ങാന്‍ നേരത്തും പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ.

:::::::::::::::::::::::::::

അബ്ദുല്ലാഹിബ്നു ഉമര്‍ റളിയല്ലാഹു അന്‍ഹു പറഞ്ഞു: നബി സല്ലല്ലാഹു അലൈഹി വസല്ലം ഈ പ്രാര്‍ത്ഥന രാവിലെയും വൈകുന്നേരവും ഒരിക്കലും ഒഴിവാക്കാറുണ്ടായിരുന്നില്ല.

«اللّهُـمَّ إِنِّـي أسْـأَلُـكَ العَـافِـيةَ فِي الدُّنْـيَا وَالآخِـرَة، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعَـافِـيةَ في دِينِي وَدُنْـيَايَ وَأهْـلِي وَمَالـِي، اللّهُـمَّ اسْتُـرْ عَـوْرَاتِي وَآمِـنْ رَوْعَاتـِي، اللّهُـمَّ احْفَظْـني مِنْ بَـيْنِ يَدَيَّ وَمِنْ خَلْفـِي وَعَنْ يَمـِينِي وَعَنْ شِمَـالِي، وَمِنْ فَوْقـِي، وَأَعـُوذُ بِعَظَمَـتِكَ أَنْ أُغْـتَالَ مِنْ تَحْتـِي»

[رواه أبو داود وابن ماجة وصححه الألباني]

അര്‍ത്ഥം: അല്ലാഹുവേ, തീര്‍ച്ചയായും ദുനിയാവിലും ആഖിറത്തിലും ആഫിയത്ത് ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, നിന്നോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ ദീനിലും ദുനിയാവിലും കുടുംബത്തിലും സ്വത്തിലും സുഖവും ചോദിക്കുന്നു. അല്ലാഹുവേ, എന്നില്‍ മറച്ചുവെക്കേണ്ടവ (ന്യൂനതകളും കുറവുകളും) നീ മറച്ചുവെക്കുകയും ഭയങ്ങളില്‍ നിന്ന് നീ നിര്‍ഭയത്വം നല്‍കുകയും ചെയ്യേണമേ. എന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വലത്തുനിന്നും ഇടത്തുനിന്നും മുകളില്‍ നിന്നും നീ എന്നെ സംരക്ഷിക്കേണമേ. എന്റെ താഴ് ഭാഗത്തുകൂടി ഞാന്‍ നശിപ്പിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്റെ മഹത്വം കൊണ്ട് രക്ഷതേടുന്നു.

വിശദീകരണം: അറിയുക! ഒരാള്‍ക്ക് ദുനിയാവിലും ആഖിറത്തിലും ആഫിയത്ത് ലഭിച്ചാല്‍ അയാള്‍ക്ക് മുഴുവന്‍ നന്മയും ലഭിച്ചു. ഒരിക്കല്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബ് റളിയല്ലാഹു അന്‍ഹു നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുത്തുവന്ന് ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു കൊടുക്കുവാന്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യങ്ങളിലായി ആവശ്യപ്പെട്ടു. അപ്പോഴൊക്കെഴും നബി സല്ലല്ലാഹു അലൈഹി വസല്ലം അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിനോട് ആഫിയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

നമുക്കേറ്റവും വിലപ്പെട്ട നമ്മുടെ ആദര്‍ശം മുറുകെപ്പിടിച്ച്‌ ഫിത്‌നകളിലൊന്നും പെടാതെയും ദുനിയാവില്‍ നമുക്കുപദ്രവം വരുത്തുന്ന യാതൊരു മുസ്വീബത്തുകളിലോ പ്രയാസങ്ങളിലോ പെടാതെയും സ്വന്തം കുടുംബം യാതൊരു ഫിത്‌നയിലും അകപ്പെടാതെയും തന്റെ സമ്പത്തിന് യാതൊരു നാശനഷ്ടങ്ങളും സംഭവിക്കാതെയും സര്‍വ്വോപരി പരലോകത്തിന്റെ ഭയാനകതയിലോ ശിക്ഷയിലോ പെട്ടുപോകാതെയും ഒരു മനുഷ്യന് സുഖവും സൌഖ്യവും (ആഫിയത്ത്) ലഭിക്കുകയെന്നതിനേക്കാള്‍ വലിയതായിട്ടെന്താണുള്ളത്?!

:::::::::::::::::::::::::::



«اللّهُـمَّ عافِـني في بَدَنـي، اللّهُـمَّ عافِـني في سَمْـعي، اللّهُـمَّ عافِـني في بَصَـري، لا إلهَ إلاّ أَنْـتَ»

[ثلاث مرات]

«اللّهُـمَّ إِنّـي أَعـوذُبِكَ مِنَ الْكُـفر وَالفَـقْر، وَأَعـوذُبِكَ مِنْ عَذابِ القَـبْر، لا إلهَ إلاّ أَنْـتَ»
[ثلاث مرات]

[رواه أبو داود وحسنه الألباني]

അര്‍ത്ഥം: അല്ലാഹുവേ, എന്റെ ശരീരത്തില്‍ നീയെനിക്ക് ആഫിയത്ത് നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിയില്‍ നീയെനിക്ക് ആഫിയത്ത് നല്‍കേണമേ. അല്ലാഹുവേ, എന്റെ കാഴ്ചയില്‍ നീയെനിക്ക് ആഫിയത്ത് നല്‍കേണമേ. നീയല്ലാതെ ആരധനക്കര്‍ഹനായി മറ്റാരുമില്ല. [മൂന്ന് പ്രാവശ്യം]

അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഖബ്ര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീയല്ലാതെ ആരധനക്കര്‍ഹനായി മറ്റാരുമില്ല. [മൂന്ന് പ്രാവശ്യം]

:::::::::::::::::::::::::::

നബി സല്ലല്ലാഹു അലൈഹി വസല്ലം ഫാത്വിമ റളിയല്ലാഹു അന്‍ഹായോട് രാവിലെയും വൈകുന്നേരവും ചൊല്ലുവാന്‍ പ്രത്യേകം വസിയ്യത്ത്‌ ചെയ്ത പ്രാര്‍ത്ഥനയാണിത്‌.

«يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث، أَصْلِـحْ لي شَـأْنـي كُلَّـه، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين»
[رواه النسائي والبزار والحاكم وحسنه الألباني في صحيح الترغيب والترهيب]

No comments: