മലബാറില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍വഹിച്ച സാമൂഹിക പരിഷ്‌കരണ ദൗത്യം ഉജ്ജ്വലമാണ്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ എന്നും സൗഭാഗ്യങ്ങള്‍ അനുഭവിച്ചത് ഉപരിവര്‍ഗങ്ങളാണ്. അത്തരം സൗഭാഗ്യങ്ങള്‍ സ്വന്തമാക്കാന്‍ ആചാരങ്ങളെയും മതശാസനകളെയും അവര്‍ എന്നും കൂട്ടുപിടിക്കും. കേരളത്തിലും ഇതായിരുന്നു അവസ്ഥ. കുടിയായ്മയുടെയും ഭൂസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ മാത്രമേ അന്നത്തെ കേരളീയ സാമൂഹിക ജീവിതത്തെ നിരീക്ഷിക്കാന്‍ പറ്റൂ. ജന്മിമാരുടെയും പുരോഹിതപ്പരിഷകളുടെയും ഭൗതിക കാമനകളെ സംരക്ഷിക്കും തരത്തിലാണ് മതവിശ്വാസത്തിന്റെ ചിട്ടകള്‍ പോലും അനുക്രമപ്പെട്ടത്. ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം സ്വീകരിക്കേണ്ടതില്ലെന്നും അവര്‍ ബ്രാഹ്മണന്മാരുടെ ആഗ്രഹങ്ങള്‍ക്ക് വിധേയപ്പെടണമെന്നും മലയാളികള്‍ക്ക് ആചാരങ്ങള്‍ നിര്‍ദേശിച്ച പരശുരാമന്‍ കല്‍പ്പിച്ചുവെന്നാണ് അന്നു പ്രഖ്യാപിക്കപ്പെട്ടത് (സി. അച്യുത മേനോന്‍ : കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍, അനന്തകൃഷ്ണന്‍ : കൊച്ചിയിലെ ജാതികളും വര്‍ഗങ്ങളും). നായര്‍ സ്ത്രീകള്‍ക്കു പാതിവ്രത്യം വേണ്ടെന്നു തിരു ബ്രാഹ്മണന്മാര്‍ കേരളത്തിലുടനീളം ശ്ലോകം ചൊല്ലി നടന്നു. അങ്ങനെയവര്‍ നായര്‍ സമൂഹത്തില്‍ നിയമാനുസൃത വിവാഹങ്ങള്‍ നിരോധിച്ചു. ഇത് ബ്രാഹ്മണന്മാര്‍ക്കു വേണ്ടിയായിരുന്നു. ബ്രാഹ്മണ കുടുംബത്തില്‍ മൂത്ത അംഗത്തിനു മാത്രമേ നിയമാനുസൃത വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളു. ബ്രാഹ്മണ സമൂഹത്തിലെ ഇളമുറക്കാര്‍ക്ക് ചുമതലാരഹിതമായ സുഭിക്ഷ ലൈംഗിക ജീവിതം തരപ്പെടാന്‍ പൗരോഹിത്യം മെനഞ്ഞ കുടില സൂത്രങ്ങളായിരുന്നു ഇത്. ശരിക്കും വിവാഹമെന്നു പറയാനൊക്കാത്ത വിചിത്രമായൊരു ലൈംഗിക ജീവിത സരണി ഇവര്‍ വികസിപ്പിച്ചു. സംബന്ധം. ഇതോടെ ഏതു നായര്‍ സ്ത്രീയുമായും സ്വതന്ത്രമായി സംഗമിക്കാന്‍ ഉപരിവര്‍ഗ പുരുഷന്മാര്‍ക്കു പരിരക്ഷ കിട്ടി. നമ്പൂതിരിമാര്‍ ദൈവ നിയുക്തരും ദിവ്യ ജന്മങ്ങളുമായതുകൊണ്ട് ഏതു സ്ത്രീകളുമായി സംഗമിക്കുന്നുവോ അതുകൊണ്ടുതന്നെ അത്തരം സ്ത്രീകള്‍ പുണ്യവതികളായെന്നു ധാരണ പരന്നു. ഇത്തരം സംഗമങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ പിതാവോ പിതൃ ബന്ധുക്കളോ ഏറ്റെടുത്തതുമില്ല. ഈ അനാഥ ജന്മങ്ങളെ കണ്ട് ടിപ്പു സ്തബ്ധനായി. തന്റെ സാമ്രാജ്യത്തിലാണല്ലോ ഇത്തരം അരുതുകള്‍ പെരുകുന്നത്. ഇതോടൊപ്പം കേരളത്തില്‍ നിലനിന്നിരുന്ന മറ്റൊരു സമ്പ്രദായമായിരുന്നു ബഹുഭര്‍തൃത്വം. നായര്‍ സ്ത്രീകള്‍ക്ക് അന്ന് എത്ര പുരുഷന്മാരെയും ഒന്നിച്ചു വേള്‍ക്കാനുള്ള അവകാശം ആചാരപരമായി അനുവദിക്കപ്പെട്ടിരുന്നു. രണ്ടോ മൂന്നോ നാലോ. കുലീനതയും ആഭിജാത്യവും കല്‍പ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ സുന്ദരികളാണെങ്കില്‍ നിയുക്ത ഭര്‍ത്താക്കന്മാരുടെ എണ്ണം പിന്നെയും കൂടും. ഓരോ ഭര്‍ത്താവും വിവാഹ സമയങ്ങളില്‍ അവര്‍ക്കു നിശ്ചിത തുക നല്‍കുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് ഓരോരുത്തര്‍ക്കും കൃത്യമായ ദിവസങ്ങള്‍ നിശ്ചയിച്ചു നല്‍കും. ഒരുതരം ശണ്ഠയുമില്ലാതെ എല്ലാവരും ഇത് ഏറെ വിനയത്തോടെ പാലിച്ചുപോന്നു. കമിതാക്കളുടെ എണ്ണം കൊണ്ടാണ് സ്ത്രീകള്‍ സൗന്ദര്യത്തിന്റെ മേനി പ്രകടിപ്പിക്കുക. ഇതില്‍ ജനിക്കുന്ന കുട്ടികളുടെ പിതൃവിലാസം അജ്ഞാതമായിരിക്കും. അവിടെയാണ് മരുമക്കത്തായം പ്രസക്തമാവുന്നത്. മലബാറില്‍ നായര്‍ വിഭാഗങ്ങളില്‍ ഇത് പൊതുനിയമം പോലെ പ്രവര്‍ത്തിച്ചു. ഇതിനു കാരണങ്ങളുണ്ട്. സംബന്ധവും ബഹു ഭര്‍തൃത്വവും പൊതു ആചാരമായതുകൊണ്ട് മക്കളുടെ പിതൃത്വം ഒരിക്കലും കൃത്യമാവുകയില്ല. അക്കാലത്തെ ചരിത്രമെഴുതിയ ബര്‍ബോസ അതിങ്ങനെ വിവരിക്കുന്നു: ''മക്കള്‍ അമ്മ വീട്ടില്‍ അവരുടെ കൂടെയാണു വളരുക. കാരണം കുട്ടികള്‍ക്ക് അവരുടെ അഛനെ അറിയുകയില്ല. പക്ഷേ അമ്മാവന്മാരെ അവര്‍ക്കറിയാം.'' ഈ മലിന സാഹചര്യമാണ് നാട്ടില്‍ മരുമക്കത്തായ സമ്പ്രദായം വികാസം കൊള്ളാനുള്ള പൊതു സാമൂഹിക പശ്ചാത്തലം. അരോചകമായ ഇത്തരം ജീവിത വൈകൃതങ്ങളെ സുഗമമാക്കാനുള്ള മറ്റൊരു സൂത്രമായിരുന്നു മലബാറിലന്നത്തെ നിയമങ്ങള്‍. ബ്രാഹ്മണ സ്ത്രീകളല്ലാത്ത ഹിന്ദുക്കളിലെ ഒരു സ്ത്രീ സമൂഹവും അന്നിവിടെ മാറു മറക്കാന്‍ പാടുണ്ടായിരുന്നില്ല. നീണ്ട കാലം കേരളത്തില്‍ ജീവിച്ച ഇബ്‌നു ബത്തൂത്ത ഈ അനുഷ്ഠാന വൈരൂപ്യത്തെ വിശദമായി വിവരിക്കുന്നുണ്ട്. ആചാരം തെറ്റിച്ചു നടന്നാല്‍ ദൈവദോഷം വരും എന്ന് ഈ സാധു മനുഷ്യരെ കള്ള പ്രമാണങ്ങള്‍ പാടി പാല്‍പ്പാട വര്‍ഗം ബോധ്യപ്പെടുത്തി. പുറംനാട്ടില്‍ പോയിവരാന്‍ ഭാഗ്യം കിട്ടിയ ഈഴവ സ്ത്രീ മാറു മറച്ചു തിരിച്ചു വന്നപ്പോള്‍ ആറ്റിങ്ങല്‍ റാണി അവളെ വിളിച്ചു വരുത്തി മാറു മുറിച്ചു കളഞ്ഞതായി ശ്രീ പത്മനാഭ മേനോന്‍ തന്റെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
തീര്‍ച്ചയായും അതിനൂതനമായ സാമൂഹിക ജീവിത വീക്ഷണവും ഉന്നതമായ സംസ്‌കാര പാഠ ബോധ്യവും പുലര്‍ത്തിപ്പോരുന്ന ടിപ്പു സുല്‍ത്താന്‍ തന്റെ മലബാര്‍ പ്രവിശ്യയില്‍ കണ്ട ഞെട്ടിക്കുന്ന ദൈന്യത പരിഹരിക്കാന്‍ തീവ്ര നടപടികള്‍ സ്വീകരിച്ചു. മൈസൂരില്‍ ഇത്തരം ജീവിത വൈകൃതങ്ങള്‍ മതശാസനയുടെ തിണ്ണബലത്തില്‍ പ്രയോഗിക്കുന്ന ശീലമുണ്ടായിരുന്നില്ല. മലബാറില്‍ തിമിര്‍ത്താടിയ ഇത്തരം കെട്ട അനുഷ്ഠാനങ്ങളെയാണ് ടിപ്പു തിരുത്താന്‍ ശ്രമിച്ചത്. ഇത്തരം ആചാരങ്ങളെ ഒന്നും സഹിക്കുന്നതായിരുന്നില്ല ഏറെ നാണം കുണുങ്ങിയായിരുന്ന ടിപ്പു. വസ്ത്ര ധാരണയില്‍ ഏറെ ലളിതമായ സൗന്ദര്യബോധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്‍ വര്‍ണപ്പകിട്ടില്ലാത്ത ശുഭ്ര വസ്ത്രങ്ങളേ അണിഞ്ഞിരുന്നുള്ളു. ജോലി ചെയ്യാന്‍ തടസ്സമാവുന്ന വസ്ത്രങ്ങളെ വെറുത്ത സുല്‍ത്താന്‍ കൊട്ടാരങ്ങളില്‍ സാര്‍വത്രികമായിരുന്ന നിലത്തിഴയുന്ന റോബുകള്‍ നിരോധിച്ചു.
ടിപ്പു എന്നും ഒരു സന്മാര്‍ഗിയായിരുന്നു. പൊതുധാരണകളില്‍ നിന്നൊക്കെ എത്രയോ ഉയരത്തിലുള്ള ഒരു സന്മാര്‍ഗി. വിശ്വാസത്തിലും അനുഷ്ഠാനത്തിലും ധര്‍മബോധത്തിന്റെ ശക്തമായ കവചം ചുറ്റിയ ഇതുപോലെയൊരാള്‍ ഇന്ത്യന്‍ രാജപരമ്പരയില്‍ ടിപ്പുവോളം മറ്റൊരാളില്ല. അന്തഃപുരങ്ങളിലെ സര്‍വ അഴിഞ്ഞാട്ടങ്ങളെയും അദ്ദേഹം കര്‍ശനമായി നിരോധിച്ചു. ഭാര്യമാര്‍ക്ക് തന്റെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ എന്ന സമ്പൂര്‍ണ അവകാശങ്ങള്‍ നല്‍കി. കുതിരയെപ്പോലെ ഓടുകയും ഘടികാരത്തെപ്പോലെ കൃത്യപ്പെടുകയും ചെയ്ത ഈ യുവാവ് തന്റെ നാല്‍പത്തി ഒമ്പതാമത്തെ വയസ്സില്‍ വീരോചിതമായി മരണം നേരിടുന്നതുവരെ വ്യക്തി ജീവിതത്തില്‍ ഒരപഭ്രംശവും നേരിട്ടതായി ദൂഷ്യങ്ങള്‍ രേഖപ്പെടുത്താന്‍ ഭൂതക്കണ്ണാടിയുമായി ഉഴറി നടന്നവര്‍ പോലും പറയുന്നില്ല. തന്റെ അമ്മക്ക് ടിപ്പുവിലുണ്ടായിരുന്ന അപാര സ്വാധീനം മാറ്റിനിര്‍ത്തിയാല്‍ കൊട്ടാരത്തിലെ സ്ത്രീ സ്വാധീനം ശൂന്യമായിരുന്നു എന്ന് ടിപ്പുവിന്റെ വ്യക്തി ചരിത്രമെഴുതിയ കിര്‍മാനി രേഖപ്പെടുത്തുന്നു. അമ്മയുമായി എന്തോ സംസാരിക്കാന്‍ അവരുടെ മുറിയില്‍ ചെന്ന ടിപ്പു വര്‍ത്തമാനത്തിനിടെ ഉറങ്ങിപ്പോയ കഥ കിര്‍മാനി ഉദ്ധരിക്കുന്നുണ്ട്. അമ്മ ഉറങ്ങിയ തക്കം നോക്കി മുറിയില്‍ കയറിയ തോഴിമാര്‍ ടിപ്പുവിന്റെ കാല്‍ തലോടിക്കൊണ്ടിരുന്നു. ഉറക്കമുണര്‍ന്ന സുല്‍ത്താന്‍ ഈ രംഗം കണ്ടു കോപക്രാന്തനായി. നാളെ ദൈവത്തിന്റെ കോടതിയില്‍ എന്നെ കുറ്റവാളിയാക്കുന്ന ഇത്തരം വേലകള്‍ക്ക് നിങ്ങള്‍ എന്തിനെത്തിയെന്ന് കുമാരന്‍ ആക്രോശിച്ചെന്നു കിര്‍മാനി രേഖപ്പെടുത്തുന്നു. ഇതത്രയും സത്യമായിരുന്നു. ഹൈദറിനെപ്പറ്റി ഇങ്ങനെയല്ലല്ലോ ചരിത്രകാരന്മാര്‍ പറയുന്നത്. തന്റെ വിദൂര കേരളീയ പ്രവിശ്യയില്‍ നിലനിന്നതും ടിപ്പു സ്വന്തം ജീവിതത്തില്‍ കണിശതയോടെ പുലര്‍ത്തിയതുമായ രണ്ടു ജീവിത ധാരകളില്‍ നിന്നു വേണം മലബാറിലെ വികൃത ജീവിത ആചാരങ്ങളില്‍ ടിപ്പുവിന്റെ ഇടപെടലുകളെ വിശകലനം ചെയ്യാന്‍. മാറു മറക്കാതുള്ള സ്ത്രീ പ്രത്യക്ഷങ്ങള്‍ സമൂഹ മധ്യത്തില്‍ അരാജകത്വം പടര്‍ത്തുമെന്നതുകൊണ്ട് തന്റെ സാമ്രാജ്യത്തില്‍ ടിപ്പു അതു വിളംബരത്തിലൂടെ നിരോധിച്ചു. അപ്പോഴും താന്‍ നേരിടുന്ന കൊടൂരവും വിക്ഷോഭകരവുമായ മഹാ യുദ്ധത്തിന്റെ നടുവട്ടത്തുനിന്നായിരുന്നു സാമൂഹിക പരിഷ്‌കാരത്തിനുള്ള ഈ വെമ്പല്‍ എന്നു നാം കാണണം. പ്രജകളും അവരുടെ ജീവിതവും എങ്ങനെയോ ആയിരിക്കട്ടെ തങ്ങള്‍ക്ക് അവരുടെ വിഭവങ്ങള്‍ മാത്രം മതിയെന്ന സാധാരണമായ രാജനീതികള്‍ പുലരുന്ന ഇന്നുപോലും ഇതിനൊക്കെയപ്പുറം കടന്നു രാഷ്ട്ര ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള ഭരണകൂടത്തിന്റെ പിടയല്‍ അതാവശ്യപ്പെടുന്ന പരിഗണന നേടാതെ പോയി എന്നതു ടിപ്പുവിന്റെ നിരവധി പരാജയങ്ങളില്‍ ഒന്നു മാത്രം. തന്റെ വിളംബരം ഒരിക്കലും പക്ഷേ മലബാറിനു മാത്രമായിരുന്നില്ല. സമസ്ത മൈസൂര്‍ സാമ്രാജ്യത്തിലേക്കും വേണ്ടിയായിരുന്നു. മാന്യമായി വസ്ത്രം ധരിക്കണമെന്നും അത് സാധിക്കാത്തത് സാമ്പത്തിക പരാധീനത കൊണ്ടാണെങ്കില്‍ ഖജനാവ് അതിനു വഴിയുണ്ടാക്കുമെന്നുമായിരുന്നു ടിപ്പുവിന്റെ ആ 'പ്രമാദമായ' തിട്ടൂരം. എന്നാല്‍ വിളംബരത്തിലെ അവസാന ഭാഗം തമസ്‌കരിക്കുകയും വസ്ത്രമെന്നതിനെ കുപ്പായമിടീക്കുക എന്ന് പരിമിതപ്പെടുത്തുകയും അതിന് മതംമാറ്റമെന്നു പര്യായം പറയുകയും ചെയ്യുന്ന കുടിലബുദ്ധിയാണ് ഇവിടെ പ്രചരിച്ചത്.
മാന്യമായ വസ്ത്രധാരണക്കുവേണ്ടിയുള്ള ടിപ്പു സുല്‍ത്താന്റെ പരിശ്രമങ്ങളുമായി ബന്ധപ്പെട്ടു രസകരമായ നിരവധി കഥകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വയനാടന്‍ മലമടക്കിലെ ഗിരിവര്‍ഗക്കാര്‍ അക്കാലത്തു തീര്‍ത്തും വിവസ്ത്രരായിരുന്നു. മലബാര്‍ യാത്രക്കിടെ ഇതു ശ്രദ്ധയില്‍പ്പെട്ട സുല്‍ത്താന്‍ അവരുടെ ഗോത്രമൂപ്പനെ വിളിച്ചു വരുത്തി വസ്ത്രമുടുക്കാനും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും നിര്‍ദേശിച്ചു. ആവശ്യമായ വസ്ത്രങ്ങള്‍ ഖജനാവില്‍ നിന്നു വസൂലാക്കാനും അവരോടു പറഞ്ഞു. ഗോത്രമൂപ്പന്റെ പ്രതികരണം ഏറെ വിനയപൂര്‍ണമായിരുന്നു. വസ്ത്രമുപയോഗിക്കുന്നതില്‍ നിന്നും ഞങ്ങളെ ഒഴിവാക്കിത്തരാന്‍ ദയവുണ്ടാവണമെന്നും ഇനി വസ്ത്രമുടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചാല്‍ സുല്‍ത്താന് പിടിക്കാന്‍ പറ്റാത്ത കൊടും കാടുകളിലേക്ക് ഞങ്ങള്‍ പോയ്ക്കളയുമെന്നുമായിരുന്നു. ഇതു കേട്ട ടിപ്പു പൊട്ടിച്ചിരിച്ചു. ഗോത്രമൂപ്പനെയും അനുയായികളെയും വസ്ത്ര ശല്യത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.
മലബാറില്‍ ടിപ്പുവിന്റെ മറ്റൊരു വിളംബരം ബഹുഭര്‍ത്തൃത്വം കര്‍ശനമായി നിരോധിച്ചു കൊണ്ടുള്ളതാണ്. അതിലളിതവും സംതൃപ്തവുമാര്‍ന്ന ദാമ്പത്യ ജീവിതമായിരുന്നു ടിപ്പുവിന്റേത്. ഹൈദറിന്റെ കാലത്ത് അദ്ദേഹത്തിന്റെ താല്‍പര്യത്തില്‍ നടത്തിയ രണ്ടു വിവാഹം. അതിലൊരാളായ റുഖിയാ ബാനു ശ്രീരംഗ പട്ടണം ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ അതിന്റെ ആഘാതത്തില്‍ മരിച്ചുപോയി. മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു വിവാഹം. മൂന്നു ഭാര്യമാരിലായി സുല്‍ത്താനു പതിനൊന്നു മക്കളും. ടിപ്പുവിന്റെ കൊട്ടാരങ്ങള്‍ അതിലളിതവും അനാര്‍ഭാടപൂര്‍ണവുമായിരുന്നു. താന്‍ ജയിച്ചടക്കിയ പ്രൗഢമാര്‍ന്ന കൊട്ടാരക്കെട്ടുകള്‍ തോറ്റ രാജാവിനു മടക്കി നല്‍കിയ രാജാവ് ഒരു പക്ഷേ ടിപ്പു മാത്രമായിരിക്കും. അഴിഞ്ഞാട്ടക്കാരികള്‍ ടിപ്പുവിന്റെ അന്തഃപുരങ്ങളില്‍ ഇല്ലായിരുന്നു. ഇങ്ങനെ ഉയര്‍ന്ന ധാര്‍മികതയും ഉള്ളുറപ്പുള്ള സാംസ്‌കാരിക ഔന്നത്യവും ജീവിതത്തില്‍ അന്ത്യം വരെ പരിപാലിച്ച സുല്‍ത്താനു തന്റെ സ്വന്തം പൗരജനങ്ങളുടെയും ജീവിത പരിഷ്‌കരണം പ്രധാനമായിരുന്നു. അതുകൊണ്ടാണ് ഇത്തരം ജീവിതവൈകൃതങ്ങള്‍ ടിപ്പു സുല്‍ത്താനില്‍ അലോസരം സൃഷ്ടിച്ചതും ഇതത്രയും ഇല്ലാതാക്കാന്‍ തീവ്രമായി പരിശ്രമിച്ചതും.
സുല്‍ത്താന്‍ നടത്തിയ മറ്റൊരു പരിഷ്‌കരണം സമ്പൂര്‍ണമായ മദ്യ നിരോധനമാണ്. പെരും കുടിയന്മാരായിരുന്നു അന്നിവിടുത്തുകാര്‍ എന്ന് ബുക്കാനന്‍ രേഖപ്പെടുത്തുന്നു. ചെത്തു കുലത്തൊഴിലാക്കിയ വലിയ ഒരു ജനത തന്നെ ഇവിടെയുണ്ടായിരുന്നു. ലഹരി നിരോധിക്കണമെന്നും ചെത്തുകാരെ മാന്യമായ മറ്റു തൊഴിലിടങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1787 ജനുവരി 4-നു ടിപ്പു സ്വന്തം ഗവര്‍ണര്‍ക്കെഴുതിയ കത്ത് വളരെ പ്രസിദ്ധമാണ് (കിര്‍മാനി). യൗവനയുക്തകളായ സ്ത്രീകളെ വീട്ടുജോലിക്ക് നിര്‍ത്തുന്ന പ്രവണതയെ സുല്‍ത്താന്‍ നിരുത്സാഹപ്പെടുത്തി. കോഴിക്കോട്ടുണ്ടായിരുന്ന തന്റെ ഒരു ഫൗജുദാര്‍ ഇത്തരത്തിലൊരുത്തിയെ ജോലിക്കു നിര്‍ത്തിയതറിഞ്ഞ സുല്‍ത്താന്‍ ഉടന്‍ തന്നെ അവരെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥനെ ശാസിക്കുകയും ചെയ്തു. ഇത്തരം പ്രവണതകള്‍ പവിത്രമായ കുടുംബജീവിതങ്ങളില്‍ വിഘ്‌നങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു സുല്‍ത്താന്റെ നിരീക്ഷണം. അശരണര്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും വേണ്ടി സുല്‍ത്താന്‍ രൂപീകരിച്ച ട്രസ്റ്റിനെയും അതില്‍ സുല്‍ത്താന്‍ കാണിച്ച ഉത്സാഹത്തെയും പറ്റി മൊഹിബുല്‍ ഹസഖാന്‍ തന്റെ പുസ്തകത്തില്‍ വിശദമായി ഉപന്യസിക്കുന്നുണ്ട്.
ഏറെ സഹിഷ്ണുവും പരമത സ്‌നേഹിയുമായിരുന്നു സുല്‍ത്താന്‍. തന്റെ പ്രവിശാലമായ മൈസൂര്‍ സാമ്രാജ്യത്തില്‍ മഹാഭൂരിപക്ഷം പ്രജകളും അമുസ്‌ലിംകളായിരുന്നു. സുല്‍ത്താന്റെ പ്രധാന ഉദ്യോഗസ്ഥവൃന്ദമാകട്ടെ ഭൂരിഭാഗവും ഹിന്ദുക്കള്‍. പ്രധാന മന്ത്രിയായിരുന്ന പൂര്‍ണയ്യയും മലബാര്‍ ഗവര്‍ണറായിരുന്ന മദണ്ണയും ഇതില്‍ ഉള്‍പ്പെടും. എന്നിട്ടും സുല്‍ത്താന്‍ മലബാറില്‍ ക്ഷേത്രധ്വംസകനായ മതവൈരക്കാരനാണ്! ടിപ്പുവിന്റെ മതഭ്രാന്തിന്റെ തോറ്റങ്ങള്‍ പക്ഷേ മൈസൂരില്‍ വെറും കെട്ടുകഥകള്‍ മാത്രമാണ്. ഒരാളും ഇത് വിശ്വസിക്കുകയില്ല. അത്രക്ക് വിശാലമായ മതസഹിഷ്ണുതയാണ് അദ്ദേഹം പുലര്‍ത്തിപ്പോന്നത് എന്നത് ശ്രീരംഗപട്ടണം കോട്ട സന്ദര്‍ശിച്ചവര്‍ക്ക് എളുപ്പം ബോധ്യപ്പെടും. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഹനുമാന്‍ ക്ഷേത്രം ഇത് സ്ഥിരീകരിക്കുന്നു. ഇതേ സഹിഷ്ണുതയുടെ മഹിത മാതൃക തന്നെയാണ് അദ്ദേഹം മലബാറിലും സാമന്ത രാജ്യമായ കൊച്ചിയിലും സ്വീകരിച്ചത്. തന്റെ സാമ്രാജ്യത്തിലൊരിടത്തും ടിപ്പു ഇരട്ടനയം പുലര്‍ത്തിയിട്ടില്ല. അത്തരം ആത്മവഞ്ചന അദ്ദേഹത്തിനു വശമില്ല. പിന്നെയും കേരളത്തില്‍ മാത്രം ഇത്തരമൊരു കള്ളക്കഥ എങ്ങനെയാണ് പ്രചരിച്ചത്? കേരളത്തിലെ ജനതക്കും രാജസ്വരൂപങ്ങള്‍ക്കും ഭരണപരവും വംശപരവുമായ ഒരു വിവരവും നാള്‍വഴിയില്‍ എഴുതിവെക്കുന്ന പതിവേയില്ലായാരുന്നു. ഇന്നുപോലും നാം മലയാളികള്‍ അങ്ങനെയാണ്. അതിനാല്‍ തന്നെ ചരിത്ര രചയിതാക്കള്‍ മൂലരേഖകളുടെ അഭാവത്തില്‍ ഇംഗ്ലീഷുകാര്‍ പക്ഷപാതപരമായി എഴുതിയ മാന്വലും ഗസറ്റിയറും അപ്പാടെ പകര്‍ത്തിയെഴുതിയാണ് ചരിത്ര രചന നടത്തിയത്. ഇംഗ്ലീഷുകാര്‍ക്ക് അവരുടെ ഏക ശത്രു ടിപ്പുവായിരുന്നു. ടിപ്പു മാത്രം. അതുകൊണ്ടാണ് മെയ് നാലിന് അവസാന ശ്രീരംഗപട്ട
ണ യുദ്ധം കഴിഞ്ഞു മരിച്ചു വീണ സുല്‍ത്താന്റെ നെഞ്ചില്‍ ചവിട്ടി കോണ്‍വാലീസ് പ്രഖ്യാപിച്ചത്, നാം ഇന്ത്യ കീഴടക്കിയെന്ന്. ടിപ്പുവിനെതിരെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പാകി വിതച്ചതും മുളപ്പിച്ചതും അവരാണ്. ടിപ്പുവിനെ അപനിര്‍മിക്കുക അവരുടെ ആവശ്യമായിരുന്നു. അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുകയും ചെയ്തു. ഇതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഏറെ ആത്മാര്‍ഥമായി സുല്‍ത്താന്‍ നടപ്പാക്കിയ നിരവധി സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ മേല്‍ ജാതികളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു. ഇവര്‍ ഈ വ്യവസ്ഥകളാസകലം പടുത്തുയര്‍ത്തിയതും നിലനിര്‍ത്തിയതും ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ചായിരുന്നു. വസ്ത്ര പരിഷ്‌കാരങ്ങളും ബഹുഭര്‍തൃത്വ-മരുമക്കത്തായ നിരോധവും എന്തിനേറെ ഭൂനികുതി പോലും മതവിരുദ്ധമെന്നവര്‍ പ്രചരിപ്പിച്ചു. പരിഷ്‌കാരങ്ങള്‍ കൊണ്ട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ജാതിവര്‍ഗങ്ങളാണ് കുടിലകഥകള്‍ പ്രചരിപ്പിച്ചത്. അതു പതിയേ അമ്പലം പൊളിയിലേക്ക് വികസിപ്പിച്ചതും ഇവര്‍തന്നെ.
നഷ്ടമായ അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രതിവിപ്ലവങ്ങള്‍ നടത്തിയ നിരവധി പേരുണ്ടായിരുന്നു അന്ന്. പ്രതിവിപ്ലവങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പിടിക്കപ്പെടുമെന്നു ഭയന്ന ഇക്കൂട്ടര്‍ തിരുവിതാംകൂറിലേക്കും കൊച്ചിയിലേക്കും ധാരാളമായി പലായനം ചെയ്തിരുന്നു. ഇവര്‍ പറഞ്ഞു പരത്തിയ കള്ളക്കഥകള്‍ കൂടിയാണ് ക്ഷേത്രത്തകര്‍പ്പിന്റെ ഇല്ലാക്കഥകള്‍. മലബാറില്‍ സുല്‍ത്താനു വേണ്ടി നാടു ഭരിച്ചത് മിക്കവാറും ബ്രാഹ്മണ ഓഫീസര്‍മാരാണ്. അവര്‍ ഇത്ര ഭീകരമായി ക്ഷേത്രധ്വംസനം നടത്തിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? വസ്തുത മറിച്ചാണു താനും. മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും ബ്രാഹ്മണ ശ്രേഷ്ഠന്മാര്‍ക്കും ടിപ്പു ഉദാരമായി ഭൂദാനം ചെയ്ത സൂക്ഷ്മവും സത്യസന്ധവുമായ പ്രമാണങ്ങള്‍ ആര്‍ക്കൈവുകളില്‍ ഇന്നു സുലഭമായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ടിപ്പു സുല്‍ത്താന്റെ ഏറെ ഉദാരമായ പരിഗണനയും ദാനവും ലഭിച്ച അറുപതിലേറെ അമ്പലങ്ങളുടെ വിശദവും ആധികാരികവുമായ രേഖകള്‍ ഇന്നു ലഭ്യമാണ്. ടിപ്പുവിന്റെ തേജോമയമായ ജീവിതം ആരോപണങ്ങളുടെ കരിമുകില്‍ കാടുകളില്‍ നിന്നും സത്യത്തിന്റെ നറും വെട്ടത്തില്‍ ഉജ്ജ്വലിച്ചു നില്‍ക്കുന്ന കാലം വരിക തന്നെ ചെയ്യും.
(അവസാനിച്ചു)
റഫറന്‍സ്
1. History of Tippu,
Mohibul Hassan Khan
2. Tippu Sulthan, Kirmani
3. Malabar Manual, Logan
4. A Journey from Madras, Francis Buchanan
5. A New Accounts of East Indies, Hamilton
6. Kochin State Manual, Achutha Menon. C
7. History of Kerala , Padmanabha Menon
8. British relations with Hyder Ali, Sheik Ali
9. A Political History of Muslims in India, Rangopal
10. Thahfathul Mujahideen, Zainudheen
11. കൊച്ചി രാജ്യ ചരിത്രം, പത്മനാഭ മേനോന്‍
12. കേരള മുസ്‌ലിം ചരിത്രം, സെയ്ത് മുഹമ്മദ്
13. കേരള ചരിത്രം, കെ. ദാമോദരന്‍
14. ഹൈദറാലിയുടേയും ടിപ്പുവിന്റേയും കേരളം, സി.കെ. കരീം
15. ടിപ്പു സുല്‍ത്താന്‍, പി.കെ. ബാലകൃഷ്ണന്‍
16. കേരളം അറുനൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് (ഇബിന്‍ബത്തൂത്ത), വേലായുധന്‍ പണിക്കശ്ശേരി
17. നവാബ് ടിപ്പു സുല്‍ത്താന്‍, കെ.കെ.എന്‍ കുറുപ്പ്- http://www.prabodhanam.net/detail.php?cid=1044&tp=1 -
No comments:
Post a Comment