Tuesday, February 1, 2011

പെണ്‍വാണിഭം-നടുക്കമുണര്‍ത്തുന്ന ഒരു നോട്ടം




ഡോ. ശാരദാരാജീവന്‍ , പ്രീതി എ. എം


വില്ക്കപ്പെടാനും ഉപയോഗിക്കാനുമുള്ളതാണ് പെണ്ണുങ്ങള്‍ എന്നുള്ളത് പുതിയ കാലത്തിന്റെ ഒരു സമവാക്യമായിത്തീര്‍ന്നിരിക്കുന്നു. പെണ്ണിനെ ഒരു പ്രൊഡക്ട് പോലെ കാണുക എന്നുള്ളത് നടുക്കമുണര്‍ത്തുന്ന കാര്യമാണ്. ഇന്ത്യ, അറബ് രാഷ്ട്രങ്ങള്‍ ,ശ്രീലങ്ക,നേപ്പാള്‍,ബംഗ്ലാദേശ്,പാകിസ്താന്‍ എന്നിവിടങ്ങളിലെ പെണ്‍വാണിഭത്തിന്റെ ഉള്ളറകളിലേക്ക് ഒരെത്തിനോട്ടം.

ഇന്ത്യയില്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചുള്ള വേശ്യാവൃത്തിയാണ് വ്യാപകം. ആറ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ വേശ്യകളില്‍ 86 ശതമാനവും ഉള്ളത് എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭവും വേശ്യാവൃത്തിയും. ഇവരില്‍ 40 ശതമാനവും പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍. മാനസികവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള വനിതാ ശിശു വികസന വകുപ്പും യുണിസെഫും ചേര്‍ന്നു നടത്തിയ ഈ പഠനവിവരങ്ങള്‍ ക്രോഡീകരിച്ചത് ന്യൂ കോണ്‍സപ്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡാണ്. ആന്ധ്രാപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ തന്നെയാണ് ഇവരില്‍ അധികവും. അടുത്തകാലത്തായി മലയാളികളുടെ എണ്ണവും മുംബൈയിലെ വേശ്യാലയങ്ങളില്‍ കൂടിയിട്ടുണ്ട്. ഗള്‍ഫിലും ചെമ്മീന്‍കിള്ളല്‍ശാലയിലും വ്യാജജോലിവാഗ്ദാനങ്ങളുമായാണ് പെണ്‍കുട്ടികളെ കെണിയില്‍ കുടുക്കുന്നത്. ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഈ മേഖലയില്‍ വന്നുപെടുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അക്ഷരഭ്യാസമില്ലാത്തവരാണ് ചതിയില്‍ പെടുന്നവരധികവും. ആറ് പ്രധാന നഗരങ്ങളില്‍ മാത്രം 25,000 ബാലികമാര്‍ ഈ രംഗത്തുണ്ടെന്നാണ് കണക്കുകള്‍ കാട്ടുന്നത്. ഇവരില്‍ 15 ശതമാനം പതിനഞ്ച് വയസ്സില്‍ താഴെയുള്ളവരും 25 ശതമാനം പതിനാറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ളവരുമാണെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നു. വേശ്യാവൃത്തിയിലെത്തപ്പെടുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം 40 ശതമാനത്തിനടുത്തുവരുമെന്നു ചുരുക്കം. ദല്‍ഹിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് അവരില്‍ 60 ശതമാനവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ്. 28 വേശ്യാലയങ്ങളില്‍ 2500 പേരോടു സംസാരിച്ചു തയ്യാറാക്കിയ പഠനമാണിത്. മുംബൈയിലെ ചുവന്നതെരുവില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തി മുംബൈ ഹൈക്കോടതിയില്‍ എത്തിക്കുന്നവരില്‍ 20 ശതമാനവും ചെറിയ പെണ്‍കുട്ടികളത്രെ. ചുവന്നതെരുവിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നുവെന്നത് ആശങ്കാജനകമായ കാര്യമാണ്. അതുപോലെ വിഷമിപ്പിക്കുന്നതാണ് ഇവരില്‍ 52 ശതമാനവും പട്ടികജാതി, പട്ടികവിഭാഗ, പിന്നോക്ക വിഭാഗങ്ങളിലുള്ളവരാണെന്നത്. ഈ പെണ്‍കുട്ടികളിലധികവും ഹിന്ദുക്കളാണ്. വടക്കേ ഇന്ത്യയിലെ ദേഹേന്ദ്രാ, ബേദിയനാഥ് എന്നീ പിന്നോക്കവിഭാഗങ്ങളില്‍നിന്നുള്ളവരുടെ എണ്ണം കൂടുകയാണ്. ബഞ്ചാര, കബാര, സന്‍സി എന്നീ വിഭാഗങ്ങളിലുള്ളവരുണ്ട്. ഇവരിലധികവും അക്ഷരാഭ്യാസമില്ലാത്തവര്‍ തന്നെ.

കുട്ടികളെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ വില്ക്കുന്ന രീതി ഇന്ത്യയിലും പതിവുണ്ടെന്ന് ഹൈദരാബാദില്‍ പിടികൂടിയ സംഘത്തിന്റെ പ്രവര്‍ത്തന രീതി വ്യക്തമാക്കുന്നു. 228 പിഞ്ചുകുഞ്ഞുങ്ങളെയാണ് നഗരത്തിലെ ചില സന്നദ്ധസംഘടനകളില്‍നിന്ന് പോലീസ് രക്ഷിച്ചെടുത്തത്. പെറ്റമ്മയും അച്ഛനും വിറ്റതായിരുന്നു ഈ കുഞ്ഞുങ്ങളെ. 1000 രൂപയ്ക്കു വരെ സ്വന്തം കുഞ്ഞിനെ വിറ്റവരുണ്ട്. കര്‍ണാടക അതിര്‍ത്തിയിലുള്ള തണ്ടൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ ജോണ്‍ എബ്രഹാം മെമ്മോറിയല്‍ ബെഥനി ഹോം ആയിരുന്നു ഈ ശിശുവാണിഭത്തിനു പിന്നിലെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ദരിദ്രരായ മാതാപിതാക്കളില്‍നിന്ന് കുഞ്ഞുങ്ങളെ - അതിലധികവും പെണ്‍കുട്ടികള്‍ തന്നെ - വാങ്ങി ഹൈദരാബാദില്‍ എത്തിച്ചശേഷം വിദേശീയര്‍ക്കും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും വില്ക്കുകയായിരുന്നു പരിപാടി. അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെത്തന്നെ കുഞ്ഞിനെ വില്പന നടത്തിക്കഴിഞ്ഞിരിക്കും. ലംബോഡ എന്ന നാടോടിസംഘത്തിലെ കുട്ടികള്‍ക്കായിരുന്നു പ്രിയമേറെ. കാരണം അവരുടെ വെളുത്ത നിറവും മുഖലാവണ്യവും തന്നെ. രക്ഷപ്പെടുത്തിയ കുട്ടികളുടെ യഥാര്‍ത്ഥ അച്ഛനെയും അമ്മയെയും കണ്ടെത്താന്‍ സര്‍ക്കാര്‍ പരസ്യം നല്കിയെങ്കിലും ഫലമുണ്ടായില്ല. രക്ഷപ്പെടുത്തിയ 228 കുഞ്ഞുങ്ങളില്‍ 220 പേരെയും സര്‍ക്കാര്‍ പിന്നീട് നിയമാനുസൃതം ദത്തു നല്കി. ബുദ്ധിമാന്ദ്യമോ അംഗവൈകല്യമോ ഉള്ള ശേഷിച്ച എട്ട് പേര്‍ ഏറ്റെടുക്കാനാളില്ലാതെ സര്‍ക്കാര്‍വക ശിശുഭവനില്‍ കഴിയുന്നു.

കൊല്‍ക്കത്തയില്‍ ഈ തൊഴിലിന് 200 കൊല്ലത്തെ പഴക്കമുണ്ട്. 1806 ന്റെ കൊല്‍ക്കത്ത നഗരസഭ തയ്യാറാക്കിയ ഹൗസ് അസസ്സ്‌മെന്റ് ബുക്ക് അനുസരിച്ച് നഗരത്തില്‍ 593 വേശ്യാലയങ്ങളുണ്ടെന്നും 2540 ലൈംഗികത്തൊഴിലാളികളുണ്ടെന്നും പറയുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയില്‍, സോനാഗച്ചി, ബൊവ്ബസാര്‍, റാംബഗാന്‍, കാളിഘട്ട്, ചേത്‌ല, ഖിദിര്‍പൂര്‍, ടോളിഗഞ്ച് എന്നിവിടങ്ങളിലെ ചുവന്നതെരുവുകളില്‍ സ്ഥിരമായ 7560 - ഉം ഇടയ്ക്കിടെ സ്ഥലം മാറുന്ന 320 ഉം വേശ്യാലയങ്ങളുണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. 18 ചുവന്ന പ്രദേശങ്ങളില്‍ 405 സ്ഥലങ്ങളിലായി 13,826 വേശ്യകളുണ്ടത്രേ!

ഒട്ടകക്കുട്ടികള്‍ക്കുവേണ്ടി അറബ് രാഷ്ട്രങ്ങള്‍

അറബ് രാജ്യങ്ങളിലെ രാജകീയ വിനോദമായ ഒട്ടക ഓട്ടമല്‍സരത്തിന് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്നെല്ലാം കൊച്ചുകുട്ടികളെ വാങ്ങുന്നു. ലക്ഷക്കണക്കിന് ദിര്‍ഹം പന്തയത്തുക വരുന്നതാണീ മല്‍സരം. പ്രധാനമായും അബുദാബി, ദുബായ് എന്നീ രാജ്യങ്ങളിലാണ് ഇത് നടക്കുന്നത്. രണ്ട് വയസ്സുമുതല്‍ പതിനൊന്നു വയസ്സുവരെയുള്ള കുട്ടികളെയാണിവിടെ പഥ്യം. ഓടാനൊരുങ്ങി നില്‍ക്കുന്ന ഒട്ടകത്തിന്റെ പുറത്ത് കുഞ്ഞിനെ കയര്‍കൊണ്ട് കെട്ടിവെക്കും. 20-40 കിലോഗ്രാം വരെ തൂക്കമുള്ള കുട്ടികളെയാണ് കെട്ടിവെക്കുക. ചാട്ടകൊണ്ടടിച്ച് ഒട്ടകത്തെ ഓടിക്കുമ്പോള്‍ കുട്ടികള്‍ പേടിച്ച് ഉറക്കെ കരയും. കുട്ടികളുടെ കരച്ചിലും പിടച്ചിലും മൂലം ഒട്ടകത്തിന്റെ വേഗം കൂടും. ചെറിയ കുട്ടികള്‍ കൂടുതലുറക്കെ വാവിട്ടു കരയുന്നതിനാല്‍ അധികം പ്രിയം അവര്‍ക്കാണ്. മല്‍സരം കഴിയുമ്പോഴേക്ക് കുട്ടികളധികവും മരിച്ചിട്ടുണ്ടാവും. ഒട്ടകപ്പുറത്തുനിന്ന് തെറിച്ചുവീണ് അതിന്റെ ചവിട്ടേറ്റോ പാതി കെട്ടഴിഞ്ഞ കയറില്‍ കുടുങ്ങി വലിച്ചിഴക്കപ്പെട്ടോ ആകാമിത്. ആഴ്ചയില്‍ ശരാശരി 10-12 കുട്ടികളെങ്കിലും ഇങ്ങനെ കൊല്ലപ്പെടുന്നുവത്രേ!

യു.എ.ഇ.യില്‍ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍) ഒട്ടകമല്‍സരം പണ്ടുമുതലേ ഉണ്ടെങ്കിലും കുട്ടികളെ വച്ചുകെട്ടുന്നത് പുതിയ രീതിയാണ്. ഒമാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ആദ്യം ഉപയോഗിച്ചിരുന്നതെന്ന് പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചോളിസ്ഥാന്‍ മരുഭൂമികളില്‍ നായാട്ടിനെത്തിയ അറബിഷെയ്ക്കുമാരാണ് പാകിസ്താനിലെ നാടോടികളുടെ കുട്ടികളെ തട്ടിക്കൊണ്ടുവരാനും, വാങ്ങാനും തുടങ്ങിയത്. വിദേശത്ത് മക്കള്‍ക്ക് പണം സമ്പാദിക്കാനാവുമെന്ന് കരുതിയത്രെ ദരിദ്രരായ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നത്.

ശ്രീലങ്ക

മനുഷ്യക്കുഞ്ഞുങ്ങളുടെ കൃഷി പരീക്ഷിച്ച രാജ്യമാണ് ശ്രീലങ്ക. ദത്തെടുക്കലിന്റെ മറവില്‍ കുഞ്ഞുങ്ങളെ വില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൃഷിയിടങ്ങള്‍. ഓരോ കൃഷിയിടത്തിലും ഇരുപതോളം ഗര്‍ഭിണികളുണ്ടാവും. ഇവര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളെ സ്വകാര്യ ശിശുഭവനങ്ങളിലേക്ക് കൊണ്ടുപോവും. അവിടെവെച്ചാണ് ഇടനിലക്കാര്‍ കുഞ്ഞുങ്ങളുടെ വില്‍പ്പന ഉറപ്പിക്കുക. ഇത് നിയമാനുസൃത ദത്തെടുക്കലാക്കി, അന്യരാജ്യങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ വഴിയൊരുക്കിക്കൊടുക്കും. വെള്ളത്തൊലിയും യൂറോപ്യന്‍ ഛായയുമുള്ള കുഞ്ഞുങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഇതിനുവേണ്ടി വിദേശികളുടെ കൂടെ ശയിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരുന്നുവെന്ന് കൊളംബോയിലെ ചേരികളിലെ ചില സ്ത്രീകള്‍ വെളിപ്പെടുത്തി. ഇത്തരം ഒട്ടേറെ കൃഷിയിടങ്ങള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവരം ഓസ്‌ട്രേലിയയിലെ സണ്‍ഡേ ഹെറാള്‍ഡ് ഈയിടെ പുറത്തുകൊണ്ടുവന്നു.

പ്രധാന ഇര ആണ്‍കുട്ടികള്‍

സെക്‌സ്ടൂറിസം വേരുറപ്പിച്ച മറ്റൊരു രാജ്യമാണ് ശ്രീലങ്ക. ആണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇവിടെ ഈ വ്യവസായം വളരുന്നത്. 65,610 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ദ്വീപുരാഷ്ട്രത്തില്‍ 2001-ലെ കണക്കനുസരിച്ച് ജനസംഖ്യ രണ്ട് കോടിയോളം ആണ്. ബുദ്ധമതാനുയായികളാണ് ഇവിടത്തുകാര്‍. കുട്ടികളോട് വാല്‍സല്യവും ബഹുമാനവും പുലര്‍ത്തിവന്ന സംസ്‌കാരം. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പെണ്‍കുട്ടികളോട് വിവേചനം കാട്ടിയപ്പോള്‍ ഇവിടെ അത്തരമൊരു പ്രശ്‌നമേ ഉണ്ടായിരുന്നില്ല എന്നോര്‍ക്കുക.
20-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടെയാണ് അവസ്ഥ മാറിയത്. പഠിപ്പുണ്ടെങ്കിലും തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം കൂടിവന്നു. ജോലിതേടി അന്യനാടുകളിലേക്കുള്ള ഒഴുക്ക് ആരംഭിച്ചു. യുവതികളായ വീട്ടമ്മമാര്‍ വരെ ജോലിതേടിപ്പോയി. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് കുറഞ്ഞതും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയില്ലാതായതും ഇക്കാലത്തായിരുന്നു. രഹസ്യമായാണെങ്കിലും കുട്ടികളെ സാമ്പത്തിക ലാഭത്തിന് കൈമാറ്റം ചെയ്തുതുടങ്ങിയതും ഇതോടെയാണ്. ഇന്ന് 30,000-ത്തോളം കുട്ടികള്‍ ലൈംഗിക വ്യവസായത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധമാണ് സാമൂഹിക സുരക്ഷ നഷ്ടമാകാനുണ്ടായ മറ്റൊരു കാരണം. ആഭ്യന്തര കലാപത്തില്‍ അഭയാര്‍ത്ഥികളും അനാഥരുമായി ഒട്ടേറെ കുട്ടികള്‍ തെരുവിലെത്തി. ലൈംഗിക ചൂഷണത്തിനിരയാകുന്നവരിലധികവും ഈ തെരുവുകുട്ടികള്‍ തന്നെ. ബാലലൈംഗികതയുടെ പേരില്‍ ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രീലങ്ക ഇടം പിടിക്കുന്നത് 1980-ഓടെയാണ്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ദരിദ്രരായ കുട്ടികളെ ഈ ആവശ്യത്തിന് വലവീശിപ്പിടിക്കാന്‍ ഏജന്റുമാരുണ്ടായി. ഈ വലയ്ക്ക് ഇഴയടുപ്പം കൂടിയതോടെ, കുറഞ്ഞ ചെലവിലും, എളുപ്പത്തിലും, സുരക്ഷിതമായി ആണ്‍കുട്ടികളെ ലൈംഗികാവശ്യത്തിന് കിട്ടുന്ന രാജ്യമെന്ന് ശ്രീലങ്ക പേരെടുത്തു. നെഗോംബോ നഗരമാണിതില്‍ പ്രധാനം. നല്ല വിമാനത്താവളവും ഹോട്ടലുകളും ഉള്ളതിനാല്‍ ധാരാളം വിദേശ വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ലൈംഗികാവശ്യത്തിന് ആണ്‍കുട്ടികളെ തേടിയെത്തുന്നവരാണധികവും. വീട്ടുവേലയ്ക്ക് എന്നു പറഞ്ഞാണ് കുട്ടികളെ വീടുകളില്‍ നിന്ന് കൊണ്ടുപോകുന്നത്. തെരുവുകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് വശപ്പെടുത്തുന്നു. വിദേശിക്ക് ശ്രീലങ്കയില്‍ വീട് വാടകയ്ക്ക് എടുക്കാന്‍ അനുമതിയില്ല. അതിനാല്‍ ഒരു വീട് വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ആണ് ഏജന്റ് ആദ്യം ചെയ്യുന്നത്. ഇത്തരം വീടുകളിലേക്കാണ് കുട്ടികളെയും വിദേശവിനോദ സഞ്ചാരികളെയും കൊണ്ടുവരുന്നത്.

ദിവസം അഞ്ചുരൂപ

കുട്ടികള്‍ തുടക്കത്തില്‍ ബലപ്രയോഗത്തിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. ലൈംഗികാസക്തി തീര്‍ക്കുവാന്‍ കുട്ടികളുടെ വദനവും ഗുദദ്വാരവും ക്രൂരമായ രീതിയില്‍ ഉപയോഗിക്കുന്നു. ഈ കുട്ടികള്‍ പിന്നെ ഇതില്‍ തുടരാന്‍ നിര്‍ബദ്ധരാകുന്നു. യഥാസമയം വിദ്യാഭ്യാസം കിട്ടാത്തതിനാല്‍ മറ്റു ജോലി കിട്ടുക വിഷമമാവും. ഇവരുടെ വരുമാനം പലപ്പോഴും വളരെ തുച്ഛമാണ്. ദിവസം മുഴുവനും ചെലവിട്ടാല്‍ അഞ്ചുരൂപ മാത്രം കിട്ടുന്നവരുണ്ട്. ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോള്‍ ഇവരെ ഒഴിവാക്കി പുതിയ കുട്ടികളെ കൊണ്ടുവരും. തൊഴിലും ജീവിത സ്വപ്നങ്ങളും നഷ്ടപ്പെട്ട് പിന്നീട് ഈ തൊഴിലില്‍ത്തന്നെ തുടരുന്ന ഇവര്‍ പാര്‍ക്കുകളിലോ തെരുവോരങ്ങളിലോ ഹോട്ടല്‍ പരിസരങ്ങളിലോ ചുറ്റിപ്പറ്റി നില്‍ക്കും - വിദേശികളോ തദ്ദേശീയര്‍ തന്നെയോ തങ്ങളെ വിളിക്കുന്നതും കാത്ത്. ശ്രീലങ്കയില്‍ ഈ രംഗത്ത് പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ എണ്ണം 1988-90 കാലത്ത് 10,000 ത്തിനടുത്താണെന്നാണ് പ്രൊട്ടക്ടിങ്ങ് എന്‍വയണ്‍മെന്റ് ആന്‍ഡ് ചില്‍ഡ്രന്‍ എവരിവേര്‍ (പീസ്) ക്യാംപെയ്‌ന്റെ പഠനം വെളിപ്പെടുത്തുന്നത്. കൊല്ലംതോറും 2000-ത്തോളം കുട്ടികള്‍ ഈ തൊഴിലില്‍ കൂടുതലായി വരുന്നു എന്ന് മറ്റൊരു പഠനം.


നേപ്പാള്‍

കൊല്ലംതോറും 5000 മുതല്‍ 7000 വരെ നേപ്പാളി പെണ്‍കുട്ടികള്‍ ഇന്ത്യന്‍ വ്യഭിചാരശാലകളിലെത്തുന്നു. നിലവില്‍ രണ്ടുലക്ഷം നേപ്പാളി പെണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്നാണ് യൂണിസെഫിന്റെ കണക്ക്. ഇവരില്‍ 20 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. പതിനൊന്നു വയസ്സു മുതലുള്ളവര്‍ ഇങ്ങനെ വില്‍ക്കപ്പെടുന്നു. ഇവരിലധികവും രണ്ടോ മൂന്നോ കൊല്ലത്തിനകം എച്ച്.ഐ.വി. ബാധിതരായും എയ്ഡ്‌സ് വാഹകരായും തിരിച്ച് നേപ്പാളിലെത്തുന്നു. ഇന്ത്യയിലേക്കു മാത്രമല്ല, ഹോങ്ങ്‌കോങ്ങ്, തായ്‌ലന്റ്, അറബ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്കും നേപ്പാളികുട്ടികളെ കടത്തിെക്കാണ്ടുപോകുന്നുണ്ട്. പെണ്‍വാണിഭം സംബന്ധിച്ച് നേപ്പാളിന്റെ ഒരേകദേശ ചിത്രമാണിത്.

1,47,181 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നേപ്പാളിലെ ജനസംഖ്യ 2.3 കോടിയോളമാണ്. ഇന്ത്യയേയും ചൈനയേയും ആശ്രയിക്കുന്നതാണ് ഇവിടത്തെ സമ്പദ്‌വ്യവസ്ഥ. നാട്ടുകാരില്‍ 80 ശതമാനവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം കര്‍ഷകത്തൊഴിലാളികള്‍ക്കും സ്വന്തമായി കൃഷിഭൂമിയില്ലാത്തത് ഇവരെ നിത്യദാരിദ്ര്യത്തിലാഴ്ത്തുന്നു. അങ്ങനെ പെണ്‍വാണിഭത്തിന് വളക്കൂറുള്ള മണ്ണാവുകയാണ് നേപ്പാള്‍.



നേപ്പാളിലെ കാര്‍ഷികഗ്രാമങ്ങളാണ് ഇന്ന് പെണ്‍വാണിഭത്തിന്റെ വിളഭൂമി. കാഠ്മണ്ഡു മുനിസിപ്പാലിറ്റിയില്‍ മാത്രം 6000 കുട്ടികള്‍ അടിമപ്പണിയെടുക്കുന്നു. ഇതിനു സമാനമായ സാഹചര്യത്തില്‍ 10,650 കുട്ടികള്‍ വീട്ടുവേല ചെയ്യുന്നു. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലുമായി 30,000ത്തോളം കുട്ടികള്‍ ജോലിചെയ്യുന്നു. ഒമ്പതിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള 2500 കുട്ടികള്‍ ഇഷ്ടികക്കളങ്ങളില്‍ പണിയെടുക്കുന്നു. പരവതാനി നിര്‍മ്മാണശാലകളില്‍ 23,000ത്തോളം കുട്ടികള്‍ ഉണ്ട്. ബാലവേലയും പെണ്‍വാണിഭവും വഴി കിട്ടുന്ന വരുമാനത്തിന് പകരംവെക്കാന്‍ മറ്റുവഴികളൊന്നുമില്ലെന്നതാവാം, നേപ്പാള്‍ കുട്ടികളെ കടത്തുന്നതിന്റെ കേന്ദ്രമാകാന്‍ കാരണം. വിദ്യാഭ്യാസ സൗകര്യം കുറവ്. ഭരണാധികാരികള്‍ക്ക് ഇതെല്ലാം ഒന്ന് നേരെയാക്കണമെന്ന് ആഗ്രഹം ഇല്ലതാനും. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കുട്ടികളെ ഇന്ത്യയിലെത്തിക്കാന്‍ 20 കവാടങ്ങളെങ്കിലും ഉണ്ടെന്ന് യൂനിസെഫ് പഠനത്തില്‍ പറയുന്നു. അതിര്‍ത്തി കടത്തി ഇന്ത്യയിലെത്തപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധനയുണ്ട്. ഇവിടെയെത്തുന്ന പെണ്‍കുട്ടികളുടെ ശരാശരി വയസ്സ് പതിനാലു മുതല്‍ പതിനാറ് വരെയായിരുന്നത് ഇപ്പോള്‍ പത്തുമുതല്‍ പതിമൂന്ന് വരെയായി കുറഞ്ഞിട്ടുണ്ടെന്നത് ഭയാനകമായ വസ്തുതയാണ്. ഒമ്പതു വയസ്സു മാത്രമുള്ള ഒരു നേപ്പാളി കുഞ്ഞിനെവരെ മുംബൈയിലെ ഒരു വ്യഭിചാരശാലയില്‍ കണ്ടെത്തിയിട്ടുണ്ട്!

കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ത്യന്‍ സംരംഭകര്‍ ഒട്ടേറെ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവയ്ക്കുള്ള സ്ഥലമെടുപ്പിന്റെ പേരില്‍ നഗരം വിടേണ്ടിവന്ന പാവപ്പെട്ടവരധികവും ചെന്നെത്തിയത് വ്യഭിചാരശാലകളിലാണ്. അച്ഛനമ്മമാരും സഹോദരീസഹോദരന്‍മാരും അമ്മാവന്‍മാരും ഭര്‍ത്താക്കന്‍മാര്‍പോലും വീട്ടിലെ പെണ്ണിനെ വില്‍ക്കാന്‍ തയ്യാറാണെന്ന് ഇതേപ്പറ്റിയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യഭിചാരശാലകളിലെത്തിയ സ്ത്രീകളില്‍ 20 ശതമാനം സ്ത്രീകളും പറഞ്ഞത് അവരെ വിറ്റത് അവരുടെ ഭര്‍ത്താക്കന്‍മാര്‍ തന്നെയാണെന്നാണ്!

30,000 മുതല്‍ 40,000 രൂപവരെയാണ് ഒരു കുട്ടിക്ക് നല്‍കുന്ന വില. പിന്നെ കൂലി കിട്ടാത്ത അടിമവേലതന്നെ. വിവാഹമോ, നല്ല ജോലിയോ വാഗ്ദാനം നല്‍കിയാവും കുട്ടികളെ കൊണ്ടുപോകുന്നത്. ഇന്ത്യയിലെത്തിയാല്‍ പുതിയ കുട്ടികളെ ഈ തൊഴിലിലേക്ക് കൊണ്ടുവരാന്‍ അതിന്റേതായ വഴികളുണ്ട്.

ബംഗ്ലാദേശ്

വേശ്യാവൃത്തി, അടിമവേല എന്നിവയ്ക്കു പുറമെ ആന്തരിക അവയവകച്ചവടത്തിനും, അറബ് രാഷ്ട്രങ്ങളില്‍ ഒട്ടകപ്പുറത്തുവെച്ചു കെട്ടാനും വരെ കുട്ടികളെ വില്‍ക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. 1990 മുതല്‍ 92 വരെയുള്ള മൂന്നു വര്‍ഷത്തിനകം രണ്ട് ലക്ഷത്തോളം കുട്ടികളെ ഒട്ടകത്തിന്റെ പുറത്തു വച്ചുകെട്ടാന്‍ പാകിസ്താന്‍ വഴി അറബ് രാജ്യങ്ങളിലേക്ക് കടത്തി. ഇത്തരത്തില്‍ കുട്ടികളെ വില്‍ക്കാന്‍ പ്രധാന കാരണം ഉപഭോഗസംസ്‌കാരത്തിന്റെ വളര്‍ച്ചയും, കൂടുതല്‍ സുഖം തേടിയുള്ള യാത്രയിലെ ആര്‍ത്തിയുമാണ്.

1,47,570 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ബംഗ്ലാദേശില്‍ ജനം തിങ്ങിപ്പാര്‍ക്കുന്നു. 13.72 കോടിയാണ് ജനസംഖ്യ. 95 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. 48 ശതമാനം പേര്‍ തീര്‍ത്തും പട്ടിണിക്കാര്‍. നിരക്ഷരതാ നിരക്ക് 80.5 ശതമാനം. സാമൂഹ്യസുരക്ഷാപദ്ധതികളോ തൊഴില്‍പദ്ധതികളോ കുറവ്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വിളനാശം-ഇതെല്ലാം ബംഗ്ലാദേശിനെ ദാരിദ്ര്യത്തിലാഴ്ത്തുന്നു. നിയമവിരുദ്ധ വിവാഹങ്ങളിലൂടെയാണ് പെണ്‍കുട്ടികളെ വിപണിയിലെത്തിക്കുന്നത്. വധുവിനെ വാങ്ങാനാണ് വരന്‍ സമ്മതിക്കുന്നത്. നിയമവിരുദ്ധമാണിതെങ്കിലും ഇത്തരം വിവാഹങ്ങള്‍ പതിവാണ്. ഇന്ത്യയിലെയും പാകിസ്താനിലെയും വിഭാര്യന്‍മാരും വൃദ്ധരും ബംഗ്ലാദേശി പെണ്‍കുട്ടികളെ വിവാഹം കഴിക്കുക പതിവാണ്. എന്തെങ്കിലും ചെറിയൊരു കാരണം മതി ഇവരെ വീട്ടില്‍നിന്ന് പുറത്താക്കാന്‍. ചിലര്‍ വീട്ടിലെ അടിമേവലക്കാരിയെന്ന നിലയില്‍ തുടരും. പുറത്താക്കപ്പെട്ടവര്‍ തുച്ഛമായ ശമ്പളത്തിന് കുപ്പിവളനിര്‍മ്മാണ ഫാക്ടറികളിലും മറ്റും പണിയെടുക്കും. സ്ത്രീധനമാണ് പെണ്ണിന് മാന്യമായൊരു വിവാഹത്തിന് തടസ്സമാകുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ ഭാര്യമാരാകാമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നത് വിവാഹിതകളുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കുന്നു. ബംഗ്ലാദേശില്‍ വിദേശാതിര്‍ത്തികളാല്‍ ചുറ്റപ്പെട്ട, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ ഏറെയാണ്. പെണ്‍വാണിഭത്തിന് യോജിച്ചവയാണ് ഇത്തരം സ്ഥലങ്ങള്‍. ബംഗ്ലാദേശില്‍ത്തന്നെ ഇത്തരം ഒറ്റപ്പെട്ട പ്രദേശങ്ങളുടെ എണ്ണം നൂറിലേറെ ആണ്. ഇന്ത്യയില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് 51 ഒറ്റപ്പെട്ട സ്ഥലങ്ങളുണ്ട്.

സ്ത്രീകളെ അതിര്‍ത്തിക്കപ്പുറത്തേക്ക് വിടുന്നത് എഴുപതുകളിലാണ് വ്യാപകമായത്. കുട്ടികളുടെ വില്‍പ്പനയ്ക്ക് എണ്‍പതുകളില്‍ വേരുപിടിച്ചു. കുട്ടികളെ ലൈംഗികവൃത്തിയിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ സമൂഹത്തില്‍ നിന്ന് അത്രവലിയ എതിര്‍പ്പൊന്നും ഉയരുന്നില്ലെന്നത് ഈ ദു:സ്ഥിതിയെ പൂര്‍വാധികം വഷളാക്കുന്നു. കൊല്‍ക്കത്തയിലെ സോനാഗച്ചി, ഖിദിര്‍പൂര്‍, മുംബൈ, ഡല്‍ഹി, അമൃത്‌സര്‍ എന്നിവിടങ്ങള്‍ക്കു പുറമെ കറാച്ചിയിലെ വേശ്യാലയങ്ങളിലാണ് ഈ കുട്ടികള്‍ എത്തപ്പെടുന്നത്. ഇന്ത്യയിലെ വേശ്യാലയങ്ങളില്‍ മൂന്നുലക്ഷത്തിലേറെ ബംഗ്ലാദേശി പെണ്‍കുട്ടികളുണ്ടെന്ന് ബംഗ്ലാദേശ് നാഷണല്‍ വിമന്‍ ലോയേഴ്‌സ് അസോസിയേഷന്‍ (ആചണഘഅ) നടത്തിയ പഠനത്തില്‍ പറയുന്നു. വര്‍ഷംതോറും 13,220 ബംഗ്ലാദേശി കുട്ടികളെ അതിര്‍ത്തി കടത്തിവിടുന്നുവെന്ന് ബംഗ്ലാദേശിലെ ആഭ്യന്തരം, സാമൂഹ്യസുരക്ഷ, സ്ത്രീക്ഷേമ മന്ത്രാലയങ്ങള്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് തടയാനോ കുട്ടികളെ രക്ഷപ്പെടുത്താനോ നിയമവും ഭരണാധികാരികളും കാര്യമായിട്ടൊന്നും ചെയ്യുന്നില്ല. ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കടത്തുന്നത് മുര്‍ഷിദാബാദ്, മാള്‍ഡ എന്നീ സ്ഥലങ്ങള്‍ വഴിയാണ്.

പാകിസ്താന്‍

ആണ്‍കുട്ടികളെ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനമാണ് ശ്രീലങ്കയിലെപ്പോലെ പാകിസ്താനിലും കൂടുതല്‍. ലാഹോര്‍ മേഖലയില്‍ മാത്രം 15,000 മുതല്‍ 20,000 വരെ ആണ്‍കുട്ടികള്‍ ഈ രംഗത്തുണ്ട്. ഭട്ടി പ്രദേശവും റെയില്‍വേസ്റ്റേഷനും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. റാവല്‍പിണ്ടിയില്‍ മാത്രം ഏതാണ്ട് 500 ആണ്‍കുട്ടികളുണ്ട് ഈ തൊഴിലില്‍. 50 മുതല്‍ 100 രൂപവരെയാണ് ഒരാളില്‍നിന്ന് ഇവര്‍ക്ക് കിട്ടുന്നത്. വീടുവിട്ടു പോന്നവരാണിവരിലധികവും. അഞ്ചുവയസ്സുകാരന്‍വരെ ഇതിലുള്‍പ്പെടും. എന്നാല്‍ വളരെ ഗോപ്യമായി നടക്കുന്ന ഇത്തരം കാര്യങ്ങളെപ്പററി ആധികാരികമായ കണക്കുകളൊന്നും ഇവിടെയില്ല. 2001-ലെ കണക്കനുസരിച്ച് 15.3 കോടിയാണ് പാകിസ്താനിലെ ജനസംഖ്യ. ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 163 എന്നാണ് കണക്ക്. 1996-ല്‍ ബാലവേലയെപ്പറ്റി നടത്തിയ പഠനം മാത്രമാണ് പാകിസ്താനില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഏതെങ്കിലും വിധത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നത്. കറാച്ചി, ലാഹോര്‍, ഫൈസലാബാദ്, മുള്‍ത്താന്‍, ക്വെറ്റ, ഇസ്ലാമാബാദ്, സിയാല്‍കോട്ട്, സര്‍ഗോധ എന്നീ സ്ഥലങ്ങളിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും, തൊഴില്‍ മന്ത്രാലയവും ചേര്‍ന്ന് പഠനം നടത്തിയത്. അഞ്ചിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള 2.65 ലക്ഷം കുട്ടികള്‍ സ്വന്തം നിലയില്‍ പണം സമ്പാദിക്കുന്നുവെന്ന് പഠനം കണ്ടെത്തി. ഇവരില്‍ 73 ശതമാനവും ആണ്‍കുട്ടികളാണ്. 1998-ല്‍ എംപ്ലോയേഴ്‌സ് ഫെഡറേഷനില്‍ ബാലവേലയെപ്പറ്റി പ്രബന്ധം അവതരിപ്പിച്ച അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രിയുടെ മുന്‍ ചെയര്‍മാന്‍ മജീദ് അസീസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക : ബാലവേലചെയ്യുന്ന പതിനഞ്ചു വയസ്സിനു താഴെയുള്ളവരധികവും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.

പൊതുജന ശ്രദ്ധയില്‍പ്പെടാത്തവിധം ഗൂഢമായി ആണ്‍കുട്ടികള്‍ ഏര്‍പ്പെടുന്ന അനാശാസ്യ പ്രവര്‍ത്തനമാണ് പാകിസ്താനിലെന്ന് സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നം സാരമില്ലെന്നു കരുതി വേണ്ടത്ര ശ്രദ്ധിക്കാതെ വിട്ടാല്‍ എയ്ഡ്‌സ് രോഗം വ്യാപകമാവുമെന്ന് ലോകാരോഗ്യസംഘടന പാകിസ്താന് മുന്നറിയിപ്പ് നല്‍കുന്നു.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പെണ്‍വാണിഭത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: