Sunday, 21 May 2017
തിരുനബി(സ)യുടെ വിവാഹങ്ങള്‍
ഇസ്ലാമിന്റെ വിമര്‍ശകര്‍ പലപ്പോഴും ആയുധമാക്കാറുള്ള വിഷയമാണ് നബി (സ്വ)യുടെ വിവാഹങ്ങള്‍. ഒരാള്‍ക്ക് നാല് ഭാര്യമാരെ സ്വീകരിക്കുവാനുള്ള അനുവാദമേ ഇസ്ലാം നല്‍കുന്നുള്ളൂ. എന്നാല്‍ പ്രവാചകന്‍ മരണപ്പെടുമ്പോള്‍ അവിടുത്തേക്ക് ഒമ്പത് ഭാര്യമാരുണ്ടായിരുന്നുവല്ലോ?’അത് കൊണ്ട് തന്നെ പ്രവാചകനൊരു സ്ത്രീലമ്പടനല്ലേ? എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സാധാരണ ഉന്നയിക്കപ്പെടാറുള്ളതാണ്. മുഹമ്മദ് നബി (സ്വ)യുടെ വിവാഹങ്ങളെക്കുറിച്ച് കൃത്യമായ അപഗ്രഥനം നടത്തുന്ന ഏതൊരാള്‍ക്കും ഇത്തരം വിമര്‍ശനങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് ബോധ്യപ്പെടുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തില്‍ ഒരാള്‍ക്ക് നാല് വിവാഹം മാത്രമേ ആകാവൂ എന്ന നിബന്ധനയുണ്ടായിരുന്നില്ല. പിന്നീട് ഭാര്യമാരെ നാലില്‍ പരിമിതപ്പെടുത്തണമെന്ന ദിവ്യസന്ദേശമവതരിച്ചു. പ്രവാചകന് ഈ വചനമവതരിക്കുന്നതിന് മുമ്പ് നാലിലധികം ഭാര്യമാരുണ്ടായിരുന്നു. നബി (സ്വ) നാല് ഭാര്യമാരെ തിരഞ്ഞെടുത്ത് ബാക്കിയുള്ളവരെ വിവാഹമോചനം ചെയ്തിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക? അവര്‍ക്ക് മറ്റൊരു വൈവാഹിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുമായിരുന്നില്ല. പ്രവാചക പത്നിമാര്‍ സത്യവിശ്വാസികളുടെ ആത്മീയമാതാക്കളായിരുന്നു. ക്വുര്‍ആന്‍ പറയുന്നു.
"പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേശങ്ങളേക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.''(33:6).
സ്വന്തം മാതാവിനെപ്പോലെ ആദരിക്കാന്‍ കല്‍പിക്കപ്പെട്ട വനിതയെ വിശ്വാസികളില്‍ ഒരാള്‍ക്കും വിവാഹം കഴിക്കാവതല്ല. അതിനാല്‍ നബി (സ്വ) നാലില്‍ കൂടുതലുള്ള പത്നിമാരെ വിവാഹമോചനം ചെയ്തിരുന്നുവെങ്കില്‍ അവര്‍ നിത്യ വൈധവ്യം അനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ വിവാഹമോചനം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു പ്രശ്നമില്ലായിരുന്നു. അവരുടെ പുനര്‍ വിവാഹത്തിന് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.
നബി (സ്വ)യുടെ ഓരോ വിവാഹ സന്ദര്‍ഭങ്ങളുമെടുത്ത് പരിശോധിച്ചാല്‍ അവിടുന്ന് കേവലം ദാമ്പത്യസുഖത്തിന് വേണ്ടിയായിരുന്നില്ല വൈവാഹികബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. മുഹമ്മദ് നബി (സ്വ) ക്വുര്‍ആനിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന വസ്തുതയും പ്രസ്തുത പഠനത്തിലൂടെ സുതരാം ബോധ്യപ്പെടുന്നതാണ്.
ഖദീജ ബിന്‍ത് ഖുവൈലിദ് (റ)
നബി (സ്വ)തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് നാല്‍പത് വയസ്സ് പ്രായമെത്തിയ ഖദീജ (റ)യെ വിവാഹം ചെയ്തത്. പ്രസ്തുത വിവാഹത്തിനുണ്ടായ പശ്ചാത്തലമിതായിരുന്നു. സമ്പന്നയും കുലീനയുമായ ഒരു പ്രമുഖ കച്ചവടക്കാരിയായിരുന്നു അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകള്‍ ഖദീജ. പുരുഷന്മാരെ ശമ്പളത്തിന് നിയമിക്കുകയും അവരെ കൂട്ടി മുളാറബത്ത് (ഒരാളുടെ മൂലധനവും മറ്റൊരാളുടെ അധ്വാനവും ചേര്‍ന്നുകൊണ്ടുള്ള വ്യാപാരരീതി) നടത്തുകയുമാണ് അവര്‍ ചെയ്തിരുന്നത്.
നബിയുടെ സത്യസന്ധതയെക്കുറിച്ചും വിശ്വസ്തതയെക്കുറിച്ചും അവര്‍ കേള്‍ക്കാനിടയായി. മറ്റാര്‍ക്കുമില്ലാത്തത്ര സ്വഭാവമഹിമകളുള്ളത് കാരണം അല്‍ അമീന്‍ (വിശ്വസ്തന്‍) എന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നതെന്നും അവര്‍ മനസ്സിലാക്കി. ശ്യാമിലേക്ക് തന്റെ ചരക്കുകളുമായി കച്ചവടത്തിന് പുറപ്പെടാന്‍ നബിയെ അവര്‍ ശമ്പളത്തിന് നിശ്ചയിച്ചു.
ഖദീജയുടെ അടിമ മൈസറത്തിന്റെ കൂടെ നബി (സ്വ) യാത്ര പുറപ്പെട്ടു. അവരുടെ വ്യാപാരം വളരെ ലാഭകരമായിരുന്നു. മൈസറത്തിന്റെ മനസ്സില്‍ നബിയോട് ഇഷ്ടം തോന്നിച്ച പല അത്ഭുത സംഭവങ്ങളും ഈ യാത്രക്കിടയിലുണ്ടായി. അവര്‍ രണ്ടുപേരും മക്കയില്‍ മടങ്ങിയെത്തുകയും കച്ചവടത്തില്‍ വമ്പിച്ച ലാഭം കിട്ടിയതായി കാണുകയും ചെയ്തപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് ഖദീജക്കുണ്ടായത്. നബി തിരുമേനിയില്‍ പ്രിയം തോന്നിയ ഖദീജ വിവാഹന്വേഷണവുമായി ആളെവിട്ടു. തുടര്‍ന്ന് നബി (സ്വ) തന്റെ പിതൃവ്യരുടെ കൂടെ ഖദീജയുടെ പിതൃവ്യന്‍ അംറുബ്നു അസദിന്റെ അടുക്കല്‍ ചെന്ന് അബൂ ത്വാലിബ് മുഖേന അവരെ വിവാഹാലോചന നടത്തി. അംറുബ്നു അസദ് ഖദീജയെ നബിക്ക് വിവാഹം ചെയ്തുകൊടുത്തു.
നബി (സ്വ)യും ഖദീജ (റ)യും തമ്മിലുള്ള വിവാഹബന്ധം ഇരുപത്തിയഞ്ച് വര്‍ഷം നിലനിന്നു. വൈവാഹികജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയോ, എന്തെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകളോ ഉണ്ടായിരുന്നില്ല. ഖദീജ (റ) മരണപ്പെടുന്നത് വരെ നബി (സ്വ)മറ്റൊരു വിവാഹാലോചന നടത്തിയിട്ടില്ല. നബി (സ്വ)യുടെ ഏഴു മക്കളില്‍ ഇബ്രാഹീം എന്ന മകന്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഈ ബന്ധത്തില്‍ ജനിച്ചവരാണ്. നബി (സ്വ)യുടെ സന്താനപരമ്പര നിലനിന്നതും അവരില്‍ നിന്ന് തന്നെയാണ്. നബി (സ്വ)യുടെ സന്തോഷ-സന്താപങ്ങളിലും, പ്രബോധന പ്രവര്‍ത്തനങ്ങളിലുമെല്ലാം ഖദീജ (റ) വഹിച്ച പങ്ക് നിസ്തുലമാണ്. അവര്‍ മരണപ്പെട്ട വര്‍ഷം ദുഃഖ വര്‍ഷം എന്നാണറിയപ്പെടുന്നത്.
പ്രവാചകന്‍ (സ്വ) മരണപ്പെടുന്നത് വരെയും അവിടുത്തെ ജീവിതത്തില്‍ ഖദീജ (റ)യെ കുറിച്ചുള്ള ഓര്‍മകള്‍ പ്രകടമായിരുന്നതായിക്കാണാം. ആയിശ (റ) പറയുന്നു: ‘എനിക്ക് ഖദീജയോട് തോന്നിയയത്രവിഷമം നബി (സ്വ)യുടെ മറ്റൊരു ഭാര്യമാരുടെ കാര്യത്തിലുമുണ്ടായിട്ടില്ല. ഞാന്‍ ഖദീജ (റ)യെ കണ്ടിട്ടുപോലുമില്ല. പക്ഷെ തിരുമേനി അവരെക്കുറിച്ച് ധാരാളം പ്രസ്താവിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ ആടിനെ അറുത്താല്‍ അതില്‍ നിന്ന് ഖദീജ (റ)യുടെ തോഴിമാര്‍ക്ക് നബി (സ്വ) കൊടുത്തയക്കുമായിരുന്നു. അങ്ങനെ ഞാന്‍ പറഞ്ഞേക്കും 'ഇഹലോകത്ത് ഖദീജയില്ലാതെ വേറെ പെണ്ണില്ലെന്നു തോന്നുന്നു!' അപ്പോള്‍ നബി (സ്വ) പറയും: 'അതെ, അവര്‍ അങ്ങിനെയായിരുന്നു, എനിക്ക് അവരില്‍ നിന്നാണ് സന്താനങ്ങളുണ്ടായത്.' (ബുഖാരി, മുസ്ലിം).
നബി (സ്വ)യില്‍ പ്രതിജ്ഞ ചെയ്ത് ആദ്യമായി ഇസ്ലാം ആശ്ളേഷിച്ചതും ഖദീജ (റ)യായിരുന്നുവെന്നാണ് പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായം.
ദിവ്യസന്ദേശത്തിന്റെ ആരംഭത്തില്‍ നബി (സ്വ)ക്ക് എന്തെന്നില്ലാത്ത ഭയമുണ്ടായി. ആ സന്ദര്‍ഭത്തില്‍ പ്രവാചകനെ ഏറ്റവും നല്ല രൂപത്തല്‍ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ഖദീജ (റ)ക്ക് കഴിഞ്ഞു. ആ സംഭവം ആയിശ (റ) വിശദീകരിക്കുന്നത് കാണുക. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ (റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ)ക്ക് വഹ്യിന്റെ തുടക്കം കുറിക്കപ്പെട്ടത് ഉറക്കത്തിലെ നല്ല സ്വപ്നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന സ്വപ്നങ്ങളെല്ലാം പുലരി പോലെ (വ്യക്തമായി) സംഭവിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന് തനിച്ചിരിക്കല്‍ ഇഷ്ടകരമായി. ഹിറാ ഗുഹയിലായിരുന്നു അദ്ദേഹം തനിച്ചിരുന്നത്. അവിടെയിരുന്ന് വീട്ടുകാരുടെ അടുത്തേക്ക് വരാതെ കുറേ രാത്രികള്‍ ധ്യാനനിരതനാകും. ആ ദിവസങ്ങളിലേക്കുള്ള ഭക്ഷണം കൊണ്ടുപോകുമായിരുന്നു. പിന്നീട് ഖദീജ (റ)യുടെ അടുത്തേക്ക് മടങ്ങിവന്ന് മുമ്പത്തെപ്പോലെ ഭക്ഷണവുമായി തിരിച്ചുപോകും. അവിടുന്ന് ഹിറാ ഗുഹയിലായിരിക്കേ സത്യം (ദിവ്യസന്ദേശം) വരുന്നത് വരെ ആ അവസ്ഥ തുടര്‍ന്നു.
അങ്ങനെ അദ്ദേഹത്തിന്റെ അടുക്കല്‍ മലക്ക് ജിബ്രീല്‍ വന്നു. എന്നിട്ട് പറഞ്ഞു. വായിക്കൂ. അവിടുന്ന് പറഞ്ഞു: ഞാന്‍ വായിക്കാനറിയാവുന്നവനല്ല. നബി (സ്വ) പറയുന്നു. തല്‍സമയം ആ മലക്ക് എന്നെ ശക്തമായി ആലിംഗനം ചെയ്തു: എനിക്ക് ഞെരുക്കമുണ്ടാക്കുന്ന വിധം. പിന്നെ എന്നെ പിടിവിട്ടിട്ട് പറഞ്ഞു: വായിക്കൂ: നബി (സ്വ) പറഞ്ഞു: ഞാന്‍ വായിക്കുവാന്‍ അറിയുന്നവനല്ല. അപ്പോള്‍ മൂന്നാം തവണയും ഏറെ ശക്തമായി ആലിംഗനം ചെയ്തു. പിന്നെ എന്നെ പിടിവിട്ട് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.''
പിടക്കുന്ന മനസ്സോടെ ഈ വചനങ്ങളുമായി അവിടുന്ന് മടങ്ങി. ഖുവൈലിദിന്റെ പുത്രി ഖദീജ (റ) യുടെ സമീപത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: നിങ്ങളെന്നെ പുതക്കൂ. എന്നെ പുതക്കൂ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ പുതച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഭയം വിട്ടുമാറി. സംഭവിച്ചതൊക്കെ ഖദീജ (റ)യോട് പറഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയോ എന്നു ഞാന്‍ വല്ലാതെ ഭയന്നുപോയി. അപ്പോള്‍ ഖദീജ (റ) പറഞ്ഞു: ഇല്ല ഒരിക്കലുമില്ല. അല്ലാഹുവാണ സത്യം അവനൊരിക്കലും താങ്കളെ കൈവെടിയുകയില്ല. (കാരണം) താങ്കള്‍ കുടുംബബന്ധം പുലര്‍ത്തുന്നവനും ആലംബഹീനരുടെ ഭാരം ചുമക്കുന്നവനും അഗതികള്‍ക്ക് (അര്‍ഹതപ്പട്ടത്) നേടിക്കൊടുക്കുന്നവനും അതിഥികളെ സല്‍ക്കരിക്കുന്നവനും കാലവിപത്ത് ബാധിച്ചവനെ സഹായിക്കുന്നവനുമാകുന്നു.”
പിന്നീട് ഖദീജ (റ) അദ്ദേഹത്തെ അവരുടെ പിതൃവ്യപുത്രനായ അബ്ദുല്‍ ഉസ്സയുടെ പുത്രന്‍ അസദിന്റെ പുത്രന്‍ നൌഫലിന്റെ പുത്രന്‍ വറഖത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യാ കാലത്ത് ക്രൈസ്തവമതം സ്വീകരിച്ചവനായിരുന്നു. അബ്റാനി (ഹിബു) ഭാഷയില്‍ ഗ്രന്ഥമെഴുതിയിരുന്നു. ഇഞ്ചീലില്‍ നിന്ന് അല്ലാഹു ഉദ്ദേശിച്ച അളവില്‍ അബ്റാനി ഭാഷയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന് പ്രായാധിക്യം വന്ന് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഖദീജ (റ) അദ്ദേഹത്തോട് പറഞ്ഞു: പിതൃവ്യപുത്രാ താങ്കളുടെ സഹോദരപുത്രന്‍ പറയുന്നത് കേള്‍ക്കൂ. അപ്പോള്‍ വറഖത്ത് അദ്ദേഹത്തോട് ചോദിച്ചു: എന്റെ സഹോദരപുത്രാ താങ്കള്‍ കണ്ടെതെന്താണ്? അപ്പോള്‍ റസൂല്‍ (സ്വ) കണ്ടെതെല്ലാം പറഞ്ഞുകൊടുത്തു.
അപ്പോള്‍ അദ്ദേഹത്തോട് വറഖത്ത് പറഞ്ഞു: അത് മൂസാ ൌന്റെ അടുത്തേക്ക് അല്ലാഹു അയച്ച നാമൂസ് (ജിബ്രീല്‍) ആകുന്നു. താങ്കള്‍ ദൈവദൂതനായി നിയോഗിക്കപ്പടുന്ന സന്ദര്‍ഭത്തില്‍ ഞാനൊരു യുവാവായിരുന്നുവെങ്കില്‍! താങ്കളുടെ ജനത താങ്കളെ പുറത്താക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരുന്നുവെങ്കില്‍... അപ്പോള്‍ റസൂല്‍ (സ്വ) ചോദിച്ചു. അവരെന്നെ പുറത്താക്കുമോ? അദ്ദേഹം പറഞ്ഞു: അതെ താങ്കള്‍ കൊണ്ട് വന്നിട്ടുള്ളത് പോലുള്ളത് കൊണ്ടുവന്നവരെല്ലാം എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ഞാന്‍ ഉണ്ടാകുമെങ്കില്‍ താങ്കള്‍ക്ക് ശക്തമായ സഹായം ഞാന്‍ നല്‍കും. പിന്നീട് വറഖത്ത് അധികം ജീവിച്ചില്ല; വഹ്യ് നിലക്കുകയും ചെയ്തു. (ബുഖാരി)
ഒരു ഇണ ചെയ്തുകൊടുക്കേണ്ട ബാധ്യതകളെല്ലാം കൃത്യമായി നിര്‍വഹിച്ച ഖദീജ (റ)യെ നബിതിരുമേനി മരണം വരെ സ്മരിച്ചതില്‍ അത്ഭുതമില്ല. മാത്രമല്ല. ശിഅ്ബു അബീത്വലിബില്‍ ഖുറൈശികള്‍ നബി (സ്വ)യെ ബഹിഷ്കരിച്ചപ്പോള്‍ ഖദീജ (റ) കൂടെയുണ്ടായിരുന്നു. ബഹിഷ്കരണം കഴിഞ്ഞ് ആറുമാസമായപ്പോള്‍ പ്രവാചക പിതൃവ്യന്‍ അബൂ ത്വാലിബ് മരണപ്പെട്ടു. അതിനുശേഷം മൂന്നു ദിവസം കഴിഞ്ഞ് ഖദീജ(റ)യും മരണപ്പെടുകയുണ്ടായി. ഹജൂന്‍’എന്ന സ്ഥലത്ത് അവരെ ഖബറടക്കി. ഹിജ്റയുടെ മൂന്ന് വര്‍ഷം മുമ്പായിരുന്നു ഈ ദുഃഖ സംഭവം നടന്നത്.
ഖദീജ (റ)ന്റെ വിയോഗശേഷം അമ്പത് വയസ്സ് തികഞ്ഞ നബി (സ്വ) മറ്റു വൈവാഹികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ കേവലം ദാമ്പത്യം ആസ്വദിക്കാനായിരിക്കുകയില്ലെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല.
സൌദ ബിന്‍തു സംഅ (റ)
സത്യമതം ഉള്‍ക്കൊണ്ടതിന്റെ പേരില്‍ മക്കയിലെ അവിശ്വാസികള്‍ സത്യവിശ്വാസികളെ നിരന്തരമായി പീഡിപ്പിച്ചു. അങ്ങിനെ മുസ്ലിംകള്‍ക്ക് അബിസീനിയയിലേക്ക് പലായനം ചെയ്യാന്‍ നബി (സ്വ) അനുമതി നല്‍കി. പാലായനം ചെയ്തവരുടെ കൂട്ടത്തില്‍പ്പെട്ട ഒരാളായിരുന്നു സക്റാനുബ്നു അംറ് (റ) അദ്ദേഹം സ്വപത്നിയും പിതൃപുത്രിയുമായ സൌദ (റ)യേയും കൂടെ കൊണ്ട് പോയിരുന്നു. ഏതാനും വര്‍ഷം അവിടെ താമസിച്ച ശേഷം സംസത്തുബ്നു അബ്ദുല്‍മുത്തലിബും ഉമറുബ്നു ഖത്താബും മതപരിവര്‍ത്തനം ചെയ്തതിനെത്തുടര്‍ന്ന് ഇസ്ലാമിന്ന് ശക്തി കൈവന്നിട്ടുണ്ടെന്ന് കേട്ട് പ്രതീക്ഷകളോടെ ആ കുടുംബം മക്കയിലേക്ക് തിരിച്ചെത്തി. എന്നാല്‍ അധികം താമസിയാതെ സക്റാന്‍ (റ) മരണപ്പെട്ടു. സൌദ (റ) വിധവയായി. സൌന്ദര്യവതിയല്ലാത്ത അവര്‍ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് നിരാലംബയായി മക്കയില്‍ പാര്‍ത്തു.
ഖദീജ (റ) മരണപ്പെട്ട അവസരത്തിലായിരുന്നു ഈ സംഭവവും നടന്നത്. നബി (സ്വ) സങ്കടത്തോടെ കഴിയുന്നതില്‍ സ്വഹാബത്തിന് ഖേദം തോന്നി. അങ്ങിനെയിരിക്കെ ഉസ്മാനുബ്നു മള്ഊനിന്റെ ഭാര്യ ഖൌല ബിന്‍തു ഹകീം നബി (സ്വ)യുടെ അരികിലെത്തി. സൌദ (റ)യുടെ കാര്യം സൂചിപ്പിച്ചു. സ്വകുടുംബത്തിന്റെ എതിര്‍പ്പും പ്രതിഷേധവുമൊന്നും വകവെയ്ക്കാതെ തന്റെ മത സംരക്ഷണാര്‍ഥം നാടുവിട്ട് വിധവയായിത്തീര്‍ന്ന സൌദയെ സംരക്ഷിക്കാന്‍ നബി (സ്വ) തയ്യാറായി. നബി (സ്വ) അവരെ വിവാഹം ചെയ്തു.
പിന്നീട് നബി (സ്വ) ആയിശ (റ)യെ വിവാഹം ചെയ്തപ്പോള്‍ പ്രായധിക്യമുള്ള സൌദ (റ) തന്റെ ദിവസങ്ങള്‍ ആയിശ (റ)ക്ക് വിട്ട് കൊടുത്തുകൊണ്ട് മാതൃകയായി. ഹിജ്റ അമ്പത്തിനാലില്‍ മരണപ്പെട്ട സൌദ (റ)യെ ബഖീഇലാണ് ഖബറടക്കിയത്.
ആയിശാ ബിന്‍ത് അബൂബക്കര്‍ (റ)
ഹിജ്റയുടെ മുമ്പ് നബി (സ്വ), അബൂബക്കര്‍ (റ) മകളായ ആയിശ (റ)യെ വിവാഹം ചെയ്തു. എന്നാല്‍ തന്റെ ഭവനത്തിലേക്ക് കൊണ്ടുപോയത് ഹിജ്റക്ക് ശേഷം ആയിശ (റ)ക്ക് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു. ഇസ്ലാമിക വിജ്ഞാനത്തില്‍ അഗാധ പണ്ഡിതയായിരുന്ന ആയിശ (റ) നബി (സ്വ)യില്‍ നിന്ന് ധാരാളം ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബി (സ്വ) ഒരിക്കല്‍ ആയിശ (റ)യോട് ഇപ്രകാരം പറയുകയുണ്ടായി. മൂന്നു ദിവസം നിന്നെ ഉറക്കത്തില്‍ എനിക്ക് കാണിക്കപ്പെട്ടു. ഒരു പട്ടുവസ്ത്രത്തില്‍ മലക്ക് നിന്നെ എന്റെയടുക്കല്‍ കൊണ്ടുവരികയുണ്ടായി. എന്നിട്ടു പറഞ്ഞു: 'ഇത് നിങ്ങളുടെ ഭാര്യയാണ്' അപ്പോള്‍ ഞാന്‍ മുഖത്ത് നിന്ന് വസ്ത്രം നീക്കി. അപ്പോഴത് നീ തന്നെയാണ്. ഞാന്‍ പറഞ്ഞു: ‘ഇത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള (തീരുമാനമായെങ്കില്‍) അത് സംഭവിക്കും. (മുസ്ലിം)
മതവിജ്ഞാനത്തിനു പുറമെ സാഹിത്യം, കവിത, ചരിത്രം, വൈദ്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലും ആയിശ (റ) തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. അബൂമൂസല്‍ അസ്അരി (റ) പറയുന്നത് കാണുക. "റസൂല്‍ (സ്വ)യുടെ സ്വഹാബികളായ ഞങ്ങള്‍ക്കു വല്ല വിഷയത്തിലും സംശയം നേരിടുമ്പോള്‍ അതിനെപ്പറ്റി ആയിശ (റ)യോടു ചോദിച്ചിട്ടു ഒരു സംഗതിയിലും ശരിക്കു അറിവു കിട്ടാതിരുന്നിട്ടില്ല. (തിര്‍മുദി)
വിശുദ്ധ ക്വുര്‍ആനിലെ പല വചനങ്ങളുടെയും അവതരണത്തിന് ആയിശ (റ) സാക്ഷിയായിട്ടുണ്ട്. അവരുടെ പുതപ്പില്‍ വെച്ച് നബി (സ്വ)ക്ക് ദിവ്യസന്ദേശം അവതരിക്കാറുണ്ടായിരുന്നു. അത്കൊണ്ട് തന്നെ ക്വുര്‍ആന്‍ വ്യാഖ്യാനരംഗത്ത് മഹത്തായ സംഭാവകളര്‍പ്പിക്കാന്‍ ആ മഹതിക്കു കഴിഞ്ഞു. പ്രവാചകനില്‍ നിന്നുള്ള ഹദീഥുകള്‍ ജനങ്ങള്‍ക്കെത്തിക്കുന്നതിലും അവര്‍ തന്റേതായ ധര്‍മം നിര്‍വഹിച്ചിട്ടുണ്ട്. അവരത് നിര്‍വഹിച്ചില്ലെങ്കില്‍ വലിയൊരു പങ്ക് നമുക്ക് നഷ്ടപ്പെട്ടു പോകുമായിരുന്നു. പ്രത്യേകിച്ച് ഗാര്‍ഹിക വിഷയങ്ങളും കുടുംബത്തോടുള്ള പ്രവാചകചര്യയും കൃത്യമായി ആയിശ (റ) സമൂഹത്തെ പഠിപ്പിച്ചു. നബി (സ്വ)കന്യകയും ചെറുപ്രായക്കാരിയുമായ ആയിശ (റ)യെ വിവാഹം ചെയ്തത് ഇസ്ലാമിക വിജ്ഞാന കൈമാറ്റത്തിന് വലിയ മുതല്‍ക്കൂട്ടായി എന്ന കാര്യത്തില്‍ സംശയമില്ല.
മുഹമ്മദ് നബി (സ്വ)ആയിശ (റ)യുടെ മടിയില്‍ തലചായ്ച്ചുകൊണ്ടായിരുന്നു ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്. അതിന് ശേഷം ആയിശ (റ) വര്‍ഷങ്ങളോളം ജീവിച്ചു. ഹിജ്റ അമ്പത്തി എട്ടില്‍ തന്റെ അറുപത്തിയാറാം വയസ്സില്‍ അവര്‍ മരണപ്പെട്ടു. ബഖീഇലാണ് അവരെ മറമാടിയത്.
ഹഫ്സ്വ ബിന്‍ത് ഉമര്‍ (റ)
ഖുനൈസുബ്നു ഹുദാഫ (റ) ആയിരുന്നു ഉമര്‍ (റ)വിന്റെ മകളായ ഹഫ്സ (റ)യുടെ ആദ്യ ഭര്‍ത്താവ്. അബിസീനിയയിലേക്കും മദീനയിലേക്കും ഹിജ്റ പോയ അദ്ദേഹം ഇസ്ലാമിന്റെ കര്‍മഭടനും ആവേശവുമായിരുന്നു. ബനൂ സഹ്മ ഗോത്രത്തില്‍പ്പെട്ട അദ്ദേഹം ഉഹ്ദ് യുദ്ധത്തിലേറ്റ പരിക്കുമൂലം മദീനയില്‍ വെച്ച് മരണപ്പെട്ടു. വിധവയായിത്തീര്‍ന്ന മകളെക്കുറിച്ച് ഉമര്‍ (റ) ഏറെ ദുഃഖിതനായി. ഹഫ്സയുടെ കാര്യത്തില്‍ ഉമര്‍ (റ) ഉസ്മാന്‍ (റ) നേയും അബൂബക്കര്‍ (റ)യും സമീപിച്ചെങ്കിലും താല്‍പര്യം പ്രകടിപ്പിച്ചില്ല. പിന്നീട് നബി (സ്വ) ഹഫ്സ (റ) നെ വിവാഹം ചെയ്തു. ഇസ്ലാമിന് വേണ്ടി ആത്മാര്‍പ്പണം ചെയ്ത ഖുനൈസ് (റ)വിനോടുള്ള കടപ്പാട് നിര്‍വഹിക്കപ്പെടുകയും ഹഫ്സ്വ (റ) വൈധവ്യത്തില്‍ നിന്ന് മോചിക്കപ്പെടുകയും ചെയ്തു. ക്വുര്‍ആനിന്റെ കയ്യെഴുത്തുപ്രതി സൂക്ഷിക്കാന്‍ ഭാഗ്യം ലഭിച്ച മഹതിയായിരുന്നു ഹഫ്സ (റ). ഹിജ്റ 45ല്‍ മരണപ്പെട്ടു. ബഖീഇലായിരുന്നു ഹഫ്സ (റ)നെ ഖബറടക്കിയത്.
ഉമ്മുസല്‍മ (റ)
ഖുറൈശ് (മഖ്സൂം) ഗോത്രക്കാരിയായ ഉമ്മുസല്‍മയുടെ ആദ്യഭര്‍ത്താവ് അബൂസലമ എന്ന പേരിലറിയപ്പെട്ട അബ്ദുല്ലാഹിബ്നു അബ്ദില്‍ അസദ് ബ്നു ഹിലാല്‍ ആയിരുന്നു. അബിസീനിയായിലേക്കും മദീനയിലേക്കും ഹിജ്റ പോയ അദ്ദേഹം നബി (സ്വ)യോടൊപ്പം പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നാല് മക്കളെയും ഉമ്മുസലമയേയും വിട്ട് കൊണ്ട് അബൂസലമ യാത്രയായി. ശേഷം കുടുംബത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. നബി (സ്വ) ആ കുടുംബത്തെ സംരക്ഷിക്കാനുദ്ദേശിച്ചു. വിവാഹന്വേഷണസമയത്ത് ആ മഹതി പറഞ്ഞു: 'ഞാനൊരു വൃദ്ധ! കുറേ അനാഥകളുടെ മാതാവും, അതോടൊപ്പം ഞാനൊരു പരുഷസ്വഭാവക്കാരിയുമാണ്.' തിരുദൂതര്‍ അതൊന്നും പ്രശ്നമല്ലെന്ന മറുപടി പറഞ്ഞയച്ചു. അങ്ങനെ ഉമ്മസല (റ) നബി (സ്വ)യുടെ ഇണയായി.
പല ഹദീഥുകളും ഉദ്ധരിച്ച ഉമ്മസല നബി (സ്വ)യോടൊപ്പമായിരിക്കുമ്പോള്‍ ജിബ്രീല്‍ ൌ വന്നതായി ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തുന്നുണ്ട്. ഹുദൈബിയാ സന്ധിയിലടക്കം പല സന്ദര്‍ഭങ്ങളിലും ഉമ്മുസലമ (റ) നബി (സ്വ)ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചിട്ടുണ്ട്. നബി (സ്വ)യുടെ ഭാര്യമാരില്‍ നിന്ന് ഏറ്റവും അവസാനം മരണമടഞ്ഞത് ഉമ്മുസലമ (റ) ആയിരുന്നു.
സൈനബ് ബിന്‍ത് ജഹ്ഷ് (റ)
വിശുദ്ധ ക്വുര്‍ആനിന്റെ മുപ്പത്തിമൂന്നാം അധ്യായം സൂറത്തു അഹ്സാബില്‍ നബി (സ്വ)യുടെയും സൈനബ് (റ)വിന്റെയും വിവാഹ സന്ദര്‍ഭത്തെക്കുറിച്ചും, അതിലടങ്ങിയ ഉദ്ദേശങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും. ഖുറൈശീ ഗോത്രക്കാരിയും നബി (സ്വ)യുടെ പിതൃസഹോദരിയുടെ പുത്രിയുമായിരുന്ന സൈനബി (റ)നെ ആദ്യം തിരുനബിയുടെ പോറ്റുമകനും, അടിമത്തത്തില്‍ നിന്ന് അവിടുന്ന് മോചിപ്പിച്ചവനുമായ സൈദ്ബ്നു ഹാരിഥ് (റ) വിവാഹം ചെയ്തു. വിവാഹാലോചന നടന്നപ്പോള്‍ തന്നെ സൈനബ് (റ)വും കുടുംബവും അതില്‍ അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് സമ്മതംമൂളി.
തഫ്സീറു ഇബ്നു കഥീറില്‍ ഈ സംഭവം വിവരിക്കുന്നത് കാണുക. ഇബ്നു അബ്ബാസ് (റ)വില്‍ നിന്ന്: സൈദ്ബ്നു ഹാരിഥയുടെ വിവാഹാലോചനയുമായി നബി (സ്വ) സൈനബ് ബിന്‍തു ജഹ്ഷിനെ സമീപിച്ചു. വിവാഹകാര്യം സംസാരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കില്ല എന്ന് പറഞ്ഞു. വീണ്ടും നബി (സ്വ) പറഞ്ഞു: നീ അവരെ സ്വീകരിച്ചേ തീരൂ. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ അവരിരുവരും സംസാരിക്കുന്നതിനിടയില്‍ ദിവ്യസന്ദേശം അവതരിച്ചു.“"അല്ലാഹുവും അവന്റെ ദൂതനും ഒരു സംഗതി തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ ഒരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ല. ആര്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ അകപ്പെട്ടുപോയി.''”(അഹ്സാബ്: 36). അപ്പോള്‍ സൈനബ് ചോദിച്ചു: അദ്ദേഹത്തെ അല്ലാഹുവിന്റെ ദൂതര്‍ ഭര്‍ത്താവായി തൃപ്തിപ്പെട്ടിട്ടുണ്ടോ? അതെ. നബി (സ്വ) പറഞ്ഞു. സൈനബ് പ്രതിവചിച്ചു. 'എങ്കില്‍ ഞാന്‍ അല്ലാഹുവിന്റെ ദൂതനെ ധിക്കരിക്കുകയില്ല. ഞാന്‍ അദ്ദേഹത്തെ ഭര്‍ത്താവായി സ്വീകരിച്ചിരിക്കുന്നു.' അങ്ങിനെ അവര്‍ തമ്മിലുള്ള വിവാഹം നടന്നു.
കുലമഹിമക്ക് ഇസ്ലാം യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്ന തത്ത്വം റസൂല്‍ (സ്വ)യുടെ സ്വന്തക്കാര്‍ മുഖേന തന്നെ തെളിയിക്കുകയെന്ന രഹസ്യം ആ വിവാഹത്തിലടങ്ങിയിരുന്നു. പിന്നീട് സൈദ് (റ)വും സൈനബ് (റ)വുമായി സ്വഭാവത്തില്‍ പൊരുത്തപ്പെടാതെ വന്നപ്പോള്‍ സൈദ് (റ) അവരെ വിവാഹമോചനം ചെയ്തു. പോറ്റുമക്കളെ എല്ലാ നിലക്കും യഥാര്‍ഥ മക്കളെപ്പോല ഗണിച്ചിരുന്ന സമ്പ്രദായം ക്വുര്‍ആന്‍ നിറുത്തല്‍ ചെയ്തതോടെ അതിന് പ്രവര്‍ത്തന രൂപേണ മാതൃക കാട്ടാനായി എന്നവണ്ണം (അല്ലാഹുവിന്റെ കല്‍പനപ്രകാരം) നബി (സ്വ) പിന്നീട് സൈനബ് (റ)നെ വിവാഹം കഴിച്ചു.
സൈനബ് (റ) അങ്ങേയറ്റം ധര്‍മിഷ്ടയായിരുന്നു. നബി (സ്വ) അവരെക്കുറിച്ച് പറഞ്ഞത് ആയിശ (റ) ഉദ്ധരിക്കുന്നത് കാണാം: നബി (സ്വ) പറഞ്ഞു: നിങ്ങളില്‍ വെച്ച് ഏറ്റവും നീണ്ട കയ്യുള്ളവളാണ് ഏറ്റവും വേഗത്തില്‍ എന്നോട് ചേരുക. അവര്‍ പറയുന്നു: (ആയിശ (റ). അപ്പോള്‍ ആ മഹതികള്‍ അവരുടെ കയ്യിന്റെ നീളം പരിശോധിക്കാന്‍ തുടങ്ങി. ഞങ്ങളില്‍ വെച്ചേറ്റവും നീണ്ട കയ്യുള്ളത് സൈനബ് (റ) ആയിരുന്നു. കാരണം അവര്‍ കൈകൊണ്ട് ജോലി എടുത്ത് ധര്‍മം ചെയ്തിരുന്നു. (നീണ്ട കയ്യ് കൊണ്ട് ഉദ്ദേശിച്ചത് ധര്‍മം ചെയ്യുന്ന കൈകളാണ്) (മുസ്ലിം).
നബി (സ്വ)യുടെ വിയോഗശേഷം തന്റെ അന്‍പത്തി മൂന്നാം വയസ്സില്‍ സൈനബ് (റ) മരണപ്പെട്ടു. നബി (സ്വ)യുടെ ഭാര്യമാരുടെ കൂട്ടത്തില്‍ ആദ്യം മരണപ്പെട്ടത് ഈ മഹതിയായിരുന്നു.
ജുബൈരിയ ബിന്‍ത് ഹാരിസ് (റ)
ബനൂമുസ്തലഖ് ഗോത്രത്തലവന്‍ ഹാരിസിന്റെ മകളായിരുന്നു ജുബൈരിയ. അവരുമായുള്ള ഒരു യുദ്ധത്തില്‍ ജുബൈരിയയെ ബന്ദിയായി പിടിക്കപ്പെട്ടു. അവര്‍ താബിത്തുബ്നു ഖൈസിന്റെ ഓഹരിയിലാണ് ഉള്‍പ്പെട്ടിരുന്നത്. ഏഴു ഊഖിയ സ്വര്‍ണം പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ദാബിത് അവരെ വിട്ടയക്കാന്‍ തീരുമാനിച്ചു. പ്രസ്തുത മോചനമൂല്യം കൊടുക്കാന്‍ തന്നെ സഹായിക്കണമെന്ന് ജുബൈരിയ നബി (സ്വ)യോട് അഭ്യര്‍ഥിച്ചു. നബി (സ്വ) അവരെ സഹായിക്കുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.
ഈ വിവാഹത്തോട് കൂടി ബന്ധുക്കളായിത്തീര്‍ന്ന മുസ്തലഫ് ഗോത്രക്കാരില്‍ നിന്ന് യുദ്ധത്തില്‍ ബന്ധത്തിലാക്കപ്പെടുകയും പടയാളികള്‍ക്കിടയില്‍ വിഹിതം ചെയ്യപ്പെടുകയും ചെയ്ത എല്ലാവരേയും സ്വതന്ത്രരാക്കി വിട്ടു. നബി (സ്വ)യുടെ കുടുംബബന്ധമുള്ളവരെ അധീനത്തില്‍ വെക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പിന്നീട് മുസ്തലഫ് ഗോത്രം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ആരാധനാനിമഗ്നയായിരുന്ന ജുബൈരിയ (റ) മുആവിയ്യ (റ)ന്റെ ഭരണകാലത്ത് മദീനയില്‍ വെച്ച് മരണപ്പെട്ടു.
ഉമ്മു ഹബീബ (റ)
ഇസ്ലാമിനെതിരെയുള്ള അക്രമങ്ങളില്‍ മക്കാ മുശ്രിക്കുകളുടെ സൈന്യത്തിന്റെ ചുക്കാന്‍ പിടിക്കുകയും പിന്നീട് മക്കാ വിജയവേളയില്‍ മുസ്ലിമായിത്തീരുകയും ചെയ്ത അബൂ സുഫ്യാന്‍ (റ)ന്റെ മകളാണ് ഉമ്മു ഹബീബ (റ). അവര്‍ നേരത്തെ തന്നെ ഇസ്ലാം സ്വീകരിക്കുകയും ആദ്യ ഭര്‍ത്താവായ ഉബൈദുള്ള ഇബ്നു ജഹ്ശിയുടെ കൂടെ അബ്സീനിയയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അവിടെ വെച്ച് ഉബൈദുള്ള ക്രിസ്ത്യാനിയായി. എന്നാല്‍ ഏറെ പ്രയാസങ്ങള്‍ അനുഭവപ്പെട്ടിട്ടും ഉമ്മു ഹബീബ സത്യദീനില്‍ അടിയുറച്ചു നിന്നു. അവര്‍ക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയോട് ചേര്‍ത്താണ് ഉമ്മു ഹബീബ (ഹബീബയുടെ മാതാവ്) എന്ന് വിളിക്കുന്നത്. റംല എന്നായിരുന്നു അവരുടെ യഥാര്‍ഥ പേര്.
ആ നിരാലംബയായ സ്ത്രീയെ ഏറ്റെടുക്കാന്‍ നബി (സ്വ) തീരുമാനിച്ചു. നബി (സ്വ) അവരെ വിവാഹം ചെയ്തു. മുസ്ലിമായ നജ്ജാശി രാജാവായിരുന്നു അബ്സീനിയയില്‍ വെച്ച് നബി (സ്വ)ക്ക് വേണ്ടി വിവാഹകര്‍മം നടത്തിയത്. നബി (സ്വ)യില്‍ നിന്ന് പല ഹദീഥുകളും ഉമ്മു ഹബീബ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദീനയില്‍ വെച്ച് ഹിജ്റ 44ല്‍ അവര്‍ മരണപ്പെട്ടു.
സ്വഫിയ്യ ബിന്‍തു ഹുയയ്യ് (റ)
ഖൈബറിലെ ജൂത നേതാവായ ഹുയയ്യ്ബ്നു അഖ്ത്വബിന്റെ പുത്രിയാണ് സ്വഫിയ്യ. ആദ്യം സല്ലാമുബ്നു മുശ്കിമും അയാള്‍ വിവാഹമോചനം ചെയ്ത ശേഷം കിനാനത്ബ്നു റബീഉും വിവാഹം ചെയ്തു. കിനാന ഖൈബര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും സ്വഫിയ്യ (റ) ബന്ധനസ്ഥയാക്കപ്പെടുകയുമുണ്ടായി. ഒരു ഗോത്രനേതാവിന്റെ മകളായി വളര്‍ന്നുവന്ന് വിധവയായിത്തീര്‍ന്ന സ്വഫിയ്യക്ക് അടിമത്തജീവിതം എത്ര പ്രയാസകരമായിരിക്കുമെന്ന് പറയേണ്ടതില്ല. നബി (സ്വ) അവരെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും പ്രസ്തുത മോചനം മഹ്റായി നിശ്ചയിച്ചുകൊണ്ട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ ഗോത്രമായ നളീര്‍ ഗോത്രം ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഹിജ്റ വര്‍ഷം 50ല്‍ തന്റെ 62ാം വയസ്സില്‍ സ്വഫിയ്യ (റ) മദീനയില്‍ വെച്ചാണ് മരണപ്പെട്ടത്.
മൈമൂന ബിന്‍ത് ഹാരിസ് (റ)
വിധവയായ മൈമൂന (റ)യെ നബി (സ്വ) ഹിജ്റ 7ാം വര്‍ഷത്തിലാണ് വിവാഹം കഴിച്ചത്. നബി (സ്വ) അവസാനം വിവാഹം കഴിച്ച ബര്‍റ എന്ന മൈമൂന (റ)ക്ക് അന്ന് അന്‍പതോളം വയസ്സ് പ്രായമുണ്ടായിരുന്നു. ഇവരെ ആദ്യം വിവാഹം കഴിച്ചത് സക്കീഫ് ഗോത്രക്കാരനായ മസ്ഹൂദ് ബ്നു അംറായിരുന്നു. അയാള്‍ വിവാഹമോചനം ചെയ്ത ശേഷം അബൂറഹ്മിബ്നു അബ്ദുല്‍ ഹുസാ വിവാഹം ചെയ്തു. അവരുടെ മരണശേഷമാണ് നബി (സ്വ) അവരെ സ്വീകരിച്ചത്. നബി (സ്വ)യില്‍ നിന്ന് പല ഹദീഥുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൈമൂന (റ) തന്റെ എണ്‍പതാം വയസ്സില്‍ ഹിജ്റ 61ലാണ് മരണപ്പെട്ടത്. മക്കക്കടുത്തുള്ള സറഫ് എന്ന സ്ഥലത്താണ് ഇവരെ ഖബറടക്കിയിട്ടുള്ളത്.
സാധുക്കളുടെ ഉമ്മ എന്നറിയപ്പെടുന്ന സൈനബ (റ), ഖൈല (റ)യും നബി (സ്വ) ജീവിച്ചിരിക്കുമ്പോള്‍ മരണപ്പെട്ട മറ്റു രണ്ട് ഭാര്യമാരാണ്.
നബി (സ്വ) മരണപ്പെടുമ്പോള്‍ അവിടുത്തേക്ക് 9 ഭാര്യമാരാണുണ്ടായിരുന്നത്. മുമ്പ് സൂചിപ്പിച്ച പോലെ ഇസ്ലാമിന്റെ മുമ്പും അതിന്റെ പ്രാരംഭഘട്ടത്തിലും ഒരാള്‍ക്ക് ഇത്ര ഭാര്യമാരേ പാടുള്ളൂ എന്ന നിബന്ധന ഉണ്ടായിരുന്നില്ല. പിന്നീടാണ് ഈ വിഷയകമായ വചനങ്ങളവതരിച്ചത്. ക്വുര്‍ആനിലെ മുപ്പത്തിമൂന്നാം അധ്യായം 52,53 വചനങ്ങളുടെ അവതരണത്തോടെ നബി (സ്വ)ക്ക് നിലവിലുള്ള ഭാര്യമാര്‍ക്ക് പുറമെ പുതുതായി വിവാഹം ചെയ്യുന്നതും അവരെ വിട്ട് വേറെ ഭാര്യമാരെ സ്വീകരിക്കുന്നതും നബി (സ്വ)ക്ക് ശേഷം അവിടുത്തെ ഭാര്യമാരെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നതും അല്ലാഹു വിലക്കുകയുണ്ടായി.
മേല്‍ വിവരിച്ച പ്രവാചകന്റെ വിവാഹസന്ദര്‍ഭങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്ന ഒരാള്‍ക്കും അതിലൊരു അനീതിയോ അതിര് കവിയലോ കാണാന്‍ കഴിയില്ല. മറിച്ച് പ്രവാചകന്റെ മഹാമനസ്കതയാണ് ദര്‍ശിക്കുവാന്‍ സാധിക്കുക.
കടപ്പാട്: http://www.samvadammonthly.com
No comments:
Post a Comment