Thursday, February 5, 2015

യൂറോപ്പ്യന്മാരുടെ വരവ് മുതല്‍ ഐക്യകേരളം വരെ

യൂറോപ്പ്യന്മാരുടെ വരവ് മുതല്‍ ഐക്യകേരളം വരെ

ശരിക്കും പറഞ്ഞാല്‍ 1498ല്‍ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും വന്നതോടെയാണ് കേരളത്തിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്.

കഴിയുന്നെത്ര കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളിലെത്തിച്ച് ലാഭം ഉണ്ടാക്കുക, യൂറോപ്പിലെ സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോയി വില്ക്കുക തുടങ്ങിയ ലക്ഷ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ നിലനിന്ന സാമൂഹ്യസ്ഥിതിയും രാജാക്കന്മാരുടെ അനൈക്യവും ആക്രമണവും എല്ലാം രാഷ്ട്രീയാധികാരം കൈക്കലാക്കാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് പ്രചോദനമായി. കോട്ട കെട്ടിയും വെടിമരുന്നും പീരങ്കിയും വലിയ തോക്കും പരിശീലനം സിദ്ധിച്ച പടയാളികളുമായി അവര്‍ കേരള രാജാക്കന്മാരെ വിറപ്പിച്ചു. ആനയും കാലാള്‍പ്പടയും അമ്പും വില്ലും വാളും പരിചയുമായി രാജാക്കന്മാര്‍ പോര്‍ട്ടുഗീസുകാരോട് ഏറ്റുമുട്ടി. അവരെല്ലാം വെടിമരുന്നിനും പീരങ്കിക്കും മുമ്പില്‍ അടിയറവ് പറഞ്ഞ് പിന്മാറി. പോര്‍ട്ടുഗീസുകാരുടെ ശക്തി കേരളരാജാക്കന്മാരെ അസ്വസ്ഥരാക്കി. കൊച്ചി ഉള്‍പ്പെടെയുള്ള വലുതും ചെറുതുമായ രാജ്യങ്ങള്‍ അവരോട് സൗഹൃദം കൂടി. കബ്രാള്‍, അല്‍മേഡ, അല്‍ബുക്കര്‍ക്ക് തുടങ്ങി ശക്തന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയ പോര്‍ട്ടുഗീസ് സൈന്യം അവരുടെ ശക്തി തെളിയിക്കാന്‍ തുടങ്ങി. കച്ചവടത്തിന്റേയും കടലിന്റേയും ആധിപത്യം കഴിയുന്നെത്ര നേടി എടുക്കുകയായിരുന്നു ഇവരുടെയെല്ലാം ലക്ഷ്യം. കരാര്‍ വഴി പോര്‍ട്ടുഗീസുകാര്‍ പലേടത്തും കോട്ടകെട്ടി മേധാവിത്വം ഉറപ്പിച്ചു. 1503 സെപ്റ്റംബര്‍ 27ന് ശിലയിട്ട മാനുവല്‍ കോട്ട (Fort Manuel) ആണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ പണിത ആദ്യത്തെ കോട്ട. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയും ഇതായിരുന്നു. പിന്നീട് കണ്ണൂരില്‍ കെട്ടിയ കോട്ടയ്ക്ക് സെന്‍റ് ആന്‍ജലോ കോട്ട (Fort St. Angelo) എന്നുപേരിട്ടു. പോര്‍ട്ടുഗീസ് താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവിടത്തെ രാജാവ് 1505ല്‍ ഫ്രാന്‍സിസ്കോ അല്‍മേഡയെ രാജപ്രതിനിധിയായി നിയമിച്ചു. അദ്ദേഹത്തിനുശേഷമാണ് അല്‍ഫോണ്‍സോ ഡി അല്‍ബുക്ക്വെര്‍ക്ക് എത്തി. ഇങ്ങനെ പലരും പിന്നീടും വന്നു. കൊച്ചിയിലെ ഭരണത്തിലാണ് പോര്‍ട്ടുഗീസുകാര്‍ ആദ്യം പിടിമുറുക്കിയത്. ക്രമേണ കൊച്ചി രാജാവ് അവരുടെ കൈയിലെ പാവയായി മാറി. അങ്ങനെ യൂറോപ്പ്യന്‍ ശക്തി ആദ്യമായി ഇവിടത്തെ ഭരണം കൈയ്യാളി.

കൊച്ചി കേന്ദ്രീകരിച്ച് കേരളം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള തന്ത്രങ്ങള്‍ പോര്‍ട്ടുഗീസുകാര്‍ പയറ്റിക്കൊണ്ടിരുന്നു. എന്നാല്‍ ഇവരുടെ മതനയവും ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും ക്രിസ്തുമതത്തില്‍ ഉണ്ടാക്കിയ ചേരിതിരിവും ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ക്രിസ്ത്യന്‍ സമുദായത്തെ റോമിലെ പോപ്പിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കം സുറിയാനി ക്രിസ്ത്യാനികളെ ക്ഷുഭിതരാക്കി. ഇതിന്റെ പേരില്‍ പലേടത്തും രൂക്ഷമായ സംഘട്ടനം നടന്നു. ഇതിന്റെ ഫലമായിരുന്നു ഉദയംപേരൂര്‍ സുനഹദോസ്, കൂനന്‍കുരിശ് കലാപം എന്നിവ.

വാണിജ്യരംഗത്ത് പോര്‍ട്ടുഗീസുകാര്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. കേരളീയ ഉല്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വമ്പിച്ച പ്രിയം ഉണ്ടാക്കി. യുദ്ധരംഗത്ത് പടിഞ്ഞാറന്‍ ഉപകരണങ്ങളും കുതിരപ്പടയും പോര്‍ട്ടുഗീസുകാര്‍ ഇവിടെ നടപ്പിലാക്കി. കോട്ടകെട്ടലിന്റേയും പള്ളിനിര്‍മ്മാണത്തിന്റേയും രംഗത്ത് പടിഞ്ഞാറന്‍ വാസ്തുവിദ്യ ഇവിടെ നടപ്പിലാക്കി. കേരളത്തിന്റെ പല ഭാഗത്തും പുതിയ നഗരങ്ങളുണ്ടാക്കി. അച്ചടിവിദ്യയും മതപഠനത്തിനുള്ള സെമിനാരികളും അവര്‍ കേരളത്തിന് സംഭാവന ചെയ്തു. പോര്‍ട്ടുഗീസ് ഭാഷയുമായിട്ടുള്ള ബന്ധം കേരളത്തിന് പുതിയ വിജ്ഞാനവാതിലുകള്‍ തുറന്നിട്ടു. മലയാളികള്‍ കുറെപ്പേര്‍ എങ്കിലും പോര്‍ട്ടുഗീസ് ഭാഷ പഠിച്ചു. പാശ്ചാത്യപണ്ഡിതന്മാര്‍ ഇന്ത്യയിലെ ഔഷധച്ചെടികളെപ്പറ്റി പഠനം നടത്തി. ഇന്ത്യന്‍ ഔഷധചെടികളെക്കുറിച്ച് ഗാഷ്യാ ഡാ ഓര്‍ത്താ രചിച്ച ഗ്രന്ഥം ഈ വിഷയത്തില്‍ ആദ്യത്തേതാണ്. "ചോദ്യോത്തരപുസ്തകം" സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. "ചവിട്ടുനാടകം" ഒരു ജനകീയ കലയായി വികസിപ്പിച്ചതും പോര്‍ട്ടുഗീസുകാരാണ്. കശുവണ്ടി, പുകയില, ആത്തിക്ക, പേരയ്ക്ക, പിറുത്തിച്ചക്ക, പപ്പ തുടങ്ങിയ കാര്‍ഷികോല്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്ന് പ്രചരിപ്പിച്ചത് പോര്‍ട്ടുഗീസുകാരാണ്.

1604ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിലെത്തി. അവര്‍ കോഴിക്കോട്ടെ സാമൂതിരി രാജാവുമായി ഉടമ്പടി ഒപ്പിട്ടു. ഡച്ചുകാരും ഒരു ഇന്ത്യന്‍ രാജാവുമായും ഉണ്ടാക്കിയ ആദ്യത്തെ കരാറാണിത്. കുറച്ചു കാലത്തേക്ക് പോര്‍ട്ടുഗീസുകാരും ഡച്ചുകാരും യൂറോപ്പ്യന്‍ ശക്തികളായി കേരളത്തിലുണ്ടായിരുന്നുള്ളൂ. അവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ക്യാപ്റ്റന്‍ കീലിംഗിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകള്‍ കോഴിക്കോട്ട് എത്തി. പിന്നീട് ഡന്മാര്‍ക്കുകാരും ഫ്രഞ്ചുകാരും മലബാറിലെത്തി. അങ്ങോട്ട് യൂറോപ്പ്യന്‍ ശക്തികളുടെ പോര്‍ക്കളമായി കേരളം മാറി. ഡച്ചുകാരായിരുന്നു പോര്‍ട്ടുഗീസുകാരുടെ പ്രധാന ശത്രു. അവര്‍ തമ്മിലുള്ള രൂക്ഷമായ പോരാട്ടമായിരുന്നു 1663 വരെ. ആ വര്‍ഷം കൊച്ചി ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുത്തു. അതോടെ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്മാറി. ഡച്ചുകാരായിരുന്നു പിന്നീട് കേരളത്തിലെ പ്രധാനശക്തി. അവരുടെ കേരളത്തില്‍ നടത്തിയിട്ടുള്ള യുദ്ധങ്ങളുടേയും കരാറുകളുടേയും അപ്പോള്‍ കേരളത്തിലല്ല ഇന്ത്യയിലും ലോകത്തും നടന്ന സംഭവങ്ങളുടേയും ചരിത്രമാണ് ഈ വെബ്സൈറ്റിലുള്ള "മലബാറിലെത്തിയ ഡച്ചുസംഘം" എന്ന ഭാഗം.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രത്തിലൂടെയാണ് കാര്യങ്ങള്‍ നീക്കിയത്. അവര്‍ ആദ്യമാദ്യം കേരളത്തിലെ രാജാക്കന്മാരോട് വലിയ കലാപങ്ങള്‍ക്കൊന്നും പോയില്ല. കരാറുകള്‍ ഉണ്ടാക്കിയും കോട്ട കെട്ടിയും അവര്‍ കച്ചവടം ഉറപ്പിച്ചു. ഫ്രഞ്ചുകാര്‍ മലബാറില്‍ മയ്യഴി എന്ന സ്ഥലം പിടിച്ചെടുത്ത് അവിടെ കേന്ദ്രീകരിച്ചു. മയ്യഴിയെ അവര്‍ പിന്നെ "മാഹി" എന്നാക്കി. ഡന്മാര്‍ക്കുകാര്‍ ഇടവാ ഏതാനും ഭാഗത്ത് കച്ചവടം നടത്തിയ ശേഷം വിടപറഞ്ഞു. ഇതിനിടയില്‍ കേരളത്തിന്റെ തെക്കുഭാഗത്തുള്ള വേണാട് എന്ന ചെറിയ രാജ്യത്ത് അധികാരത്തില്‍ വന്ന ശക്തനായ രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ എന്ന സ്ഥലത്തു നടത്തിയ യുദ്ധത്തിലൂടെ ഡച്ചുകാരെ തോല്പിച്ചു. അതോടെ ഡച്ചുകാരുടെ ശക്തി കേരളത്തില്‍ ക്ഷയിക്കാന്‍ തുടങ്ങി. മാര്‍ത്താണ്ഡവര്‍മ്മ അയല്‍രാജ്യങ്ങള ഓരോന്നായി പിടിച്ചെടുത്ത് രാജ്യം വിസ്തൃതമാക്കിക്കൊണ്ടിരുന്നു. അദ്ദേഹം രാജ്യത്തിന്റെ വിസ്തൃതി കൊച്ചിക്ക് സമീപം വരെ എത്തിച്ചു. കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിവരെ നീണ്ട മാര്‍ത്താണ്ഡവര്‍മ്മയുടെ രാജ്യം പിന്നീട് "തിരുവിതാംകൂര്‍" എന്ന് അറിയപ്പെട്ടു. ആ രാജ്യത്തെ തന്ത്രശാലിയായ മാര്‍ത്താണ്ഡവര്‍മ തന്റെ കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് "തൃപ്പടിദാനം" എന്ന ചടങ്ങുവഴി സമര്‍പ്പിച്ചുകൊണ്ട്, തനിക്ക് രാജ്യമില്ലെന്നും താനും തന്റെ അനന്തര രാജാക്കന്മാരും "ശ്രീ പദ്മനാഭദാസന്മാര്‍" എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ (ധര്‍മ്മരാജാവ്) അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ കാലത്താണ് മൈസൂറിലെ ടിപ്പുസുല്‍ത്താന്റെ മലബാര്‍ ആക്രമണം ശക്തമായത്. മലബാറിലെ പല രാജ്യങ്ങളും ടിപ്പുസുല്‍ത്താന്‍ പിടിച്ചെടുത്തു. അവിടെ നിന്നുള്ള പല രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു. ഈ സമയത്ത് മൈസൂര്‍ ആക്രമണത്തെ തടയാനുള്ള ശക്തി ഡച്ചുകാര്‍ക്ക് ഇല്ലായിരുന്നു. അവര്‍ ഒരു മധ്യസ്ഥന്റെ റോളില്‍ അഭിനയിച്ചു. അതുകൊണ്ട് ടിപ്പുസുല്‍ത്താന്റെ ആക്രമണത്തിന് കുറവ് വന്നില്ല. ടിപ്പു തിരുവിതാംകൂര്‍ ലക്ഷ്യമാക്കി പടനയിച്ചു. കൊച്ചി മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ടിപ്പുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സമയത്ത് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ഉള്‍പ്പെടെയുള്ള കേരളത്തിലെ രാജാക്കന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയാണ് രക്ഷകരായി കണ്ടത്. ഇംഗ്ലീഷുകാര്‍ ഈ തക്കം ശരിക്കും ഉപയോഗിച്ചു.

1790 ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിലുള്ള മൂന്നാം മൈസൂര്‍ യുദ്ധം ആരംഭിച്ചു. ഇംഗ്ലീഷ് സൈന്യം ശ്രീരംഗപട്ടണം ആക്രമിച്ചു. അതോടെ ആലുവാ വരെ എത്തിയ ടിപ്പുവിന്റെ സൈന്യം മൈസൂറിലേക്ക് പിന്‍തിരിഞ്ഞു. കൊച്ചിയിലെ ശക്തന്‍ തമ്പൂരാനും സാമൂതിരിയും മലബാറിലെ മറ്റ് രാജാക്കന്മാരും ഇംഗ്ലീഷുകാരോട് കൂറ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശങ്ങള്‍ ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു.

1792 ഫെബ്രുവരി 22ന് ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി മലബാറിലെ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇംഗ്ലീഷുകാര്‍ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും പെന്‍ഷനും നല്‍കിയശേഷം മലബാറിനെ ഇംഗ്ലീഷുകാര്‍ ഒറ്റ ജില്ലയാക്കി, നേരിട്ട് ഭരിച്ചു. തിരുവിതാംകൂറും കൊച്ചിയുമായി ഇംഗ്ലീഷുകാര്‍ കരാര്‍ ഉണ്ടാക്കി. അതോടെ രണ്ട് രാജ്യങ്ങളും ഇംഗ്ലീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. രാജാക്കന്മാരുടെ ഭരണം നിയന്ത്രിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റസിഡന്‍റ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഈ കരാറുകളും പിന്നീട് ഉണ്ടാക്കിയ കരാറുകളും തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരം നശിപ്പിച്ചു. വയനാടിനെ സംബന്ധിച്ച് കേരളവര്‍മ പഴശ്ശിരാജ നടത്തിയ കലാപം ആണ് പിന്നീട് ഇംഗ്ലീഷുകാര്‍ക്ക് നേരിടേണ്ടിവന്നത്. 1805 നവംബര്‍ 30ന് പഴശ്ശിയുടെ അന്ത്യത്തോടെ മലബാറില്‍ ഇംഗ്ലീഷുകാര്‍ക്ക് ഭീഷണി ഒന്നും ഇല്ലാതായി. എന്നാല്‍ 1809 തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവയും കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ കലാപം അതിവേഗം അവര്‍ അടിച്ചമര്‍ത്തി. അതിനുശേഷം കൊച്ചിയിലും തിരുവിതാംകൂറിലും രാജാക്കന്മാരാണ് ഭരിച്ചതെങ്കിലും രാഷ്ട്രീയാധികാരം ഏകദേശം നഷ്ടപ്പെട്ടിരുന്നു. 1812ല്‍ വയനാട്ടിലുണ്ടായ കുറച്ച്യ കലാപത്തേയും ഇംഗ്ലീഷുകാര്‍ അടിച്ചമര്‍ത്തി. 1858ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും ഭരണം പുതിയ രൂപത്തിലായി. തിരുവിതാംകൂറിലും കൊച്ചിയിലും രാജാക്കന്മാര്‍ ആണ് ഭരണം നടത്തിയിരുന്നത്. അവരുടെ മുകളില്‍ ഉള്ള റസിഡന്‍റോ, പൊളിറ്റിക്കല്‍ ഏജന്‍റോ ഉണ്ടായിരുന്നു. റസിഡന്‍റിനെ നിയന്ത്രിച്ചിരുന്നത് മദ്രാസ് പ്രവിശ്യയിലെ "ഗവര്‍ണര്‍" ആയിരുന്നു. മലബാറിലെ കളക്ടറുടെ ഭരണവും മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു. 1912 വരെ കല്‍ക്കട്ടയിലായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. അവിടെ വൈസ്റോയി അഥവാ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു ഇന്ത്യയിലെ മേധാവി. 1912ല്‍ പിന്നീട് തലസ്ഥാനം ഡല്‍ഹിക്ക് മാറ്റി.

1885ല്‍ ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ദേശീയ സംഘടനയായി മാറിക്കൊണ്ടിരുന്നു. ആദ്യമാദ്യം വര്‍ഷത്തിലൊരിക്കല്‍ യോഗം കൂടി ചില പ്രമേയങ്ങള്‍ മാത്രം പാസാക്കിക്കൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ശേഷം അതിവേഗം ഒരു സമരസംഘടനയായി മാറി. ഗാന്ധിജി ഇന്ത്യയിലെത്തുകയോ "മഹാത്മാവ്" ആകുകയോ ചെയ്യുന്നതിനു മുന്പ് അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ രണ്ട് മലയാളികളുണ്ടായിരുന്നു. അത് സ്വദേശാഭിമാനി പത്രാധിപര്‍ രാമകൃഷ്ണപിള്ളയും, ബാരിസ്റ്റര്‍ ജി.പി. പിള്ളയും ആണ്. രാമകൃഷ്ണപിള്ളയാണ് ആദ്യമായി മോഹന്‍ദാസ് ഗാന്ധി എന്ന പുസ്തകം എഴുതിയത്. ഗാന്ധിജിയുടെ ജീവചരിത്രം ഇത്തരത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണെന്ന് പറയുന്നു. എന്നാല്‍ രാമകൃഷ്ണ പുസ്തകം എഴുതുന്നതിന് എത്രയോ മുമ്പ് ഗാന്ധിജിയുടെ ഇന്ത്യന്‍ രാഷ്ട്രീയം ഒരുങ്ങുകയും ദക്ഷിണാഫ്രിക്കന്‍ പ്രശ്നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയും അതിന് പത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ദേശവ്യാപകമായി പ്രചരണം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് ആണ് ജി.പി. പിള്ള (ജി. പരമേശ്വരന്‍ പിള്ള). അദ്ദേഹമാണ് ബാരിസ്റ്റര്‍ ജി.പി. എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഗാന്ധിജി തന്റെ ആത്മകഥയില്‍ പറയുന്ന ഏക മലയാളിയും ജി. പരമേശ്വരന്‍ പിള്ളയാണ്. അദ്ദേഹം ദാദാഭായി നവറോജി, ഡബ്ല്യു.സി. ബാനര്‍ജി, സുരേന്ദ്രനാഥ ബാനര്‍ജി, ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലേ, സി. ശങ്കരന്‍ നായര്‍ തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച നേതാവും അവരുടെ സുഹൃത്തും ആയിരുന്നു. മലയാളിയായ ശങ്കരന്‍ നായര്‍, 1897ല്‍ അമരാവതി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് എത്തിയ മലയാളിയാണ്. അദ്ദേഹത്തിന് പിന്നീട് സര്‍. സ്ഥാനം ലഭിക്കുകയും വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുകയും ചെയ്തു. 1919 ജാലിയന്‍വാലാ വെടിവയ്പില്‍ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചത്. ദേശീയ നേതാക്കളെ സംഭാവന ചെയ്യുക മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന്റെ വികാരോജ്വലമായ ഏടുകള്‍ക്കും കേരളം അല്ലെങ്കില്‍ പ്രത്യേകിച്ച് മലബാര്‍ സാക്ഷിയായി. മലബാറിലാണ് കോണ്‍ഗ്രസ് ആദ്യം ശക്തപ്പെട്ടത്. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖില കേരള രാഷ്ട്രീയസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിക്കാന്‍ പ്രമേയം പാസാക്കിയത് ഈ സമ്മേളനത്തിലാണ്. സ്വാതന്ത്ര്യസമരകാലത്തു തന്നെ മലയാളികളുടെ ചിരകാലസ്വപ്നം ആയിരുന്നു ഐക്യകേരള രൂപീകരണം. ഇതിനുവേണ്ടി പല സമ്മേളനങ്ങളും ചര്‍ച്ചകളും പലപ്പോഴായി നടന്നു. സ്വാതന്ത്ര്യലബ്ധിയോടെ ഈ ആവശ്യത്തിനു ശക്തികൂടി.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ ഭൂവിഭാഗങ്ങളായി കിടന്ന കേരളം ഒന്നാകുമെന്നും തിരുവനന്തപുരം അതിന്റെ തലസ്ഥാനമാകുമെന്നും ആദ്യം പ്രവചിച്ചതില്‍ ഒരാള്‍ "സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" യായിരുന്നു. അദ്ദേഹത്തെ 1910 സെപ്തംബര്‍ 26ന് തിരുവിതാംകൂര്‍ രാജകീയ ഭരണകൂടം നാടുകടത്തി. അദ്ദേഹത്തിന് അഭയം നല്‍കിയത് മലബാര്‍ ആയിരുന്നു. പാലക്കാടും പിന്നീട് കണ്ണൂരിലും താമസിക്കുന്നതിനിടയ്ക്കാണ് "കാറല്‍ മാര്‍ക്സ്", "മോഹന്‍ദാസ് ഗാന്ധി" എന്നീ പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയത്. 1916 മാര്‍ച്ച് 28ന് അദ്ദേഹം കണ്ണൂരില്‍ വച്ച് അന്ത്യശ്വാസം വലിച്ചു. അവിടെ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊണ്ട അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. രാമകൃഷ്ണപിള്ള ഉയര്‍ത്തിയ "ഐക്യകേരളം" എന്ന വികാരം സ്വാതന്ത്ര്യലബ്ധി കാലത്താണ് ശക്തിപ്പെട്ടത്. 1928ല്‍ എറണാകുളത്ത് കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനം "ഐക്യകേരളം" ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. അതിനുമുന്പ് 1921 മുതല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. 1946ല്‍ കൊച്ചിയിലെ കേരളവര്‍മ്മ മഹാരാജാവും തന്നെ ഐക്യകേരളം എന്ന ആവശ്യം ഉന്നയിച്ചു. ആ വര്‍ഷം മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ കൂടിയ യോഗം "ഐക്യകേരള"സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1947 ഏപ്രിലില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചി മഹാരാജാവ് തന്നെ നേരിട്ട് എത്തി. പക്ഷെ ഈ സമയത്തെല്ലാം തിരുവിതാംകൂറിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടത്തെ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കുമെന്നും ഭൂപടത്തില്‍ ഒരു സ്വതന്ത്രരാജ്യമായി തിരുവിതാംകൂര്‍ സ്ഥാനം പിടിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തിയായി പ്രതിഷേധം ഉയര്‍ന്നു. അതേസമയം ഐക്യകേരളത്തിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ക്കൊണ്ടിരുന്നു. അതിനിടയില്‍ 1947 ജൂലൈ 25ന് ദിവാന്‍ സര്‍. സി.പി.യ്ക്കു വെട്ടേറ്റു. ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തന്റെ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 19ന് സര്‍. സി.പി.യും അവസാനത്തെ ബ്രിട്ടീഷ് റസിഡന്‍റും തിരുവിതാംകൂര്‍ വിട്ടു. ഐക്യകേരളത്തിന്റെ മുന്നോടിയായി തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നിപ്പിച്ച് ഒരു സംസ്ഥാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.


http://www.dutchinkerala.com/diary1.php#.VNNLUNKUfSc

No comments: