1790ഡച്ചുകാര്‍ കോട്ട വിറ്റു;
ക്ഷുഭിതനായ ടിപ്പുസുല്‍ത്താന്‍
അമേരിക്കന്‍ യുദ്ധം തുടരുന്നു. അവിടെ എത്ര ശ്രമിച്ചിട്ടും ജോര്‍ജ് വാഷിങ്ടണിന്റെ നേതൃത്വത്തിലുള്ള യുദ്ധത്തെ തകര്‍ക്കാനോ, സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനോ ബ്രിട്ടന് കഴിയുന്നില്ല. ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സര്‍വ്വസൈന്യാധിപനായിരുന്ന കോണ്‍വാലിസ് പ്രഭു 1781ല്‍ കീഴടങ്ങി.
സ്വാതന്ത്ര്യം നല്കുകയല്ലാതെ അമേരിക്കന്‍ ജനതയെ അടിച്ചമര്‍ത്താനോ യുദ്ധത്തിലൂടെ തോല്പിക്കാനോ കഴിയുകയില്ലെന്ന സത്യം അവസാന നിമിഷത്തില്‍ ബ്രിട്ടണ്‍ അംഗീകരിച്ചു. 1783ല്‍ വാഴ്സായി കൊട്ടാരത്തില്‍ നടന്ന സന്ധിയിലൂടെ ബ്രിട്ടണ്‍ , അമേരിക്കയ്ക്ക് സ്വാതന്ത്ര്യം നല്കുകയും അവിടത്തെ ജനങ്ങളുടെ പരമാധികാരം അംഗീകരിക്കുകയും ചെയ്തു. അങ്ങനെ അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്.എ) എന്ന പുതിയ രാഷ്ട്രം ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചു.
ഹൈദരാലിയുടെ മരണത്തെത്തുടര്‍ന്ന് മൈസൂറിലേയ്ക്ക് ടിപ്പു സുല്‍ത്താന്‍ പോകേണ്ടിവന്ന സമയം നോക്കി ഇംഗ്ലീഷ് സൈന്യം പാലക്കാട് കോട്ട പിടിച്ചെടുത്തു. ഇതറിഞ്ഞ ടിപ്പു വളരെ വേഗം തിരിച്ചെത്തി. കോരപ്പുഴ വരെയുള്ള മലബാര്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. തലശ്ശേരിയില്‍ വച്ച് ഇംഗ്ലീഷുകാര്‍ ടിപ്പുവിന്റെ മുന്നേറ്റം തടഞ്ഞു. പിന്നീട് 1784ല്‍ ഒപ്പിട്ട മംഗലാപുരം സന്ധിപ്രകാരം രണ്ടാം മൈസൂര്‍ യുദ്ധം അവസാനിച്ചു. നഷ്ടപ്പെട്ട സ്ഥലങ്ങള്‍ പരസ്പരം തിരിച്ചുനല്കി. ഇംഗ്ലീഷുകാര്‍ മലബാറിന്മേല്‍ തങ്ങള്‍ക്കുള്ള അവകാശം ഉപേക്ഷിച്ചു. അതോടെ മലബാര്‍ ടിപ്പുവിന്റെ അധീനതയിലായി. മറാഠികളും നൈസാമുമായി പുതിയ സമാധാന കരാര്‍ ഉണ്ടാക്കിയശേഷം ടിപ്പു മലബാറിലേയ്ക്ക് തിരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനിടയില്‍ അമേരിക്കയില്‍ മുട്ടുകുത്തിയ കോണ്‍വാലിസ് പ്രഭു 1786ല്‍ ഇന്ത്യയിലെ ഇംഗ്ലീഷ് ഗവര്‍ണര്‍ ജനറലായി എത്തി. തെക്കേ ഇന്ത്യയില്‍ തനിയ്ക്ക് നേരിടാനുള്ള പ്രധാന ശക്തി മൈസൂര്‍ ആണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഫ്രഞ്ചുകാരുമായി ചേര്‍ന്ന് ടിപ്പു സുല്‍ത്താന്‍െറ ശക്തി അപ്രതിരോധശക്തിയായി വളരുന്നത് എങ്ങിനേയും തടയണമെന്ന് അദ്ദേഹം ചിന്തിച്ചുറച്ചു. ടിപ്പുവാകട്ടെ സാമൂഹ്യരംഗത്തും, ഭരണരംഗത്തും ചില മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് മലബാറിലേയ്ക്ക് തിരിച്ചത്. മലബാറിനെ അദ്ദേഹത്തിന് നേരത്തെ പരിചയമുണ്ടായിരുന്നതിനാല്‍ അവിടെ നിലനില്‍ക്കുന്ന ചില സാമൂഹ്യ ആചാരങ്ങളോടു അടങ്ങാത്ത അമര്‍ഷം ഉണ്ടായിരുന്നു.
ടിപ്പു ഏതുനിമിഷവും കോയമ്പത്തൂരില്‍ നിന്നും തിരിച്ചെത്തി തിരുവിതാംകൂറിനെ ആക്രമിക്കുമെന്ന് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മനസ്സിലാക്കിയിരുന്നു. തിരുവിതാംകൂറിന്റെ അപേക്ഷപ്രകാരം ഒരു ചെറിയ പട്ടാളസംഘത്തെ നിയോഗിക്കാന്‍ ഇംഗ്ലീഷുകാര്‍ തീരുമാനിച്ചു. അഴിക്കോട്ട് കോട്ടയ്ക്കു സമീപമാണ് ഈ സംഘത്തെ നിര്‍ത്തിയത്. ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂറും തമ്മിലുള്ള ആശയവിനിമയത്തിന് പൗനി (Powney) എന്ന ഉദ്യോഗസ്ഥനെ ഇംഗ്ലീഷുകാര്‍ നിയമിച്ചു. ടിപ്പു തിരുവിതാംകൂര്‍ ആക്രമിക്കുന്നത് കൊടുങ്ങല്ലൂര്‍ വഴി അയിരിക്കുമെന്ന് മനസ്സിലാക്കി ദിവാന്‍ കേശവദാസന്‍ കൊച്ചിയിലെ ഡച്ചുഗവര്‍ണറെ കാണാനെത്തി. പിന്നീട് നടന്ന ചര്‍ച്ചയില്‍ ഡച്ചുകാരില്‍ നിന്നും കൊടുങ്ങല്ലൂര്‍ കോട്ട (കോട്ടപ്പുറം)യും പള്ളിപ്പുറം കോട്ട(ആയ്ക്കോട്ട)യും വിലയ്ക്കുവാങ്ങാന്‍ തിരുവിതാംകൂര്‍ തീരുമാനിച്ചു. 1789 ജൂലൈ മാസം ഇതിന്റെ ആധാരം തയ്യാറാക്കി. ടിപ്പു ഈ കോട്ട പിടിച്ചെടുക്കുമെന്ന് മനസ്സിലാക്കിയ ഡച്ചുകാര്‍ അത് തിരുവിതാംകൂറിന് വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. ഇംഗ്ലീഷുകാരും ഈ തീരുമാനത്തിന് അനുകൂലമായിരുന്നു. കോട്ടകള്‍ മാത്രമല്ല, അതിനുചുറ്റുമുള്ള തോപ്പുകളും, വയലുകളും, പീരങ്കികളും, വെടിമരുന്നും, ആയുധങ്ങളുമെല്ലാം വില്പനയില്‍ ഉള്‍പ്പെടുത്തി. മൊത്തം വിലയായി 50,000 സൂറത്ത് വെള്ളി രൂപ ഉടന്‍ നല്കാനും 2,50,000 രൂപ ഗഡുക്കളായി നല്കാനും തിരുവിതാംകൂര്‍ സമ്മതിച്ചു. പള്ളിപോര്‍ട്ടിലെ കുഷ്ഠരോഗികള്‍ പാര്‍ക്കുന്ന നിലവും തൊട്ടടുത്ത കെട്ടിടങ്ങളും തെങ്ങിന്‍തോപ്പുകളും വില്പനയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അവയെല്ലാം ഡച്ച് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തി. 1789 ജൂലായില്‍ പൗനിയെ സാക്ഷി നിര്‍ത്തിയാണ് വില്പന സംബന്ധിച്ച പ്രമാണത്തില്‍ ഒപ്പുവച്ചത്.
ഡച്ചുകാര്‍ പിന്നീട് കോട്ട ഒഴിഞ്ഞുകൊടുത്തു. ഈ വിവരം അറിഞ്ഞ് ടിപ്പു ക്ഷുഭിതനായി. തന്റെഅനുവാദമില്ലാതെ ഈ കോട്ടകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് കൊച്ചി രാജാവും പരാതിപ്പെട്ടു. 1789 ഒക്ടോബറില്‍ 20,000 പട്ടാളക്കാരും, 10,000 കുന്തക്കാരും, 5000 കുതിരപ്പട്ടാളവും 20 പീരങ്കികളോടും കൂടി ടിപ്പു കൊച്ചി പ്രദേശത്ത് കടന്നു. തൃശൂര്‍ നഗരത്തെ ആസ്ഥാനമാക്കിയാണ് ടിപ്പു ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയത്. കൊച്ചി നേരത്തെ തന്നെ മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു. ടിപ്പുവിന്റെ പ്രതികാരം മുഴുവന്‍ തിരുവിതാംകൂറിനോടായിരുന്നു. ഡച്ചുകാരില്‍ നിന്നും തിരുവിതാംകൂര്‍ വാങ്ങിയ കോട്ടയും സ്ഥലങ്ങളും തിരിച്ചുനല്കുക, തിരുവിതാംകൂറില്‍ അഭയം പ്രാപിച്ച രാജാക്കന്മാരേയും പ്രഭുക്കന്മാരേയും വിട്ടുകൊടുക്കുക, തിരുവിതാംകൂറിന്റെ സംരക്ഷണത്തിന് നിര്‍മ്മിച്ച ഭിത്തി പൊളിച്ചുമാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ടിപ്പു തിരുവിതാംകൂറിന് അന്ത്യശാസനം നല്കി. ഇത് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ നിരസിച്ചതോടെ യുദ്ധം അനിവാര്യമായി. 7000 ഭടന്മാര്‍ അടങ്ങിയ സൈന്യത്തോടെ ടിപ്പു നെടുങ്കോട്ട ആക്രമിച്ചു. അത് ഭേദിക്കാന്‍ കഴിഞ്ഞതോടെ തിരുവിതാംകൂര്‍ സൈന്യം പിന്നോട്ട് ഓടി. വിവരമറിഞ്ഞ് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ ഞെട്ടി. ഇംഗ്ലീഷുകാരോട് എത്രയും വേഗം പ്രശ്നത്തിലിടപെടാനും ടിപ്പുവിന്റെ വരവ് തടയാനും അദ്ദേഹം അഭ്യര്‍ഥിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടയും, ആയ്ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂര്‍ സൈന്യം ആലുവാപ്പുഴ വരെ എത്തി. ഈ സമയത്താണ് കാലവര്‍ഷം ശക്തമായത്. ഇത് സൈനികനീക്കത്തെ തടഞ്ഞു. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട് കുറെ ദിവസങ്ങള്‍ . അതിനിടയില്‍ ദിവാന്‍ കേശവദാസന് ഇംഗ്ലീഷുകാരില്‍ നിന്നും രഹസ്യസന്ദേശം ലഭിച്ചു. അത് ഇംഗ്ലീഷുകാര്‍ ടിപ്പുവുമായി ഉടന്‍ യുദ്ധം ചെയ്യുമെന്ന സന്ദേശമായിരുന്നു. മറാഠികളും നൈസാമുമായി സഖ്യം ഉണ്ടാക്കി ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസ് പ്രഭു ടിപ്പുവുമായി യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്ന് മൂന്നാം മൈസൂര്‍ യുദ്ധം 1790ല്‍ ആരംഭിച്ചു. ടിപ്പുസുല്‍ത്താന്‍ ഉടന്‍ കേരളത്തില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് കോയന്പത്തൂര്‍ വഴി മൈസൂറിലേയ്ക്കുപോയി. അങ്ങനെ ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്നും തിരുവിതാംകൂര്‍ രക്ഷപ്പെട്ടു. ഇനി ഇംഗ്ലീഷുകാരും ടിപ്പുസുല്‍ത്താനും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്.
http://www.dutchinkerala.com/malabar.php?page=3&id=1790#.VNNB4dKUfSc
No comments:
Post a Comment