Wednesday, July 16, 2014

രോഗപ്രതിരോധശേഷിക്ക്‌ ചക്ക ഉത്തമം

രോഗപ്രതിരോധശേഷിക്ക്‌ ചക്ക ഉത്തമം; വരുന്നൂ ചക്കയുടെ നല്ലകാലം

mangalam malayalam online newspaper
ഭാവിയിലെ ഭക്ഷ്യപ്രതിസന്ധിക്കുള്ള പരിഹാരം ചക്കയാണെന്നു പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രം ദ ഗാര്‍ഡിയന്‍ അടുത്തിടെ കൊടുത്ത ലേഖനത്തില്‍ പറയുന്നു. കാലാവസ്‌ഥാ വ്യതിയാനവും ആഗോള താപനവും കാരണം വരും വര്‍ഷങ്ങളില്‍ ഗോതമ്പും ചോളവും ഉള്‍പ്പെടെയുള്ള പ്രമുഖധാന്യവിളകളുടെ ഉല്‍പാദനം കുത്തനെ ഇടിയും. ഇത്‌ പ്രാദേശിക ഭക്ഷ്യകലാപങ്ങള്‍ക്കു വഴിമരുന്നിടും. വരള്‍ച്ചയെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്ലാവും ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്കയുമായിരിക്കും ഭക്ഷ്യപ്രതിസന്ധിക്കു പരിഹാരമാവുകയെന്നാണ്‌ ഉളളടക്കം. ഭാവിയിലേക്കുള്ള അത്ഭുത ഭക്ഷ്യവിള എന്നാണ്‌ പ്ലാവിന്‌ നല്‍കിയ വിശേഷണം. തെങ്ങുകഴിഞ്ഞാല്‍ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാവുന്ന രണ്ടാം കല്‍പവൃക്ഷമാണ്‌ പ്ലാവ്‌.
പ്ലാവിന്റെ ഉത്ഭവകേന്ദ്രമായ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചക്കയുടെ 70 ശതമാനത്തിലേറെയും പാഴാക്കികളയുകയാണ്‌. കേരളത്തില്‍ ഒരുവര്‍ഷം 35 മുതല്‍ 50 കോടി ടണ്‍വരെ ചക്ക ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ഏറിയ പങ്കും പാഴായിപോകുന്നു. ജനുവരി മുതല്‍ ജൂണ്‍വരെയാണ്‌ കേരളത്തില്‍ ചക്ക സീസണ്‍. മാര്‍ച്ചുമാസം മുതല്‍ പഴുത്തു തുടങ്ങുന്ന ചക്ക മഴക്കാലം തുടങ്ങുന്നതോടെ ആര്‍ക്കും വേണ്ടാതാവും. എന്നാല്‍ ഇവിടെ വേണ്ടാത്ത ചക്ക അതിര്‍ത്തി കടന്ന്‌ തമിഴ്‌നാട്ടിലോ കര്‍ണാടകത്തിലോ എത്തിയാല്‍ തീപിടിച്ച വിലയാണ്‌. ചക്ക പാഴാക്കികളയാതെ ശരിയായി സംസ്‌കരിച്ച്‌ ഉല്‍പന്ന വൈവിധ്യവല്‍ക്കരണം നടത്തിയാല്‍ ആണ്ടു മുഴുവന്‍ ഉപയോഗിക്കാമെന്നുമാത്രമല്ല ഒരു ചക്കയില്‍നിന്നും അഞ്ഞൂറും ആയിരവും രൂപവരെ ഉല്‍പന്നങ്ങള്‍ തയ്യാറാക്കി വരുമാനമുണ്ടാക്കുകയുമാവാം. ചക്കയെ വിവിധ ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ പാഴായിപോകുന്നത്‌ ഒഴിവാക്കാം. 2000 കോടി രൂപയുടെ ചക്കയാണ്‌ ഒരു വര്‍ഷം പാഴായിപോകുന്നതെന്നാണ്‌ കണക്ക്‌. കേരളത്തിലെ കൃഷി വിജ്‌ഞാന കേന്ദ്രങ്ങളും വയനാട്‌ ജില്ലയിലെ തൃക്കൈപ്പറ്റ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഉറവ്‌ പോലുള്ള സന്നദ്ധ സംഘടനകളും അടുത്തകാലത്തു ചക്ക സംസ്‌കരണത്തില്‍ പരിശീലനം നടത്തിവരുന്നു.
ധാതുക്കള്‍, നാരുകള്‍ ,വൈറ്റമിനുകള്‍ തുടങ്ങിയവയുടെ സമ്പന്നമായ കലവറയാണ്‌ ചക്ക. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഡയറ്റി ഫൈബര്‍, ഐസോഫ്‌ളേവോണ്‍സ്‌, ജലാറ്റിന്‍ എന്നിവ ചക്കയില്‍ വളരെ കൂടുതലാണ്‌. ആന്റി ഓക്‌സിഡന്റുകളും കൂടുതലാണ്‌. പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്‌, വൈറ്റമിന്‍ എ, ബി,സി എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളും കൂടുതലുള്ളത്‌ ചക്കയിലാണ്‌. കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഭക്ഷണമാണ്‌ ചക്ക. ഇത്‌ ഉദരത്തെ ശുദ്ധമാക്കും. വിളര്‍ച്ചയെ ഇല്ലാതാക്കും. ഹൃദ്രോഗ ബാധയുടെ സാധ്യതകള്‍ കുറക്കും. അസ്‌ഥികളെ ബലപ്പെടുത്തും. രക്‌തസമ്മര്‍ദം കൂടുന്നത്‌ തടഞ്ഞുനിര്‍ത്തും. പ്രകൃതിദത്തമായി ലഭിക്കുന്ന ശുദ്ധഭക്ഷണമാണ്‌ ചക്ക. വിഷമടിക്കാത്ത ഏക പഴവര്‍ഗവുമാണിത്‌. തനി ജൈവഭക്ഷണം. ഇത്രയേറെ ഗുണങ്ങളുള്ള ചക്കയെ സംസ്‌കരിക്കുന്നതിനുള്ള ശ്രമം അടുത്തകാലത്തുമാത്രമാണ്‌ ആരംഭിച്ചത്‌. ശ്രീലങ്കയിലും വിയറ്റ്‌നാമിലും ചക്കസംസ്‌കരണം വ്യാവസായികാടിസ്‌ഥാനത്തിലുള്ള വന്‍ സംരംഭമാണ്‌. പൊടി, ആഡില്‍സ്‌, പപ്പടം, ഐസ്‌ക്രീം തുടങ്ങിയവയാണ്‌ പ്രധാന ഉല്‍പ്പന്നങ്ങള്‍.
ചക്ക സംസ്‌കരിച്ച്‌ 365 ദിവസവും ലഭ്യമാക്കുന്നതിന്‌ മൈക്രോസോഫ്‌റ്റ് കമ്പനിയുടെ മുന്‍ ഡയറക്‌ടര്‍ ജയിംസ്‌ ജോസഫ്‌ ആരംഭിച്ച ജാക്ക്‌ ഫ്രൂട്ട്‌ 365 എന്ന കമ്പനിയാണ്‌ ഇന്ത്യയില്‍ ചക്ക വിഭവങ്ങളെ പഞ്ചനക്ഷത്രഹോട്ടലുകളിലും മുന്തിയ ഉപഭോക്‌താക്കള്‍ക്കിടയിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനി. ഫ്രീസ്‌ ഡ്രൈ എന്ന ആധുനിക സംസ്‌കരണ വിദ്യയിലൂടെ ചക്കച്ചുള ഒരു വര്‍ഷത്തിലധികം സാധാരണ താപനിലയില്‍ സൂക്ഷിച്ചുവക്കാം. ഈ സാങ്കേതിക വിദ്യയിലൂടെ ചക്കയെ ആണ്ടുമുഴുവന്‍ ലഭ്യമാക്കുകയാണ്‌ പദ്ധതി. പാല്‍പ്പൊടി വെള്ളത്തിലിട്ട്‌ പാലാക്കി മാറ്റുന്ന ലാഘവത്തോടെ സൂക്ഷിച്ചുവച്ചിരിക്കുന്ന ചക്കച്ചുളകളെ വിവിധ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാം. നിര്‍ജലീകരണത്തിലൂടെ ചക്കയുടെ ഭാരം 82 ശതമാനത്തോളം കുറക്കാം. ജാക്ക്‌ ഫ്രൂട്ട്‌ ബട്ടര്‍ മസാല, ജാക്ക്‌ഫ്രൂട്ട്‌ ബ്രഡ്‌ പുഡിംഗ്‌, ചക്കപ്പായസം, പൈസ്‌, കെബാബ്‌, ജാക്ക്‌ഫ്രൂട്ട്‌ കേക്ക്‌സ്, സ്‌പ്രിംഗ്‌ ഗോള്‍ തുടങ്ങിയ വിഭവങ്ങള്‍ ഇപ്പോള്‍ തന്നെ നക്ഷത്രഹോട്ടലുകളില്‍ വന്‍ഹിറ്റാണ്‌.
ചക്കയില്‍ നിന്നുമുണ്ടാക്കാവുന്ന ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം ആരെയും അത്ഭുതപ്പെടുത്തും. 150-ലേറെ ഉല്‍പ്പന്നങ്ങള്‍ ചക്ക സംസ്‌കരിച്ച്‌ ഉല്‍പാദിപ്പിക്കാം. ചക്കച്ചുള, ചവിണി, കുരു, മടല്‍, കൂഞ്ഞില്‍ തുടങ്ങി ചക്കയുടെ ഏതുഭാഗവും സംസ്‌കരിച്ച്‌ രുചികരമായ ഉല്‍പന്നമായി മാറ്റാം. പച്ചച്ചക്ക, പുഴുക്ക്‌, ഉപ്പേരി തുടങ്ങി പല കറികള്‍ക്കും ഉപയോഗിക്കാം. ഇടിച്ചക്കയ്‌ക്കു നാട്ടിലെന്നതുപോലെ വിദേശത്തും വിപണി വളരുകയാണ്‌. പഴുത്ത ചക്കയില്‍ നിന്നും ജാം, ഹല്‍വ, ജെല്ലി, വൈന്‍, ശീതളപാനീയം, നെക്‌ടര്‍, വിനാഗിരി, സ്‌ക്വാഷ്‌, ഐസ്‌ക്രീം, ഫ്രൂട്ട്‌ബാര്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ തയ്യാറാക്കാം. ചക്കകുരു പൊടിച്ചുപയോഗിച്ചും നിരവധി വിഭവങ്ങളുണ്ടാക്കാം. ചക്ക പപ്പടമാണ്‌ അടുത്തകാലത്ത്‌ വിപണിയില്‍ പ്രിയം നേടിയ മറ്റൊരു ചക്കവിഭവം. ചക്കപാഴാക്കി കളയാതെ സംസ്‌കരിച്ച്‌ വിവിധ വിഭവങ്ങളായി ഉപയോഗിച്ചാല്‍ ആയുസ്‌ വര്‍ധിപ്പിക്കുന്നതിനൊപ്പം വരുമാനം കൂട്ടുകയുമാവാം.
ഡോ. ജോസ്‌ ജോസഫ്‌
- See more at: http://www.mangalam.com/agriculture/189899#sthash.pQvzM1SU.xOYYVVzD.dpuf

No comments: