Tuesday, February 1, 2011

ഈജിപ്ത് റാലി ഇന്ന്, ബലം പ്രയോഗിക്കില്ലെന്ന് സൈന്യം

ഈജിപ്ത് റാലി ഇന്ന്, ബലം പ്രയോഗിക്കില്ലെന്ന് സൈന്യം


ഈജിപ്ത് റാലി ഇന്ന്, ബലം പ്രയോഗിക്കില്ലെന്ന് സൈന്യം
കൈറോ: ഭരണകൂട വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ബലപ്രയോഗം നടത്തില്ലെന്ന് ഈജിപ്ത് സൈന്യം. പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യപ്പെട്ട് ദശലക്ഷം പേര്‍ അണിനിരക്കുന്ന റാലി ഇന്ന് കൈറോവില്‍ നടക്കാനിരിക്കെ സൈന്യത്തിന്റെ തീരുമാനം ഏറെ നിര്‍ണായകമാണ്. ഇതോടെ ഹുസ്‌നി മുബാറക് രാജവെച്ചൊഴിയണമെന്ന നിലപാട് തന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്ന സൂചനയാണ് സൈന്യം നല്‍കിയിരിക്കുന്നത്.
ജനങ്ങളുടെ അഭി്രപായ സ്വാതന്ത്ര്യത്തെയും അവകാശത്തെയും മാനിക്കുന്നുവെന്നും രാജ്യത്തെ ജനങ്ങള്‍ക്കെതിരെ തങ്ങള്‍ ബലം ്രപയോഗിക്കില്ലെന്നും സൈന്യം ്രപസ്താവനയില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച പ്രാദേശിക സമയം ഒമ്പത് മണിയോടെ (ഇന്ത്യന്‍ സമയം പന്ത്രണ്ടര)
 റാലിക്ക് തുടക്കമാവുക. തെഹ്‌രി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന റാലി തൊട്ടടുത്തുള്ള സ്‌റ്റേറ്റ് ഈജിപ്ഷ്യന്‍ ടിവി ബില്‍ഡിങ് വഴി പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് പ്രകടനമായി  നീങ്ങുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. പ്രകടനം  നീങ്ങുന്ന വഴിയില്‍ സൈനിക ടാങ്കുകള്‍ നിലയുറപ്പിക്കുമെന്ന് സൈനികാധികൃതര്‍ പറഞ്ഞു. പ്രകടനത്തിന് നേരെ പൊലീസ് ഇടപെടല്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണിതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചക്കകം രാജ്യം വിടാന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറകിനുള്ള മുന്നറിയിപ്പാണ് റാലി.
അതേസമയം, അധികാരത്തില്‍ തുടരാനുള്ള അവസാന ്രശമമെന്ന നിലക്ക് രാജ്യത്തെ വിവിധ ്രപതിപക്ഷ കക്ഷികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹുസ്‌നി മുബാറക് അറിയിച്ചിട്ടുണ്ട്.

ഒരു സ്വേച്ഛാധിപതി കൂടി പുറത്തേക്ക്
ഈജിപ്ത് ഒരു ജനകീയ വിപ്ലവത്തിന്റെ പേറ്റുനോവിലാണ്. മൂന്നു പതിറ്റാണ്ടായി നടക്കുന്ന അടിച്ചമര്‍ത്തല്‍ ഭരണം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളാണെങ്ങും. തലസ്ഥാനമായ കൈറോയില്‍ മാത്രമല്ല, പല നഗരങ്ങളിലും ജനങ്ങള്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നു. പട്ടാളത്തെ ഇറക്കിയെങ്കിലും അവര്‍ ജനങ്ങളോടൊപ്പം ചേരുന്നതായാണ് വിവരം. കര്‍ഫ്യൂകള്‍ നിഷ്ഫലം. ഭരണകക്ഷിയുടെ ആസ്ഥാനം തീയിട്ടുനശിപ്പിച്ചു. പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തെത്തിയിട്ടുള്ള നൊബേല്‍ ജേതാവ് മുഹമ്മദ് അല്‍ബറാദിക്കുനേരെ വെള്ളം ചീറ്റി; അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. ഇന്റര്‍നെറ്റടക്കം നിരോധിച്ചു. ഒരുനിലക്കും തടയാനാവാത്ത ജനരോഷം കണ്ട് ചകിതനായ ഹുസ്‌നി മുബാറക് അങ്ങേയറ്റം പരിഹാസ്യമായ മറ്റൊരു നീക്കം നടത്തി. രഹസ്യാന്വേഷണ വിഭാഗം തലവനും ഇസ്രായേലുമായുള്ള കള്ളക്കച്ചവടങ്ങളിലെ ഇടനിലക്കാരനുമായ ഉമര്‍ സുലൈമാന്‍ എന്ന വൃദ്ധനെ വൈസ് പ്രസിഡന്റാക്കി. വ്യോമസേനാ മുന്‍ മേധാവി ശഫീഖിനെ പ്രധാനമന്ത്രിയാക്കി. രണ്ടുമാസം മുമ്പ് അഴിമതിയും ക്രമക്കേടും നിറഞ്ഞ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായി സ്വയം അവരോധിച്ച ഹുസ്‌നി മുബാറക്കിന്റെ 'ജനപിന്തുണ' ലോകം കണ്ടുകൊണ്ടിരിക്കുന്നു. കൈറോയുടെ നിയന്ത്രണംതന്നെ മുബാറക്കില്‍നിന്ന് കൈവിട്ടുപോയിരിക്കുന്നു. 1979ലെ ഇറാന്‍ വിപ്ലവത്തോടാണ് നിരീക്ഷകര്‍ ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ ഉപമിക്കുന്നത്. 1979ല്‍ റുമേനിയന്‍ വിപ്ലവത്തിന്റെ ഭാഗമായി 'റവലൂഷന്‍ സ്‌ക്വയറി'ല്‍ കണ്ട ജനമുന്നേറ്റം കൈറോയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ആവര്‍ത്തിക്കുന്നു. ചരിത്രം ഒരിക്കല്‍ക്കൂടി ഏകാധിപത്യത്തോട് പകരംചോദിക്കുകയാണ്.
1981ല്‍ പ്രസിഡന്റായശേഷം മുഹമ്മദ് ഹുസ്‌നി സയ്യിദ് മുബാറക് അതിവേഗം ജനങ്ങളില്‍നിന്ന് അകന്നു. മറ്റെല്ലാ ഏകാധിപതികളെയുംപോലെ ജനാഭിലാഷങ്ങളെ അടിച്ചമര്‍ത്തിയും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയും അഴിമതി ശീലമാക്കിയും അദ്ദേഹം ഈജിപ്തിനെ ചൂഷണം ചെയ്തു. സാമ്രാജ്യത്വ ഭരണകൂടങ്ങളോടും ഏകാധിപത്യ സര്‍ക്കാറുകളോടും ചേര്‍ന്നുനിന്ന് സാമ്പത്തിക പ്രയാസങ്ങളെ മറികടന്നു.
ഇറാനിലെ ഷായെയും റുമേനിയയിലെ ചെഷസ്‌ക്യൂവെയുംപോലെ, അധികാരശക്തികൊണ്ട് ജനങ്ങളെ ഒതുക്കാമെന്ന് കരുതിയ ഹുസ്‌നി മുബാറക്കിന്റെ പതനം അയാളെ താങ്ങിനിര്‍ത്തിയ ബാഹ്യശക്തികള്‍ക്കുള്ള തിരിച്ചടികൂടിയാണ്. അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഇസ്രായേലി വക്താവെന്നതാണ് അമേരിക്കക്കും മറ്റും മുന്നില്‍ ഈജിപ്തിനുള്ള സ്വീകാര്യത. പ്രതിവര്‍ഷം 130 കോടി ഡോളറാണ് മുബാറക് സര്‍ക്കാറിന് യു.എസ് നല്‍കിവരുന്നത്. ഇസ്രായേല്‍ കഴിച്ചാല്‍ യു.എസ് സാമ്പത്തികസഹായം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഈജിപ്താണ്. ഈ സഹായമേറെയും ഒടുവില്‍ യു.എസ് കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്കുതന്നെയാണ് ഒഴുകിയതെന്നത് മറ്റൊരു വസ്തുത. അങ്ങേയറ്റത്തെ ജനവിരുദ്ധതയും ഏകാധിപത്യവും ശീലമാക്കിയ മുബാറക് കഴിഞ്ഞ ദിവസം വരെയും അമേരിക്കയുടെ ഇഷ്ടതോഴനായിരുന്നു. കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍, കൊടിയ പീഡനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍- ഇതെല്ലാം നടത്തവെ തന്നെ അമേരിക്കയും മറ്റും മുബാറക്കിനെ പിന്തുണച്ചു.
ഈജിപ്തിലെ ജനകീയ വിപ്ലവത്തിന്റെ മുന്‍നിരയിലുള്ളത് അവിടത്തെ യുവാക്കളാണ്. ഭാവി അവര്‍ കൈയിലൊതുക്കുമ്പോള്‍ അവിടത്തെ ജനപക്ഷരാഷ്ട്രീയമാണ് വിജയം നേടുന്നത്. മുബാറക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഈ ജനകീയ മുന്നേറ്റത്തെ പിന്തുണക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തടങ്കലില്‍ കഴിയുന്ന അനേകം നേതാക്കളും ആക്ടിവിസ്റ്റുകളും വിപ്ലവത്തില്‍ സന്തോഷിക്കുന്നു. അല്‍ബറാദിയുടെ നേതൃത്വത്തില്‍ പുതിയ ഭരണത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനുള്ള മുബാറക്കിന്റെ ശ്രമങ്ങള്‍ ഇനി നടപ്പില്ലെന്നാണ് ജീവന്‍ വെടിഞ്ഞും ചെറുത്തുനില്‍പിനിറങ്ങിയ ജനക്കൂട്ടങ്ങളുടെ നിലപാട്. 1981ല്‍ ഭരണമേറിയ അദ്ദേഹം നാണംകെട്ട്, കുറ്റവാളിയെന്ന മുദ്രയുമായി, രംഗം വിടുമ്പോള്‍ അത് ലോകമെങ്ങുമുള്ള സ്വേച്ഛാധിപതികള്‍ക്ക് താക്കീതുകൂടിയാവും.
ജനായത്തരാഷ്ട്രങ്ങളെന്ന വിലാസത്തില്‍ ഇന്ന് അറിയപ്പെടുന്ന ഒട്ടനേകം രാജ്യങ്ങള്‍ക്ക് ഈജിപ്ത് ഒരു പാഠമാണ്. ദുര്‍ഭരണം അഴിമതിയായും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യമായും പൗരാവകാശധ്വംസനം നടത്തുന്ന കുറ്റവാളി സര്‍ക്കാറായും അതിവേഗം പരിണമിക്കും; ഈ പരിണാമത്തിന്റെ പലതരം ഘട്ടങ്ങളിലാണ് ഇന്ന് ജനാധിപത്യരാജ്യങ്ങള്‍പോലും. സ്വേച്ഛാഭരണത്തിന് സാധുത നല്‍കുന്നതിന് മാത്രമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ക്ക് ജനങ്ങളെ തൃപ്തിപ്പെടുത്താനാവില്ല. അഴിമതി ഒരു ഭരണരീതിയായി മാറുന്നത് ജനരോക്ഷം വിളിച്ചുവരുത്തുന്ന മറ്റൊരു ഘടകമാണ്. ജനങ്ങളോടുള്ളതിനേക്കാള്‍ കൂറ് സാമ്രാജ്യത്വത്തോടും കോര്‍പറേറ്റ് ശക്തികളോടും പുലര്‍ത്തിയതാണ് മുബാറക് ചെയ്ത മറ്റൊരു തെറ്റ്. അനേകം ആക്ടിവിസ്റ്റുകളെ തടങ്കലിലിട്ടും പീഡിപ്പിച്ചും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. നിരപരാധികളെ വിചാരണകൂടാതെ വര്‍ഷങ്ങളോളം പൂട്ടിയിട്ടു. കിരാതമായ നിയമങ്ങള്‍ കൊണ്ടുവന്ന് വിയോജിപ്പുകളെ ഒതുക്കാന്‍ ശ്രമിച്ചു. ഇതെല്ലാം ചെറുതോ വലുതോ ആയ അളവില്‍ നിലനില്‍ക്കുന്നത് സമഗ്രാധിപത്യ രാഷ്ട്രങ്ങളില്‍ മാത്രമല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഒരു സ്വയം വിലയിരുത്തലിന് ഭരണകൂടങ്ങള്‍ സന്നദ്ധമാകുമെങ്കില്‍ അവര്‍ക്ക് നന്ന്. ഇന്ത്യയില്‍പോലും സാമ്രാജ്യത്വവിധേയത്വവും അഴിമതിയും മനുഷ്യാവകാശലംഘനങ്ങളും ജനങ്ങളെ ഭരണകൂടത്തില്‍നിന്ന് അകറ്റുന്നുവോ എന്ന് പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന്, ട്രാന്‍സ്‌പെയരന്‍സി ഇന്റര്‍നാഷനലിന്റെ വിലയിരുത്തലനുസരിച്ച് 2010ല്‍ ഈജിപ്തിന് ഭരണശുദ്ധിക്ക് കിട്ടിയത് പത്തില്‍ 3.1 മാര്‍ക്കാണ്; ഇന്ത്യക്ക് 3.3 മാര്‍ക്കും. ജനങ്ങളെ അന്യരാക്കിക്കൊണ്ട് ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല എന്നത്, സ്വയംവിമര്‍ശത്തിനും തെറ്റുതിരുത്തലിനും പ്രേരകമാകണം.

No comments: