ദുബൈ: ആധുനിക വൈദ്യശാസ്ത്രത്തിന് എന്നും ഭീഷണിയുയര്‍ത്തിയ കാന്‍സറിന് പ്രതിരോധ മരുന്നുമായി ഒരു കൂട്ടം അറബ് ശാസ്ത്രജ്ഞര്‍. ഒട്ടകത്തിന്റെ പ്രതിരോധ സംവിധാനത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഈ ഔഷധം കാന്‍സറിന് ഏറെ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. രണ്ട് വര്‍ഷം മുമ്പ് ഷാര്‍ജയില്‍ തുടക്കമിട്ട പരീക്ഷണമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. മരുന്നിന്റെ ഫോര്‍മുല കഴിഞ്ഞ ഫെബ്രുവരിയില്‍ യു.കെ പാറ്റന്റ്് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തതായി അറബ് സയന്‍സ് ആന്റ് ടെക്‌നോളജി ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ നജ്ജാര്‍ വ്യക്തമാക്കി.
ഒട്ടകത്തിന്റെ പാലും മൂത്രവും ചേര്‍ത്താണ് പുതിയ മരുന്നിന്റെ ഫോര്‍മുല തയാറാക്കിയിരിക്കുന്നത്. ഷാര്‍ജ യുനിവേഴ്‌സിറ്റിയിലെ പഠനങ്ങള്‍ക്കു ശേഷം ബഗ്ദാദിലെ പ്രശസ്തമായ കാന്‍സര്‍ സെന്ററില്‍ നടത്തിയ ഇതിന്റെ തുടര്‍ പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പരീക്ഷണത്തില്‍ പങ്കാളിയായ അറബ് ബയോടെക്‌നോളജി കമ്പനി തലവന്‍ സബാഹ് ജാസിം അറിയിച്ചു. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് എലികളില്‍ നടത്തിയ പഠനം വിജയകരമായിരുന്നുവെന്നും ഏറെ വൈകാതെ മനുഷ്യരിലും പരീക്ഷണം തുടങ്ങുമെന്നും ഡോ. അബ്ദുല്ല അല്‍ നജ്ജാര്‍ പറഞ്ഞു.
ഒട്ടകത്തിന്റെ പാല്‍ വളരെയേറെ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നതാണ്. ഇതില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പുതിയ മരുന്ന് കാന്‍സര്‍ കാര്‍ന്നു തിന്നുന്ന കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങളുടെ നിര്‍മാണ പ്രക്രിയയില്‍ ഭാഗമാകുകയും കാന്‍സറിന്റെ പിടിയില്‍ നിന്ന് ശരീരത്തെ മുക്തമാക്കുകയും ചെയ്യും.
രക്താര്‍ബുദ(ലുകീമിയ)ത്തിനും കരള്‍, സ്തനം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിനുമെല്ലാം മരുന്ന് നൂറു ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലുടെ തെളിഞ്ഞിട്ടുണ്ടെന്ന് അറബ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ഷാര്‍ജയില്‍ താമസിക്കുന്ന യു.എ.ഇ പൗരനായ സഈദ് മതാര്‍ ബിന്‍ ദല്‍മൂക് അല്‍ കിത്ബിയുടെ ഫാമിലെ ഒട്ടകങ്ങളിലാണ് പുതിയ മരുന്നിന്റെ പരീക്ഷണങ്ങള്‍ നടത്തിയത്.
ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ഇന്റര്‍നാഷനല്‍ കാന്‍സര്‍ കണ്‍ട്രോള്‍ യൂനിയന്റെ കണക്കനുസരിച്ച് 2010ല്‍ ലോകത്ത് 16 മില്യന്‍ ജനങ്ങള്‍ക്കാണ് കാന്‍സര്‍ ബാധയുള്ളത്. ഇതില്‍ 50 ശതമാനവും വികസ്വര രാജ്യങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് പ്രതിവര്‍ഷം ആറ് മില്യന്‍ ജനങ്ങള്‍ ഈ മാരക രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുന്നുണ്ട്.
അറബ് ലോകത്ത് മരണങ്ങള്‍ക്കിടയാക്കുന്ന മാരക രോഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കാന്‍സറിനാണെന്ന് അറബ് കാന്‍സര്‍ അസോസിയേഷന്‍ പുറത്തുവിട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഹൃദ്രോഗത്തിനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം. ലക്ഷത്തില്‍ 100 മുതല്‍ 150 വരെ പേര്‍ക്ക് വീതം രോഗം ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷം 213 ശതമാനം വര്‍ധനയാണിത്.
ആരോഗ്യ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഇബ്‌നുസീനയുടെ പിന്‍മുറക്കാര്‍ തയാറാക്കിയ മരുന്നിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വൈദ്യലോകം
No comments:
Post a Comment