പ്രകാശവര്‍ഷങ്ങള്‍
അറബ് ഇസ്‌ലാമിക ശാസ്ത്ര പുരോഗതിയുടെ സുവര്‍ണ കാലഘട്ടത്തി(800-1300)ല്‍ ജീവിച്ച ഇബ്‌നുല്‍ ഹൈസമിന്റെ ശാസ്ത്രസംഭാവനകള്‍ ലോകം ചര്‍ച്ച ചെയ്യുന്നതിലൂടെ പാശ്ചാത്യലോകം മറച്ചുവച്ച പല സത്യങ്ങളും പുറത്തുചാടുമെന്നു തീര്‍ച്ച. പൗരസ്ത്യ ലോകത്തിന്റെ ശാസ്ത്ര, സാങ്കേതിക, വൈജ്ഞാനിക ശാഖകളുടെ ഉത്ഭവത്തേയും വളര്‍ച്ചയേയും പാടേ വിസ്മരിച്ച് ആ കാലത്തെ അന്ധകാരയുഗമെന്നു വിശേഷിപ്പിക്കുന്ന ഓറിയന്റല്‍ സമീപനങ്ങളെ പൊളിക്കാനും, പൗരസ്ത്യലോകത്തുള്ള പല ശാസ്ത്രപണ്ഡിതരുടെയും കണ്ടെത്തലുകളും സൃഷ്ടികളും തങ്ങളുടെ അക്കൗണ്ടില്‍ അവതരിപ്പിക്കുന്ന പാശ്ചാത്യരീതികളെ തിരിച്ചറിയാനും ഈ പ്രകാശവര്‍ഷത്തിനു സാധിക്കേണ്ടതുണ്ട്.
ഇബ്‌നുല്‍ ഹൈസം
ക്രി. 965ല്‍ ഇറാഖിലെ ബസ്വറയിലാണ് ഇബ്‌നുല്‍ ഹൈസം ജനിച്ചത്. ബഹുശാസ്ത്ര പണ്ഡിതനായി വളര്‍ന്ന അദ്ദേഹം ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, പ്രകാശശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം, ജ്യോമട്രി, പ്രകൃതിശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളില്‍ പ്രസിദ്ധി നേടി. പൂര്‍ണനാമം അബൂ അലി അല്‍ഹസന്‍ ഇബ്‌നുല്‍ ഹൈസം എന്നാണ്. അല്‍ ഹസന്‍, ഹാസന്‍ എന്നീ ചുരുക്കപ്പേരുകളില്‍ പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്ന അദ്ദേഹം അല്‍ ബസ്വരി, അബൂ അലി എന്നീ പേരുകളില്‍ അറബു ലോകത്തും പ്രസിദ്ധനായി.
ബസ്വറയില്‍ അമീറിന്റെ കൊട്ടാരത്തില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി തുടങ്ങിയ അദ്ദേഹം ആ ജോലി തന്റെ ചിന്തയ്ക്കും പഠനത്തിനും തടസമാകുമെന്നു മനസിലാക്കി ഭ്രാന്തഭിനയിച്ച് ബഗ്ദാദിലേക്ക് ഒളിച്ചോടി. 994ല്‍ തന്റെ മുപ്പതാം വയസില്‍ ബഗ്ദാദിലെത്തി. ഖലീഫ മഅ്മൂന്‍ സ്ഥാപിച്ച ശാസ്ത്ര ഗവേഷണ കേന്ദ്രം 'ബൈത്തുല്‍ ഹിക്മ' ഉപയോഗപ്പെടുത്തി ഏതാനും വര്‍ഷം വായന, പഠനം, നിരൂപണം, അപഗ്രഥനം, ഗവേഷണം എന്നിവയ്ക്കായി ചെലവഴിച്ചു. ബഗ്ദാദിലെ തന്റെ സാന്നിധ്യം ബസ്വറയിലെ അമീര്‍ അറിഞ്ഞതോടെ അവിടം വിട്ട് ഈജിപ്തിലെ ഫാത്വിമീ ഭരണകേന്ദ്രമായ ശാമിലേക്കു രക്ഷപ്പെട്ടു.
ശാമിലെ അമീര്‍ അദ്ദേഹത്തിന് ഉന്നതമായ സ്ഥാനം നല്‍കി ആദരിച്ചു. ഇബ്‌നുല്‍ ഹൈസമിന്റെ മഹാപാണ്ഡിത്യം മനസിലാക്കിയ അമീര്‍ അദ്ദേഹത്തോടു തന്റെ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇബ്‌നുല്‍ ഹൈസം ഒഴിഞ്ഞുമാറി. ഈ സമയത്താണ് ഈജിപ്തില്‍ ശക്തമായ വരള്‍ച്ചയും പട്ടിണിയും മൂലം അനേകമാളുകള്‍ മരിച്ചത്. ഈജിപ്തിന്റെ ദയനീയ സാഹചര്യത്തില്‍ ദുഃഖിതനായ ഇബ്‌നുല്‍ ഹൈസം നൈല്‍നദിയുടെ മാപ്പ് വിശദമായി പഠിക്കുകയും ഒരു അണക്കെട്ടു നിര്‍മിച്ചു വരള്‍ച്ച തടയാന്‍ കഴിയുമെന്ന് ശാമിലെ അമീറിനെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഈജിപ്തിലെ ഖലീഫ അല്‍ ഹാക്കിം നൈല്‍നദിയില്‍ ഒരു അണക്കെട്ടു നിര്‍മിക്കുന്നതിലൂടെ താന്‍ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നു മനസിലാക്കുകയും അതു തന്റെ സ്വപ്നപദ്ധതിയായി ഏറ്റെടുത്ത് ഇബ്‌നുല്‍ ഹൈസമിനെ ഈജിപ്തിലേക്കു ക്ഷണിച്ചു വരുത്തുകയും 3,000 ദിനാര്‍ പാരിതോഷികം നല്‍കി ആദരിക്കുകയും ചെയ്തു. ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം ഇബ്‌നുല്‍ ഹൈസമും സംഘവും അണക്കെട്ടു നിര്‍മിക്കുന്നതിനു വേണ്ടി സ്ഥലം സന്ദര്‍ശിച്ചു. നിര്‍ഭാഗ്യവശാല്‍ നിലവിലെ പ്രാദേശിക സാഹചര്യത്തില്‍ അത്തരത്തിലൊരു അണക്കെട്ടു സാധ്യമാവില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായി.
പ്രകാശവര്‍ഷം 2015
യു.എന്‍.ഓയുടെ 2013ലെ പൊതുസഭയുടെ തീരുമാനപ്രകാരം ലോകമെങ്ങും 2015 അന്താരാഷ്ട്ര പ്രകാശവര്‍ഷ (International Year of Light IYL 2015) മായി ആചരിക്കുകയാണ്. അറബ് മുസ്‌ലിം ബഹുശാസ്ത്ര പണ്ഡിതനായ ഇബ്‌നുല്‍ ഹൈസം 1015ല്‍ രചിച്ച 'കിതാബുല്‍ മനാളിര്‍' (Book of optics) ആയിരം വര്‍ഷം തികയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് 2015 പ്രകാശവര്‍ഷ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. പ്രകാശവും പ്രകാശാനുബന്ധ കണ്ടെത്തലുകളും പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ ഈ ആശയം മുന്നോട്ടുവച്ചത്.
ധാരാളം പണവും മനുഷ്യശേഷിയും ആവശ്യമായ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന ലജ്ജയോടെ അദ്ദേഹം രാജാവിനെ അറിയിച്ചു. ഇബ്‌നുല്‍ ഹൈസമിന്റെ കഴിവുകളെ മാനിച്ച് ഹാക്കിം അദ്ദേഹത്തിനു തന്റെ കൊട്ടാരത്തില്‍ ഒരു ജോലി ശരിപ്പെടുത്തിക്കൊടുത്തു. ഇബ്‌നുല്‍ ഹൈസമിനാകട്ടെ ആ ജോലിയില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. ഖലീഫയെപ്പറ്റിയുള്ള ഭയം മൂലമാണ് അദ്ദേഹം അതു സ്വീകരിച്ചത്. ജോലിയില്‍ നിന്ന് ഒഴിവാകുന്നത് ഖലീഫയുടെ ശത്രുതയ്ക്കു കാരണമാകുമെന്നു മനസിലാക്കിയ അദ്ദേഹം രക്ഷപ്പെടാനായി വീണ്ടും ഭ്രാന്ത് അഭിനയിച്ചു. ഖലീഫ അദ്ദേഹത്തെ ഒരു വീട്ടില്‍ തടവിലാക്കി. അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ രണ്ടു സേവകരെയും ചുമതലപ്പെടുത്തി.
ഇബ്‌നുല്‍ ഹൈസമിനെ രഹസ്യമായി ശ്രദ്ധിക്കാനായി സേവകര്‍ വീടിന്റെ ചുമരിന് ഒരു ദ്വാരമുണ്ടാക്കി. ഈ ദ്വാരത്തിലൂടെ ആ വീട്ടിനകത്തേക്കു ചെന്ന പ്രകാശത്തെയാണ് അദ്ദേഹം മെരുക്കിയെടുത്ത് അതിന്റെ സ്വഭാവവും ഘടനയും ലോകത്തിനു സമര്‍പ്പിച്ചത്. ഖലീഫ മരിച്ചതോടെ അദ്ദേഹം വീട്ടുതടങ്കലില്‍ നിന്നു മോചിതനായി. പിന്നീട് അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ കവാട പരിസരത്തു താമസമാക്കി ആരാധനയിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും കഴിച്ചുകൂട്ടി.
ഇബ്‌നുല്‍ ഹൈസമിനെ രഹസ്യമായി ശ്രദ്ധിക്കാനായി സേവകര്‍ വീടിന്റെ ചുമരിന് ഒരു ദ്വാരമുണ്ടാക്കി. ഈ ദ്വാരത്തിലൂടെ ആ വീട്ടിനകത്തേക്കു ചെന്ന പ്രകാശത്തെയാണ് അദ്ദേഹം മെരുക്കിയെടുത്ത് അതിന്റെ സ്വഭാവവും ഘടനയും ലോകത്തിനു സമര്‍പ്പിച്ചത്. ഖലീഫ മരിച്ചതോടെ അദ്ദേഹം വീട്ടുതടങ്കലില്‍ നിന്നു മോചിതനായി. പിന്നീട് അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ കവാട പരിസരത്തു താമസമാക്കി ആരാധനയിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും കഴിച്ചുകൂട്ടി.
ഇരുനൂറോളം ശാസ്ത്രഗ്രന്ഥങ്ങള്‍ ഇബ്‌നുല്‍ ഹൈസം എഴുതിയിട്ടുണ്ടെങ്കിലും അവയില്‍ പലതും ഇന്നു ലഭ്യമല്ല. ചിലതൊക്കെ പാശ്ചാത്യലോകത്തെ പലരുടെയും പേരിലാണ് അറിയപ്പെടുന്നത്. ഗ്രീക്കില്‍ നിന്ന് അറബിയിലേക്കു തര്‍ജമ ചെയ്യപ്പെട്ട ശാസ്ത്രകൃതികള്‍ പകര്‍ത്തിയെഴുതി വിറ്റുകിട്ടുന്ന പണം കൊണ്ട് അദ്ദേഹം ഉപജീവനം നടത്തി. ക്രി.1040ല്‍ ഈജിപ്തിലെ കയ്‌റോയില്‍ വച്ച് ഇബ്‌നുല്‍ ഹൈസം ഈ ലോകത്തോടു വിടപറഞ്ഞു.
പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്
1015ല്‍ ഈജിപ്തില്‍ വച്ചാണ് ഇബ്‌നുല്‍ ഹൈസം തന്റെ മാസ്റ്റര്‍പീസ് കൃതി 'കിതാബുല്‍ മനാളിറി'ന്റെ രചന പൂര്‍ത്തിയാക്കിയത്. പ്രകാശത്തിന്റെ സ്വഭാവം, നേര്‍രേഖാ പ്രസരണം തുടങ്ങി പ്രകാശശാസ്ത്ര സംബന്ധമായ അനേകം കണ്ടുപിടുത്തങ്ങള്‍ ഈ കൃതിയിലൂടെ പ്രകാശിതമായി. അതോടെ യൂറോപ്പില്‍ നിലനിന്നിരുന്ന അന്ധതയും ഗ്രീക്ക് നിഗമനശാസ്ത്രങ്ങളും ഈ പ്രകാശവിസ്‌ഫോടനത്തില്‍ തകര്‍ന്നടിയുകയും നിരീക്ഷണ, പരീക്ഷണപരമായ ഭൗതികശാസ്ത്രത്തിനു തുടക്കം കുറിക്കുകയും ചെയ്തു.
കാഴ്ച, പ്രകാശം, ലെന്‍സ്, കണ്ണാടി, മനുഷ്യന്റെ കണ്ണിന്റെ ഘടന, സൂര്യ-ചന്ദ്രഗ്രഹണം, നിഴല്‍, മഴവില്ല് തുടങ്ങിയവയെക്കുറിച്ചു ള്ള പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഴോളം ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരമാണ് 'കിതാബുല്‍ മനാളിര്‍'. പ്രകാശത്തെപ്പറ്റിയുള്ള മധ്യകാലഘട്ടത്തിലെ പഠനങ്ങള്‍ക്കെല്ലാം ആധാരമായി വര്‍ത്തിച്ചത് ഈ പുസ്തകമാണ്. എല്ലാ അനുമാനങ്ങളെയും ഭൗതികമായ പരീക്ഷണത്തിനോ ഗണിതശാസ്ത്രപരമായ തെളിവിനോ വിധേയമാക്കിയത് ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടി.
ആകാശഗോളങ്ങള്‍ ഖരവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതല്ലെന്ന് ആദ്യമായി കണ്ടെത്തിയതും അതുപോലെ ആകാശം വായുവിന്റെയത്ര സാന്ദ്രതയുള്ളതല്ലെന്നു തെളിയിച്ചതും ഈ വിഖ്യാത കൃതിയിലൂടെയാണ്. 'മില്‍ക്കിവേ ഗ്യാലക്‌സി'യെ സംബന്ധിച്ച അരിസ്‌റ്റോട്ടിലിന്റെ ആശയങ്ങള്‍ തെറ്റാണെന്ന് 'കിതാബുല്‍ മനാളിര്‍' വിളിച്ചുപറഞ്ഞു. 13-ാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയിലേക്ക് 'ഡി ആസ്‌പെക്ടിബുസ്' എന്ന പേരില്‍ പരിഭാഷ ചെയ്യപ്പെടുകയും 1572ല്‍ ഫെഡ്രിച്ച് റിസ്‌നര്‍ പ്രിന്റിങ് നിര്‍വഹിക്കുകയും ചെയ്തതോടെ 'കിതാബുല്‍ മനാളിര്‍' യൂറോപ്പിലുടനീളം പ്രചുരപ്രചാരം നേടി. റോജര്‍ ബേക്കണ്‍, ലിയാനാര്‍ഡോ ഡാവിഞ്ചി, ജോഹര്‍ കെപ്ലര്‍ തുടങ്ങിയവരെയെല്ലാം ഈ കൃതി ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. കോപര്‍നിക്കസ് തന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥമായ de revolutionibus orbitum celestium-ല്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തികളില്‍ ഇബ്‌നുല്‍ ഹൈസമിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും എടുത്തുപറയുന്നുണ്ട്.
ടോളമിയെക്കുറിച്ചുള്ള സംശയങ്ങള്‍
1025ല്‍ ഇബ്‌നുല്‍ ഹൈസം എഴുതിയ ഗവേഷണ പ്രബന്ധമാണ് 'അശ്ശുകൂകു അലാ ബത്വ്‌ലിമൂസ്'(ടോളമിയെക്കുറിച്ചുള്ള സംശയങ്ങള്‍). ഈ പ്രബന്ധത്തിലൂടെ അദ്ദേഹം ടോളമിയുടെ ജ്യോതിശാസ്ത്ര മാതൃകയെ വിമര്‍ശനവിധേയമാക്കുകയും കൂടുതല്‍ വിശദീകരണം നല്‍കുകയും ചെയ്തു. കൂടാതെ ആസ്‌ട്രോഫിസിക്‌സില്‍ പരീക്ഷണാത്മകത കൊണ്ടുവരികയും ആധുനിക ടെലിസ്‌കോപിക് ജ്യോതിശാസ്ത്രത്തിന്റെ ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തു. അനുഭവപരവും നിരീക്ഷണപരവും പരീക്ഷണാധിഷ്ഠിതവുമായ അടിത്തറകളില്‍ നിന്നുകൊണ്ട് ഇബ്‌നുല്‍ ഹൈസം നടത്തിയ ചോദ്യംചെയ്യലില്‍, ഭാവനാപരമായ ശാസ്ത്രത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ടോളമിയുടെ മാതൃകകള്‍ തകര്‍ന്നടിഞ്ഞു. അങ്ങനെ അദ്ദേഹം 'ടോളമി രണ്ടാമന്‍' എന്ന പേരില്‍ അറിയപ്പെട്ടു.
മഖാലഃ ഫീ ദൗഇല്‍ ഖമര്‍
ചന്ദ്രപ്രകാശത്തെ ചര്‍ച്ചചെയ്യുന്ന ഈ പ്രബന്ധം പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇബ്‌നുല്‍ ഹൈസം എഴുതിയത്. അതു ഭൗതികതയെ ഗണിതശാസ്ത്ര, ജ്യോതിശാസ്ത്രങ്ങളുമായി ചേര്‍ത്തുനിര്‍ത്തി. ചന്ദ്രനെ നിരീക്ഷിക്കാനായി ഒരു പുതിയ പരീക്ഷണ ഉപകരണം ഉണ്ടാക്കിയ അദ്ദേഹം ചന്ദ്രന്‍, സൂര്യപ്രകാശത്തെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നുവെന്ന പൊതുവായ ധാരണ തിരുത്തുകയും ചന്ദ്രന്റെ പ്രകാശമാനമായ ഉപരിതലത്തില്‍ എല്ലാ പോയിന്റുകളില്‍ നിന്നും പ്രകാശം ഉത്ഭവിക്കുന്നുവെന്നു സിദ്ധാന്തിക്കുകയും ചെയ്തു. ജ്യോതിശാസ്ത്രത്തിലും ആസ്‌ട്രോഫിസിക്‌സിലും പരീക്ഷണാത്മകരീതി പ്രയോഗത്തില്‍ വരുത്താനുള്ള ആദ്യശ്രമമായാണ് ആധുനിക ശാസ്ത്രജ്ഞര്‍ ഈ പ്രബന്ധത്തെ വിലയിരുത്തുന്നത്.
ജ്യോതിഷവും ജ്യോതിശാസ്ത്രവും
ഇബ്‌നുല്‍ ഹൈസം ബസ്വറയിലായിരുന്നപ്പോള്‍ രചിച്ച പ്രസിദ്ധ കൃതിയാണ് 'കിതാബുല്‍ ഹയ്അഃ'. പ്രപഞ്ചത്തിന്റെ ഭൗതിക ആകാരത്തെ ചര്‍ച്ചചെയ്യുന്ന ഈ പുസ്തകം ജ്യോതിശാസ്ത്രത്തിന്റെ ആധികാരിക രേഖയാണ്. ഈ കൃതിയിലൂടെ ഇബ്‌നുല്‍ ഹൈസം മറ്റു മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞന്മാരെപ്പോലെ ശാസ്ത്രീയ കാരണങ്ങള്‍ വച്ചു ജ്യോതിഷ പഠനത്തെ നിഷേധിച്ചു. ജ്യോതിഷന്മാര്‍ ഊഹത്തെയും അനുമാനത്തെയും മാത്രം ആശ്രയിക്കുന്നു. ജ്യോതിശാസ്ത്രമാകട്ടെ അനുഭവപരമായ കണ്ടെത്തലുകളെയാണ് അവലംബിക്കുന്നത്. 'ക്ഷീരപഥ ആകാശഗംഗ' എണ്ണമറ്റ ചെറുഗ്രഹങ്ങളുടെ കൂട്ടമാണെന്നും സ്ഥിരനക്ഷത്രങ്ങളുടെ മണ്ഡലത്തിലാണ് അവ അടുക്കിവയ്ക്കപ്പെട്ടിരിക്കുന്നത് എന്നും അതിനാല്‍ അവയുടെയെല്ലാം സ്വാധീനങ്ങള്‍ അറിയുക എന്നതു തികച്ചും അസാധ്യമാണെന്നും ജ്യോതിശാസ്ത്രജ്ഞര്‍ വാദിച്ചു.
പിന്‍ഹോള്‍ കാമറ
ഒരു 'ഇരുണ്ട അറ'യിലേക്കു ചെറിയ ഒരു സുഷിരത്തിലൂടെ പ്രകാശം കടത്തിവിട്ടാണ് ഇബ്‌നുല്‍ ഹൈസം തന്റെ അധികപരീക്ഷണങ്ങളും നടത്തിയത്. തന്റെ പരീക്ഷണങ്ങളില്‍ ഒന്നില്‍ ഈ 'ഇരുണ്ട അറ'യ്ക്കു പുറത്ത് അഞ്ചുവിളക്കുകള്‍ നിരത്തിവച്ചു. അവയുടെ പ്രകാശം ഈ സുഷിരത്തിലൂടെ അകത്തേക്കു കടത്തിവിട്ട്, അകത്തുള്ള ചുമരില്‍ പ്രകാശത്തിന്റെ പ്രതിഫലനം നിരീക്ഷിക്കുകയും പുറത്തുള്ള ഒരു വിളക്കു മറച്ചുപിടിച്ചാല്‍ അതു മാത്രം പ്രതിഫലനത്തില്‍ മറയുന്നുവെന്നും നിരീക്ഷിച്ചു. അങ്ങനെ ഈ പരീക്ഷണത്തിലൂടെ പ്രകാശം നേര്‍രേഖയിലൂടെയാണു സഞ്ചരിക്കുന്നതെന്നു കണ്ടെത്തി.
കാഴ്ച എന്ന പ്രതിഭാസം ഉണ്ടാകുന്നത് 'ഒരു പ്രതലത്തില്‍ പ്രകാശം തട്ടി പ്രതിഫലിച്ച് അതു കണ്ണില്‍ തട്ടിയാണ്, കണ്ണില്‍ നിന്നുള്ള രശ്മികള്‍ വസ്തുവില്‍ തട്ടിയല്ല' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിലൂടെ 1,000 വര്‍ഷം നീണ്ടുനിന്ന, യൂക്ലിഡ്, ടോളമി അടക്കമുള്ളവരുടെ കാഴ്ചയെക്കുറിച്ചുള്ള ധാരണകള്‍ തകര്‍ത്തെറിഞ്ഞു. ഇബ്‌നുല്‍ ഹൈസമിന്റെ 'ഇരുണ്ട അറ' പരീക്ഷണമാണു പിന്നീട് കാമറ ഒബ്‌സ്‌ക്യൂറയായും പിന്‍ഹോള്‍ കാമറയായും വളര്‍ന്നത്. കാമറ ഒബ്‌സ്‌ക്യൂറ ഉപയോഗിച്ചുള്ള ഇബ്‌നുല്‍ ഹൈസമിന്റെ പരീക്ഷണങ്ങളാണ് ആധുനിക ഫോട്ടോഗ്രഫിയിലെ വന്‍മാറ്റങ്ങള്‍ക്കു വഴിതുറന്നത്. ഒപ്റ്റിക്‌സിലും ദൃശ്യകാഴ്ചയിലും ഒരു വിപ്ലവം തുടങ്ങിവച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ 'കിതാബുല്‍ മനാളിറി'ന്റെ സ്ഥാനം ഐസക്ക് ന്യൂട്ടന്റെ 'ഫിലോസഫി നാച്ചുറാലിസ് പ്രിന്‍സിറ്റിയ മാത്തമറ്റിക്ക'ക്കൊപ്പമാണ്.
ചലന നിയമം
''ഒരു അസന്തുലിതമായ ബാഹ്യബലം പ്രവര്‍ത്തിക്കാത്തിടത്തോളം ഒരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേര്‍രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ് '' എന്ന ചലന നിയമം അദ്ദേഹം കണ്ടെത്തി. തുടര്‍ന്നു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഐസക്ക് ന്യൂട്ടന്‍ ഫിസിക്‌സ് രംഗത്തെ തന്റെ ചലന നിയമം അവതരിപ്പിക്കുന്നത്.
No comments:
Post a Comment