Sunday, January 30, 2011

ഖുർആൻ-ശാസ്ത്രപഠനങ്ങൾ പ്രസക്തിയും പരിധിയും



ദൈവികഗ്രന്ഥമാണെന്ന് സ്വയം അവകാശപ്പെടുന്ന വേദഗ്രന്ഥത്തിൽ അബദ്ധങ്ങളൊന്നുമുണ്ടാകുവാൻ പാടില്ല; തെറ്റുപറ്റാത്തവനായ ദൈവത്തിൽ നിന്ന് അവതീർണമായതെന്ന് അവകാശപ്പെടുന്ന ഗ്രന്ഥത്തിൽ തെറ്റുകളുണ്ടാകുവാൻ പാടില്ലെന്നത് സാമാന്യമായ ഒരു വസ്തുതയാണ്. എന്നാൽ മനുഷ്യരുടെ രചനകൾ അങ്ങനെയല്ല; എത്ര വലിയ ബുദ്ധിജീവിയുടെ രചനയാണെങ്കിലും അതിൽ അബദ്ധങ്ങളുണ്ടാകാവുന്നതാണ്. അവ ചിലപ്പോൾ അയാളുടെ ജീവിതകാലത്ത്തന്നെ വെളിപ്പെടുത്തപ്പെടും. അതല്ലെങ്കിൽ തലമുറകൾ കഴിഞ്ഞായിരിക്കും അത് ബോധ്യപ്പെടുക. മനുഷ്യരുടെ അറിവ് പരിമിതമായതിനാലും അത് വളർന്നുകൊണ്ടിരിക്കുന്നതിലുമാണ് ഇത്. ഇന്നലെയുള്ള അറിവിന്റെ അടിസ്ഥാനത്തിൽ എഴുതിയതിലെ അബദ്ധങ്ങൾ ഇന്ന് കൂടുതൽ കൃത്യമായ അറിവ് ലഭിക്കുമ്പോൾ നാം തിരുത്തുന്നു. വിജ്ഞാനവർധനവിനനുസരിച്ച് സംഭവിക്കുന്ന സ്വാഭാവികമായ മാനവിക പ്രക്രിയയാണിത്. എല്ലാം അറിഞ്ഞു കഴിഞ്ഞുവെന്ന ഒരു അവസ്ഥ മാനവസമൂഹത്തിന് ഒരിക്കലും ഉണ്ടാകുവാൻ പോകുന്നില്ല എന്നിരിക്കെ ഈ തിരുത്തൽ പ്രക്രിയ മനുഷ്യാവസാനംവരെ തുടർന്നുകൊണ്ടിരിക്കും. ഒരു വിജ്ഞാനീയവും ഒരിക്കലും സ്വയം സമ്പൂർണമാകുന്നില്ല എന്നതുകൊണ്ടുതന്നെ അതിലുള്ള അറിവ് എപ്പോഴും വർധമാനമായിരിക്കുകയും പ്രസ്തുത വർധനവിനനുസരിച്ച് ഇന്നലെത്തെ വിവരങ്ങൾ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. സ്രഷ്ടാവ് സർവ്വജ്ഞനാണ്. അവന്റെ അറിവ് എന്നും സ്വയം സമ്പൂർണമാണ്. പ്രസ്തുത അറിവിലേക്ക് യാതൊന്നും കൂട്ടിച്ചേർക്കപ്പെടുകയോ അതിൽനിന്ന് എന്തെങ്കിലും കുറയുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവന്റെ വചനങ്ങളിൽ അബദ്ധങ്ങളുണ്ടായിക്കൂടാ. ദൈവികമെന്നവകാശപ്പെടുന്ന ഏതെങ്കിലുമൊരു ഗ്രന്ഥത്തിൽ അബദ്ധങ്ങളുണ്െടങ്കിൽ പ്രസ്തുത അവകാശവാദം തെറ്റാണെന്നതിന് അതുതന്നെ മതിയായ തെളിവാണ്.

പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച വസ്തുനിഷ്ഠമായ പഠനമാണല്ലോ ശാസ്ത്രം. ശാസ്ത്രീയമായ വിജ്ഞാനീയങ്ങളെല്ലാം വർധമാനമായ അറിവിന്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തപ്പെട്ടവയാണ്. നമ്മുടെ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് ഓരോ വിജ്ഞാനത്തിലുമുള്ള പൂർവ്വകാല ധാരണകളിൽ പലതും ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ശരിയായിരുന്നുവെന്ന് കരുതിയവ തെറ്റാണെന്ന് മനസ്സിലാവുകയും പുതിയതും കൃത്യവുമായ ശരികളിലെത്തിച്ചേരുകയും ചെയ്യുകയെന്നത് ശാസ്ത്രലോകത്തെ സ്വാഭാവികമായ പ്രതിഭാസമാണ്. വിജ്ഞാനീയങ്ങളെക്കുറിച്ച പ്രതിപാദനങ്ങളുൾക്കൊള്ളുന്ന ഒരു ഗ്രന്ഥത്തിൽ തലമുറകൾ കഴിഞ്ഞിട്ടും തിരുത്തലുകളൊന്നും വേണ്ടിവരുന്നില്ലയെന്ന വർത്തമാനം ശാസ്ത്രലോകത്തിന് തീരെ ഉൾക്കൊള്ളാനാവാത്തതാണ്. പ്രകൃതിയെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും കുറിച്ച പരാമർശങ്ങളുണ്െടങ്കിൽ അതിൽ തിരുത്തലുകൾ ആവശ്യമായിവരും എന്നതാണ് ശാസ്ത്രലോകത്തിന്റെ പൊതുവായ കാഴ്ചപ്പാട്. ഖുർആൻ ദൈവികമാണെന്ന വസ്തുത ബോധ്യപ്പെടുന്ന പ്രധാനപ്പെട്ട മേഖലകളിലൊന്നാണിത്. പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച നിരവധി പരാമർശങ്ങൾ പരിശുദ്ധ ഖുർആനിലുണ്ട്. മനുഷ്യരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന വിജ്ഞാനീയങ്ങളിലുള്ള പരാമർശങ്ങളാൽ നിബിഢമാണ് ഖുർആൻ വചനങ്ങൾ. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് നിരക്ഷരനായ ഒരു മനുഷ്യലന്റെ നാവിലൂടെയാണ് ലോകം ഈ വചനങ്ങൾ ശ്രവിച്ചത്. ഇന്നു നാം ഉപയോഗിക്കുന്ന ശാസ്ത്രീയമായ മാനദണ്ഡങ്ങൾ വെച്ചു നോക്കുമ്പോൾ വിജ്ഞാനീയങ്ങൾ അവയുടെ ഭ്രൂണദശപോലും പ്രാപിച്ചിട്ടില്ലാത്ത സമയത്താണ് ഖുർആൻ വചനങ്ങൾ അവതരിപ്പിക്കപ്പെട്ടത്. മറ്റു ഗ്രന്ഥങ്ങളെ പരിശോധിക്കുവാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ വെച്ചു നോക്കുമ്പോൾ ഖുർആൻ അബദ്ധങ്ങളാൽ നിബിഢമാകേണ്ടതാണ്. എന്നാൽ, അത്ഭുതം! ഖുർആനിൽ അബദ്ധങ്ങളൊന്നും തന്നെ കണ്െടത്തുവാൻ കഴിയുന്നില്ല. ഖുർആൻ പരാമർശിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളുടെ വളർച്ച അതിൽ അബദ്ധങ്ങളുണ്െടന്ന് സ്ഥാപിക്കുകയല്ല, പ്രത്യുത അതിൽ സുബദ്ധങ്ങളേയുള്ളുവെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

പതിനാലു നൂറ്റാണ്ടുകൾക്കു മുമ്പ് ലോകം ശ്രവിച്ച ഒരു ഗ്രന്ഥത്തിൽ, പ്രപഞ്ചത്തെയും അതിന്റെ നിലനിൽപിനെയും, ഭൂമിയെയും അതിലെ ജീവജാലങ്ങളെയും, മനുഷ്യനെയും അവനെ നിലനിർത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെയും, സൂര്യനെയും ചന്ദ്രനെയും സമുദ്രത്തെയും കാറ്റിനെയും മഴയെയും മനുഷ്യന്റെ ഭ്രൂണ പരിണാമത്തെയുമെല്ലാമുള്ള പരാമർശങ്ങളുണ്ടായിട്ട് അതിലൊന്നും യാതൊരു അബദ്ധങ്ങളുമില്ലെന്നത് അത്ഭുതകരം തന്നെയാണ്. വർധമാനമായ അറിവിന്റെ ഉടമയായ മനുഷ്യനിൽ നിന്നുള്ളതല്ല ഈ ഗ്രന്ഥമെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഇത്. പൂർണമായ അറിവിന്റെ നാഥന് മാത്രമെ ഒരിക്കലും തെറ്റു പറ്റാത്ത ഒരു ഗ്രന്ഥം അവതരിപ്പിക്കാനാവൂ. പുതിയ പുതിയ ശാസ്ത്രീയ ഗവേഷണങ്ങൾ ഖുർആൻ വചനങ്ങളുടെ കൃത്യതയും അപ്രമാദിത്വവും വ്യക്തമാക്കുമ്പോൾ അത് ദൈവികമാണെന്ന വസ്തുത കൂടുതൽ തെളിഞ്ഞു വരികയാണ് ചെയ്യുന്നത്. ശാസ്ത്രീയമായ ഗവേഷണങ്ങൾ ഖുർആനിന്റെ ദൈവികതയ്ക്ക് തെളിവുകൾ നൽകിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

ഖുർആൻ-ശാസ്ത്ര പഠനങ്ങൾ എന്തിന്? ശാസ്ത്രീയമായ പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുമ്പോൾ ഇതെല്ലാം തങ്ങളുടെ വേദഗ്രന്ഥത്തിൽ മുമ്പേ പറഞ്ഞിട്ടുണ്െടന്ന്അവകാശപ്പെടുന്ന പിന്തിരിപ്പൻ നിലപാടാണ് ഖുർആനിൽ ശാസ്ത്രീയമായി കൃത്യമായ പരാമർശങ്ങളുണ്െടന്ന് അവകാശപ്പെടുന്നവരുടേതെന്ന് വാദിക്കപ്പെടാറുണ്ട്. അടിസ്ഥാനരഹിതമായ ഒരു ആരോപണമാണിത്.

ഖുർആനിൽ എല്ലാ ശാസ്ത്രീയ വസ്തുതകളും പരാമർശിക്കപ്പെട്ടിട്ടുണ്െടന്നോ അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ശാസ്ത്രീയ ഗവേഷണങ്ങൾ പുറത്തുകൊണ്ടുവരുന്നത് എന്നോ ഉള്ള അവകാശ വാദങ്ങളൊന്നും മുസ്ലിംകൾക്കില്ല. ഖുർആൻ ശാസ്ത്രം പഠിപ്പിക്കുവാൻ വേണ്ടി അവതരിപ്പിക്കപ്പെട്ടതല്ല എന്നതുകൊണ്ടുതന്നെ അതിൽ സകല ശാസ്ത്രവും ഉണ്െടന്ന് ആർക്കും അവകാശപ്പെടാനാവില്ല; അങ്ങനെ ആരും അവകാശപ്പെടുന്നുമില്ല. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പരാമർശങ്ങളുൾക്കൊള്ളുന്ന ഖുർആൻ വചനങ്ങളുടെ കൃത്യതയും അപ്രമാദിത്വവും ശാസ്ത്രീയ ഗവേഷണങ്ങൾ വ്യക്തമാക്കുകയാണ് ചെയ്യുന്നത് എന്നാണ് മുസ്ലിംകൾ അവകാശപ്പെടുന്നത്. ഇതൊരു കേവലമായ അവകാശവാദമല്ല. ആർക്കും പരിശോധിച്ച് സ്വയം തന്നെ ബോധ്യപ്പെടാൻ കഴിയുന്ന വസ്തുതയാണത്. തങ്ങളുടെ കൈവശമുള്ള പൌരാണികമോ ആധുനികമോ ആയ ഏത് മാനദണ്ഡമുപയോഗിച്ച് പരിശോധനാവിധേയമാക്കിയാലും ഖുർആൻ അബദ്ധങ്ങളിൽ നിന്നു മുക്തമാണെന്ന് ആർക്കും മനസ്സിലാവും.

