ആകാശഭൂമികളഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിന്റെ അത്യധികം ഉത്തമങ്ങളായ വിശേഷണങ്ങളെക്കുറിക്കുന്ന സംജ്ഞകള്‍ക്കാണ് “അസ്മാഉല്‍ ഹുസ്ന” (ഉല്‍കൃഷ്ട നാമങ്ങള്‍) എന്ന് പറയുന്നത്. രണ്ട് അറബി വാക്കുകള്‍ ചേര്‍ന്നതാണിത്. അല്‍ അസ്മാഅ് (നാമങ്ങള്‍), അല്‍ ഹുസ്ന (ഉല്‍കൃഷ്ടമായത്). ആ നാമങ്ങള്‍ ഉത്കൃഷ്ടാശയത്തെക്കുറിക്കുന്നതുകൊണ്ടും അവകൊണ്ട് നാമകരണം ചെയ്യപ്പെട്ടവന്‍ ഉത്കൃഷ്ടനായതുകൊണ്ടുമാണ് അവയ്ക്ക് ഈ പേര്‍വന്നത്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അസ്മാഉല്‍ ഹുസ്നയെക്കുറിച്ച് പരാമര്‍ശമുണ്ട്.”അത്യുത്തമമായ നാമങ്ങള്‍ അല്ലാഹുവിനുള്ളതത്രെ. ആ നാമങ്ങളില്‍ നിങ്ങളവനോട് പ്രാര്‍ത്ഥിക്കുക” (അല്‍ അഅ്റാഫ്: 180).അബൂഹുറൈറയില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുള്‍ ചെയ്തിരിക്കുന്നു: “നിശ്ചയമായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അതായത് നൂറിന് ഒന്ന് കുറവ്. അവ ഉള്‍ക്കൊണ്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും”.1) അല്ലാഹു:സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ നാമമാണിത്. ദൈവിക ഗുണങ്ങളുടെ സകല മഹത്വങ്ങളും ഉള്‍ക്കൊള്ളുന്ന ഈ നാമം മറ്റാര്‍ക്കും പ്രയോഗിക്കാവതല്ല. ‘അല്ലാഹു’ ഒഴികെ മറ്റെല്ലാ നാമങ്ങളും അവന്റെ വിശിഷ്ടഗുണങ്ങളെയും ‘അല്ലാഹു’ എന്നത് അവന്റെ സത്തയെയും പ്രതിനിധീകരിക്കുന്നു. ഈ നാമം ഖുര്‍ആനില്‍ 2647 സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.
“അല്ലാഹു: അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ വലയം ചെയ്തുനില്‍ക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്” (അല്‍ബഖറഃ: 255)
2) അര്‍റഹ്മാന്‍ (പരമകാരുണികന്‍):
അല്ലാഹുവിന്റെ ഏറ്റവും സുന്ദരമായ നാമങ്ങളിലൊന്നാണിത്. കാരുണ്യം എന്നത് അവന്റെ ഏറ്റവും സുന്ദരമായ ഗുണമാണ്. അവന്റെ ഈശ്വരീയതയുടെ അടയാളമായ ഈ ഗുണം കാരണമാണ് പ്രപഞ്ചം ഇത്രയേറെ സുന്ദരമായി നിലകൊള്ളുന്നത്. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യായങ്ങളുടെയും (ഒന്നൊഴികെ) ആദ്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വാക്യത്തില്‍ അല്ലാഹുവിന്റെ സത്തയെ സൂചിപ്പിക്കുന്ന സംജ്ഞക്കുശേഷം വരുന്ന നാമം ‘അര്‍റഹ്മാന്‍’ എന്നാണ്. ‘റഹ്മത്ത്’ (കാരുണ്യം) എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമാകുന്ന ഈ ഗുണനാമത്തിന് മറ്റെല്ലാ വിശേഷണങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്ന വിധത്തിലുള്ള പ്രാധാന്യവുമുണ്ട്. അഞ്ചക്ഷരമുള്ള ‘റഹ്മാന്‍’ എന്ന പദത്തിന് മനുഷ്യന്റെ ഭൌതികജീവിതത്തിലുപരി പാരത്രിക ജീവിതത്തിലും കൂടി അവന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും എന്ന് സൂചിപ്പിക്കുന്നു. കാരണം, അല്ലാഹുതആലായെ വിശേഷിപ്പിക്കുന്നത് ‘റഹ്മാനുദ്ദുന്‍യാ വല്‍ ആഖിറഃ'(ഇഹലോകത്തും പരലോകത്തും കാരുണ്യം കാണിക്കുന്നവന്‍)എന്നാണ്. എന്നാല്‍ ‘റഹ്മത്ത്’ എന്ന ധാതുവില്‍ നിന്ന് തന്നെ എടുത്ത ‘റഹീം’ എന്ന വിശേഷണത്തെക്കുറിച്ച് പറഞ്ഞത്, ‘റഹീമുല്‍ ആഖിറഃ'(പരലോകത്ത് കരുണചൊരിയുന്നവന്‍)എന്നാണ്. ഈ ലോകത്ത് അവന്റെ കാരുണ്യത്തെ തിരിച്ചറിഞ്ഞു ജീവിച്ചവന് അല്ലാഹു പരലോകത്ത് കാരുണ്യം നല്‍കുന്നു. ‘റഹ്മാന്‍’ എന്ന വിശേഷണത്തിലൂടെ ദൈവഭക്തനും ദൈവനിഷേധിക്കും ഈ ലോകത്ത് അല്ലാഹുവിന്റെ കാരുണ്യം കണ്ടെത്താന്‍ കഴിയും.
“പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. സ്തുതിയൊക്കെയും അല്ലാഹുവിനാണ്. അവന്‍ സര്‍വലോക സംരക്ഷകന്‍” (അല്‍ഫാതിഹഃ 1,2)
3) അര്‍റഹീം (കരുണാനിധി):
‘റഹ്മാന്‍’ എന്ന വിശേഷണം പോലെത്തന്നെയാണ് അല്ലാഹുവിന്റെ ‘റഹീം’ എന്ന വിശേഷണവും. സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അഗാധത മനസ്സിലാക്കാനാണ് ഈ നാമവും ഉപയോഗിക്കുന്നത്. എല്ലാറ്റിലും നിറഞ്ഞുനിന്ന് പ്രാതിഭാസികമായി പ്രപഞ്ചത്തില്‍ പ്രകടമാവുകയും പ്രകാശിതമാവുകയും ചെയ്യുന്നതാണ് അല്ലാഹുവിന്റെ ‘റഹ്മാനിയ്യത്ത്’ എങ്കില്‍, എല്ലാ സൌന്ദര്യത്തിന്റെയും മടക്കവും എത്തിച്ചേരുന്ന ദിവ്യമായ സങ്കേതവും അഭയവുമാണ് അല്ലാഹുവിന്റെ ‘റഹീമിയ്യത്ത്’ എന്നു പറയാം. അല്ലാഹു എന്നാല്‍ അവന്റെ സൃഷ്ടികളെ ശിക്ഷിക്കാന്‍ ഏതുസമയത്തും വാളോങ്ങി നില്‍ക്കുന്ന ഭീകരനായ ഒരു ദൈവമല്ല എന്ന് മനുഷ്യനെ ബോധ്യപ്പെടുത്താനായി ഈ രണ്ട് ഗുണവിശേഷങ്ങള്‍ ഖുര്‍ആനില്‍ ധാരാളമായി പരാമര്‍ശിച്ചത് കാണാം. അല്ലാഹു പറയുന്നു: “ഞാന്‍ വളരെയേറെ പൊറുക്കുന്നവനും പരമകാരുണികനുമാണെന്ന് എന്റെ ദാസന്മാരെ അറിയിക്കുക”. (അല്‍ ഹിജ്ര്‍:49)
“എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല”. (യൂസുഫ്: 87)
“അതല്ല; അല്ലാഹുവെക്കൂടാതെ അവര്‍ ശിപാര്‍ശകരെ ഉണ്ടാക്കിവെച്ചിരിക്കുകയാണോ? ചോദിക്കുക: ഒന്നിന്റെയും ഉടമാവകാശമില്ലാത്തവരും ഒന്നും ആലോചിക്കാത്തവരുമാണെങ്കിലും അവര്‍ ശിപാര്‍ശചെയ്യുമെന്നോ?” (അസ്സുമര്‍: 43)
4) അല്‍ മലിക് (രാജാവ്):
പരിമിതമായ അര്‍ത്ഥത്തില്‍ ഈ ശബ്ദം മനുഷ്യനെ സംബന്ധിച്ചും ഉപയോഗിക്കാറുണ്ടെങ്കിലും അല്ലാഹുവിനെക്കുറിച്ചുപയോഗിക്കുമ്പോള്‍ അതിന്റെ ആത്യന്തികവും പൂര്‍ണവുമായ അര്‍ത്ഥം കൈവരുന്നു. ഉടമസ്ഥത, പരമാധികാരം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘മലിക്’ എന്ന പദം. പ്രപഞ്ചത്തിലെ സകല സൃഷ്ടി ജാലങ്ങളുടെയും രാജാവും രാജാധിരാജനുമാണ് അല്ലാഹു. ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ‘ജനങ്ങളുടെ രാജാവ്’ (മലികിന്നാസ്) എന്നാണ്. അല്ലാഹുവിനെക്കുറിച്ച് മലിക് (രാജാവ്) മാലിക് (ഉടമസ്ഥന്‍) മലീക് (രാജാധിരാജന്‍) മാലികുല്‍ മുല്‍ക് (ആധിപത്യത്തിന്റെ ഉടമ) എന്നീ സംജ്ഞകള്‍ മാറിമാറി ഉപയോഗിച്ചിരിക്കുന്നതായി കാണാം. എല്ലാ രാജാക്കന്‍മാര്‍ക്കും ഉപരി ഒരു രാജാവുണ്ടെന്നും യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ നിയന്ത്രണം അവന്റെ ഹസ്തങ്ങളില്‍ നിക്ഷിപ്തമാണെന്നും മനുഷ്യരെ ബോധവാന്മാരാക്കുകയാണ് ഈ വിശേഷണം ചെയ്യുന്നത്.
‘‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു. ഈ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.’’(ആലുഇംറാന്‍:26).
ദൈവവും അവന്റെ ദാസനും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള ഒരു സൂചനയും ഇതിലടങ്ങിയിരിക്കുന്നു.
5) അല്‍ ഖുദ്ദൂസ് (പരമപരിശുദ്ധന്‍):
അല്ലാഹുവിന്റെ സര്‍വാതിശായിത്വത്തെ കുറിക്കുന്ന ഒരു വിശേഷണമാണിത്. ‘അവര്‍ വിശേഷിപ്പിക്കുന്നതില്‍ നിന്നെല്ലാം പരിശുദ്ധനാകുന്നു അവന്‍’ എന്ന ഖുര്‍ആന്‍ സൂക്തംകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ ഈ പരിശുദ്ധിയാണ്. സൃഷ്ടിയുടെ പരിമിതി ഒരു നിലക്കും ബാധകമാകാത്ത സര്‍വാതിശായിത്വമാണ് ദൈവത്തിന്റേത്. ദൈവം മനുഷ്യന്റെ ബുദ്ധിക്കും ധിഷണക്കും മനീഷിക്കുമെല്ലാം അതീതനായിരിക്കുന്നു. മനുഷ്യന്റെ ലക്ഷ്യങ്ങളിലൊന്നായ പരിശുദ്ധി സ്രഷ്ടാവില്‍ അതിന്റെ പൂര്‍ണതയില്‍ വിളങ്ങുന്നു. അല്ലാഹു പറയുന്നു: ‘‘അവന്‍, അല്ലാഹു. അവനൊഴികെ ആരാധ്യനില്ല. അവന്‍ രാജാവാകുന്നു. പരമപരിശുദ്ധനാകുന്നു.’’(അല്‍ ഹശ്ര്‍:23). സൃഷ്ടികള്‍ സ്രഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തുകവഴി തങ്ങളുടെ ദൌര്‍ബല്യത്തെയും ന്യൂനതയെയും കുറിച്ച് ബോധവാന്‍മാരായിത്തീരുന്നു. സര്‍വ്വതോന്മുഖമായ പരിശുദ്ധിയും പവിത്രതയും അവന്റെ ജീവിത ലക്ഷ്യമായി ഭവിക്കുകയും ചെയ്യുന്നു.
6) അസ്സലാം (സമാധാനം, രക്ഷ):
ന്യൂനതകളില്‍ നിന്ന് സുരക്ഷിതന്‍, സൃഷ്ടികള്‍ക്ക് രക്ഷ നല്‍കുന്നവന്‍, ഭയത്തില്‍ നിന്ന് മോചനവും സമാധാനവും നല്‍കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശേഷണമാണിത്. സലാം എന്നത് ഇസ്ലാമുമായി ആശയതലത്തിലും പ്രയോഗത്തിലും ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിം അവന്റെ പ്രാര്‍ത്ഥനയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും സമാധാനവും ശാന്തിയും നേരുന്നു. തൊട്ടിലില്‍ കിടന്നു കൊണ്ട് ഈസാ നബി പ്രാര്‍ത്ഥിച്ചത് ഖുര്‍ആന്‍ സൂറഃമര്‍യമില്‍ 34-ാം വാക്യത്തില്‍ പറയുന്നുണ്ട്. ഭൂമിയിലെ മനുഷ്യരോട് പറയാന്‍ ‘സമാധാനം, സമാധാനം’ എന്ന അഭിവാദ്യവാക്യമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. സ്വര്‍ഗത്തിന് ഖുര്‍ആന്‍ ഉപയോഗിച്ച ഒരു പേര് ‘ദാറുസ്സലാം’ (ശാന്തി മന്ദിരം) എന്നാണ്. അതുപോലെ ഭൂമിലോകത്ത് മനുഷ്യര്‍ക്ക് സാമാധാനമാണ് ഖുര്‍ആനും അല്ലാഹുവും ആഗ്രഹിക്കുന്നത്. അതിനാല്‍ മനുഷ്യരോട് ശാന്തിക്കായി പ്രാര്‍ത്ഥിക്കാനും അതിനുവേണ്ടി നിലകൊള്ളാനും കല്‍പ്പിച്ചിരിക്കുന്നു.
7) അല്‍ മുഅ്മിന്‍ (വിശ്വാസി, അഭയംനല്‍കുന്നവന്‍):
വിശ്വാസത്തെ കാത്തുരക്ഷിക്കുന്നവന്‍ എന്നാണ് ഒരര്‍ത്ഥം. ‘അംന്’ എന്ന വാക്കിനര്‍ത്ഥം സുരക്ഷിതത്വത്തിന്റെ പേരിലുള്ള നിര്‍ഭയത്വം എന്നാണ്. പരമസത്യമായ അല്ലാഹുവിലുള്ള വിശ്വാസം മാത്രമാണ് ഒരു മനുഷ്യനെ എല്ലാ ഭയാശങ്കകളില്‍നിന്നും മുക്തനാക്കുന്നത്. അല്ലാഹു പറയുന്നു: ‘‘വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ അക്രമവുമായി കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാകുന്നു നിര്‍ഭയത്വത്തിന്റെ സുരക്ഷിതത്വം(അംന്). നേര്‍വഴികളിലേക്ക് നയിക്കപ്പെടുന്നതും അവര്‍ത്തന്നെ’’ (അല്‍ അന്‍ആം:82). അല്ലാഹുവിന്റെ സംരക്ഷണം, ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ പരുന്ത് റാഞ്ചാന്‍ വരുമ്പോള്‍ ചിറകുവിരിച്ച് അതിനടിയില്‍ സംരക്ഷിക്കുന്നതുപോലെയും ആരോരും സഹായിക്കാനില്ലാതെ നിരായുധനായി ശത്രുവിന്റെ മുമ്പില്‍ പെട്ടുപോകുന്നവനെ രക്ഷപ്പെടുത്തുന്ന സഹായിയെപ്പോലെയുമായിരിക്കും. അതുപോലെ ഏകനായ അല്ലാഹുവിനെ വിശ്വസിക്കുന്നതിനുപകരം അവനോടൊപ്പം മറ്റു ആരാധ്യരെ പങ്കാളിയാക്കുന്ന അധര്‍മത്തില്‍ പെട്ടുപോകുന്നവര്‍ക്ക് ദൈവത്തില്‍ നിന്ന് കിട്ടുന്ന സംരക്ഷണവും ഇതില്‍പ്പെടുന്നു.
8) അല്‍ മുഹൈമിന്‍ (സര്‍വ്വരക്ഷകന്‍, സംരക്ഷകന്‍):
അല്ലാഹു തന്റെ അറിവ്, അധികാരം, സംരക്ഷണം എന്നിവയിലൂടെ അവന്റെ സൃഷ്ടിജാലങ്ങളുടെ കാര്യങ്ങളുടെ യാഥാര്‍ഥ്യമറിയുകയും അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അവന്റെ ഈ ഗുണമാണ് അവന്‍ മുഹൈമിനാണ് എന്ന് പറയാന്‍ കാരണം. അതിന് ഉത്തമ ഉദാഹരണമാണ് മരുഭൂമിയിലെ സൌര്‍ഗുഹയില്‍ പ്രവാചകന്‍(സ)യും അബൂബക്കര്‍(റ)വും ഒളിച്ചിരിക്കുന്ന വേളയില്‍ ഭയന്നുവിറച്ച അബൂബക്കറിനോട് നബി(സ) പറഞ്ഞത്: ‘‘അബൂബക്കറേ, ദുഃഖിക്കാതിരിക്കൂ! അല്ലാഹു നമ്മോടൊപ്പമുണ്ട്”. അതുപോലെ ‘വചന’ത്തിന്റെ അവതരണമായ ഖുര്‍ആനെകുറിച്ചും ‘മുഹൈമിന്‍’ എന്ന വിശേഷണം ഉപയോഗിച്ചതായി കാണാം.
9) അല്‍ അസീസ് (പ്രതാപവാന്‍, അജയ്യന്‍):
വളരെ ഗൌരവമുള്ളതും വളരെ ദുര്‍ലഭമായി മാത്രം കാണുന്നതും എന്നാല്‍ ഏവര്‍ക്കും പ്രാപിക്കാന്‍ കഴിയുന്നതുമായ വസ്തുവിനെ മാത്രമേ അസീസ് (അജയ്യന്‍) എന്നതുകൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയൂ. അല്ലാഹു പറയുന്നു: ‘‘വല്ലവനും പ്രതാപം ഉദ്ദേശിക്കുന്ന പക്ഷം അറിയുക: പ്രതാപമത്രയും അല്ലാഹുവിനാകുന്നു.” (അല്‍ ഫാത്വിര്‍:10) അന്തസ്സിന്റേയും പ്രതാപത്തിന്റെയും ഉടമയാണ് അല്ലാഹു. അവനെ അതിജയിക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ല. സര്‍വ്വ പ്രതാപിയായ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന് കീഴ്വണങ്ങുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്കും ആ പ്രതാപത്തിന്റെ പ്രതിഛായ കൈവരുന്നു.‘‘അവര്‍ പറയുന്നു: ‘‘ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുകതന്നെ ചെയ്യും.” എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.” ഇത്തരം ഒരു പ്രതാപം ദൈവത്തിന്റെ പ്രതാപത്തില്‍ നിന്നും മനുഷ്യന് കിട്ടിയതിന്റെ തെളിവാണ് സ്വന്തം പിതാവിനെയും കാത്ത് മദീനയുടെ കവാടത്തില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കാന്‍ അബ്ദുല്ലയെ പ്രേരിപ്പിച്ചത്.
‘‘അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.” (അല്‍ ഹശ്ര്‍: 23)
10) അല്‍ ജബ്ബാര്‍ (സര്‍വ്വാധിപതി, അടക്കിഭരിക്കുന്നവന്‍):
അല്ലാഹുവിന്റെ മുഴുവന്‍ സൃഷ്ടികളെയും അടക്കിഭരിക്കാനുള്ള അവന്റെ അധികാരത്തില്‍ ഒരാള്‍ക്കും പങ്കില്ല. അതുപോലെ അവനെ ഭരിക്കാനോ അവനുതുല്ല്യനാവാനോ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഈ ആശയത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില ആംഗലേയ പരിഭാഷകളില്‍ കാണുന്നത് തികച്ചും അസംബന്ധമാണ്. നിഷ്ഠൂരമായി അടക്കിഭരിക്കുന്നവന്‍ എന്നെല്ലാം ചിലര്‍ അര്‍ത്ഥം പറഞ്ഞതായി കാണാം. അല്ലാഹു അവന്റെ കഴിവും അധികാരവും വച്ച് അവന്റെ സൃഷ്ടികളെ ഭരിക്കുന്നു. അതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന് ഒരു സൃഷ്ടിജാലത്തെയും ആശ്രയിക്കേണ്ടതില്ല. എന്നാല്‍ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും അവന്റെ ആശ്രയം ആവശ്യമാണ്. അത് അവന്റെ പൂര്‍ണതയുടെയും അധികാരമഹത്വത്തിന്റെയും ഭാഗമാണ്.
‘‘അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.” (അല്‍ ഹശ്ര്‍: 23)
11) അല്‍ മുതകബ്ബിര്‍ (ഗംഭീരമഹിമയുടയവന്‍):
അല്ലാഹു എല്ലാ മഹത്വവും വലിപ്പവും ഉടയവനത്രെ. എന്നാല്‍ ഇതൊന്നും അല്ലാഹു പുറമേനിന്ന് ആര്‍ജിക്കുന്നതല്ല. അവനില്‍ മാത്രമാണതുള്ളത്. അതുപയോഗിച്ചുകൊണ്ട് അവനു മുന്നില്‍ തലകുനിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അങ്ങനെ ചെയ്യാന്‍ മടിക്കുന്നവനാണ് മനുഷ്യനിലെ ‘മുതകബ്ബിര്‍’. മുന്‍പ് പറഞ്ഞ ജബ്ബാറെന്ന ഗുണവും അതുപോലെ മുതകബ്ബിറെന്ന ഗുണവും മനുഷ്യന് ചേര്‍ന്നതല്ല. അല്ലാഹു പറയുന്നു: ‘‘ആകാശ ഭൂമികളില്‍ അവനത്രെ ഗാഭീര്യം, അവന്‍ പ്രതാപവാനും തന്ത്രജ്ഞനുമാകുന്നു”. (അല്‍ ജാസിയഃ:37) അല്ലാഹുവിന്റെ ഈ പ്രതാപത്തിനും ഗാംഭീര്യത്തിനും മുന്നില്‍ മറ്റൊരു ശക്തിക്കും സ്ഥാനമില്ല. അതിനാലാണ് നംറൂദിനെയും ഫിര്‍ഔനെയും കിസ്റയെയും കൈസറിനെയും തകര്‍ക്കാന്‍ അല്ലാഹുവിന്റെ പ്രതാപത്തില്‍ വിശ്വസിച്ചവര്‍ക്ക് സാധിച്ചത്.
12) അല്‍ ഖാലിഖ് (സ്രഷ്ടാവ്, സൃഷ്ടി പദ്ധതി ആവിഷ്കരിക്കുന്നവന്‍):
അല്ലാഹു പറയുന്നു: ‘‘നബിയേ, താങ്കള്‍ പറയുക, അല്ലാഹുവാണ് സമസ്ത വസ്തുക്കളുടെയും സ്രഷ്ടാവ്” (അര്‍റഅ്ദ്:16). ഇല്ലായ്മയില്‍നിന്ന് സൃഷ്ടികള്‍ക്ക് രൂപം നല്‍കിയത് അവനാണ്. രൂപകല്‍പ്പന നടത്തിയവനെന്നും സംവിധാനിച്ചവന്‍ എന്നും അര്‍ത്ഥമുണ്ട്. സൃഷ്ടിപ്പിനെ ഒരു കെട്ടിടനിര്‍മാണത്തോട് ഉപമിച്ചാല്‍ ‘ഖാലിഖ്’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു എന്‍ജിനീയറുടെ പണിചെയ്യുന്നു എന്നാണ്. എന്നാല്‍ ഇതുമാത്രമല്ല നിര്‍മാണവും രൂപീകരണവും അല്ലാഹു തന്നെ. അടുത്ത രണ്ട് വിശേഷണങ്ങളില്‍നിന്ന് അത് മനസ്സിലാക്കാം. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് അറിയുന്നതോടെ സ്രഷ്ടാവില്‍ ജീവിതം അര്‍പ്പിക്കാനും അവനെ ആശ്രയിക്കാനും മനുഷ്യന്‍ ബാധ്യസ്ഥനാകുന്നു. ‘ഖലഖ’ എന്ന പദത്തിന്റെ സൂക്ഷ്മാര്‍ത്ഥം പരിശോധിച്ചാല്‍ മനസ്സിലാവും, അത് ഇല്ലായ്മയില്‍ നിന്ന് ഒരു പുതിയ രൂപത്തെ സൃഷ്ടിച്ചെടുക്കുന്നതിനാണ് പറയുക.
‘‘അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവനുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും”
13) അല്‍ ബാരിഅ് (നിര്‍മാതാവ്, സൃഷ്ടിപദ്ധതി നടപ്പിലാക്കിയവന്‍):
അന്യൂനമായി സൃഷ്ടിക്കുന്നവന്‍ യുക്തിപൂര്‍വം സംവിധാനം ചെയ്യുന്നവന്‍ തുടങ്ങിയ അര്‍ത്ഥങ്ങള്‍ ദ്യോതിപ്പിക്കുന്നു. അതുപോലെ സൃഷ്ടി പദ്ധതി നടപ്പാക്കുന്നവനുമാണ് അല്ലാഹു. അതായത്, കെട്ടിടനിര്‍മാണത്തോട് ഉപമിച്ചാല്‍ കെട്ടിടനിര്‍മാണ ജോലിക്കാരനും അല്ലാഹു തന്നെയാണ്. സൃഷ്ടിയെ വിരിയിച്ച് വികസിപ്പിച്ചെടുക്കുന്നതിനെയാണ് ‘ബറഅ’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ വാക്ക് പടിപടിയായുള്ള പരിണാമത്തെയും സൂചിപ്പിക്കുന്നു. കളിമണ്ണിന്റെയും ജലത്തിന്റെയും കൃത്യമായ അനുപാതത്തോടുകൂടി പൂര്‍ണനായ മനുഷ്യനെ സൃഷ്ടിച്ചെടുത്തവനാണ് അല്ലാഹു. അതിനാലാണ് അല്ലാഹുവിന് ഈ വിശേഷണവും കിട്ടിയത്.
“ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: “എന്റെ ജനമേ, പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള്‍ നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനോട് പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം.” പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.” (അല്‍ ബഖറഃ54)
14) അല്‍ മുസ്വവ്വിര്‍ (രൂപം നല്‍കുന്നവന്‍, അനുയോജ്യമായ ആകാരം നല്‍കുന്നവന്‍):
ശില്‍പി, രൂപദായകന്‍, ചിത്രണം ചെയ്യുന്നവന്‍ എന്നെല്ലാമാണ് ഈ നാമത്തിനര്‍ത്ഥം. പരകോടി സൃഷ്ടിജാലങ്ങളെ വൈവിധ്യപൂര്‍ണവും മനോഹരവുമാക്കി സൃഷ്ടിച്ചത് അല്ലാഹുവത്രെ. അത് അവന് മാത്രം സാധ്യമായ ഒരു കഴിവാണ്.
“അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.” (അല്‍ഹശ്ര്‍:24)
“അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാകുന്നില്ല.” (അത്തഗാബുന്‍: 3)
‘സ്വവ്വറ’ എന്ന ക്രിയാധാതുവിനര്‍ത്ഥം നിര്‍ണിതമായ രൂപവും വര്‍ണവുമൊക്കെ നല്‍കുക എന്നാണ്. കെട്ടിടനിര്‍മാണത്തോടുപമിച്ചാല്‍ കെട്ടിടത്തിന് മോടിപിടിപ്പിക്കുകയും ബാഹ്യമായി അലങ്കരിക്കുകയും ചെയ്യുന്ന ആളെപ്പോലെ. തന്റെയും താനുള്‍ക്കൊള്ളുന്ന മഹാപ്രപഞ്ചത്തിന്റെയും രൂപഭംഗിയും മനോഹാരിതയും സത്യവിശ്വാസിയായ മനുഷ്യനെ വിനയാന്വിതനും കൃതജ്ഞതാ നിര്‍ഭരനുമാക്കിത്തീര്‍ക്കുന്നു.
15) അല്‍ ഗഫ്ഫാര്‍ (അങ്ങേയറ്റം മാപ്പരുളുന്നവന്‍):
ഭൂമിയില്‍ സൃഷ്ടികളുടെ പാപങ്ങള്‍ക്ക് മാപ്പരുളുകയും മരണാനന്തര ജീവിതത്തില്‍ അവരെ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നര്‍ഥം. ‘ഗഫറ’ എന്ന പദത്തിന്റെ അര്‍ഥം ‘മറച്ചുവെച്ചു’ എന്നാണ്. വിട്ടുവീഴ്ച്ച, മാപ്പ് എന്നീ ആശയങ്ങളെ സൂചിപ്പിക്കുന്നു. അല്‍ ഗാഫിര്‍, അല്‍ ഗഫൂര്‍ എന്നും അവന് പേരുകളുണ്ട്. അല്‍ ഗഫ്ഫാര്‍ ആണ് ഏറ്റവും അര്‍ഥവ്യാപ്തിയുള്ള നാമം. തെറ്റുചെയ്യുക എന്നുള്ളത് മനുഷ്യന്റെ സ്വഭാവവും മാപ്പ്നല്‍കുക എന്നത് അല്ലാഹുവിന്റെ ഗുണവുമാണ്. മനുഷ്യര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ ഒരു പക്ഷേ ഒരാള്‍ക്കും സഹിക്കാന്‍ പറ്റാത്തതായിരിക്കാം. എങ്കിലും അല്ലാഹു അത് മറച്ചുവെക്കുകയും അവന്റെ പശ്ചാത്താപത്താല്‍ അത് പെറുത്തുകൊടുക്കുകയും ചെയ്യുന്നു. അതുപോലെ ചീത്ത വശത്തെ അവഗണിക്കുകയും നല്ലവശത്തെ പുകഴ്ത്തുകയും ചെയ്യുന്നവര്‍ ‘ഗഫ്ഫാറി’ന്റെ ഗുണമുള്ളവരാണ്.
“നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.” (അന്നൂര്‍:22)
“ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്” (നൂഹ്: 10)
“പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കു നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊറുത്തുകൊടുക്കും” (ത്വാഹ:82)
16) അല്‍ ഖഹ്ഹാര്‍ (സര്‍വരെയും കീഴടക്കുന്നവന്‍):
‘ഖഹറ’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കീഴടക്കി, എല്ലാറ്റിന്റേയും മേല്‍ സ്വാധീനമുള്ളവനായി എന്നെല്ലാമാണ്. ഒരു വസ്തുവിന്റെ പ്രകൃതിയെ ബലാല്‍ക്കാരം മാറ്റിമറിച്ചു എന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. “ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായിമാറും. ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നില്‍ അവയെല്ലാം മറയില്ലാതെ പ്രത്യക്ഷപ്പെടും” (ഇബ്റാഹീം:48)
ഈ ലോകത്തിലുള്ള സകല വസ്തുക്കള്‍ക്കും ഏതെങ്കിലും തരത്തിലുള്ള കഴിവുകളുണ്ടെങ്കില്‍ അതൊന്നും അവയുടെ സ്വന്തമായ കഴിവുകളല്ല, മറിച്ച് അധീശാധികാരിയായ അല്ലാഹുവിന്റെ കഴിവില്‍ നിന്നുള്ളതാണതെല്ലാം. അല്ലാഹു പറയുന്നു: “ചോദിക്കുക: ആരാണ് ആകാശ ഭൂമികളുടെ നാഥന്‍?. അല്ലാഹുവാണെന്ന് നീ അവരോട്പറയുക. ശേഷം അവരോട് ചോദിക്കുക: ‘എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കല്‍പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നപോലെതന്നെ സൃഷ്ടിനടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്” (അര്‍റഅ്ദ്:16) സൃഷ്ടികളെല്ലാം ആ അല്ലാഹുവിന്റെ അധീശാധികാരത്തിന്‍ കീഴിലാണുള്ളത്. അവനെ വെല്ലുന്ന ഒരാളും ലോകത്തില്ല.
“എന്റെ ജയില്‍ കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ?” (യൂസൂഫ്:39)
17) അല്‍ വഹ്ഹാബ് (ഉദാരമായി നല്‍കുന്നവന്‍):
അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് തന്റെ ഔദാര്യത്തില്‍ നിന്ന് അതിരും പരിധിയുമില്ലാതെ നല്‍കുന്നവനാണ്. ഇത് സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ ഗുണങ്ങളിലൊന്നാണ്. അല്ലാഹു തന്റെ ഔദാര്യത്തിന്റെ വലുപ്പത്തെക്കുറിച്ച് സൃഷ്ടികളോട് ചോദിക്കുന്നുണ്ട്. “അതല്ല; പ്രതാപിയും അത്യുദാരനുമായ നിന്റെ നാഥന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ?” (സ്വാദ്:9) അല്ലാഹുവിന്റെ ഔദാര്യത്തില്‍ വിവേചനമോ പരിധിയോ ഇല്ല. ദൈവിക മഹത്വത്തിന്റെയും പൂര്‍ണതയുടെയും പ്രകടസ്വഭാവമാണ് ഈ ഗുണം. സൃഷ്ടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ഈ ഗുണത്തില്‍ ആരും നിരാശരാവാന്‍ പാടില്ല.
“അവര്‍ പ്രാര്‍ഥിക്കുന്നു: ” ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചു കളയരുതേ! നിന്റെ പക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, നീ തന്നെയാണ് അത്യുന്നതന്‍” (ആലുഇംറാന്‍:8)
18) അര്‍റസ്സാഖ് (അന്നദാതാവ്, വിഭവം നല്‍കുന്നവന്‍):
പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങള്‍ക്ക് മുഴുവനും ആഹാരം നല്‍കുക എന്നത് അവന്റെ ചുമതലയായി അവന്‍ ഏറ്റെടുത്തിരിക്കുന്നു. അവനല്ലാതെ മറ്റൊരാള്‍ക്കും സൃഷ്ടിജാലങ്ങള്‍ക്ക് ആഹാരം നല്‍കാനുള്ള കഴിവില്ല. അല്ലാഹു പറയുന്നു. “അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ” (അദ്ദാരിയാത്:58) ആഹാരം നല്‍കുക എന്നു പറഞ്ഞത് രണ്ട് തരത്തിലാണ്. ഒന്ന് മനുഷ്യന്റെ വളര്‍ച്ചക്കും പോഷണത്തിനും ആവശ്യമായ ആഹാരം. മറ്റൊന്ന് മനുഷ്യന് ആത്മീയവും ഭൌതികവുമായ അറിവുകള്‍ നല്‍കിക്കൊണ്ട് ഇഹപരലോകം പ്രദാനം ചെയ്യുക. സൃഷ്ടികളുടെ അപൂര്‍ണതയും ദൈവത്തിന്റെ പൂര്‍ണതയുമാണിവിടെ പ്രകടമാവുന്നത്. അല്ലാഹുവിന്റെ ഈ ഗുണത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവന്‍ തന്റെ ജീവിതത്തില്‍ വിഭവദൌര്‍ലഭ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടിവരികയില്ല.
“അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും.” (അശ്ശൂറാ:19)
18) അല്‍ ഫത്താഹ് (വിധിക്കുന്നവന്‍, തുറക്കുന്നവന്‍):
സൃഷ്ടികള്‍ക്കിടയില്‍ വിധികല്‍പ്പിക്കുന്നവന്‍, സത്യാസത്യങ്ങളെ സംബന്ധിച്ച അന്തിമ വിധി നല്‍കുന്നവന്‍ എന്നെല്ലാം അര്‍ഥം. ഖുര്‍ആന്‍ പറഞ്ഞു: “അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് രക്ഷപ്പെടുത്തി. അതിലേക്കു തന്നെ തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന്‍ നീയാണല്ലോ” (അല്‍ അഅ്റാഫ്:89). ‘ഫതഹ’ എന്ന വാക്കിന് ‘തുറന്നു’ എന്നാണ് അര്‍ഥം. സത്യം തുറക്കപ്പെടുമ്പോഴാണല്ലോ വിജയമുണ്ടാവുക. അന്ത്യനാളില്‍ സത്യത്തിന് വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ വിജയിക്കും. അല്ലാത്തവന്‍ പരാജയപ്പെടും. സത്യത്തിനായിരിക്കും അന്തിമവിജയം. അത് തീരുമാനിക്കുന്നത് അല്ലാഹുവായിരിക്കും. അതില്‍ സൃഷ്ടികള്‍ക്കാര്‍ക്കും പങ്കുണ്ടാവില്ല. ഭൌതികമായ ഉപാധികള്‍ക്കൊണ്ട് അത് അടയുകയോ തുറക്കുകയോ ഇല്ല. സത്യം മുറുകെപ്പിടിക്കുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ലെന്നും സത്യത്തിന്റെ വിജയത്തെക്കുറിച്ചോ ദൈവികസഹായത്തെക്കുറിച്ചോ നിരാശവേണ്ടെന്നും ഇത് സൂചന നല്‍കുന്നു.
“അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞു വെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.” (ഫാത്വിര്‍: 2)
20) അല്‍ അലീം (സര്‍വ്വജ്ഞന്‍):
അല്ലാഹുവിന്റെ അറിവ് സൂക്ഷ്മവും അതിവിശാലവുമാണ്. അത് സകലതിനെയും ചൂഴ്ന്നു നില്‍ക്കുന്നതാണ്. അതില്‍നിന്ന് രഹസ്യമോ പരസ്യമോ ചെറുതോ വലുതോ ആയ ഒന്നും ഒഴിവാകുന്നില്ല. അവന്‍ സൃഷ്ടികളുടെ ഹൃദയങ്ങളിലുള്ളതുപോലും അറിയുന്നു. അല്ലാഹുവിന്റെ അറിവില്‍നിന്ന് ആവിര്‍ഭവിക്കുന്നതാണ് സകലവസ്തുക്കളും. അതുപോലെ ഭാവിയും ഭൂതവും ഉള്‍ക്കൊള്ളുന്നതാണ് അവന്റെ അറിവ്. അല്ലാഹു ഇങ്ങനെ എല്ലാം അറിയുന്നവനാണ് എന്ന് ദാസന്‍ തിരിച്ചറിയുമ്പോഴാണ് താന്‍ അവനിലേക്ക് മടങ്ങിയെത്തേണ്ടവനാണ് എന്ന ബോധവും ദാസനിലുണ്ടാകുന്നത്. അല്ലാഹുവിന്റെ അറിവിന്റെ ഒരംശം ദാസനിലുമുണ്ട്. എന്നാല്‍ അത് ചതുരംഗക്കളി കണ്ടുപിടിച്ചവന്റെയും ശേഷം അതുകണ്ട് പഠിച്ചവന്റെയും അറിവുപോലെയാണ്. അതുകൊണ്ട് അറിവിന്റെ അടിസ്ഥാനമായ അല്ലാഹുവില്‍ നിന്ന് അറിവുനേടാന്‍ ശ്രമിക്കല്‍ ദാസന്റെ ബാധ്യതയാണ്. അറിവുനേടുകയെന്നത് ഏറ്റവും ശ്രേഷ്ഠമായ കര്‍മവും കൂടിയാണ്.
“ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം അവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു”. (ലുഖ്മാന്‍:23)
“പറയുക: നമ്മുടെ നാഥന്‍ നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. പിന്നീട് അവന്‍ നമുക്കിടയില്‍ ന്യായമായ തീരുമാനമെടുക്കും. അവന്‍ എല്ലാം അറിയുന്ന വിധികര്‍ത്താവാണ്”. (സബഅ്:26)
“കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്; എല്ലാം അറിയുന്നവനും.” (ബഖറഃ115).
21) അല്‍ ഖാബിള് (പിടിച്ചുവെക്കുന്നവന്‍, ചുരുട്ടുന്നവന്‍):
അല്ലാഹു തന്റെ ദാസനുനല്‍കിയ ഏതനുഗ്രഹവും അവന്‍ ഇച്ഛിക്കുന്ന വേളയില്‍ പിടിച്ചെടുക്കുവാന്‍ കഴിവുള്ളവനാണ്. അല്ലാഹു നല്‍കിയ ജീവനും സമ്പത്തും ആഹാരവുമെല്ലാം അവന്‍ ഉദ്ദേശിക്കുമ്പോള്‍ സൃഷ്ടികളില്‍ നിന്ന് പിടിച്ചെടുക്കുന്നു.
“അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. വെറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്.”(അര്‍റഅ്ദ്:26)
“അല്ലാഹു തന്റെ ദാസന്മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്; സ്പഷ്ടമായി കാണുന്നവനും”. (അശ്ശൂറ:27)
“അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവരായി ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് അനേകമിരട്ടിയായി തിരിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം”. (അല്‍ ബഖറഃ245)
22) അല്‍ ബാസ്വിത്ത് (വിശാലമാക്കുന്നവന്‍, നിവര്‍ത്തിക്കുന്നവന്‍):
അല്‍ ഖാബിള് എന്ന ഗുണത്തിന്റെ വിപരീതാര്‍ഥത്തിലുള്ള വിശേഷണമാണിത്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിശാലമായി നല്‍കുന്നവനാണ്. അത് മേല്‍പ്പറഞ്ഞ രൂപത്തിലുള്ള ഏത് അനുഗ്രഹങ്ങളിലുമാവാം. ആയുസ്സുദീര്‍ഘിപ്പിച്ചുകൊണ്ടും സമ്പത്ത് വര്‍ദ്ധിപ്പിച്ചുകൊണ്ടും മറ്റുമെല്ലാം. അല്ലാഹു അവന്റെ ദാസനെ പരീക്ഷിക്കുന്നതിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളിലെല്ലാം ഈ രണ്ട് വിശേഷണങ്ങളും ഒരുമിച്ചാണ് പറഞ്ഞിട്ടുള്ളത്.
23) അല്‍ ഖാഫിള് (താഴ്ത്തുന്നവന്‍):
അല്ലാഹു സത്യനിഷേധികളെ സമൂഹത്തില്‍ ഇകഴ്ത്താന്‍ കഴിവുള്ളവനാണ്. അവര്‍ക്ക് ദൌര്‍ഭാഗ്യം നല്‍കുന്നു. അവരെ തന്നില്‍ നിന്നകറ്റുന്നു. അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ച് ജീവിതം നയിക്കാത്തവന് ഇരുലോകത്തും അല്ലാഹു പരാജയവും നിന്ദ്യതയും നല്‍കുന്നതാണ്. അത് അവന്റെ മാത്രം കഴിവില്‍ പെട്ടതാണ്. അല്ലാഹു ഇകഴ്ത്തിയവനെ ഉയര്‍ത്താനോ അവന്‍ ഉയര്‍ത്തിയവനെ ഇകഴ്ത്താനോ ആര്‍ക്കും കഴിയില്ല.
24) അര്‍റാഫിഅ് (ഉയര്‍ത്തുന്നവന്‍):
മേല്‍പ്പറഞ്ഞതിന്റെ വിപരീതമാണ് ഈ ഗുണം. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ കല്‍പ്പനകള്‍ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഉയര്‍ത്തുന്നു. അതുപോലെ അവരുടെ പദവികള്‍ ഉയര്‍ത്തുകയും അവര്‍ക്ക് നേര്‍വഴികാണിച്ചുകൊടുക്കുകയും ചെയ്യുന്നു. “ആ ദൈവദൂതന്മാരില്‍ ചിലരെ നാം മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റു ചിലരെ അവന്‍ വിശിഷ്ടമായ ചില പദവിയിലേക്കുയര്‍ത്തിയിരിക്കുന്നു. മര്‍യമിന്റെ മകന്‍ യേശുവിന് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ പരസ്പരം ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ തമ്മിലടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.”(അല്‍ ബഖറഃ 253) ഇത് അല്ലാഹുവിന്റെ കഴിവും സ്വാതന്ത്യ്രവുമാണ്. അത് സൃഷ്ടികള്‍ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും സത്യവാനെ ഉയര്‍ത്തുകയും അസത്യവാനെ താഴ്ത്തുകയും വേണം.
“സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൌകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യമൊരുക്കിത്തരും. ‘പിരിഞ്ഞുപോവുക’ എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു” (അല്‍ മുജാദ: 11)
25) അല്‍ മുഇസ്സ് (പ്രതാപം നല്‍കുന്നവന്‍):
അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ലോകത്ത് അവന്‍ പ്രതാപം നല്‍കുന്നു.
26) അല്‍ മുദില്ല് (നിന്ദ്യത നല്‍കുന്നവന്‍):
മുകളില്‍ പറഞ്ഞതിന്റെ വിപരീതാശയം. തന്റെ ഇച്ഛകളെ അല്ലാഹുവിന്റെ ഇച്ഛയോടു യോജിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് അല്ലാഹു ആധിപത്യം നല്‍കുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവന് ഈ ലോകത്തും പരലോകത്തും നിന്ദ്യത നല്‍കുകയും ചെയ്യുന്നു. തന്റെ ഇച്ഛകളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ ഇച്ഛകള്‍ക്ക് ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുമ്പോഴാണ് അല്ലാഹു അവനെ പ്രതാപവനാക്കുക. എന്നാല്‍ തന്റെ ഇച്ഛയെപിന്‍പറ്റിക്കൊണ്ട് അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഈ ലോകത്തും പരലോകത്തും നിന്ദ്യനാക്കിത്തീര്‍ക്കുന്നതാണ്. ഒരു മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് സൃഷ്ടികളില്‍ ചിലരാണെന്ന് വിചാരിക്കുകയും അതുപോലെ അത്യാഗ്രഹം വച്ചുപുലര്‍ത്തുകയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതിരിക്കുകയും വ്യാമോഹത്തിലും അജ്ഞതയിലും കഴിഞ്ഞുകൂടുകയും ചെയ്താല്‍ അതവന് നിന്ദ്യതയാണ് സമ്മാനിക്കുക.
“പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ” (ആലുഇംറാന്‍: 26)
27) അസ്സമീഅ് (സര്‍വ്വ ശ്രോതാവ്):
എത്ര ചെറുതായാലും എത്ര വലുതായാലും എത്ര അവ്യക്തമായാലും അല്ലാഹു കേള്‍ക്കാത്ത ഒരു ശബ്ദവുമില്ല. അല്ലാഹു മാത്രമാണ് ഈ കഴിവുള്ളവന്‍. കൂരിരുട്ടുള്ള രാത്രിയില്‍, ഉറച്ചപാറയില്‍ കറുത്ത ഉറുമ്പിഴയുന്ന ശബ്ദം പോലും അവന്‍ കേള്‍ക്കുന്നു. എന്നാല്‍ അവന്‍ കേള്‍ക്കുന്നത് ചെവികൊണ്ടോ ശ്രവണേന്ദ്രിയം കൊണ്ടോ അല്ല. അതുപോലെ അവന്റെ കേള്‍വിശക്തിക്ക് ഒരിക്കലും യാതൊരു തകരാറും സംഭവിക്കുകയില്ല. അല്ലാഹു ദാസന്റെ വിളികേള്‍ക്കുന്നവനും പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്നവനുമാണ്. എന്നാല്‍ അവന്റെ കേള്‍വിശക്തിക്ക് മനുഷ്യന്റെ കേള്‍വിശക്തിയുമായി സാമ്യമില്ല. കാരണം, മനുഷ്യന്റെ കേള്‍വിശക്തിക്ക് ഒരുപാട് പരിമിതികളുണ്ട്. അത് നശിക്കാന്‍ ഇടയുണ്ട്. അല്ലാഹുവിന്റെ ഈ കഴിവിനെ തിരിച്ചറിഞ്ഞ വ്യക്തി നാവിനെ സൂക്ഷിക്കുകയും അവന്റെ വചനങ്ങള്‍ കേള്‍ക്കാന്‍ ചെവിയെ കൂടുതല്‍ ഉപയോഗപ്പെടുത്തുകയും അതുമുഖേന ദൈവമാര്‍ഗം കണ്ടെത്തുകയും ചെയ്യുന്നു.
“നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യുംപോലെത്തന്നെയാണ്. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്” (ലുഖ്മാന്‍: 28)
28) അല്‍ ബസീര്‍ (സര്‍വ്വദൃഷ്ടാവ്, എല്ലാം കാണുന്നവന്‍):
ഭൂമിയിലെയും ഭൂമിക്കടിയിലെയും ആകാശങ്ങളിലെയും എന്നുവേണ്ട പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളെയും കാണാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. മനുഷ്യന്‍ കാണുന്നത് അവന്റെ കണ്ണില്‍ ഏതെങ്കിലും ഒരു വസ്തുവോ വര്‍ണമോ വന്നു പതിയുമ്പോഴാണ്. എന്നാല്‍ ഇത്തരം യാതൊരു ഉപാധിയും ആവശ്യമില്ലാതെ കാണുന്ന സംഗതിയെക്കുറിച്ച് പൂര്‍ണവിവരം നല്‍കാന്‍ ശേഷിയുള്ളതാണ് അല്ലാഹുവിന്റെ കാഴ്ച. മനുഷ്യന്‍ തന്റെ കണ്ണുകള്‍ ക്കൊണ്ട് കാണേണ്ടത് അല്ലാഹുവിന്റെ ദീനിന് നിരക്കുന്ന സംഗതിമാത്രമായിരിക്കണം. അതുപോലെ മനുഷ്യന്‍ ദൈവിക ദൃഷ്ടാന്തത്തെക്കുറിച്ച് ചിന്തിക്കുകയും പാഠമുള്‍ക്കൊള്ളുകയും വേണം. അല്ലാഹു തന്നെ കാണുന്നുണ്ടെന്ന തിരിച്ചറിവോടെയായിരിക്കണം മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത്. അല്ലാഹു കാണുന്നില്ലെന്ന് വിശ്വസിക്കുന്നവന്‍ കൊടും ധിക്കാരിയാണ്.
29) അല്‍ ഹകം (ന്യായാധിപന്‍):
ന്യായവിധി നടത്തുന്നവന്‍, എല്ലാ വസ്തുക്കളുടെയും അന്തിമവും ആത്യന്തികവുമായ വിധികല്‍പ്പിക്കുന്നവന്‍ എന്നെല്ലാമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു ആണ് യഥാര്‍ത്ഥവിധികര്‍ത്താവ്. അവനാണ് ലോകത്തിലെ ഓരോ വസ്തുവും എങ്ങനെ ചലിക്കണമെന്നും എങ്ങനെ ചലിക്കരുതെന്നും നിര്‍ണയിക്കുന്നത്. അതില്‍ യാതൊരു മാറ്റവുമുണ്ടാവുകയില്ല. ഓരോ വസ്തുവിനും അവന്‍ ഒരു നിശ്ചിത അളവ് (ഖദ്ര്‍) നിശ്ചയിച്ചിട്ടുണ്ടാകും. അതില്‍ അണുഅളവ് കുറയുകയോ കൂടുകയോഇല്ല. മനുഷ്യന്‍ ഇക്കാര്യങ്ങളെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് അവന് കര്‍മ്മമണ്ഡലത്തില്‍ കൂടുതല്‍ സ്ഥിരചിത്തനായി നിലകൊള്ളാന്‍ കഴിയുക. അല്ലാഹുവിന്റെ ഖദ്റിനെയും വിധിയെയും മാറ്റിമറിക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.
“അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവങ്കലേക്കുതിരിച്ചു ചെല്ലുന്നവരാണ്”. (അല്‍ ഖസ്വസ്: 88)
“നിനക്ക് ബോധനമായി ലഭിച്ച ദിവ്യസന്ദേശം പിന്‍പറ്റുക. അല്ലാഹു തീര്‍പ്പുകല്‍പിക്കും വരെ ക്ഷമ പാലിക്കുക. തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍ അത്യുത്തമന്‍ അവനാണല്ലോ”. (യൂനുസ്: 109)
30). അല്‍ അദ്ല്‍ (നീതി, ന്യായാധിപന്‍):
അക്രമത്തിന്റെയും അനീതിയുടെയും വിപരീതമായ നീതി നടപ്പിലാക്കുന്നവനാണ് അല്ലാഹു. നന്‍മക്ക് നന്‍മയും തിന്‍മക്ക് തിന്മയും തുല്യമായി നല്‍കുന്നവന്‍. അതുപോലെ ഭൂമിയിലെ സകല വസ്തുക്കളുടെയും സൃഷ്ടിപ്പിന്റെ കാര്യത്തില്‍ അല്ലാഹു നീതിപാലിച്ചു. ഒരു ന്യൂനതയുമില്ലാതെയാണ് അവന്‍ അവയെ സൃഷ്ടിച്ചത്. ഭൂമിയുടെ നിലനില്‍പ്പിനാവശ്യമായ ഓരോ ഘടകത്തിലും എന്തെങ്കിലും തകരാറുണ്ടായാല്‍ ഭൂമിയുടെ യഥാര്‍ഥമായ നിലനില്‍പ്പിനെ അത് ബാധിക്കും. അതുപോലെ മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പിന്റെ കാര്യംതന്നെ അപ്രകാരം നീതിയിലധിഷ്ഠിതമാണ്. മനുഷ്യശരീരത്തിന്റെ നിലനില്‍പ്പിന് കോട്ടം തട്ടാത്ത രീതിയിലാണ് എല്ലാ പ്രവര്‍ത്തനങ്ങളെയും അവന്‍ സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെത്തന്നെ അല്ലാഹുവിന്റെ വിശിഷ്ടനാമവും ഗുണവിശേഷവുമായ നീതി എന്നത് സൃഷ്ടികളുടെ നിലനില്‍പ്പിനു തന്നെ ആധാരമാണ്. അല്ലാഹുവിന്റെ ഈ ഗുണം അവന്റെ സൃഷ്ടികള്‍ക്കുമുണ്ടാവണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്.
“അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പ്പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്”. (അന്നിസാഅ്: 58)
“വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക; നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതിനടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിശ്ചയം, നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു”. (അല്‍മാഇദ: 8)
31) അല്ലത്വീഫ് (കൃപാനിധി, സൂക്ഷ്മജ്ഞന്‍):
ന•കളുടെ അതിസൂക്ഷ്മവും പരമരഹസ്യവുമായ വശങ്ങള്‍ തിരിച്ചറിയുകയും അവ അവയുടെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ കനിവിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നവനാണ് അല്ലത്വീഫ്. അറിവിലും പ്രവൃത്തിയിലും ഉണ്ടാവേണ്ട ഈ ഗുണം പൂര്‍ണരൂപത്തിലുള്ളത് അല്ലാഹുവിനു മാത്രമാണ്. ഗര്‍ഭസ്ഥശിശുവിന്റെ 9 മാസക്കാലത്തെ ഗര്‍ഭത്തിലെ ജീവിതം അല്ലാഹുവിന്റെ കൃപയെ വിളിച്ചറിയിക്കുന്നതാണ്. മൂന്ന് ഇരുട്ടറകളില്‍ പൊക്കിള്‍ക്കൊടിയിലൂടെ ലഭിക്കുന്ന ആഹാരം മാത്രം കഴിച്ചാണ് അവിടെ കുഞ്ഞ് വളരുന്നത്. അതുപോലെ തള്ളയില്‍ വേര്‍പ്പെട്ടാലും ആ കൂഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെല്ലാം അല്ലാഹുവിന്റെ മഹത്തായ കൃപയാണ് പ്രകടമാവുന്നത്. അതുപോലെ മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ സൂക്ഷ്മദൃഷ്ടിയുണ്ട്.
“അല്ലാഹു തന്റെ ദാസന്മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും”. (അശ്ശൂറാ: 19)
“നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് മഴ വീഴ്ത്തുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്”. (അല്‍ഹജ്ജ്: 63)
“കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും”. (അല്‍ അന്‍ആം: 103)
32) അല്‍ ഖബീര്‍ (സൂക്ഷ്മജ്ഞന്‍):
അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനത്തെക്കുറിക്കുന്ന മറ്റൊരു നാമമാണിത്. മനുഷ്യരെ സംബന്ധിക്കുന്നതും പ്രപഞ്ചത്തെ സംബന്ധിക്കുന്നതുമായ കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ മൂന്ന് കാലങ്ങളിലായി പറയാന്‍ പറ്റുന്ന വസ്തുക്കളും അവയുടെ യാഥാര്‍ഥ്യങ്ങളത്രയും അല്ലാഹുവിന്റെ അറിവില്‍ ഉള്‍പെട്ടിരിക്കുന്നു. ആന്തരികമായ രഹസ്യങ്ങള്‍ അറിയുന്നവന്‍ എന്ന നിലക്കാണ് ‘ഖബീര്‍’ എന്ന വിശേഷണം കൂടുതലായി ഉപയോഗിക്കുന്നത്. മനസ്സില്‍ മനുഷ്യന്‍ ഒളിപ്പിച്ചുവെക്കുന്ന ചതി, വഞ്ചന, കാപട്യം, ഭൌതികലോകത്തോടുള്ള പ്രേമം പോലുള്ള ഗോപ്യകാര്യങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട്. ഈ ബോധം മനുഷ്യനുണ്ടാകുമ്പോള്‍ അതവനെ തെറ്റുകളില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു.
“നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കുനല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു; നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരാകാന്‍”. (ആലുഇംറാന്‍: 103)
“നൂഹിനുശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്റെ നാഥന്‍ തന്നെ മതി”. (അല്‍ ഇസ്റാഅ്: 17)
33. അല്‍ ഹലീം (അപാരസഹനശീലന്‍)
‘ഹില്‍മ്’ എന്ന ധാതുവില്‍ നിന്നുണ്ടായ ഈ വിശേഷണത്തിന് സഹനം, വിവേകം, ഇണക്കം, പരമജ്ഞാനം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. അവന്റെ ദാസന്മാരുടെമേല്‍ ഏറെ സഹനമുള്ളവനും അവര്‍ക്ക് പൊറുത്തുകൊടുക്കുന്നവനുമാകുന്നു. സൃഷ്ടികള്‍ തെറ്റുചെയ്യുമ്പോള്‍ ഉടനടി പ്രതികാര നടപടി സ്വീകരിക്കുകയോ ശിക്ഷനടപ്പാക്കുകയോ ചെയ്യാതെ അവര്‍ക്ക് പശ്ചാത്തപിക്കാനും തെറ്റുതിരുത്താനുമുള്ള അവസരം അവന്‍ നല്‍കുന്നു. ഖുര്‍ആനില്‍ പലയിടങ്ങളിലും അല്ലാഹുവിന്റെ ഗുണമായും സൃഷ്ടികളുടെ ഗുണമായും ഇതു സൂചിപ്പിച്ചതായിക്കാണാം. അല്‍ഹലീം എന്ന വിശേഷണം സ്രഷ്ടാവിനുള്ളതുപോലെ സൃഷ്ടികള്‍ക്കും ആവശ്യമാണ്. അതവരുടെ സല്‍ഗുണങ്ങളില്‍പ്പെടുന്നു. “ഏഴാകാശങ്ങളും ഭൂലോകവും അവയിലുള്ളതൊക്കെയും അവന്റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവന്റെ സ്തുതി പ്രകീര്‍ത്തിക്കാത്ത യാതൊരു വസ്തുവുമില്ല. പക്ഷേ, നിങ്ങള്‍ അവയുടെ പ്രകീര്‍ത്തനം ഗ്രഹിക്കുന്നില്ല. അവന്‍ വളരെ കനിവുള്ളവനും പൊറുക്കുന്നവനുമാകുന്നു എന്നതത്രെ യാഥാര്‍ഥ്യം.” (അല്‍ ഇസ്റാഅ്: 44), “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേശത്യാഗം ചെയ്ത് പിന്നെ വധിക്കപ്പെടുകയോ സ്വാഭാവികമായി മരിക്കുകയോ ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് അല്ലാഹു വിശിഷ്ട വിഭവങ്ങള്‍ നല്‍കുന്നുണ്ട്. നിശ്ചയം, അല്ലാഹു അത്യുത്തമനായ വിഭവദാതാവാണല്ലോ. അവര്‍ തൃപ്തിപ്പെടുന്നിടത്തേക്ക് അവന്‍ അവരെ എത്തിക്കും. നിസ്സംശയം, അല്ലാഹു സര്‍വജ്ഞനും കൃപയുള്ളവനുമല്ലോ”. (അല്‍ഹജ്ജ്: 58,59)
34. അല്‍അളീം:
ഗാംഭീര്യമുള്ളവന്‍, മഹാന്‍, തന്റെ സത്തയുടെ യാഥാര്‍ഥ്യം ആരാലും പ്രാപിക്കാന്‍ കഴിയാത്തവന്‍, തന്റെ സത്തയുടെ മഹത്വത്തിന് അറ്റമോ ആരംഭമോ ഇല്ലാത്തവന്‍ എന്നൊക്കെ അര്‍ഥമുണ്ട്. അല്ലാഹുവിന്റെ എല്ലാ തരത്തിലുമുള്ള ഗാംഭീര്യത്തെ സൂചിപ്പിക്കുന്ന ഒരു വിശേഷണമാണിത്. വലുപ്പം രണ്ട് തരത്തിലുണ്ട്. ഒന്ന്: കാഴ്ചയിലൊതുങ്ങുന്നത്. മല, ആന പോലുള്ളവ ഉദാഹരണം. രണ്ട്: കാഴ്ചയില്‍ ഒതുങ്ങാത്തത്. ഭൂമി, ആകാശം പോലുള്ളവ ഉദാഹരണം. എല്ലാത്തരം വലുപ്പത്തേക്കാളും മഹത്തരമാണ് അല്ലാഹുവിന്റെ വലുപ്പം. ഗുരുനാഥന്‍ ശിഷ്യന്മാര്‍ക്ക് അളീമാണ്. പ്രവാചകന്‍ സമുദായത്തിന് അളീമാണ്. എന്നാല്‍ ഇതിനെല്ലാം മുകളിലാണ് അല്ലാഹുവിന്റെ മഹത്വവും ഔന്നിത്യവും. “അതിനാല്‍ പ്രവാചകന്‍, തന്റെ മഹനീയ നാഥന്റെ നാമത്തെ പ്രകീര്‍ത്തിക്കുക.” (അല്‍വാഖിഅ: 74), “നിങ്ങള്‍ മൂസായോടു പറഞ്ഞതോര്‍ക്കുക: ‘അല്ലാഹുവിനെ (നിന്നോട് സംസാരിക്കുന്നതായി) ഞങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് പരസ്യമായി കാണും വരെ, നീ പറയുന്നതൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നതല്ലതന്നെ.’ അപ്പോള്‍, നോക്കിനില്‍ക്കെ ഒരു മഹാസ്ഫോടനം നിങ്ങളെ പിടികൂടി. നിങ്ങള്‍ ജീവനറ്റു നിലംപതിച്ചു. എങ്കിലും പിന്നെയും നാം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു. ഈ അനുഗ്രഹങ്ങളെത്തുടര്‍ന്നെങ്കിലും നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.” (അല്‍ബഖറ: 55, 56)
35. അല്‍ഗഫൂര്‍ (ഏറെ പൊറുക്കുന്നവന്‍)
അല്‍ഗഫ്ഫാര്‍ എന്നതിന്റെ അര്‍ഥത്തില്‍ത്തന്നെയാണെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയാല്‍ അല്‍ഗഫ്ഫാര്‍ എന്നതിന് അര്‍ഥ വ്യാപ്തി കൂടുതലുണ്ട്. അല്‍ ഗഫ്ഫാര്‍ എന്നാല്‍ പലപ്രാവശ്യം ആവര്‍ത്തിച്ചു പൊറുത്തുകൊടുക്കുന്നവന്‍ എന്നാണര്‍ഥം. എന്നാല്‍ ഗഫൂര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നവന്‍ എന്നാണ്. “ഈ ജനം നന്മക്കുമുമ്പേ തിന്മക്കുവേണ്ടി തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നു.14 എന്നാലോ, ഇവര്‍ക്കുമുമ്പ് (ഈ നയം സ്വീകരിച്ചവരുടെ മേല്‍ ദൈവികശിക്ഷയുടെ) പാഠം പഠിപ്പിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. മനുഷ്യര്‍ അതിക്രമങ്ങള്‍ ചെയ്തിട്ടും നിന്റെ റബ്ബ് അവരോട് വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുന്നു എന്നതത്രെ യാഥാര്‍ഥ്യം. നിന്റെ റബ്ബ് കഠിനമായി ശിക്ഷിക്കുന്നവനാകുന്നു എന്നതും യാഥാര്‍ഥ്യമാകുന്നു.’’ (അര്‍റഅദ്: 6), “അവന്‍ പൊറുക്കുന്നവനാകുന്നു, സ്നേഹമുള്ളവനാകുന്നു.” (അല്‍ബുറൂജ്: 14).
36. അശ്ശുക്കൂര്‍ (കൃതജ്ഞന്‍, അനുമോദിക്കുന്നവന്‍)
അല്ലാഹുവിനെക്കുറിച്ച് ഇത് പറയുമ്പോള്‍ അര്‍ഥം, സല്‍ക്കര്‍മങ്ങളെ ഏറ്റുവാങ്ങി സ്വീകരിക്കുകയും അവയെ അംഗീകരിച്ച് അനുമോദിക്കുകയും ചെയ്യുന്നവന്‍ എന്നാണ്. അല്ലാഹു മനുഷ്യന്റെ ചെറിയ പ്രവര്‍ത്തികളെപ്പോലും അംഗീകരിക്കുകയും അതിന് അര്‍ഹിക്കുന്നതിലധികം പ്രതിഫലം നല്‍കുകയും ചെയ്യുന്നവനാണ്. മനുഷ്യന്റെ പ്രവൃത്തികളെ ഇത്രയധികം അംഗീകരിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന അല്ലാഹുവിന് മനുഷ്യന്‍ എത്ര നന്ദി ചെയ്താലും മതിയാവില്ല. അല്ലാഹുവിന്റെ മഹത്തായ ഈ ഗുണം മനഷ്യരിലേക്കും വ്യാപിക്കേണ്ടതുണ്ട്. “ഇതത്രെ, വിശ്വസിച്ചവരും സല്‍ക്കര്‍മങ്ങളനുഷ്ഠിച്ചവരുമായ ദൈവദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന സുവിശേഷം. പ്രവാചകന്‍, ജനത്തോട് പറയുക: ഈ ദൌത്യത്തിന് യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. പക്ഷേ, ധര്‍മസ്നേഹം തീര്‍ച്ചയായും കാംക്ഷിക്കുന്നു. വല്ലവനും നന്മയാര്‍ജിക്കുകയാണെങ്കില്‍, നാം അവന് ആ നന്മയില്‍ വളരെ വര്‍ധനവുണ്ടാക്കിക്കൊടുക്കുന്നു. അല്ലാഹു വളരെ മാപ്പരുളുന്നവനും മൂല്യമംഗീകരിക്കുന്നവനുമല്ലോ.” (അശ്ശൂറാ: 23), “ജീവനുള്ളതൊന്നും അല്ലാഹുവിന്റെ അനുമതിയില്ലാതെ മരിക്കുക സാധ്യമല്ല. മരണമാകട്ടെ, അവധി നിശ്ചയിച്ച് എഴുതപ്പെട്ടതുമാകുന്നു. ഇവിടെ ഭൌതികലാഭം ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്നവനു നാം ഇഹത്തില്‍തന്നെ പ്രതിഫലം നല്‍കുന്നു. പാരത്രികഫലം കാംക്ഷിച്ചു പ്രവര്‍ത്തിക്കുന്നവന്നോ പരത്തിലും പ്രതിഫലം നല്‍കുന്നു. നന്ദി കാണിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രതിഫലം നാം നല്‍കുന്നതാകുന്നു.” (ആലുഇംറാന്‍: 145)
37. അല്‍അലിയ്യ് (അത്യുന്നതന്‍)
അല്ലാഹുവിന്റെ പദവിക്കുമുകളില്‍ യാതൊരു പദവിയുമില്ല. മനുഷ്യന്‍ മനസ്സിലാക്കിയതില്‍നിന്നെല്ലാം അതീതമായ ഔന്നത്യത്തിന്റെ ഉടമയാണ് അല്ലാഹു. ദാസന്‍ എത്ര ഉയര്‍ന്നാലും അല്ലാഹുവിന്റെ പദവിയിലെത്താന്‍ കഴിയില്ല. ‘അല’, ‘ഉലുവ്വ്’ എന്നീ ധാതുക്കളില്‍നിന്നാണ് വിശേഷണമുണ്ടായത്. ഇതിനര്‍ഥം സര്‍വ്വതിന്റെയും മുകളിലുള്ളത് എന്നാണ്. “ഇതെന്തുകൊണ്ടെന്നാല്‍, അല്ലാഹു തന്നെയാകുന്നു സത്യം! അവനെ വെടിഞ്ഞ് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതൊക്കെയും മിഥ്യയാകുന്നു. അത്യുന്നതനും മഹനീയനായവനും അല്ലാഹു തന്നെ.” (അല്‍ഹജ്ജ്: 62), “അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നും തന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255)
38. അല്‍കബീര്‍ (മഹത്വമുടയവന്‍, മഹനീയന്‍)
അല്ലാഹു ആദിയും അന്ത്യവുമില്ലാത്തവനാകുന്നു. സൃഷ്ടികളുമായുള്ള എല്ലാ സാദൃശ്യങ്ങള്‍ക്കും അതീതനും എല്ലാ അര്‍ഥത്തിലുമുള്ള ഔന്നത്യവും മഹത്വവും ഉള്ളവനുമാകുന്നു. വലിപ്പം നടിക്കുക എന്നത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഗുണമാണ്. സൃഷ്ടികളിലാരെങ്കിലും വലിപ്പം നടിച്ചാല്‍ അല്ലാഹു അവരെ ശിക്ഷിക്കും. അല്ലാഹുവിന്റെ മഹത്വത്തെയും വലിപ്പത്തെയും സൂചിപ്പിക്കുന്ന ഈ മുദ്രാവാക്യമാണ് അഞ്ച് സമയവും പള്ളികളില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ബാങ്കില്‍ ആവര്‍ത്തിക്കപ്പെടുന്നത്. അല്ലാഹുവിന്റെ ഈ ഔന്നത്യത്തെ മനസ്സിലാക്കിയവന്‍ അവന്റെ മുന്നിലല്ലാതെ മറ്റാര്‍ക്കുമുമ്പിലും തലകുനിക്കുകയില്ല. “അല്ലാഹുവിന്റെ സമക്ഷത്തില്‍ ആര്‍ക്കുവേണ്ടിയും ഒരു ശിപാര്‍ശയും ഫലപ്പെടുകയില്ല- ശിപാര്‍ശ ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കിയവര്‍ക്കല്ലാതെ. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍നിന്ന് പരിഭ്രമമകലുമ്പോള്‍, അവര്‍ ശിപാര്‍ശകരോട് ചോദിക്കുന്നു: ‘നിങ്ങളുടെ റബ്ബ് എന്താണ് മറുപടി പറഞ്ഞത്?’ അപ്പോള്‍ അവര്‍ പറയും: ‘സത്യമായ മറുപടി കിട്ടി. അവന്‍ അത്യുന്നതനും വലിയവനുമല്ലോ.” (സബഅ്: 23), “പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു.56 അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും,57 പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാല്‍ നല്ലവരായ വനിതകള്‍ അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തില്‍, അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍ ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരുമാകുന്നു.58 ഭാര്യമാര്‍ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോള്‍ നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക. കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക, അടിക്കുക.59 അങ്ങനെ അനുസരണമുള്ളവരായിത്തീര്‍ന്നാല്‍ പിന്നെ അവരെ ദ്രോഹിക്കുവാന്‍ ന്യായം തേടാവതല്ല. മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓര്‍ത്തിരിക്കുക”. (അന്നിസാഅ്: 34)
39. അല്‍ഹഫീള് (കാത്തുരക്ഷിക്കുന്നവന്‍)
റുബൂബിയ്യത്തിന്റെ അര്‍ഥതലങ്ങളില്‍ ഉള്‍പ്പെട്ടതാണെങ്കിലും പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും അതിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് സംരക്ഷിക്കുന്നവനായതിനാലാണ് ഈ വിശേഷണം പ്രത്യേകം എടുത്തു പറഞ്ഞത്. ഓരോ വസ്തുവും പ്രപഞ്ചത്തിലെവിടെയാണോ സ്ഥിതി ചെയ്യേണ്ടത് അവിടെത്തന്നെ സ്ഥിതി ചെയ്യാനും അതിന് എന്ത് പ്രവര്‍ത്തനമാണോ നിര്‍വഹിക്കാനുള്ളത് അത് നിര്‍വഹിക്കാനും അല്ലാഹുവിന്റെ സംരക്ഷണം കൂടിയേ തീരൂ. ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മനുഷ്യന്‍ സ്വശരീരത്തിലേക്കും പ്രപഞ്ചത്തിലേക്കുമൊന്ന് കണ്ണോടിച്ചാല്‍മതി. ഏതെങ്കിലും ഒരു വസ്തു മനുഷ്യ ശരീരത്തിലാവട്ടെ പ്രപഞ്ചത്തിലാവട്ടെ അതിന്റെ സ്ഥാനത്തുനിന്ന് വ്യതിചലിച്ചാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനുഷ്യന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതെല്ലാം അല്ലാഹുവിന്റെ അല്‍ ഹഫീള് എന്ന ഗുണത്തെ വിളിച്ചോതുന്നതാണ്. “നിങ്ങള്‍ പുറംതിരിയുകയാണെങ്കില്‍ തിരിഞ്ഞുകൊള്ളുക. ഏതൊരു സന്ദേശവുമായിട്ടാണോ ഞാന്‍ നിങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്, അതു നിങ്ങള്‍ക്ക് എത്തിച്ചുകഴിഞ്ഞു. ഇനി എന്റെ റബ്ബ് നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അവന് ഒരു ദ്രോഹവും ചെയ്യാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിശ്ചയം, എന്റെ റബ്ബ് സകല വസ്തുക്കളിലും മേല്‍നോട്ടമുളളവനാകുന്നു.'(ഹൂദ്: 57), “”അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255)
40. അല്‍മുഖീത്ത് (ആഹാരം നല്‍കുന്നവന്‍)
ഇത് അല്ലാഹുവിന്റെ ‘അര്‍റസാഖ്’ എന്ന വിശേഷണത്തിന്റെ ആശയം തന്നെയാണെങ്കിലും റസാഖ് എന്ന പദത്തിന് വിശാലമായ അര്‍ഥവും മുഖീത്ത് എന്നതിന് പരമിതമായ അര്‍ഥവുമാണുള്ളത്. ഖൂത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന്റെ നിലനില്‍പിനാവശ്യമായ ഭക്ഷണമാണ്. ആഹാരം നിര്‍മിക്കുന്നവനും നല്‍കുന്നവനുമാണ് അല്ലാഹു. കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവന്‍ എന്നൊരര്‍ഥം കൂടി ഇതിനു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയതായി കാണാം. ആര്‍ നന്മ ശിപാര്‍ശ ചെയ്യുന്നുവോ അവന് അതില്‍ പങ്ക് ലഭിക്കും. ആര്‍ തിന്മ ശിപാര്‍ശ ചെയ്യുന്നുവോ അവന് അതിലും പങ്ക് ലഭിക്കും. അല്ലാഹു സകല സംഗതികളിലും നോട്ടമുള്ളവനാകുന്നു. (അന്നിസാഅ്: 85)
41. അല്‍ ഹസീബ് (വിചാരണ ചെയ്യുന്നവന്‍, മതിയായവന്‍)
അന്ത്യനാളില്‍ മനുഷ്യരെ വിചാരണ ചെയ്യുന്നവനും, അവരുടെ കണക്കുകള്‍ രേഖപ്പെടുത്തിവെക്കുന്നവനുമാണ് അല്ലാഹു. മനുഷ്യന് എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കാനും അവനെ പരീക്ഷിക്കാനും അവനെ വിചാരണചെയ്യുവാനും കഴിവുള്ളവനും മതിയായവനുമാണ് അല്ലാഹു. “വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക.9 പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം.10 അവര്‍ വളര്‍ന്നുവലുതായി, അവകാശം ചോദിക്കുമെന്ന് ഭയന്ന്, നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയായും തിന്നുകൂടാത്തതാകുന്നു. അനാഥരുടെ ധനം കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍, അവന്‍ അത് പറ്റാതെ സൂക്ഷിക്കട്ടെ. ദരിദ്രനാണെങ്കിലോ, അതില്‍നിന്നു ന്യായമായി മാത്രം തിന്നുകൊള്ളട്ടെ.11 അവരുടെ ധനം തിരിച്ചേല്‍പിച്ചുകൊടുക്കുമ്പോള്‍ ജനത്തെ അതിനു സാക്ഷികളാക്കേണ്ടതാകുന്നു. കണക്കുനോക്കുന്നതിന്ന് എത്രയും മതിയായവനത്രെ അല്ലാഹു.” (അന്നിസാഅ്: 6)
42. അല്‍ ജലീല്‍ (സമ്പൂര്‍ണന്‍, ശ്രേഷ്ഠന്‍)
സത്തയിലും ഗുണവിശേഷങ്ങളിലും പൂര്‍ണതയുള്ളവന്‍, ഏറ്റവും മഹത്വമുടയവന്‍ എന്നീ അര്‍ഥങ്ങളുണ്ട്. ഖുര്‍ആനില്‍ ഈ വിശേഷണം ദുല്‍ജലാല്‍(മഹത്തമുടയവന്‍) എന്ന രൂപത്തിലാണ് പ്രതിപാദിച്ചിരിക്കുന്നത്. അല്ലാഹുവാണ് പൂര്‍ണതയുടെ എല്ലാ അംശങ്ങളെയും ഉള്‍ക്കൊള്ളുന്നവന്‍. നിരുപാധികമായ സൌന്ദര്യവും പൂര്‍ണതയും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അല്ലാഹുവിന്റെ ഈ ഗുണത്തെ ഉള്‍ക്കൊണ്ടവന്‍ അവന്റെ സൌന്ദര്യത്തിന്റെയും ശ്രേഷ്ഠതയുടെയും അംശം തന്നിലേക്കും ആവാഹിക്കാന്‍ ശ്രമം നടത്തണം. “നിന്റെ റബ്ബിന്റെ പ്രൌഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ.’’ (അര്‍റഹ്മാന്‍: 27), “പ്രൌഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമമെത്ര പരിശുദ്ധം!’’ (അര്‍റഹ്മാന്‍: 78)
43. അല്‍കരീം (അത്യുദാരന്‍, ആദരണീയന്‍)
ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്കും ആവശ്യമായത് നല്‍കുന്നത് അല്ലാഹുവാണ്. അതില്‍ യാതൊരുവിധ കുറവും വരുത്താത്തവനാണ് അല്ലാഹു. മനുഷ്യന് സന്മാര്‍ഗം കാണിച്ചുകൊടുത്തു. അവന്റെ തെറ്റുകള്‍ക്ക് മാപ്പുനല്‍കി. അതുപോലെ എല്ലാത്തരത്തിലുമുള്ള ഔദാര്യവും മനുഷ്യന് നല്‍കി. അല്ലാഹു വാഗ്ദാനം പാലിക്കുന്നവനും കൊടുത്തവര്‍ക്കു വീണ്ടും വീണ്ടും കൊടുക്കുന്നവനുമാണ്. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ് ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും നിലനിന്നുപോകുന്നത്. “അല്ലയോ മനുഷ്യാ, ഉദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയതെന്ത്?’’ (അല്‍ഇന്‍ഫിത്വാര്‍: 6)
44. അര്‍റഖീബ് (ഏറെ ജാഗ്രത പുലര്‍ത്തുന്നവന്‍, നിരീക്ഷകന്‍)
അല്ലാഹു മനുഷ്യനെയും പ്രപഞ്ചത്തെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. അല്ലാഹുവിന്റെ ഈ നിരീക്ഷണത്തില്‍ നിന്ന് ഒരിക്കലും പ്രപഞ്ചവും അതിലെ ഒരു വസ്തുവും ഒഴിവാകുന്നില്ല. മനുഷ്യരുടെ നന്മ തിന്മകള്‍ സദാസമയം വീക്ഷിക്കുന്ന അല്ലാഹുവിന് ആ വിഷയത്തില്‍ യാതൊരു പിഴവും സംഭവിക്കുകയില്ല. “അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.1 ഏതൊരുവനെ സാക്ഷിയാക്കിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ തകരുന്നതു സൂക്ഷിക്കുവിന്‍. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക.’’ (അന്നിസാഅ്: 1)
45. അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍)
പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍. വിഷമിക്കുന്നവരുടെ വിഷമങ്ങള്‍ അകറ്റുന്നവന്‍. അല്ലാഹു തന്റെ സൃഷ്ടികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നവനാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍നിന്ന് ആരും നിരാശപ്പെടേണ്ടതില്ല. അല്ലാഹു തന്റെ ദാസന്‍മാരെ സഹായിക്കുന്നതിനായി സദാസന്നദ്ധനായിനില്‍ക്കുകയാണ്. അതിനാല്‍ അടിമകളോട് പ്രാര്‍ഥിക്കാന്‍ കല്‍പ്പിച്ചിരിക്കുന്നു. ഉപദ്രവകരമായ കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചാല്‍ അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയില്ല. ഇതുപോലെ മനുഷ്യന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്റെ വിളിക്കുത്തരം നല്‍കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. “പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ.”(അല്‍ബഖ്റ: 186), “നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്നു പുറത്താക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ. ഉല്‍കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.” (ആലുഇംറാന്‍: 195)
46. അല്‍ വാസിഅ് (അതിവിശാലന്‍):
സ്ഥലത്തിന്റെയും കാലത്തിന്റെയും പരിമിതികള്‍ക്കപ്പുറം വിശാലതയുള്ളവനാണ് അല്ലാഹു. അതുപോലെ അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും വിശാലമായി അറിയുന്നവനും വിശാലമായ തോതില്‍ ഔദാര്യവും അനുഗ്രഹവും നല്‍കുന്നവനുമാണ്. മറ്റേതൊരാളുടെയും വിശാലത ഏതെങ്കിലും ഒരു കാര്യത്തില്‍ കുടുസ്സായതായിരിക്കും അല്ലാഹുവിന്റെ വിശാലതക്ക് അതിരോ അറ്റമോ ഇല്ല. “അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: ‘അല്ലാഹു, താലൂത്തിനെ നിങ്ങള്‍ക്കു രാജാവായി നിശ്ചയിച്ചിരിക്കുന്നു.’ അതുകേട്ട് അവര്‍ പറഞ്ഞതോ, ഞങ്ങള്‍ക്കു രാജാവായിരിക്കുവാന്‍ അവനെന്തര്‍ഹത? രാജത്വത്തിന് ഞങ്ങളാണ് അവനെക്കാള്‍ യോഗ്യന്മാര്‍. അവന്‍ വലിയ ധനികനൊന്നുമല്ലല്ലോ. പ്രവാചകന്‍ മറുപടി കൊടുത്തു: ‘അല്ലാഹു നിങ്ങള്‍ക്കുമേല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അവന്‍ അദ്ദേഹത്തിനു വൈജ്ഞാനികവും ശാരീരികവുമായ യോഗ്യതകള്‍ സുലഭമായി സമ്മാനിച്ചിരിക്കുന്നു. തന്റെ രാജത്വം താനിഛിക്കുന്നവര്‍ക്കു നല്‍കുവാന്‍ അല്ലാഹുവിന് അധികാരമുണ്ട്. അല്ലാഹു വളരെ വിശാലതയുള്ളവനാകുന്നു. സകലതും അവന്റെ ജ്ഞാനത്തിലുള്‍ക്കൊള്ളുന്നു.’ (അല്‍ബഖറ: 247), “അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255), “ഞങ്ങള്‍ക്ക് ഈ ലോകത്ത് നന്മ രേഖപ്പെടുത്തേണമേ, പരലോകത്തും! ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു.’ മറുപടിയായി അരുളി: ‘ശിക്ഷ ഞാനുദ്ദേശിക്കുന്നവര്‍ക്ക് ബാധകമാക്കുന്നു. എന്നാല്‍ എന്റെ അനുഗ്രഹം സകല വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നുണ്ട്. അനുസരണക്കേട് വെടിയുകയും സകാത്തു നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുടെ പേരില്‍ നാം അതു രേഖപ്പെടുത്തുന്നു.’ (അല്‍അഅ്റാഫ്: 156)
47. അല്‍ഹക്കീം (യുക്തിജ്ഞന്‍):
അല്ലാഹു എല്ലാ കാര്യങ്ങളും അവന്റെ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിപരമായി നിര്‍വഹിക്കുന്നവനാണ്. അതില്‍ യാതൊരു ന്യൂനതയോ അപാകതയോ ഉണ്ടായിരിക്കുകയില്ല. അല്ലാഹുവാണ് സകല ജ്ഞാനത്തിന്റെയും ഉറവിടം. അതുകൊണ്ട് തന്നെ അല്ലാഹുവാണ് ഏറ്റവും വലിയ യുക്തിമാന്‍. അല്ലാഹു അവന്റെ സൃഷ്ടിജാലങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും അവ കൃത്യമായി കൈകാര്യം ചെയ്യുന്നവനുമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം യുക്തി എന്നാല്‍ വാക്കിലും കര്‍മത്തിലുമുള്ള യാഥാര്‍ഥ്യനിഷ്ഠയാണ്. “അലിഫ്-ലാം-റാഅ്. ഇത് ജ്ഞാനസമ്പുഷ്ടമായ വേദസൂക്തങ്ങളാകുന്നു.’’ (യൂനുസ്: 1), “സത്യവിശ്വാസികളേ, ബഹുദൈവാരാധകര്‍ അശുദ്ധരാണ്. അതിനാല്‍ ഈ വര്‍ഷത്തിനു ശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കാന്‍ പാടില്ല.25 നിങ്ങള്‍ ധനക്ഷയം ഭയപ്പെടുന്നുവെങ്കില്‍, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ നിങ്ങളെ ധനികരാക്കിയേക്കും; അവനിച്ഛിച്ചാല്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.” (തൌബ: 28), “ഇതെല്ലാം യഥാര്‍ഥ സംഭവങ്ങളാകുന്നു. അല്ലാഹുവല്ലാതൊരു ദൈവവുമില്ലെന്നതത്രെ യാഥാര്‍ഥ്യം-ആ അല്ലാഹു സര്‍വതിനെയും ജയിക്കുന്ന ശക്തനും ഈ പ്രപഞ്ചത്തെ സംവിധാനിച്ച അഭിജ്ഞനും തന്നെയാകുന്നു.” (ആലു ഇംറാന്‍: 62)
48. അല്‍ വദൂദ് (ഏറെ സ്നേഹിക്കുന്നവന്‍):
അല്ലാഹു അവന്റെ ഉത്തമരായ ദാസന്മാരെ ഏറെ സ്നേഹിക്കുന്നവനാണ്. സൃഷ്ടികള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുക എന്നതും അവര്‍ക്ക് അവരുടെ തെറ്റുകള്‍ പൊറുത്തുകൊടുത്ത് മാപ്പാക്കുക എന്നതും അല്ലാഹുവിന്റെ ഏറ്റവും ഉത്തമമായ വിശേഷണമാണ്.
49. അല്‍മജീദ് (അതിശ്രേഷ്ഠന്‍):
അല്ലാഹു എല്ലാ തരത്തിലുമുള്ള ശ്രേഷ്ഠതകളും ഉള്ളവനാണ്. ദാന ധര്‍മങ്ങളിലും ഔദാര്യത്തിലുമെല്ലാം അവന്‍ സകലതിനേക്കാളും ശ്രേഷ്ഠനാണ്. ഈ പദപ്രയോഗത്തിലൂടെ അല്ലാഹുവിന്റെ ശ്രേഷ്ഠതയുടെ വലുപ്പം മനസ്സിലാക്കാന്‍ കഴിയും. അവന്റെ സിംഹാസനത്തെക്കുറിച്ചും മറ്റും പറഞ്ഞ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. “സിംഹാസനത്തിനുടയവനാകുന്നു. മഹനീയനും ഉന്നതനുമാകുന്നു.’’ (അല്‍ബുറൂജ്: 15), “മലക്കുകള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിയില്‍ അത്ഭുതപ്പെടുന്നുവോ?82 ഇബ്റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണയും അനുഗ്രഹങ്ങളുമുണ്ട്. അവന്‍ സര്‍വസ്തുതിയും അര്‍ഹിക്കുന്നവനും അത്യധികം മഹത്ത്വമുള്ളവനുമല്ലോ.’’ (ഹൂദ്: 73)
50. അല്‍ബാഇസ് (പുനരുജ്ജീവിപ്പിക്കുന്നവന്‍, നിയോഗിക്കുന്നവന്‍):
പുനരുത്ഥാന നാളില്‍ സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുന്നവനും അവരുടെ ഹൃദയങ്ങളെ പുറത്തുകൊണ്ടുവരുന്നവനുമാണ് അല്ലാഹു. അതുപോലെ സൃഷ്ടികളിലേക്ക് പ്രവാചകന്മാരെ നിയോഗിക്കുന്നവനെന്നും അര്‍ഥമുണ്ട്. ഒന്നിലധികം തവണ സൃഷ്ടികളെ അല്ലാഹു പുനര്‍ജീവിപ്പിക്കുമെങ്കിലും അന്ത്യദിനത്തിലെ പുനര്‍ജീവിപ്പിക്കലാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇതു ദൈവികനീതിയുടെ ഭാഗമായി മനുഷ്യന്റെ ഇഹലോകജീവിതത്തിലെ ന•തി•കള്‍ പരിശോധിച്ച് രക്ഷാശിക്ഷകള്‍ നല്‍കുന്നതിനുവേണ്ടിയാണ്. ഒന്നുമില്ലായ്മയില്‍ മനുഷ്യനെ ഈ രൂപത്തില്‍ സൃഷ്ടിച്ച അല്ലാഹുവിന് അവന്‍ മരണമടഞ്ഞശേഷം ഒന്നുമില്ലായ്മയില്‍നിന്ന് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. സത്യനിഷേധികളുടെ പൊള്ളവാദങ്ങളെല്ലാം അന്നേദിവസം തകര്‍ന്നുവീഴും. “സത്യനിഷേധികള്‍ വലിയ വായില്‍ വാദിച്ചുവല്ലോ, മരണാനന്തരം തങ്ങള്‍ ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുന്നതല്ലെന്ന്. അവരോട് പറയുക: അല്ല, എന്റെ നാഥനാണ, നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടും. പിന്നെ നിങ്ങള്‍ (ഇഹത്തില്‍) പ്രവര്‍ത്തിച്ചതെന്തായിരുന്നുവെന്ന് വിശദീകരിച്ചുതരികയും ചെയ്യും. അങ്ങനെ ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു.” (അത്തഗാബുന്‍: 7), “പുനരുത്ഥാനവേള വരുകതന്നെ ചെയ്യും-അതില്‍ സംശയമേതുമില്ല, ഖബ്റിടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും (എന്നതിനുള്ള തെളിവാണിത്).” (അല്‍ഹജ്ജ്: 7)
51. അശ്ശഹീദ് (സാക്ഷി):
എല്ലാ കാര്യങ്ങളും നേരില്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍. അല്ലാഹു തന്റെ ഏകത്വത്തിനും പരമാധികാരത്തിനും ദിവ്യത്വത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രവൃത്തികള്‍ക്കും സൃഷ്ടിജാലങ്ങളുടെ പ്രവൃത്തികള്‍ക്കും അല്ലാഹുതന്നെ മതിയായ സാക്ഷിയാണ്. അല്ലാഹുവിന്റെ കാഴ്ചയില്‍നിന്നു മറഞ്ഞ് ഒരാള്‍ക്കും ഒരു പ്രവൃത്തിയും ചെയ്യുക സാധ്യമല്ല. അല്ലാഹുവിന്റെ സര്‍വ്വസാന്നിധ്യം എന്നതുകൊണ്ടുദ്ദേശിക്കുന്നതും മറ്റൊന്നല്ല. തന്റെ സകലപ്രവര്‍ത്തികളും അല്ലാഹു വീക്ഷിക്കുന്നുണ്ടെന്ന ബോധം മനുഷ്യനെ തെറ്റില്‍നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു. പ്രപഞ്ചത്തിലെ സൃഷ്ടി ചരാചരങ്ങളത്രയും അല്ലാഹുവിന്റെ അസ്തിത്വത്തെയും മഹത്വത്തെയും വിളിച്ചോതുന്നു. “മനുഷ്യാ, നിനക്കു ലഭിക്കുന്ന ഏതൊരു ന•യും അല്ലാഹുവിന്റെ ഔദാര്യത്താല്‍ ലഭിക്കുന്നതാകുന്നു. നിന്നെ ബാധിക്കുന്ന തിന്മയോ, അതു നിന്റെ കര്‍മഫലമായും.’ അല്ലയോ മുഹമ്മദ്, നാം നിന്നെ ജനങ്ങള്‍ക്കുവേണ്ടി ദൈവദൂതനായി അയച്ചിരിക്കുന്നു. അതിന് അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതിയായതാകുന്നു.’’ (അന്നിസാഅ്: 79), “നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.” (അല്‍മാഇദ: 117)
52. അല്‍ഹഖ് (സത്യം, സത്യവാന്‍):
ഖുര്‍ആനില്‍ 227 തവണ ആവര്‍ത്തിച്ച ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അനശ്വരമായ സത്യമായി നിലകൊള്ളുന്നവനാണ് അല്ലാഹു എന്നാണ്. അവന് നാശമോ മരണമോ ഇല്ല. ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. ഇസ്ലാമില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹഖ് എന്നത്. അല്ലാഹുവിന്റെ സൃഷ്ടിയും നിയന്ത്രണവും ഭരണവുമെല്ലാം സത്യത്തില്‍ അധിഷ്ഠിതമാണ്. പ്രപഞ്ചനിലനില്‍പ്പിന്റെ യാഥാര്‍ഥ്യവും യഥാര്‍ഥനാഥനും അവനത്രെ. പരമമായ യാഥാര്‍ഥ്യം ഒന്നേ ഉണ്ടാവാന്‍ പാടുള്ളൂ. മറ്റുളളവയെല്ലാം ആ യാഥാര്‍ഥ്യത്തിന്റെ വിശേഷണങ്ങളുടെ പ്രതിഫലനം മാത്രമായിരിക്കണം. “അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം,8 അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു, അല്ലാഹു സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു എന്നതു കൊണ്ടത്രെ ഇതൊക്കെയും.” (അല്‍ഹജ്ജ്: 6), “അന്നാളില്‍ ഓരോ മനുഷ്യനും അവനവന്‍ ചെയ്തതിന്റെ രുചി ആസ്വദിക്കുന്നതാകുന്നു. എല്ലാവരും അവരുടെ യഥാര്‍ഥ യജമാനങ്കലേക്കു മടക്കപ്പെടും. അവര്‍ കെട്ടിച്ചമച്ചിരുന്ന കളളങ്ങളൊക്കെയും അപ്രത്യക്ഷമാവുകയും ചെയ്യും’’ (യൂനുസ്: 30)
53. അല്‍വക്കീല്‍ (ഭരമേല്‍പ്പിക്കപ്പെടുന്നവന്‍):
സൃഷ്ടികളുടെ സകല കാര്യങ്ങളും ഭരമേല്‍പ്പിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹുമാത്രമാണ്. സൃഷ്ടികള്‍ ദുര്‍ബലരും സ്രഷ്ടാവ് അതിശക്തനുമാണ്. അന്യദൈവങ്ങളെ തേടിപ്പോകുന്നവര്‍ക്കുള്ള ശക്തമായ നിര്‍ദേശമാണ് ഈ വിശേഷണത്തിലൂടെ കാണപ്പെടുന്നത്. സൃഷ്ടിജാലങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. “അവരോട് ജനം പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു. സൂക്ഷിക്കുവിന്‍.’ അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.’ (ആലുഇംറാന്‍: 173), “അവനാകുന്നു നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതൊരു ദൈവവുമില്ല-സകല വസ്തുക്കളുടെയും സ്രഷ്ടാവായിട്ടുള്ളവന്‍. അതിനാല്‍ നിങ്ങള്‍ അവന്നടിമപ്പെടുവിന്‍. അവന്‍ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു.” (അല്‍അന്‍ആം: 102)
54. അല്‍ഖവിയ്യ് (ശക്തന്‍):
ശക്തിയുടെ മൂലസ്രോതസ്സ് അല്ലാഹുവാണ്. അല്ലാഹു നല്‍കിയ ശക്തിയാണ് മറ്റുള്ളവയ്ക്കെല്ലാമുള്ളത്. ഒരിക്കലും ദൌര്‍ബല്യം ബാധിക്കാത്ത ശക്തിക്കുടമയാണ് അല്ലാഹു. വിശ്വാസി അതിശക്തനായ അല്ലാഹുവിന്റെ മുമ്പിലാണ് തലകുനിക്കേണ്ടത്. അതിലൂടെ വിശ്വാസം വര്‍ദ്ധിക്കുകയും യഥാര്‍ഥ ശക്തിസ്രോതസ്സിനെ തിരിച്ചറിയുകയും ചെയ്യുന്നു. “തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്-മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍. നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്; മനുഷ്യര്‍ക്ക് ഉപകാരവും. അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും നേരില്‍ കാണാതെ പിന്തുണക്കുന്നവരാരെന്ന് അല്ലാഹു കണ്ടറിയേണ്ടതിന്. അല്ലാഹു മഹാ ശക്തിയുടയവനും അജയ്യനുമല്ലോ.” (അല്‍ഹദീദ്: 25), “ചില ജനം അല്ലാഹുവല്ലാത്ത ചിലരെ അവന്റെ സമന്മാരായി സങ്കല്‍പിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളാവട്ടെ, സര്‍വോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത്. കഷ്ടം! ശിക്ഷയെ മുന്നില്‍ കാണുമ്പോള്‍ ബോധ്യപ്പെടുന്ന യാഥാര്‍ഥ്യം-സര്‍വശക്തികളും അധികാരങ്ങളും അല്ലാഹുവിന്റെ മാത്രം കരങ്ങളിലാണെന്നും അല്ലാഹു കഠിന ദണ്ഡകനാണെന്നും-ഈ അക്രമികള്‍ ഇന്നുതന്നെ ഗ്രഹിച്ചിരുന്നെങ്കില്‍!” (അല്‍ബഖറ: 165)
55. അല്‍മതീന്‍ (അതിശക്തന്‍):
ഈ പദം കൊണ്ട് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത് ഉറപ്പുള്ളത് എന്നതാണ്. അയഞ്ഞു പോകാത്ത ശക്തിപ്രഭാവമാണ് അല്ലാഹുവിന്റേത്. അല്ലാഹുവിന്റെ ശക്തി സ്ഥിരവും ദൃഢവുമാണ്. ഖവിയ്യ് എന്ന വിശേഷണത്തോട് കുറെയൊക്കെ യോജിപ്പുണ്ടെങ്കിലും അല്ലാഹുവിന്റെ അപാരമായ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. “അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.” (അദ്ദാരിയാത്ത്: 58)
56. അല്‍വലിയ്യ് (സ്നേഹിതനും സഹായിയുമായവന്‍):
വിശ്വാസികളുടെ സംരക്ഷണച്ചുമതല പൂര്‍ണമായി ഏറ്റെടുത്തിരിക്കുന്നവനും ആപല്‍ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നവനുമാകുന്നു അല്ലാഹു. അല്ലാഹുവാണ് വിശ്വാസിയുടെ യഥാര്‍ഥ വലിയ്യ്. അവനല്ലാതെ മറ്റൊരു സംരക്ഷകനുമില്ല. അല്ലാഹു ഖുര്‍ആനില്‍ സൃഷ്ടികളെ സംബന്ധിച്ചും വലിയ്യ് എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഇതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അവന്റെ ശത്രുക്കളെ വെറുക്കുകയും ചെയ്യുന്നവര്‍ എന്നാണ്. അല്ലാഹുവിന്റെ യഥാര്‍ഥ വലിയ്യ് അവന്റെ ശത്രുക്കളോട് പോരാടുന്നവനും അവനോട് അടുക്കാന്‍ ശ്രമിക്കുന്നവനുമാണ്. “അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ലയോ? ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമുള്ളതാണെന്നും അവനല്ലാതെ നിങ്ങള്‍ക്ക് രക്ഷകനോ തുണയോ ഇല്ലെന്നും അറിഞ്ഞിട്ടില്ലയോ?” (അല്‍ബഖറ: 107), “പ്രവാചകാ, പ്രപഞ്ചനാഥന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്നും അന്ന് അവനല്ലാതെ അവര്‍ക്കു രക്ഷകനോ സഹായിയോ ശുപാര്‍ശകനോ ആയിരിക്കാന്‍ അധികാരമുള്ള യാതൊരുത്തരും ഉണ്ടായിരിക്കുന്നതല്ല എന്നും, ഭയപ്പെടുന്ന ജനങ്ങളെ ഇതു (ദിവ്യജ്ഞാനം) മുഖേന ഉപദേശിക്കുക; അവര്‍ ദൈവഭക്തി കൈക്കൊണ്ടുവെങ്കിലോ.” (അല്‍അന്‍ ആം: 51)
57. അല്‍ഹമീദ് (സ്തുത്യര്‍ഹന്‍):
സ്തുതിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാന്‍ ഏറ്റവും അര്‍ഹനായവന്‍ അല്ലാഹു മാത്രമാണ്. നിരുപാധികമായ സ്തുതി അല്ലാഹുവിനാണ്. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഏതോ ഒരു രൂപത്തില്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ഓരോ വസ്തുവും അതിന്റെ അസ്തിത്വം കൊണ്ട് സ്വയം വിളംബരം ചെയ്യുന്നത് അല്ലാഹുവിന്റെ സ്തുതിയാണ്. അല്ലാഹുവിനെ സ്തുതിക്കുക വഴി ദാസന്മാര്‍ തങ്ങളുടെ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. “സര്‍വ്വലോകത്തിന്റെയും റബ്ബായ അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതി’’ (അല്‍ഫാതിഹ: 2).
58. അല്‍മുഹ്സ്വീ (എണ്ണിത്തിട്ടപ്പെടുത്തുന്നവന്‍):
സൃഷ്ടിജാലങ്ങളെക്കുറിച്ച് കൃത്യമായും സ്പഷ്ടമായും അറിഞ്ഞുകൊണ്ടിരിക്കുന്നവനും അവ കൃത്യമായി തിട്ടപ്പെടുത്തുന്നവനുമാണ് അല്ലാഹു. അല്ലാഹുവിന്റെ അടുക്കല്‍ കൃത്യമായി എണ്ണവും കണക്കുമില്ലാത്ത ഒരു വസ്തു പോലും ഈ പ്രപഞ്ചത്തിലില്ല. ഇതവന്റെ അറിവിന്റെ വിശാലതയെക്കുറിക്കുന്ന വിശേഷണമാണ്. “എന്നാല്‍ അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു – അവര്‍ നാഥന്റെ സന്ദേശങ്ങളെത്തിച്ചുകൊടുത്തിരിക്കുന്നുവെന്ന് അവന്‍ അറിയുന്നതിന്. അവരുടെ ചുറ്റുപാടുകളെ അവന്‍ സമ്പൂര്‍ണമായി വലയം ചെയ്തിരിക്കുന്നു. ഓരോരോ കാര്യവും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’’ (അല്‍ജിന്ന്: 28), “അങ്ങനെ കര്‍മപുസ്തകങ്ങള്‍ മുമ്പില്‍ വെക്കപ്പെടും. അപ്പോള്‍ പാപികള്‍ സ്വന്തം കര്‍മപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ പരിഭ്രാന്തരാകുന്നത് നിനക്കു കാണാം. അവര്‍ കേണുകൊണ്ടിരിക്കും: ‘ഹാ! ഞങ്ങളുടെ ദൌര്‍ഭാഗ്യം!! എന്തൊരു പുസ്തകമാണിത്. ഞങ്ങളുടെ ചെറുതും വലുതുമായ യാതൊരു ചലനത്തെയും അതുള്‍ക്കൊള്ളാതെ വിട്ടിട്ടില്ലല്ലോ!’ അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും മുമ്പില്‍ ഹാജരായതായി കാണുന്നു. നിന്റെ റബ്ബ് ആരോടും അല്‍പവും അന്യായം ചെയ്യുന്നവനല്ല.” (അല്‍കഹ്ഫ്: 49)
59. അല്‍മുബ്ദിഅ് (ആരംഭിക്കുന്നവന്‍, ആദിയില്‍ സൃഷ്ടിക്കുന്നവന്‍):
അല്ലാഹുവാണ് സൃഷ്ടികര്‍മം ആരംഭിച്ചവനും എല്ലാ കാര്യങ്ങളുടെയും തുടക്കക്കാരനും. അവന്‍ സൃഷ്ടികളെ ശൂന്യതയില്‍നിന്ന് സൃഷ്ടിക്കുന്നു.
60. അല്‍ മുഈദ് (മടക്കുന്നവന്‍, സൃഷ്ടി ആവര്‍ത്തിക്കുന്നവന്‍):
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മുമ്പ് സൃഷ്ടിച്ചവയില്‍നിന്നും വീണ്ടും സൃഷ്ടിക്കുന്നവനാണ് എന്നാണ്. അതായത് അവന്‍ അന്ത്യദിനത്തില്‍ ജീവജാലങ്ങളെ പുനര്‍ജീവിപ്പിക്കുന്നവനാണ്. എല്ലാ വസ്തുക്കളും ആരംഭിക്കുന്നതും അവസാനിക്കുന്നതും അവനില്‍ത്തന്നെയായിരിക്കും. “അവരോട് പറയുക: ഭൂമിയില്‍ സഞ്ചരിച്ചു നിരീക്ഷിക്കുക, എങ്ങനെയാണവന്‍ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്. പിന്നീടല്ലാഹു മറ്റൊരിക്കല്‍കൂടി ജീവിതം നല്‍കും. നിശ്ചയം, അല്ലാഹു സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ.” (അല്‍അന്‍കബൂത്ത്: 20), “പ്രവാചകന്‍, അവരോടു പറയുക: ‘എന്റെ റബ്ബ് നീതിയും ന്യായവും അനുശാസിച്ചിരിക്കുന്നു. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം നേരെ നിര്‍ത്തണമെന്നും അനുസരണം അവനുമാത്രമാക്കിക്കൊണ്ട് അവനെ മാത്രം പ്രാര്‍ഥിക്കണമെന്നും കല്‍പിച്ചിരിക്കുന്നു.’’ (അല്‍അഅ്റാഫ്: 29)
61. അല്‍മുഹ്യീ (ജീവിച്ചിരിക്കുന്നവന്‍):
അല്ലാഹുവിനാണ് ജീവിക്കാനുള്ള കഴിവുള്ളത്. സൃഷ്ടിജാലങ്ങള്‍ക്കഖിലം ജീവന്‍ നല്‍കുന്നത് അല്ലാഹുവാണ്.
62. അല്‍മുമീത് (മരിപ്പിക്കുന്നവന്‍):
ജീവന്‍ നല്‍കിയ അല്ലാഹു തന്നെയാണ് ജീവജാലങ്ങള്‍ക്ക് മരണവും നല്‍കുന്നത്. ഇതിലൊന്നും ഒരു സൃഷ്ടിക്കും യാതൊരു പങ്കുമില്ല. ഈ പ്രതിഭാസങ്ങള്‍ ദൈവവിധിയുടെ ഭാഗമായി അംഗീകരിക്കാനും ആശ്വസിക്കാനും വിശ്വാസിക്കേ കഴിയൂ. “ഇബ്റാഹീമിനോട് തര്‍ക്കിച്ചവനെക്കുറിച്ച് നീ ആലോചിച്ചിട്ടില്ലേ? ഇബ്റാഹീമിന്റെ റബ്ബ് ആരാണ് എന്നതിലായിരുന്നു തര്‍ക്കം. അല്ലാഹു ആ മനുഷ്യന് രാജാധികാരം നല്‍കിയതാണ് അതിനു നിമിത്തമായത്. ഇബ്റാഹീം പറഞ്ഞു: ‘ജീവിതവും മരണവും ആരുടെ അധികാരത്തിലാണോ അവനാകുന്നു എന്റെ റബ്ബ്.’ അയാള്‍ പറഞ്ഞു: ‘ജീവിപ്പിക്കാനും മരിപ്പിക്കാനും എനിക്ക് അധികാരമുണ്ട്.’ ഇബ്റാഹീം പറഞ്ഞു: ‘ശരി, എന്നാല്‍ അല്ലാഹു സൂര്യനെ പടിഞ്ഞാറുനിന്ന് നയിച്ചുകൊണ്ടിരിക്കുന്നു. നീ അതിനെ കിഴക്കുനിന്നു നയിക്കുക.’ ഇതുകേട്ട് ആ സത്യനിഷേധി ഉത്തരം മുട്ടി. എന്നാല്‍ അക്രമികള്‍ക്ക് അല്ലാഹു സന്മാര്‍ഗം കാണിക്കുന്നില്ല. (അല്‍ബഖറ: 258), “നാമാകുന്നു ജീവിതമരുളുന്നത്. നാം തന്നെ മരണവുമേകുന്നു. എല്ലാവരുടെ മടക്കവും നമ്മിലേക്കു തന്നെ.” (ഖാഫ്: 43)
63. അല്‍ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍):
അല്ലാഹു ഒരിക്കലും മരണമില്ലാത്തവനാകുന്നു. സജീവനായ ദൈവത്തില്‍നിന്നാണ് സൃഷ്ടികള്‍ക്ക് ജീവന്‍ പകര്‍ന്നു കിട്ടുന്നത്. നിര്‍ജീവവും നിര്‍ഗുണവുമായ ഒരു ദൈവത്തേക്കാള്‍ എത്രയോ ശ്രേഷ്ഠനാണ് സജീവനും സര്‍വ്വഗുണ സമ്പന്നനുമായ നാഥന്‍. അല്ലാഹു, അവനല്ലാതെ ദൈവമില്ലതന്നെ. അഖില പ്രപഞ്ചത്തെയും അടക്കിഭരിക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാകുന്നു, അവന്‍. (ആലുഇംറാന്‍: 2), “അവനാകുന്നു ജീവത്തായവന്‍. അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ കീഴ്വണക്കം അവനു മാത്രമാക്കിക്കൊണ്ട് പ്രാര്‍ഥിക്കുവിന്‍. സകല സ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിനുമാത്രം.’’ (ഗാഫിര്‍: 65)
64. അല്‍ഖയ്യൂം (നിയന്താവ്):
സ്വയം നിലനില്‍ക്കുന്നവനും മറ്റുള്ളവയുടെയെല്ലാം നിലനില്‍പിന് ആധാരമായവനുമാണ് അല്ലാഹു. സൃഷ്ടിജാലങ്ങള്‍ക്കാവശ്യമായ സകല കഴിവുകളും നല്‍കുന്നവന്‍ അവനാണ്. മറ്റു യാതൊന്നിനെയും ആശ്രയിക്കാതെ സ്വയമായി നിലനില്‍ക്കുന്നവന്‍ അല്ലാഹു മാത്രമാണ്. ഇത്തരം നിലനില്‍പ്പുള്ളവനെയാണ് അല്‍ഖയ്യൂം എന്ന് പറയുക. പ്രവാചകന്‍(സ) പ്രാര്‍ഥിക്കാനായി കൂടുതലായി ഉപയോഗിച്ചത് അല്ലാഹുവിന്റെ ഈ വിശേഷണമായിരുന്നു എന്ന് ഹദീസില്‍ കാണാം. “അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ. (അല്‍ബഖറ: 255), “നിത്യജീവനും സകലതും നിലനിര്‍ത്തുന്നവനുമായ അവന്റെ സമക്ഷത്തില്‍ ജനങ്ങളുടെ ശിരസ്സ് കുനിഞ്ഞുപോകുന്നു. അന്ന്, അധര്‍മത്തിന്റെ ഭാരം പേറിയവന്‍ പരാജിതനായതുതന്നെ.” (ത്വാഹ: 111)
65. അല്‍വാജിദ് (ഐശ്വര്യവാന്‍, ആവശ്യമായതെല്ലാം ഉള്ളവന്‍):
അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതെല്ലാം പ്രവൃത്തിക്കാന്‍ കഴിവുള്ളവനും അവനാവശ്യമുള്ളതെല്ലാം ഉള്ളവനുമാണ്. ഇത്തരം ഒരു പൂര്‍ണത അവകാശപ്പെടാന്‍ സൃഷ്ടികള്‍ക്കാര്‍ക്കും സാധ്യമല്ല.
66. അല്‍മാജിദ് (മഹത്വമുള്ളവന്‍, ശ്രേഷ്ഠന്‍):
അല്‍മജീദ് എന്ന വിശേഷണത്തോട് ബന്ധപ്പെട്ടതാണ് ഇത്. ന•യുടെയും ഔദാര്യത്തിന്റെയും പര്യായമാണ് അല്ലാഹു. മജീദ് എന്ന പദത്തേക്കാള്‍ അര്‍ഥവ്യാപ്തിയുള്ള പദമാണ് മാജിദ്.
67. അല്‍വാഹിദ് (ഏകന്‍):
അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇത്. ഭാഗിക്കാനാവാത്തതും അംശമില്ലാത്തതും എന്നാണ് വാഹിദ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും ഒരു തുല്യനെ കണ്ടെത്തുക അസാധ്യമാണ്. “അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണ്ട) ഒരാത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം വാദിക്കാതിരിക്കുക. അതില്‍നിന്നു വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്കുന്നതില്‍നിന്ന് പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ’’ (അന്നിസാഅ്: 171)
68. അസ്സ്വമദ് (സര്‍വ്വാധിനാഥന്‍, നിരാശ്രയന്‍):
അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. മനുഷ്യന്‍ തന്റെ സകല ആവശ്യങ്ങളും സമര്‍പ്പിക്കുന്നതും ആശ്രയം തേടുന്നതും അല്ലാഹുവിനോടാണ്. അല്ലാഹുവിന് അവനല്ലാത്ത യാതൊന്നിന്റെയും ആവശ്യമോ ആശ്രയമോ ഇല്ല. സകലതും ജയിച്ചടക്കുന്നവനും എന്നെന്നും അതേരൂപത്തില്‍ അവശേഷിക്കുന്നവനുമാണവന്‍. “അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.’’ (അല്‍ഇഖ്ലാസ്: 2)
69. അല്‍ഖാദിര്‍ (കഴിവുള്ളവന്‍), 70. അല്‍മുഖ്തദിര്‍ (അജയ്യശക്തന്‍):
രണ്ടിന്റെയും ആശയം ഒന്നുതന്നെയാണ്. എന്നാല്‍ മുഖ്തദിര്‍ എന്നതിന് ഖാദിര്‍ എന്നതിനേക്കാള്‍ അര്‍ഥവ്യാപ്തിയുണ്ട്. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. ലോകത്തുളള ഒരു വസ്തുവും അവന്റെ കഴിവിനപ്പുറം കടക്കുന്നതല്ല. അതേ അര്‍ഥത്തിലുള്ള മറ്റൊരു നാമമാണ് അല്‍ഖദീര്‍ എന്നത്. എന്നാല്‍ 99 നാമങ്ങളില്‍ എണ്ണിക്കാണുന്നില്ല. അല്ലാഹുവിന്റെ ഈ കഴിവിന്റെ ഉദ്ദേശ്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ ചെയ്യുന്നവനെന്നും ചെയ്യാതിരിക്കാന്‍ തീരുമാനിച്ചാല്‍ ചെയ്യാതിരിക്കുന്നവനെന്നുമാണ്. ഇവിടെ സംഭവിക്കാത്ത കാര്യങ്ങള്‍ അവന്‍ ഉദ്ദേശിച്ചിട്ടില്ല എന്നര്‍ഥം. ഇവിടെ സംഭവിച്ചതെല്ലാം അവന്‍ ഉദ്ദേശിച്ചതാണ്. ദാസനുള്ള കഴിവ് അല്ലാഹുവിന്റെ കഴിവിന്റെ അംശമാണ്. അതവന് അല്ലാഹു നല്‍കുന്നതാണ്. (അല്‍അന്‍ആം: 65), ) “ഫറവോന്‍ പ്രഭൃതികള്‍ക്കും താക്കീതുകള്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെയും അവര്‍ തള്ളിപ്പറഞ്ഞു. ഒടുവില്‍ ഒരജയ്യശക്തന്‍ പിടികൂടുംവണ്ണം നാം അവരെ പിടികൂടി.”(അല്‍ഖമര്‍: 42)
71. അല്‍മുഖദ്ദിം (മുന്തിക്കുന്നവന്‍), 72. അല്‍മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍)
അല്ലാഹു താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അവന്റെ കഴിവും ജ്ഞാനവും ഉപയോഗിച്ച് മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നു. അതുപോലെ അവനുദ്ദേശിക്കുന്നവരെ തന്നിലേക്കടുപ്പിക്കുകയും ഉദ്ദേശിക്കുന്നവരെ തന്നില്‍നിന്നകറ്റുകയും ചെയ്യുന്നു. അതായത്, ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളില്‍പ്പെട്ടതാണ്. മനുഷ്യന്‍ തന്റെ വിജ്ഞാനം കൊണ്ടോ കഴിവുകൊണ്ടോ ആരുടെയെങ്കിലും മുന്നിലാവുന്നുവെങ്കില്‍ അതിനര്‍ഥം കഴിവ് അവനില്‍ സ്വയം ഉണ്ടായതാണ് എന്നല്ല. മറിച്ച് അതിനെല്ലാമുള്ള കഴിവ് അല്ലാഹുവാണ് അവന് നല്‍കിയത് എന്നാണ്. അതുകൊണ്ടാണ് നമസ്കാരത്തിലെ അവസാനത്തെ പ്രാര്‍ഥനയില്‍ അവന്റെ ഈ ഗുണങ്ങള്‍ക്കൊണ്ട് പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചത്.
73. അല്‍അവ്വല്‍ (ആദ്യന്‍) 74. അല്‍ആഖിര്‍ (അന്ത്യന്‍):
അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ ഒന്നാമത്തെ സത്ത. അതിനുശേഷമാണ് മറ്റെല്ലാമുണ്ടായത്. ആ അല്ലാഹുവിന് തുടക്കമില്ല. അതുപോലെ ഒടുക്കവുമില്ല. അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നില്‍നിന്നല്ല. എല്ലാ വസ്തുക്കളുടെയും അസ്തിത്വം അല്ലാഹുവില്‍നിന്നാണ്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും നാമാവശേഷമായ ശേഷവും അവശേഷിക്കുന്ന അസ്തിത്വം അല്ലാഹുവിന്റേത് മാത്രമാണ്. എല്ലാ സൃഷ്ടി ജാലങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും അവനില്‍നിന്നാണ്, അവനിലേക്കാണ്. ഏതന്വേഷണത്തിന്റെയും അന്ത്യം അല്ലാഹുവിലായിരിക്കും. “അവന്‍ തന്നെയാണ് ആദിയും അന്ത്യവും, അകവും പുറവും.3 അവന്‍ സകല സംഗതികളും അറിവുള്ളവനല്ലോ.’’ (അല്‍ഹദീദ്: 3)
75. അള്ളാഹിര്‍ (പ്രത്യക്ഷന്‍, വ്യക്തമായവന്‍) 76. അല്‍ബാത്വിന്‍ (പരോക്ഷന്‍, ഗോപ്യമായവന്‍):
മുമ്പ് പറഞ്ഞ വിശേഷണം പോലെ വിപരീതാര്‍ഥത്തിലുള്ള രണ്ട് ആശയങ്ങളാണ് ഇവയിലുള്ളത്. അല്ലാഹു ഒരേ സമയം പ്രത്യക്ഷനും പരോക്ഷനുമാണ്. അത് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ഭാഗമാണ്. അതായത് മനുഷ്യന് അവന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ ദര്‍ശിക്കുക അസാധ്യമാണ്. എന്നാല്‍ അവന്റെ ബോധമനസ്സിനാലുള്ള ചിന്തകൊണ്ട് അല്ലാഹുവിനെ കണ്ടെത്താന്‍ കഴിയുന്നു. പണ്ഡിതന്മാരുടെ അഭിപ്രായം മേല്‍പ്പറഞ്ഞ വിപരീതാര്‍ഥത്തിലുള്ള ഗുണങ്ങള്‍ ഒരുമിച്ചേ പറയാവൂ എന്നാണ്. “അവന്‍ തന്നെയാണ് ആദിയും അന്ത്യവും, അകവും പുറവും. അവന്‍ സകല സംഗതികളും അറിവുള്ളവനല്ലോ.’’ (അല്‍ഹദീദ്: 3)
77. അല്‍വാലി (രക്ഷകര്‍ത്താവ്, ബന്ധു):
വലിയ്യ് എന്ന വിശേഷണത്തിന്റെ അര്‍ഥത്തില്‍ വരുന്നതാണ്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും സഹായിയും ബന്ധുവുമാണ്. അവനോട് ആഭിമുഖ്യം പുലര്‍ത്തുന്നവനെ അല്ലാഹു സഹായിക്കും. ഒരു ബന്ധു എന്ന നിലക്ക് സ്നേഹം പ്രകടിപ്പിക്കാനും അടുക്കാനും സൃഷ്ടികളോട് ആവശ്യപ്പെടുകയാണ് ഈ നാമത്തിലൂടെ. വലിയ്യ്, മൌല പോലുള്ള ആശയങ്ങള്‍ ഇതില്‍നിന്ന് ഉണ്ടായതാണ്. “ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവനു വേണ്ടി നിശ്ചയിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അവര്‍, അല്ലാഹുവിന്റെ ആജ്ഞാനുസാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല.” (അര്‍റഅദ്: 11)
78. അല്‍ മുതആലി (സര്‍വോന്നതന്‍):
അല്‍അലിയ്യ്, അര്‍റാഫിഅ് പോലുള്ള വിശേഷണങ്ങളോട് യോജിക്കുന്നതാണിത്. അല്ലാഹു പ്രപഞ്ചത്തിലെ സകലതിനേക്കാളും വലുപ്പമുള്ളതാണ് എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എല്ലാവരുടെയും മുകളില്‍ അധികാരിയായി കല്‍പ്പിക്കുന്നവനായി അല്ലാഹു നിലകൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ സൃഷ്ടികളിലാര്‍ക്കും താന്‍ ഉന്നതാണെന്ന് വാദിക്കാനോ അഹങ്കരിക്കാനോ അവകാശമില്ല. എല്ലാ സന്ദര്‍ഭത്തിലും അല്ലാഹു തന്നെയാണ് ഉന്നതന്‍. അതിനൊരിക്കലും ഒരു മാറ്റവുമില്ല. “ഒളിഞ്ഞതും തെളിഞ്ഞതുമായ സകലതും അറിയുന്നവന്‍; ഗാംഭീര്യമുളളവനും ഏതവസ്ഥയിലും ഉന്നതനായി നിലകൊളളുന്നവനും’’. (അര്‍റഅദ്: 9)
79. അല്‍ബര്‍റ് (പുണ്യവാന്‍, അത്യുദാരന്‍):
അല്ലാഹു തന്റെ ദാസന്മാര്‍ക്ക് നിത്യവും നന്മ ചെയ്യുന്നവനും ധാരാളമായി അനുഗ്രഹം ചൊരിയുന്നവനുമാണ്. അവന്റെ നന്മക്കോ അനുഗ്രഹത്തിനോ ഒരിക്കലും കുറവു വരില്ല. അല്ലാഹുവിന്റെ ഇത്തരത്തിലുള്ള മുഴച്ചുനില്‍ക്കുന്ന ഗുണനാമങ്ങള്‍ അല്ലാഹുവല്ലാതെ സൃഷ്ടികള്‍ക്ക് നന്മയും അനുഗ്രഹവും ചൊരിയുന്ന മറ്റാരുമില്ല എന്ന് വ്യക്തമാക്കുന്നു. “പൂര്‍വ ജീവിതത്തില്‍ ഞങ്ങള്‍ അവനോടു മാത്രമാണ് പ്രാര്‍ഥിച്ചിരുന്നത്. നിസ്സംശയം, അവന്‍ അത്യുദാരനും ദയാപരനുമല്ലോ”. (അത്തൂര്‍: 28)
80. അത്തവ്വാബ് (ഏറെപശ്ചാതാപം സ്വീകരിക്കുന്നവന്‍):
അല്ലാഹു സൃഷ്ടികളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും അവരുടെ തെറ്റുകള്‍ക്ക് മാപ്പുനല്‍കുന്നവനുമാണ്. തൌബ എന്ന പദം സൃഷ്ടികളെ സംബന്ധിച്ചും സ്രഷ്ടാവിനെ സംബന്ധിച്ചും പറയാറുണ്ട്. സൃഷ്ടികളെക്കുറിച്ചാവുമ്പോള്‍ പശ്ചാതപിച്ചു മടങ്ങിയെന്നും സ്രഷ്ടാവിനെക്കുറിച്ചാവുമ്പോള്‍ പശ്ചാത്താപം സ്വീകരിച്ചു മാപ്പുനല്‍കി എന്നുമാണ് ഉദ്ദേശ്യം. ഇസ്ലാമില്‍ പശ്ചാത്താപത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ ഈ ഗുണം ഉപയോഗപ്പെടുത്താന്‍വേണ്ടി, പശ്ചാത്തപിക്കാന്‍ ഖുര്‍ആന്‍ അടിക്കടി മനുഷ്യരെ ഉണര്‍ത്തുന്നതുകാണാം. മനുഷ്യരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ സദാ സന്നദ്ധനായിരിക്കുന്നവനാണ് അല്ലാഹു. “ദാസന്മാരില്‍നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതും അവനാകുന്നു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവന്‍ അറിയുന്നുണ്ട്.’’ (അശ്ശൂറാ: 25), “നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്ലിം (അനുസരണമുള്ളവര്‍) ആയ ദാസന്മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്നും നിനക്കു മുസ്ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ!!”(അല്‍ബഖറ: 128)
81. അല്‍മുന്‍തഖിം (ശിക്ഷിക്കുന്നവന്‍, പ്രതികാരം ചെയ്യുന്നവന്‍):
ആത്മാര്‍ഥമായ പശ്ചാതാപം അല്ലാഹു സ്വീകരിക്കുന്നതോടൊപ്പം അഹങ്കാരികളെയും ധിക്കാരികളെയും അല്ലാഹു ശിക്ഷിക്കുകയും ചെയ്യും. ദൈവിക നീതിയുടെ താല്‍പര്യമാണ് കുറ്റവാളികളെ ശിക്ഷിക്കുക എന്നത്. അല്ലാഹു മനുഷ്യന് പശ്ചാത്തപിക്കാനും തെറ്റില്‍നിന്ന് മടങ്ങാനുമുള്ള അവസരം നല്‍കിയ ശേഷമാണ് പിടികൂടുക. അങ്ങനെയുള്ള ശിക്ഷ അതികഠിനമായിരിക്കും. ദാസന്മാരെ അശ്രദ്ധയില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇതുപകരിക്കും. “തന്റെ റബ്ബിന്റെ സൂക്തങ്ങള്‍ വഴി ഉദ്ബോധനം ചെയ്യപ്പെട്ട ശേഷം, അതില്‍നിന്ന് പുറംതിരിഞ്ഞു പോകുന്നവനേക്കാള്‍ വലിയ ധിക്കാരി ആരുണ്ട്? നിശ്ചയം, അത്തരം ധിക്കാരികളോടു നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും.” (അസ്സജദ: 22), “ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന്‍ തൌറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അവന്‍ (സത്യാസത്യങ്ങളെ മാറ്റുരച്ചു വേര്‍തിരിക്കുന്ന) ഫുര്‍ഖാന്‍ അവതരിപ്പിച്ചു. ഇനി ആരെങ്കിലും ദൈവികസൂക്തങ്ങളെ തള്ളിക്കളയുകയാണെങ്കില്‍ അവര്‍ക്ക് കഠിനശിക്ഷ ലഭിക്കുകതന്നെ ചെയ്യും. അല്ലാഹു അപാരമായ ശക്തിയുടയവനും ദുഷ്ടരോട് പ്രതികാരം ചെയ്യുന്നവനുമത്രെ.” (ആലുഇംറാന്‍: 4)
82. അല്‍ അഫുവ്വ് (ഏറെ വിട്ടുവീഴ്ചചെയ്യുന്നവന്‍):
അല്‍ഗഫൂറിന്റെ അര്‍ഥത്തില്‍ വരുന്ന ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു തിന്മകളെ മായ്ച്ചുകളയുന്നവനും പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നവനുമാകുന്നു എന്നാണ്. സൃഷ്ടികളുടെ പാപങ്ങള്‍ അവന്റെ പക്കലുള്ള രേഖകളില്‍നിന്നുതന്നെ മായ്ച്ചുകളയുന്നവനാണ് എന്ന് ഇതില്‍നിന്നും മനസ്സിലാവുന്നു. ഈ ഗുണം ദാസന്മാരും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ അല്ലാഹുവില്‍നിന്ന് ഇത് പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളൂ.
83. അര്‍റഊഫ് (കൃപാനിധി, കനിവുളളവന്‍):
അല്ലാഹു തന്റെ സൃഷ്ടികളോട് ഏറെ അലിവുള്ളവനാണ്. പരമാവധി സൃഷ്ടികളുടെ പാപത്തോട് ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. അര്‍റഹീം എന്ന വിശേഷണത്തോട് ഏറെ യോജിപ്പുള്ള ഒരു വിശേഷണമാണ് ഇത്. അല്ലാഹുവിന്റെ അലിവിനെക്കുറിച്ചും കൃപാകടാക്ഷത്തെക്കുറിച്ചും തിരിച്ചറിയുന്ന ദാസന്‍ അവനിലേക്ക് മടങ്ങാന്‍ തയ്യാറാകുന്നു. “മറുവശത്ത്, മനുഷ്യരില്‍തന്നെ ഇങ്ങനെയുമുണ്ടൊരു കൂട്ടര്‍: അവര്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ജീവന്‍പോലും ത്യജിക്കാന്‍ സന്നദ്ധരാകുന്നു. അല്ലാഹു അത്തരം അടിയാറുകളോട് അതീവദയാലുവാകുന്നു.” (അല്‍ബഖറ: 207)
84. മാലിക്കുല്‍മുല്‍ക്ക് (എല്ലാ ആധിപത്യങ്ങളുടെയും ഉടമ)
പ്രപഞ്ചത്തിന്റെയഖിലം സകലഅധികാരങ്ങളും അല്ലാഹുവിന് മാത്രമാണുള്ളത്. അവയില്‍ അവനിഷ്ടമുള്ളതിനെ അവന്‍ ഇഛിക്കുമ്പോള്‍ നശിപ്പിക്കാനും അവനിഷ്ടമുള്ളതിനെ സൃഷ്ടിക്കാനുമുള്ള കഴിവ് അല്ലാഹുവിനുണ്ട്. സകല സൃഷ്ടികളുമടങ്ങുന്ന മഹാസാമ്രാജ്യത്തിന്റെ ഏക അധിപനാണ് അല്ലാഹു. അതില്‍ യാതൊരുവിധ കൈകടത്തലിനും ആര്‍ക്കും അധികാരമില്ല. “പറയുക: ‘സമസ്താധികാരങ്ങളുടെയും ഉടയവനായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് ആധിപത്യം നല്‍കുന്നു. നീ ഇഛിക്കുന്നവരില്‍നിന്ന് അത് നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവര്‍ക്കു പ്രതാപമേകുന്നു. നീ ഇഛിക്കുന്നവരെ നിന്ദിതരാക്കുന്നു. സൌഭാഗ്യങ്ങളഖിലം നിന്റെ ഹസ്തത്തിലത്രെ. നിസ്സംശയം, നീ സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു.’’ (ആലുഇംറാന്‍: 26)
85. ദുല്‍ജലാലി വല്‍ ഇക്റാം (മഹത്വവും ആദരവും ഉടമപ്പെടുത്തിയവന്‍):
സകല സൃഷ്ടിജാലങ്ങളെക്കാളും മഹത്വവും ആദരവും ഉടയവന്‍ അല്ലാഹു മാത്രമാണ്. അതില്‍നിന്നാണ് സൃഷ്ടികള്‍ക്ക് മഹത്വവും ആദരവും നല്‍കിയിട്ടുള്ളത്. “പ്രൌഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമമെത്ര പരിശുദ്ധം!’’ (അര്‍റഹ്മാന്‍: 78)
86. അല്‍മുഖ്സിത്വ് (നീതിമാന്‍):
അക്രമിക്കുന്നവനും അക്രമിക്കപ്പെടുന്നവനും സംതൃപ്തമാവുന്ന തരത്തില്‍ നീതി നടപ്പിലാക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു. ഇത് അല്ലാഹുവിന് മാത്രമാണ് കഴിയുക. അല്‍ അദ്ല്‍ എന്ന വിശേഷണത്തോട് യോജിപ്പുള്ള ഒരു വിശേഷണമാണിത്. അല്ലാഹുവിന്റെ കോടതിയില്‍ അക്രമിക്ക് അവന്‍ അര്‍ഹിക്കുന്ന ശിക്ഷയും സദ്വൃത്തന് അവന്‍ അര്‍ഹിക്കുന്ന പ്രതിഫലവും നല്‍കുന്നതാണ്. ഭൂമിലോകത്ത് ഈ ഗുണം ഉണ്ടാക്കിയെടുക്കാന്‍ മനുഷ്യന്‍ പരിശ്രമിക്കേണ്ടതാണ്. “സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍ -അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്നേഹിക്കുന്നു’’. (അല്‍ഹുജുറാത്ത്: 9)
87. അല്‍ജാമിഅ് (സമ്മേളിപ്പിക്കുന്നവന്‍):
മരണാന്തരം അഴുകി നുരുമ്പിച്ച എല്ലില്‍നിന്നും അല്ലാഹു സൃഷ്ടികളെ പുനരുജ്ജീവിപ്പിച്ച് അല്ലാഹുവിന്റെ കോടതിയില്‍ ഒരുമിച്ചു കൂട്ടുന്നു. മരണാന്തരം മനുഷ്യരെ ജീവിപ്പിക്കാനും അവരെ ഒരുമിച്ചു കൂട്ടാനും യാതൊരു പ്രയാസവുമില്ലാത്തവനാണ് അല്ലാഹു. മറ്റൊരര്‍ഥത്തില്‍ അല്ലാഹു മനുഷ്യശരീരത്തില്‍ വ്യത്യസ്ഥ സ്വഭാവങ്ങളും ഗുണങ്ങളും ഒരുമിച്ചുകൂട്ടിയിരിക്കുന്നു. അതുപോലെ പ്രപഞ്ചത്തില്‍ വ്യത്യസ്ത നിറങ്ങളെ അല്ലാഹു സമ്മേളിപ്പിച്ചിരിക്കുന്നു. പച്ച, നീല, കറുപ്പ് പോലെ. ഇങ്ങനെ എല്ലാത്തിനെയും ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അല്ലാഹു. “അവരോട് ചോദിക്കുക: ‘വാന-ഭുവനങ്ങളിലുള്ളതൊക്കെയും ആരുടേത്?’ പറയുക: ‘സകലതും അല്ലാഹുവിന്റേതുമാത്രമാകുന്നു. അവന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി അംഗീകരിച്ചിരിക്കുന്നു. (അതുകൊണ്ടത്രെ ധിക്കാരത്തിന്റെ പേരില്‍ അവന്‍ നിങ്ങളെ ഉടനടി പിടികൂടാത്തത്.) അന്ത്യനാളില്‍ അവന്‍ നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. അതൊരു സംശയമില്ലാത്ത യാഥാര്‍ഥ്യമാകുന്നു. എന്നാല്‍ തങ്ങളെ സ്വയം നാശഗര്‍ത്തത്തിലകപ്പെടുത്തുന്ന ജനമോ, അവരത് വിശ്വസിക്കുന്നില്ല.’ (അല്‍ അന്‍ആം: 12)
88. അല്‍ഗനിയ്യ് (ഐശ്വര്യവാന്‍):
അല്ലാഹു മറ്റു യാതൊന്നിന്റെയും ആവശ്യമില്ലാത്തവനാണ്. യാതൊരാശ്രയവും അവനാവശ്യമില്ല. എന്നാല്‍ സകല സൃഷ്ടിജാലങ്ങളും അവനിലേക്കാവശ്യമുള്ളവരാണ്. അല്ലാഹുവിന് ഏതെങ്കിലുമൊരു കാര്യത്തില്‍ സൃഷ്ടികളെ ആശ്രയിക്കേണ്ടി വന്നാല്‍ അതവന്റെ ദിവ്യത്വത്തിന് കുറവാണ്. ഇത്തരം നിരാശ്രയത്വം അല്ലാഹുവിലൊഴികെ മറ്റൊന്നിലും ഉണ്ടാവുകയില്ല. മനുഷ്യന് തന്റെ അഹങ്കാരം വര്‍ജിക്കാന്‍ ഈ വിശേഷണത്തിന്റെ സ്മരണകൊണ്ട് സാധിക്കും. “നാം ലുഖ്മാന്ന് തത്ത്വജ്ഞാനമരുളിയിട്ടുണ്ടായിരുന്നു. എന്തെന്നാല്‍, അല്ലാഹുവിനോടു നന്ദി കാണിക്കേണം.18 ഒരുവന്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അത് അവന്റെ ഗുണത്തിനുവേണ്ടിത്തന്നെയാകുന്നു. കൃതഘ്നനാവുകയാണെങ്കിലോ, അല്ലാഹു യഥാര്‍ഥത്തില്‍ ആരെയും ആശ്രയിക്കാത്തവനും സ്വയം സ്തുത്യനുമാകുന്നു.’’ (ലുഖ്മാന്‍: 12), “വല്ലവനും ജിഹാദ് ചെയ്യുന്നുവെങ്കില്‍ അത് അവന്റെതന്നെ നന്മക്കുവേണ്ടിയത്രെ.8 നിശ്ചയം, അല്ലാഹു ലോകവാസികളെ ഒട്ടും ആശ്രയിക്കാത്തവനാകുന്നു.” (അല്‍അന്‍കബൂത്: 6)
89. അല്‍ മുഗ്നി (ഐശ്വര്യം നല്‍കുന്നവന്‍)
അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് അവന്റെ ഐശ്വര്യത്തില്‍നിന്ന് നല്‍കുന്നവനാണ്. എന്നാല്‍ അല്ലാഹു മനുഷ്യനു നല്‍കുന്ന ഐശ്വര്യം മുഖേന അല്ലാഹുവിന്റെ വിശേഷണമായ അല്‍ഗനിയ്യ് എന്ന പദവിയിലേക്ക് മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കില്ല. കാരണം മനുഷ്യന്‍ അല്ലാഹുവിന്റെ ആശ്രയത്വത്തില്‍നിന്ന് ഒരിക്കലും മുക്തനാവുന്നില്ല. അല്ലാഹുവിനെ ആശ്രയിക്കുന്നതില്‍നിന്ന് ഒരാള്‍ക്കും പുറത്തു പോവുക സാധ്യമല്ല. “നോക്കൂ നിങ്ങളിതാ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവ്യയം ചെയ്യാന്‍ ക്ഷണിക്കപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ ലുബ്ധ് കാണിക്കുകയാണ്. എന്നാല്‍ ലുബ്ധനാകുന്നവന്‍ യഥാര്‍ഥത്തില്‍ തന്നോടുതന്നെയാണ് ലുബ്ധനാകുന്നത്. അല്ലാഹു പരാശ്രയം വേണ്ടാത്ത സ്വയംപര്യാപ്തനാകുന്നു. നിങ്ങള്‍ അവന്റെ ആശ്രിതരും. നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ പകരം അല്ലാഹു മറ്റൊരു ജനത്തെ കൊണ്ടുവരുന്നതാകുന്നു. അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല.’’ (മുഹമ്മദ്: 38), “ഒരനാഥനായി അവന്‍ നിന്നെ കണ്ടിട്ടില്ലയോ; അപ്പോള്‍ നിനക്കഭയമേകിയില്ലയോ?6 വഴിയറിയാത്തവനായും അവന്‍ നിന്നെ കണ്ടു. അപ്പോള്‍ നേര്‍വഴി കാണിച്ചുതന്നു.7 പ്രാരാബ്ധക്കാരനായും കണ്ടു. അപ്പോള്‍ നിനക്ക് സമ്പത്തരുളി.8 ആകയാല്‍ നീ അനാഥരെ ഞെരുക്കരുത്.9 ചോദിച്ചുവരുന്നവരെ വിരട്ടിയോടിക്കയുമരുത്.10 നിന്റെ നാഥന്റെ അനുഗ്രഹം പ്രഘോഷണം ചെയ്തുകൊണ്ടിരിക്കേണം’’. (അള്ളുഹാ: 611)
90. അല്‍മാനിഅ് (തടയുന്നവന്‍):
നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളെ തട്ടിമാറ്റി തന്റെ ദാസന്മാരെ സംരക്ഷിക്കുന്നവനാണ് അല്ലാഹു. അതുപോലെ മനുഷ്യന് തടയാന്‍ ഉദ്ദേശിച്ചത് അവന്‍ തടയുകയും നല്‍കാനുദ്ദേശിച്ചത് നല്‍കുകയും ചെയ്യും. അല്ലാഹു ഏറെ നല്‍കുന്നവനാണെന്നതോടൊപ്പം അവനിഛിക്കുന്നവര്‍ക്ക് തടയുക എന്നതും അവന്റെ കഴിവുകളില്‍ പെട്ടതാണ്. അല്‍ ഹഫീള് എന്ന ഗുണത്തില്‍ പറഞ്ഞതുപോലെ തന്റെ ദാസന്മാരെ ബാധിക്കാനിരിക്കുന്ന വിപത്തുകളെ തടയുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. ഈ നാമം ഖുര്‍ആനില്‍ വന്നിട്ടില്ല.
91. അള്ളാര്‍റ് (ഉപദ്രവകാരി), 92. അന്നാഫിഅ് (ഉപകാരി):
ഗുണവും ദോഷവും രോഗവും ആരോഗ്യവും സുഖവും ദുഃഖവും ഉപകാരവും ഉപദ്രവവുമെല്ലാം നല്‍കുന്നവന്‍ അല്ലാഹുവാണ്. അതിനുള്ള എല്ലാ അധികാരങ്ങളും അവനുണ്ട്. നന്മയുടെയും തിന്മയുടെയുമെല്ലാം ഉറവിടം അല്ലാഹുവാണ്.
93. അന്നൂര്‍ (പ്രകാശം):
പ്രത്യക്ഷനായ അല്ലാഹു സ്വയം പ്രകാശമുള്ളവനും മറ്റുള്ളവയെ പ്രകാശിപ്പിക്കാന്‍ കഴിവുള്ളവനുമാണ്. അല്ലാഹുവിന്റെ പ്രകാശത്തില്‍നിന്നാണ് എല്ലാ പ്രകാശങ്ങളും ഉത്ഭവിച്ചിരിക്കുന്നത്.
94. അല്‍ഹാദീ (മാര്‍ഗദര്‍ശകന്‍):
മനുഷ്യഹൃദയങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവനാണല്ലാഹു. നന്മയുടെയും തിന്മയുടെയും മാര്‍ഗമേതെന്ന് വ്യക്തമായി പഠിപ്പിക്കുന്നതിനായി അല്ലാഹു പ്രവാചകന്മാരെയും ദൈവിക ഗ്രന്ഥങ്ങളെയും ഇറക്കി. ഖുര്‍ആനില്‍ ഒന്നാം അധ്യായത്തില്‍തന്നെ ‘വഴികാട്ടിത്തരണേ’ എന്ന പ്രാര്‍ഥനയും രണ്ടാം അധ്യായത്തിന്റെ തുടക്കത്തില്‍ അതിന്റെ മറുപടിയെന്നോണം എങ്ങനെയാണ് സന്മാര്‍ഗത്തിലേക്കെത്തുക എന്നും പഠിപ്പിച്ചിരിക്കുന്നു. മാതാവില്‍നിന്ന് വേര്‍പിരിയുന്ന ഒരോ ജീവിക്കും എങ്ങനെ അന്നം കണ്ടെത്തണമെന്ന അറിവും മാര്‍ഗവും അല്ലാഹു നല്‍കിയതാണ്. “ജ്ഞാനം ലഭിച്ച ആളുകള്‍ അത് നിന്റെ നാഥങ്കല്‍നിന്നുള്ള സത്യമെന്നറിയേണ്ടതിനും, അങ്ങനെ അതില്‍ വിശ്വസിക്കുകയും അവരുടെ മനസ്സുകള്‍ അവനോട് കീഴ്വണക്കമുള്ളതാവുകയും ചെയ്യേണ്ടതിനും. സത്യവിശ്വാസം കൈക്കൊള്ളുന്നവരെ സദാ സല്‍പന്ഥാവിലേക്ക് നയിക്കുന്നവനല്ലോ അല്ലാഹു”. (അല്‍ഹജ്ജ്: 54), നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. (അല്‍ഇന്‍സാന്‍: 3)
95. അല്‍ബദീഅ് (അതുല്യന്‍):
അല്ലാഹു സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത് മുന്‍ മാതൃകയില്ലാതെയാണ്. അതുപോലെ അല്ലാഹു സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും അവന് തുല്യരായി ആരുമില്ല. വീണ്ടും ഈ സൃഷ്ടി ജാലങ്ങളെ മടക്കിക്കൊണ്ടുവരാനും കഴിവുറ്റവനാണ് അല്ലാഹു. അതുപോലെ അല്ലാഹുവിന്റെ അസ്തിത്വനു തുല്യമായി യാതൊന്നും അവന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. “അവന്‍ ആകാശഭൂമികളെ മൌലികമായി ആവിഷ്കരിച്ചവനാകുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ‘അത് ഭവിക്കട്ടെ’ എന്നരുളുകയേ വേണ്ടൂ. അപ്പോള്‍ അത് സംഭവിക്കുകയായി’’. (അല്‍ബഖറ: 117)
96. അല്‍ബാഖി (എന്നെന്നും അവശേഷിക്കുന്നവന്‍):
പ്രപഞ്ചത്തിലെ സകലവസ്തുക്കളും നശിച്ചാലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒരേ ഒരു അസ്തിത്വമാണ് അല്ലാഹുവിന്റേത്. അല്ലാഹു അനന്തനും അനാദിയുമാണ്. “നിന്റെ റബ്ബിന്റെ പ്രൌഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ’’. (അര്‍റഹ്മാന്‍: 27)
97. അല്‍വാരിസ് (അനന്തരമെടുക്കുന്നവന്‍):
അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം പ്രപഞ്ചത്തില്‍ നാമാവശേഷമായിത്തീരുമ്പോള്‍ അവയുടെയെല്ലാം അനന്തരാവകാശം അല്ലാഹുവിനായിരിക്കും. അന്നേ ദിവസം എല്ലാ വസ്തുക്കളെയും അവന്‍ ഏറ്റെടുക്കുന്നതാണ്. “തീര്‍ച്ചയായും നാമാകുന്നു ജീവിപ്പിക്കുന്നത്. മരിപ്പിക്കുന്നതും നാം തന്നെ. സകലത്തിന്റെയും അന്തിമാവകാശിയായിത്തീരുന്നതും നാം തന്നെയാകുന്നു’’. (അല്‍ഹിജ്ര്‍: 23), “നിങ്ങള്‍ എന്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നില്ല-ആകാശ-ഭൂമികളുടെ അടിസ്ഥാനാവകാശം അല്ലാഹുവിനുള്ളതാണെന്നിരിക്കെ? നിങ്ങളില്‍, വിജയത്തിനുശേഷം ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരോട് ഒരിക്കലും തുല്യരാകുന്നില്ല. ജയിച്ച ശേഷം ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടേതിനേക്കാള്‍ എത്രയോ ഉന്നതമാണ് വിജയത്തിനു മുമ്പ് ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടെ സ്ഥാനം- ഇരുകൂട്ടര്‍ക്കും അല്ലാഹു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തിനെക്കുറിച്ചും തികഞ്ഞ ബോധമുള്ളവനത്രെ അല്ലാഹു.’’ (അല്‍ഹദീദ്: 10)
98. അര്‍റശീദ് (മാര്‍ഗദര്‍ശകന്‍, വിവേകി):
തന്റെ സൃഷ്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അല്ലാഹുവിന് ആരുടെയും അഭിപ്രായമോ നിര്‍ദേശമോ ആവശ്യമില്ല. അതുപോലെ അവനുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഒരു മാര്‍ഗനിര്‍ദേശിയുടെ സഹായവും വേണ്ടതില്ല. അല്ലാഹുവിന്റെ ഇഛയെ തടയാന്‍ സൃഷ്ടികളിലാര്‍ക്കും കഴിയില്ല. “ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ഥിച്ചു: ‘നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൌകര്യം ചെയ്തുതരേണമേ!’’ (അല്‍കഹ്ഫ്: 10)
99. അസ്സ്വബൂര്‍ (ക്ഷമാലു, അങ്ങേയറ്റം ക്ഷമിക്കുന്നവന്‍):
ഏത് പ്രതിസന്ധി ഘട്ടത്തിലും എത്ര കോപമുണ്ടായാലും മനസ്സിനെ കീഴടക്കി ക്ഷമ കൈകൊള്ളാന്‍ കഴിവുള്ളവനാണല്ലാഹു. അത് പോലെ സൃഷ്ടികള്‍ അവനെ ധിക്കരിക്കുകയും തെറ്റുകളിലകപ്പെടുകയും ചെയ്യുമ്പോള്‍ അവരോട് ക്ഷമിക്കാനും അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനും കഴിയുന്നവനാണല്ലാഹു. ഒരു കാര്യവും എടുത്തുചാടി അശ്രദ്ധമായി ചെയ്യുന്നവനല്ല അവന്‍. ഈ ഗുണം സൃഷ്ടികളും ആര്‍ജിച്ചെടുക്കല്‍ അനിവാര്യമാണ്. കാരണം അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണെന്ന് ഖുര്‍ആനില്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ക്ഷമയെ പ്രോല്‍സാഹിപ്പിക്കുന്ന ധാരാളം പ്രയോഗങ്ങള്‍ ഖുര്‍ആനിലുണ്ട്.
ദൈവത്തിന്റെ ഈ മഹദ്ഗുണങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന സത്യവിശ്വാസിക്ക് ആരോഗ്യപൂര്‍ണവും ഭദ്രവുമായ ഒരു മനസ്സ് വാര്‍ത്തെടുക്കുവാന്‍ സാധിക്കുന്നു. ദൈവികഗുണങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ അത് മുഖേന അന്ധമായ ഭക്തിയില്‍ ലയിക്കുകയോ ദൈവികശക്തിയുടെ പ്രഭാവത്തിനുമുമ്പില്‍ നിസ്സഹായനായിത്തീരുകയോ അല്ല, നേരെ മറിച്ച് ഇസ്ലാമിലെ ദൈവികഗുണങ്ങള്‍ മനുഷ്യജീവിതത്തെ ഉത്തുംഗവും ഉദാത്തവുമായ ഒരു വിതാനത്തിലേക്ക്
COPIED FROM http://www.new-muslims.info/mal/islamadisthaanangal/ekadaivathvam/%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B9%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A8%E0%B4%BE%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D/
No comments:
Post a Comment