മധ്യപൂർവ്വരാജ്യങ്ങളെ മറ്റൊരു സാമ്പത്തിക പ്രതിസന്ധി ഗ്രസിക്കുകയാണോ? 

ആരും തുറന്നു പറയുന്നില്ലെങ്കിലും അത്തരം ഒരു ശീതാവസ്ഥ കമ്പോളത്തിൽ പ്രകടമാണ്. കഴിഞ്ഞ തവണ റിയൽറ്റി മേഖലയിലെ വൻതകർച്ചയായിരുന്നു സാമ്പത്തിക പ്രതിസന്ധിയുടെ ആഴം നിർണ്ണയിച്ചതെങ്കിൽ ഇത്തവണ പ്രതിസന്ധി ഒരു മേഖലയിലേക്ക് മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് വിശകലന വിദഗ്ദ്ധരെയും സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളെയും ഒരു പോലെ കുഴക്കുന്നത്. കഴിഞ്ഞ തവണ പ്രതിസന്ധി ഗ്രസിച്ചത് പ്രാഥമികമായി ദുബായിയെ മാത്രമായിരുന്നു. ജി സി സി മേഖലയിൽ ദുബായ് മാത്രമാണ് എണ്ണയിതര വരുമാനത്തെ അടിസ്ഥാനമാക്കിയ സമ്പദ്മേഖല. അതു കൊണ്ട് തന്നെ എണ്ണ മേഖലയിൽ വലിയ ആഘാതങ്ങൾ ഉണ്ടാക്കാൻ 2008ലെ പ്രതിസന്ധിക്ക് സാധിച്ചുമില്ല. ഒരു പരിധി വരെ റിയൽറ്റി മേഖലയിലെ ക്രമരഹിതമായ വളർച്ചയായിരുന്നു ദുബായിയെ ഉലച്ചത്. എല്ലാ മുട്ടകളും ഒരേ സഞ്ചിയിൽ ഇടരുത് എന്ന പഴമൊഴിയെ ഓർമ്മിപ്പിച്ച ആ സാഹചര്യത്തെ നല്ല ആസൂത്രണത്തിലൂടെ മറികടക്കാൻ ദുബായിക്ക് ഒരു പരിധി വരെ കഴിഞ്ഞു. റിയൽറ്റി മേഖലയിൽ കുമിളകൾ ഉണ്ടാവാതിരിക്കാൻ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നവർ നന്നായി ശ്രദ്ധിക്കുകയും ചെയ്തു. 

പക്ഷെ പുതിയ അവസ്ഥ ലോകത്തിൽ ആകെ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ഇഴ ചേർന്നു നിൽക്കുന്നു. നിലവിലെ അവസ്ഥയിൽ ചൈനയും ഇന്ത്യയും അടക്കമുള്ള മേഖലകളിലും സാമ്പത്തിക വിറങ്ങലിപ്പ് പ്രകടമാണ്. മധ്യപൂർവ്വേഷ്യയുമായി വലിയ തോതിൽ വാണിജ്യ ഇടപാടുകൾ ഉള്ള ചൈനയുടെ മരവിപ്പ് ലോകത്തെ തന്നെ അമ്പരപ്പിക്കുന്നുണ്ട്. 

എണ്ണവിലയുടെ തകർച്ചയാണ് ഗൾഫ് മേഖലയെ വലയ്ക്കുന്നത്. ഒരിക്കൽ പോലും തിരിച്ചുവരവു നടത്താൻ കഴിയാത്ത വിധം തകരുന്ന എണ്ണയുടെ വില മേഖലയുടെ വളർച്ചാസ്വപ്നങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പുതിയ പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപനനിയന്ത്രണത്തിനായി ലോകം വലിയ അളവിൽ ഫോസിൽ ഇന്ധനങ്ങളെ നിയന്ത്രിച്ചാൽ ഒരു പക്ഷെ എണ്ണവിലയുടെ കാര്യത്തിൽ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത എന്നതും സാമ്പത്തിക രംഗത്തുള്ളവർ കണക്കിൽ എടുക്കുന്നുണ്ട്. ഒരു പക്ഷേ, ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ വേഗതയെ തന്നെ ഒന്നോ രണ്ടോ ശതമാനം നിയന്ത്രിച്ചാൽ മാത്രമേ പാരീസ് ഉടമ്പടിയുടെ ലക്ഷ്യത്തിന്റെ പകുതിയെങ്കിലും എത്താൻ കഴിയൂ എന്ന നിരീക്ഷണങ്ങളും പ്രസക്തമാണ്.

 നിലവിൽ കമ്പോളത്തിൽ വായ്പാ ലഭ്യതയിലുള്ള നിയന്ത്രണമാണ് മാന്ദ്യത്തിന്റെ പ്രകടലക്ഷണമായി കാണുന്നത്. ചെറുകിട - ഇടത്തരം ഉദ്യമങ്ങൾക്ക് (small and medium enterprises) വായ്പ നൽകുന്നതിൽ സാമ്പത്തിക സ്ഥാപനങ്ങൾ വലിയ തോതിൽ വിമുഖത കാണിക്കുന്നു. ഇതു വായ്‌പാ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. പ്രധാനമായും ഫുഡ്-കമ്മോഡിറ്റി മേഖലകളിലാണ് ഇത് പ്രകടമാകുന്നത്. കിട്ടാക്കടങ്ങളും ചെക്ക് മടങ്ങലും സാധാരണമാകുകയാണ്. 120 ദിവസങ്ങളിൽ പൂർത്തിയാകുന്ന വാണിജ്യ വൃത്തം ഇപ്പോൾ ഇരുന്നൂറും മുന്നൂറും ദിവസങ്ങളിലേക്ക് നീങ്ങുന്നത് ട്രേഡിങ്ങ് രംഗത്തും വിഷമാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ബാങ്കുകളിൽ നിന്നും മറ്റും വായ്പ എടുത്തവർ അപ്രത്യക്ഷരാകുന്ന കഥകൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

ചെറിയ തോതിലെങ്കിലും ലേ ഓഫുകളുടെ വാർത്തകളും വരുന്നുണ്ട്. പ്രവാസികളെ സംബന്ധിച്ച് മാർച്ച് ഒരു നിർണ്ണായക മാസമാകാനുള്ള സാധ്യത വലിയ തോതിലുണ്ട്. സ്കൂളൂകൾ ഒരു അധ്യായന വർഷം പൂർത്തിയാക്കുന്ന മാർച്ചിൽ കൂടുതൽ ലേ ഓഫുകൾ ഉണ്ടാകുമോ എന്നാണ് പ്രവാസിസമൂഹം ആകുലതയോടെ ഉറ്റു നോക്കുന്നത്. ഗൾഫ് പണത്തിന്റെ കുത്തൊഴുക്കിലുണ്ടാകുന്ന നേരിയ ചലനം പോലും നിർണ്ണായകമാകുന്ന കേരള സംസ്ഥാനവും ഭാരതസർക്കാരും അത്തരമൊരു സാഹചര്യത്തെ മുന്നിൽ പോലും കാണുന്നില്ല എന്നത് പ്രവാസി സമൂഹത്തെ ഞെട്ടിക്കുന്നുണ്ട്.
-from-
http://leftclicknews.com/news_details.php?newsId=3346