ശാസ്ത്രീയ വസ്തുതകൾ മുഴുവനുമോ ഗവേഷണങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്ന സാമഗ്രികളെക്കുറിച്ച വിവരങ്ങളോ ഖുർആനിൽ മുമ്പേ പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നതല്ല നമ്മുടെ അവകാശവാദമെന്ന വസ്തുത ഖുർആനിന്റെ അനുകൂലികളും പ്രതികൂലികളും ഒരേപോലെ മനസ്സിലാക്കേണ്ടതുണ്ട്. ഖുർആനിൽ അബദ്ധങ്ങളില്ലെന്ന യാഥാർഥ്യത്തിന് ശാസ്ത്രീയമായ ഗവേഷണങ്ങൾ തെളിവു നൽകുന്നുവെന്നാണ് മുസ്ലിംകളുടെ വാദം. ഇത് വേണ്ട രൂപത്തിൽ മനസ്സിലാക്കാത്തതിനാൽ ചിലപ്പോഴെല്ലാം ഖുർആൻ ശാസ്ത്ര പഠനങ്ങൾപരിധിവിട്ട അവകാശവാദങ്ങൾ ഉന്നയിക്കുന്ന അവസ്ഥയിലെത്തിച്ചേറാറുണ്ട്. ഖുർആനിലുള്ളതെല്ലാം ശാസ്ത്രമാണെന്നും ഖുർആനിന്റെ അംഗീകാരമില്ലാത്തതൊന്നും ശാസ്ത്രമല്ലെന്നുമുള്ള രീതിയിലുള്ള പരാമർശങ്ങളും ശാസ്ത്രത്തിന് വിശദീകരിക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത മേഖലകളെക്കുറിച്ച ഖുർആൻ പരാമർശങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുവാനുള്ള ത്വരയുമെല്ലാം പരിധിവിട്ടതും അംഗീകരിക്കുവാൻ കഴിയാത്തതുമാണ്. ഒരു കളങ്കവുമില്ലാത്ത വിശുദ്ധ നെയ്യാണ് ശാസ്ത്രമെന്ന ധാരണയുടെ വെളിച്ചത്തിലാണ് ഇത്തരം കസർത്തുകളെല്ലാം അരങ്ങേറാറുള്ളത്. ശാസ്ത്ര നിഗമനങ്ങളും സിദ്ധാന്തങ്ങളും വസ്തുതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ശാസ്ത്രദർശനത്തിന്റെ കാഴ്ചപ്പാട് എന്താണെന്നുപോലും ഇത്തരം വ്യാഖ്യാനവിശാരദൻമാർ പരിഗണിക്കാറില്ല. ശാസ്ത്രത്തിന്റെ ലേബലിൽ കാണപ്പെടുന്നതെല്ലാം സത്യമാണെന്ന ധാരണയുടെ വെളിച്ചത്തിൽ നടക്കുന്ന ഇത്തരം ഖുർആൻ-ശാസ്ത്ര പഠനങ്ങൾക്ക് ഖുർആനിന്റെ അംഗീകാരമില്ല; അവയ്ക്ക് ശാസ്ത്രീയമായ അടിത്തറയുമുണ്ടാകാറില്ല. അങ്ങനെയുള്ള പഠനക്കസർത്തുകൾ മുന്നിൽവെച്ച്, ഖുർആനിൽ അബദ്ധങ്ങളൊന്നുമില്ലെന്ന വസ്തുതയ്ക്ക് ശാസ്ത്രം സാക്ഷ്യം വഹിക്കുന്നുവെന്ന വസ്തുത വ്യക്തമാക്കുന്ന ഗവേഷണങ്ങളെ പിന്തിരിപ്പിക്കാനായി അവതരിപ്പിക്കുന്നത് ന്യായീകരണമർഹിക്കുന്നില്ല.

ശാസ്ത്രത്തിന്റെ പരിമിതിയും പഠനങ്ങളുടെ മൂല്യവും ഒരിക്കലും തെറ്റുപറ്റാത്തതെന്ന് വിശ്വസിക്കപ്പെടുന്ന ഖുർആൻ വചനങ്ങളെ തെറ്റാൻ സാധ്യതയുള്ള ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നത് അപടകരവും ബാലിശവുമാണെന്ന് കരുതുന്നവരുണ്ട്. ഖുർആൻ ശാസ്ത്രപഠനങ്ങൾ പരിധിവിടുമ്പോൾ അവ അപകടകരമായിത്തീരാറുണ്െടന്നത് ശരിയാണ്. എന്നാൽ ഖുർആനിന്റെ ദൈവികത വ്യക്തമാക്കുന്ന പഠനങ്ങളെ മുഴുവൻ നിഷേധിക്കുവാൻ അത് കാരണമായിക്കൂടാ. ഖുർആൻ-ശാസ്ത്ര പഠനങ്ങളുടെ യഥാർഥധർമം മനസ്സിലാവാത്തതുകൊണ്ടാണ് ഇത്തരം വിമർശനങ്ങളുണ്ടാവുന്നത്. ശാശ്വത മൂല്യങ്ങളാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതിലെ പ്രധാനപ്പെട്ട പ്രതിപാദ്യങ്ങളെല്ലാം ശാസ്ത്രീയമായ അപഗ്രഥനത്തിന് പുറത്തുള്ളവയാണ്. സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിലുള്ള വിശ്വാസവും അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഖുർആനിക പരാമർശങ്ങളുടെ കേന്ദ്രബിന്ദു. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന, പദാർഥം ലോകത്തിന് അതീതനായ അല്ലാഹുവിന്റെ അസ്തിത്വമോ അവന്റെ ആരാധ്യതയോ ശാസ്ത്രീയമായ അപഗ്രഥനത്തിന് കഴിയുന്നതല്ല. മരണാനന്തരജീവിതവും അതിലെ രക്ഷാ ശിക്ഷകളുമാണ് ഖുർആനിൽ പ്രതിപാദിക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ഇവയും ശാസ്ത്രീയമായ നിരീക്ഷണങ്ങൾക്ക് അതീതമായ വസ്തുതകളാണ്. നൻമതിൻമകളെക്കുറിച്ച ഉൽബോധനമാണ് പിന്നീട് ഖുർആനിലുള്ളത്. ധർമാധർമങ്ങളെ വ്യവഛേദിക്കുവാൻ ശാസ്ത്രത്തിന്റെ പക്കൽ മാനദണ്ഡങ്ങളൊന്നുമില്ല. ഖുർആനിന്റെ പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും തന്നെ ശാസ്ത്രീയമായ അപഗ്രഥനത്തിന് പറ്റുന്നതല്ല. അതുകൊണ്ടുതന്നെ 'ഖുർആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുക'യെന്ന് പറയുന്നത് തന്നെ ശുദ്ധഭോഷ്ക്കാണ്. ശാസ്ത്രത്തിന്റെ അപഗ്രഥന വിശദീകരണ പരിധിയിൽ വരാത്ത കാര്യങ്ങളെ എങ്ങനെയാണ് ശാസ്ത്രീയമായി വ്യാഖ്യാനിക്കുക?

പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച ഖുർആനിക പരാമർശങ്ങൾ തെറ്റു പറ്റാത്തവയാണെന്നതിന് ശാസ്ത്രീയ നിരീക്ഷണങ്ങൾ നൽകുന്ന തെളിവുകളെക്കുറിച്ച പഠനം ഖുർആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കലല്ല; അങ്ങനെ ആയിക്കൂടാ. ഖുർആനിന്റെ വെളിച്ചത്തിൽ ശാസ്ത്രഗവേഷണങ്ങളെ പരിശോധനാവിധേയമാക്കലാണ് അത്. ഖുർആനിക പരാമർശങ്ങൾ എത്രത്തോളം കൃത്യവും തെറ്റുപറ്റാത്തവയുമാണെന്ന് മനസ്സിലാക്കുവാൻ ശാസ്ത്രീയ ഗവേഷണങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. അതല്ലാതെ, നിലവിലുള്ള ശാസ്ത്രജ്ഞാനത്തിന് അനുസൃതമായി ഖുർആൻ വചനങ്ങളെയോ പരാമർശങ്ങളെയോ വ്യാഖ്യാനിച്ച് വികലമാക്കലല്ല ഖുർആൻ-ശാസ്ത്ര പഠനങ്ങൾ ചെയ്യേണ്ടത്. അങ്ങനെ വ്യാഖ്യാനിക്കുന്ന പഠനങ്ങൾ യാതൊരു ന്യായീകരണവുമർഹിക്കുന്നില്ല. തെറ്റു പറ്റാത്ത അല്ലാഹുവിന്റെ വചനങ്ങളെ വ്യാഖ്യാനിക്കുവാൻ അബദ്ധങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത് നീതീകരിക്കുവാൻ കഴിയാത്ത കാര്യമാണ്.

ശാസ്ത്രത്തിന്റെ തെറ്റുപറ്റാനുള്ള സാധ്യതയെക്കുറിച്ചു പറയുമ്പോൾ ശാസ്ത്രീയ നിഗമനങ്ങൾ, സിദ്ധാന്തങ്ങൾ, വസ്തുതകൾ എന്നിവ തമ്മിലുള്ള വ്യത്യാസം നാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ വെളിച്ചത്തിൽ ശാസ്ത്രജ്ഞൻ ആദ്യമായി ഒരു 'നിഗമന'ത്തിൽ (hypothesis) എത്തിച്ചേരുന്നു. പ്രസ്തുത നിഗമനത്തിന് ഉപോൽബലകമായ തെളിവുകൾ ശേഖരിക്കുകയും പ്രസ്തുത തെളിവുകളുടെ വെളിച്ചത്തിൽ ഒരു സിദ്ധാന്തത്തിന് (theory) അയാൾ രൂപം നൽകുകയും ചെയ്യുന്നു. പ്രസ്തുത സിദ്ധാന്തം ശരിയാണെങ്കിൽ കണ്ടുപിടിക്കപ്പെടേണ്ട കാര്യങ്ങളെക്കുറിച്ച പ്രവചനങ്ങൾ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുന്നതോടെ അത് ശാസ്ത്രലോകം അംഗീകരിക്കുന്ന സിദ്ധാന്തങ്ങളുടെ ഗണത്തിലെത്തിച്ചേരുന്നു. സ്വീകരിക്കപ്പെട്ട സിദ്ധാന്തവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കപ്പെടുകയും ഉത്തരം കണ്െടത്തേണ്ട പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നതോടെ അത് ഒരു യാഥാർഥ്യമായി (fact) അംഗീകരിക്കപ്പെടുന്നു. ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ട യാഥാർഥ്യങ്ങൾ തെറ്റുപറ്റാത്തവയാകാമെങ്കിലും അവ വീണ്ടും വികസിക്കുവാൻ സാധ്യതയുള്ളതാണ്. സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്നത് സപ്തവർണങ്ങളാണ് (vibgyor) എന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു യാഥാർഥ്യമാണ്. എന്നാൽ സപ്തവർണങ്ങളെ കൂടാതെ അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് തുടങ്ങിയ കിരണങ്ങൾ കൂടി സൂര്യപ്രകാശത്തിലുണ്ട് എന്നത് പ്രസ്തുത യാഥാർഥ്യത്തിന്റെ വികാസമാണ്. ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതകൾപോലും പൂർണമായിക്കൊള്ളണമെന്നില്ല എന്നർഥം.

വിശുദ്ധ ഖുർആനിൽ അബദ്ധങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയമായ പഠനങ്ങൾ വ്യക്തമാക്കുന്നുവെന്ന് പറയുമ്പോൾ സ്ഥിരീകരിക്കപ്പെട്ട വസ്തുതകൾ ഖുർആനിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കുന്നുവെന്ന് മാത്രമെ അർഥമാക്കുന്നുള്ളൂ. ശാസ്ത്രജ്ഞരുടെ നിഗമനങ്ങളും തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളും ചിലപ്പോൾ ഖുർആനിക പരാമർശങ്ങളോട് വൈരുധ്യം പുലർത്തുന്നുണ്ടാവാം. അവ ഖുർആനിന്റെ സാധുതയെ ഒരുവിധത്തിലും ബാധിക്കുന്നില്ല. പ്രസ്തുത സിദ്ധാന്തങ്ങൾക്ക് അനുസൃതമായി ഖുർആനിനെ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നത് ദൈവികഗ്രന്ഥത്തോട് ചെയ്യുന്ന വലിയ പാതകമാണ്. ശാസ്ത്രലോകംതന്നെ അംഗീകരിച്ചു കഴിഞ്ഞിട്ടില്ലാത്ത സങ്കൽപ്പങ്ങൾക്കു അനുസരിച്ച് സ്രഷ്ടാവിന്റെ വചനങ്ങളെ വ്യാഖ്യാനിച്ച് വികലമാക്കുന്നത് യാതൊരുവിധ ന്യായീകരണവുമർഹിക്കുന്നില്ല. തെളിയിക്കപ്പെട്ട വസ്തുകൾക്ക് അനുസൃതമായി ഖുർആൻ വ്യാഖ്യാനിക്കേണ്ടതില്ല; വസ്തുതകൾ വ്യാഖ്യാനങ്ങളില്ലാതെത്തന്നെ ഖുർആൻ പരാമർശങ്ങളെ സത്യപ്പെടുത്തുന്നവയായിരിക്കും എന്നതാണ് യാഥാർഥ്യം. ഖുർആൻ ദൈവികമാണെന്നതിന് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ വസ്തുതകൾ നൽകുന്ന തെളിവുകൾ വെളിപ്പെടുത്തുകയാണ്, ശാസ്ത്രത്തിനനുസരിച്ച് ഖുർആൻ വ്യാഖ്യാനിക്കുകയല്ല ഖുർആൻ-ശാസ്ത്ര പഠനങ്ങളുടെ ലക്ഷ്യമെന്ന് ചുരുക്കം.

No comments: